Double Faces of Marginalization: Poetry and Poetic Vision of Vijila Chirappad

Dr. Bindu T V

Feminism is a way of thinking that aims for a harmonious social system between men, women and hetero sexes through the goal of emancipation from the male-centered power system. Feminist ideologies that mark the different dimensions of women’s issues through divisions such as liberal, radical, environmental, Dalit, cyber and trans have the power to decisively influence and renew our sociocultural cognitive domains. Dalit feminism, which emphasizes the need to look at caste from a woman’s perspective, is a notable liberation movement among contemporary feminisms. This paper studies Vijila Chirappad’s poems on the basis of Dalit feminism, which analyzes caste, religion class race factors  in the outset of caste-based and gender-based discriminations. Also part of the investigation is how Dalit women’s identity, humiliated amid caste-gender supremacy, creates a culture of resistance in postmodern poetic ways.

Keywords: Caste, Power, Dalit Feminism, Postmodernism, Self-Consciousness, Liberation.

Reference:

Aasalatha V. ,2022, Athmabodhathinte Pennitangal,  Palakkad: Logos Books.
Ambili T K., 2012,  P.R.D.S. Prasthanathile Dalit Sthreekal, Sanghatitha, Dalith sthree pathippu, volum 4 issue 6.
Arjun Dangle, 1992, Poisoned Bread, Bombay: Orient Longman.
Das K.K.S., 2011, Dalit Prathyayasasthram Charithram-sahithyam-Soundaryasasthram, Thiruvananthapuram: Kerala BhashaInstitute 
Gopal Guru, 2003, Dalit Women Talk Differently, Gender and Caste, Anupama Rao (Edi), New Delhi: Kali for Women.
K E N, 2019,Vakku Pookkum Vazhikal, Kozhikode: I.P. Books.
Lisa Pulparambil,2020, Dalit feminism sidhandavum Prayogavum, Thiruvananthapuram: Kerala Bhasha Institute.
Manoj M.B., 2014, Dalit Penkavithakalude Lokangal,Mini Alice (Ed.), Samakalika MalayalaKavitha Puthumayum Palamayum, Aluva:  Vidwan P.G. Smaraka Gaveshana Kendram.
Manoj M. B., 2014, Muditha Malayalathile Dalit Penkavithakal,Vidhyarthi Publications,Kozhikode.
Nibulalvettur,2022, Samakala Malayalakavitha Pravanathakalum Prathirodhangalum, Kozhikode: AthmaBooks. 
Purushothaman K.C.,2008, Dalit sahithyaprasthanam, Thrissur: Keralasahithya Accademy.
Rekha Raj, 2016, Dalitsthree Eapealukal, Kottayam: D.C. Books,
Sabu Kottakkal, 2020, Adhunikananthara Malayala kavitha Rashtreeyam, Soundaryam, Kozhikode: Lipi Publications.
Sajiha K.R., 2023, Vyathasthamayi Parayunnavarude Kavitha, Santhosh O.K, Rajesh K. Erumeli (Ed.), Puthukavitha Vayana Vicharam Rashtreeyam, Kozhikode: Pusthakalokam.
Sivadas  K.K.,2018,Dalit Feminism-Apacoloneekaranathinte keraleeya Santharbhathil, Shimi Paul Baby (Ed.), Coloniyantharavadam, Aluva: Vidwan P. G. Nair Smaraka Gaveshana kendram.
Uma Chakravarthy,  2008, Jathiye lingavathkarikkumbol, Kozhikode: Mathrubhumi Books.
Vijila Chirappad,2006, Adukkalayillatha veedu, Perambra: Indian Truth publication.
Vijila Chirappad2015, Pakarthiyezuth, Thiruvananthapuram: Chintha Publications.
Vijila Chirappad 2021, Pacha Pongu Peruvazhi, Thiruvananthapuram: Chintha Publications.                                                                                                     
Dr.Bindu T.V
Associate Professor
Department of Malayalam
Govt.Arts&Science College
Kozhikode
Kerala
India
Pin: 673018
Ph: +91 9495565266
Email:binduteevee@gmail.com
ORCID:0000-0001-8504-3488


പാര്‍ശ്വവത്കരണത്തിന്‍റെ ഇരട്ടമുഖങ്ങള്‍: വിജില ചിറപ്പാടിന്‍റെ കവിതയും കാവ്യദര്‍ശനവും

ഡോ. ബിന്ദു ടി.വി

പുരുഷകേന്ദ്രിതമായ അധികാരവ്യവസ്ഥയില്‍ നിന്നുള്ള വിമോചനമെന്ന ലക്ഷ്യത്തിലൂടെ സ്ത്രീപുരുഷഭിന്നലിംഗ സൗഹാര്‍ദ്ദപരമായ സാമൂഹ്യവ്യവസ്ഥിതിയെ ലക്ഷ്യംവയ്ക്കുന്ന ചിന്താപദ്ധതിയാണ് ഫെമിനിസം. ലിബറല്‍, റാഡിക്കല്‍ തുടങ്ങി പരിസ്ഥിതി,ദലിത്, സൈബര്‍, ട്രാന്‍സ് എന്നിങ്ങനെയുള്ള ഭിന്നധാരകളിലൂടെ സ്ത്രീപ്രശ്നങ്ങളുടെ വ്യത്യസ്തമാനങ്ങളെ അടയാളപ്പെടുത്തുന്ന ഫെമിനിസ്റ്റ് ചിന്താഗതികള്‍ക്ക് സാമൂഹിക സാംസ്കാരിക വൈജ്ഞാനികമണ്ഡലങ്ങളെ നിര്‍ണ്ണായകമായി സ്വാധീനിക്കാന്‍ മാത്രമല്ല പുതുക്കിപ്പണിയാനും കരുത്തുണ്ട്. ജാതിയെ സ്ത്രീപക്ഷത്തുനിന്നു നോക്കിക്കാണേണ്ടതിന്‍റെ ആവശ്യകതയില്‍ ഊന്നുന്ന ദലിത്സ്ത്രീവാദം സമകാല സ്ത്രീവാദങ്ങളില്‍ ശ്രദ്ധേയമായ വിമോചനവാദമാണ്. ജാതിമത വര്‍ഗവംശഘടകങ്ങളെയും ജാത്യധിഷ്ഠിതവും ലിംഗാധിഷ്ഠിതവു മായ വിവേചനങ്ങളെയും സൂക്ഷ്മവിശകലനം ചെയ്യുന്ന ദലിത്സ്ത്രീവാദത്തിന്‍റെ അടിസ്ഥാനത്തില്‍ വിജില ചിറപ്പാടിന്‍റെ കവിതകളെ പഠനവിധേയമാക്കുകയാണ് ഈ പ്രബന്ധം. ജാതിലിംഗമേല്‍ക്കോയ്മകള്‍ക്കിടയില്‍ അപമാനവീകരിക്കപ്പെടുന്ന ദലിത്സ്ത്രീസ്വത്വം ഉത്തരാധുനിക കവിതാവഴികളില്‍ പ്രതിരോധ സംസ്കാരം സൃഷ്ടിക്കുന്നതെങ്ങനെ എന്നതും അന്വേഷണത്തിന്‍റെ ഭാഗമാണ്.

താക്കോല്‍വാക്കുകള്‍: ജാതി, അധികാരം, ദലിത്സ്ത്രീവാദം, ഉത്തരാധുനികത, ആത്മബോധം, വിമോചനം.

ഇന്ത്യന്‍ സാമൂഹികയാഥാര്‍ത്ഥ്യത്തെ നിര്‍ണയിക്കുന്ന പ്രധാനഘടകമാണ് ജാതി. അധ്വാനിക്കുന്ന ശരീരങ്ങളെ അയിത്തശരീരങ്ങളായി വേര്‍തിരിച്ച് അദൃശ്യവത്കരിക്കുന്ന ഭൗതികപരിസരങ്ങളും പ്രത്യയശാസ്ത്രപരിസരങ്ങളും ജാതിവ്യവ സ്ഥയുടെ ഭാഗമായാണ് രൂപപ്പെട്ടത്. ഉത്പാദനശക്തികളായ അധ:സ്ഥിത വര്‍ണ-ജാതിവിഭാഗങ്ങളുടെ അടിമത്താധ്വാനത്തെ പൂര്‍ണമായും കവര്‍ന്നെടുത്ത് വികസിച്ചുവന്ന ഇന്ത്യന്‍ സമ്പദ്ഘടന യുടെ ചൂഷണവ്യവസ്ഥയായാണ് ജാതി പ്രവര്‍ത്തിക്കുന്നത്. സമ്പദ്ഘടനയിലെ തൊഴില്‍വിഭജനമായും തൊഴിലാളികളുടെ വിഭജനമായും ശ്രേണീബദ്ധമായ സാമൂഹികഘടനയായുമെല്ലാം അത് നിലനില്‍ക്കുന്നു(കെ.കെ.എസ് ദാസ്,2011:8). അടിത്തട്ടുവിഭാഗ ങ്ങള്‍ക്ക് സാമൂഹികവിഭവങ്ങളും സമൂഹത്തില്‍ ഉയര്‍ന്നുവരുന്നതിനു ള്ള അവസരവും നിഷേധിക്കുന്ന, അസ്പൃശ്യതയെ പ്രമാണമാക്കു ന്ന ഇത്തരം ചൂഷണവ്യവസ്ഥയ്ക്കെതിരെയുള്ള ചിന്തകളും പ്രവര്‍ ത്തനങ്ങളുമാണ് ദലിത്സംവാദങ്ങളുടെ കാതല്‍. മേലാളകീഴാളവര്‍ഗ ങ്ങള്‍ എന്ന സമൂഹത്തിന്‍റെ വേര്‍തിരിവുകളില്‍ നിരന്തരചൂഷണ ങ്ങള്‍ നേരിടേണ്ടിവന്ന കീഴാളന്‍റെ പ്രതിഷേധങ്ങളില്‍നിന്നാണ് ദലിത് എന്ന സംവര്‍ഗം രൂപപ്പെട്ടതുതന്നെ. ഒരുപാട് ആത്മാന്വേഷ ണങ്ങളിലൂടെ വികസിച്ച ജനസമൂഹത്തിന്‍റെ പ്രക്ഷോഭങ്ങളുടെയും ഉയിര്‍ത്തെഴുന്നേല്പുകളുടെയും ഭൂതകാലം ഈ സംവര്‍ഗത്തിലുണ്ട്. ജാതീയമായി കീഴൊതുക്കപ്പെട്ട ജനത ജാത്യറകളും അപമാനജീവിത വും ഭേദിച്ച് ആത്മബോധത്തിലേക്ക് ഉണരുകയാണിവിടെ. ദലിത് ഒരു ജാതിയല്ല, തിരിച്ചറിവാണെന്ന അഭിപ്രായമാണ് അര്‍ജുന്‍ ഡാംഗ്ലെ പങ്കുവയ്ക്കുന്നത്(1992:265). ജാതി, സമ്പത്ത് മുതലായ എല്ലാ വ്യവസ്ഥിതികളെയും അവഗണിച്ച് സമത്വപൂര്‍ണ്ണമായ മാനുഷികതയെ പൂര്‍ണ്ണതയില്‍ എത്തിക്കാനുള്ള ശ്രമം ഈ തിരിച്ചറിവിന്‍റെ ഭാഗമാണ്.ജാതി നല്കിയ മുന്‍വിധികളെയും മുന്‍ധാരണകളെയും അപനിര്‍മ്മിക്കുന്ന,പുതിയ സാമൂഹികക്രമത്തെ ലക്ഷ്യംവയ്ക്കുന്ന സമീപനമാണ് ദലിത്സ്ത്രീവാദത്തിലും ഉള്ളത്.

ദലിത്സ്ത്രീവാദം

ജാതിലിംഗവര്‍ഗാധിപത്യത്തിന്‍റെ എല്ലാ രൂപങ്ങളും ഉന്മൂലനം ചെയ്യപ്പെടേണ്ടതിന്‍റെ ആവശ്യകതയിലാണ് ദലിത്സ്ത്രീ വാദത്തിന്‍റെ ഊന്നല്‍. കേരളീയജീവിത സംസ്കാരത്തിന്‍റെ പൊതു വിടങ്ങളില്‍ ദലിത,്സ്ത്രീ എന്നിങ്ങനെ പാര്‍ശ്വവത്കരണത്തിന്‍റെ ഇരട്ടമുഖങ്ങളാണ് ദലിത്സ്ത്രീകള്‍ക്ക് നേരിടേണ്ടിവരുന്നത്. പുരുഷന്മാരാലും പെതുസമൂഹത്താലും സവര്‍ണ്ണബ്രാഹ്മണിക്കല്‍ പ്രത്യയശാസ്ത്രത്താലും ചൂഷണങ്ങള്‍ക്ക് വിധേയരാവേണ്ടി വരുന്നവരാണിവര്‍. ജാത്യധിഷ്ഠിത പീഡനത്തിനുപുറമെ സ്ത്രീയെന്ന നിലയില്‍ സ്വസമുദായത്തിലെ പുരുഷന്മാരില്‍നിന്നുള്‍ പ്പെടെ ദലിത്സ്ത്രീകള്‍ നേരിടേണ്ടിവരുന്ന ഇത്തരം അടിച്ചമര്‍ത്ത ലുകളെ 'ജാതിയെ ലിംഗവത്കരിക്കുമ്പോള്‍'  എന്ന പുസ്തകത്തില്‍ ഉമ ചക്രവര്‍ത്തി ചൂണ്ടിക്കാണിക്കുന്നുണ്ട് (2008:162). ജാതിയുടെയും ലൈംഗികതയുടെയും പേരില്‍നടക്കുന്ന ബഹുമുഖവിവേചന ങ്ങളില്‍നിന്നും അടിച്ചമര്‍ത്തലുകളില്‍ നിന്നുമുള്ള മോചനമാണ് ദലിത്സ്ത്രീവാദികളുടെ ആവശ്യം. അംബേദ്കറിന്‍റെയും ഫൂലെയുടെയും ആശയങ്ങളാണ് ദലിത്ചിന്തകള്‍ക്കെന്നപോലെ ദലിത്സ്ത്രീവാദത്തിനും അടിസ്ഥാനം. ജാതിയില്‍ നിന്ന് വേര്‍തിരിച്ച് ലിംഗത്തെ കാണാനാവില്ലെന്ന് നിരീക്ഷിച്ച അവര്‍ വിദ്യാഭ്യാസത്തിന് സ്ത്രീജീവിതത്തിലുള്ള പ്രാധാന്യം എടുത്തു കാട്ടിയിരുന്നു. ഗോപാല്‍ ഗുരുവിന്‍റെ 'ദലിത് വുമണ്‍ ടോക്ക് ഡിഫറന്‍റ്ലി' എന്ന ലേഖനമാണ് ദലിത് ഫെമിനിസത്തെക്കുറിച്ചുള്ള സൈദ്ധാന്തികചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. സ്ത്രീയെന്ന പൊതുസംവര്‍ ഗത്തില്‍ നിന്നും ദലിത്സ്ത്രീകളെ വ്യത്യസ്തരാക്കുന്ന ഘടകങ്ങളെ വിശകലനം ചെയ്യുന്ന അദ്ദേഹം വ്യത്യസ്തതയുടെ രാഷ്ട്രീയത്തി നാണ് ഊന്നല്‍ നല്‍കിയത്. ഫെമിനിസ്റ്റ്രാഷ്ട്രീയം ജാതിക്കും ദലിത് രാഷ്ട്രീയം ലിംഗവിവേചനത്തിനും പ്രാധാന്യം നല്‍കാത്തതിനാല്‍ മുഖ്യധാരാസ്ത്രീവാദത്തില്‍നിന്നും ദലിത്രാഷ്ട്രീയത്തില്‍ നിന്നും ഭിന്നമായ നിലപാടിന്‍റെ അനിവാര്യതയും അദ്ദേഹം സൂചിപ്പിക്കു ന്നുണ്ട്.

സവര്‍ണപക്ഷപാതവും കീഴാളവിരോധവും സ്ത്രീവിരുദ്ധ തയും ചേര്‍ന്ന് രൂപപ്പെടുത്തിയ പുരുഷാധിപത്യപൊതുബോധം പലതരത്തിലാണ് ദലിത്സ്ത്രീജീവിതത്തെ ബാധിച്ചത്. കാര്‍ഷികോത്പാദനപ്രക്രിയയിലും വീട്ടിനകത്തും ഒരുപോലെ അധ്വാനനിരതയായിട്ടും ദലിത്സ്ത്രീയുടെ അധ്വാനത്തെ സമൂഹം വിലമതിക്കു കയോ ദലിത്സ്ത്രീസ്വത്വം സമൂഹനിര്‍മിതിയില്‍ അടയാളപ്പെടുത്തുകയോ ചെയ്തില്ല. അകം/പുറം ജോലികളില്‍ ഒരുപോലെ ദലിത്സ്ത്രീകള്‍ അവഗണിക്കപ്പെട്ടു. വിധേയത്വമാണ് ദലിത് സ്ത്രീയുടെ മുഖമുദ്രയായി ഗണിച്ചത്. സദാചാരമില്ലാത്തവള്‍ എന്ന സാമൂഹ്യമുന്‍വിധിയെയാണ് അവര്‍ക്ക് നേരിടേണ്ടി വന്നത്. ദാരിദ്ര്യവും സുരക്ഷിതമല്ലാത്ത ചുറ്റുപാടുകളും സാമ്പത്തികമായ അസ്വാതന്ത്ര്യവും ഇതിന് ആക്കംകൂട്ടി. കീഴാളസ്ത്രീയുടലുകള്‍ ക്കുമേല്‍ വര്‍ണ്ണവെറി അഴിച്ചുവിട്ടുകൊണ്ടാണ് ഫ്യൂഡല്‍-ജാതി അധികാരബന്ധങ്ങള്‍ മുന്നേറിയത്. ബലാത്സംഗത്തിനിരയാവാത്തവര്‍ക്കും  ശാരീരികാക്രമണങ്ങളില്‍ വലിയ പ്രതിരോധം അഴിച്ചു വിടുന്ന കീഴാളസ്ത്രീയുടലുകള്‍ക്കും മരണമായിരുന്നു മറുപടി (എം.ബി. മനോജ്, 2014:107). മറ്റു പെണ്‍ജീവിതങ്ങളില്‍ നിന്ന് വേറിട്ട ജീവിതവും ജീവിതസമരവുമായിരുന്നു ദലിത്സ്ത്രീയുടേത് എന്നതിനാല്‍തന്നെ ജാതി, ലിംഗാവസ്ഥ എന്നിവയില്‍ നിന്നുള്ള വിടുതലിനൊപ്പം ഭൂമിയുടെയും വിഭവങ്ങളുടെയും സമ്പത്തിന്‍റെയും ജോലിയുടെയും മേലുള്ള അധികാരസ്വാതന്ത്ര്യവും ദലിത്സ്ത്രീവാദ ത്തിന്‍റെ ഭാഗമായിരുന്നു. പൊതുമണ്ഡലത്തില്‍ പ്രവേശിക്കുന്ന തിനും വിഭവാധികാരങ്ങള്‍ നേടിയെടുക്കാനും സമരമുറകള്‍ തന്നെ ദലിതര്‍ക്ക് അവലംബിക്കേണ്ടിവന്നു. വിഭവാവകാശത്തിനായുള്ള സമരങ്ങള്‍ അതില്‍ മാത്രമൊതുങ്ങിനിന്നില്ല. സാമൂഹികമായി നിര്‍മ്മിക്കപ്പെട്ട അര്‍ത്ഥങ്ങളുടെയും നിര്‍വചനങ്ങളുടെയും സ്വത്വങ്ങളുടെയും പേരിലുള്ള സംഘര്‍ഷങ്ങളായി അവ മാറി.

കേരളനവോത്ഥാനചരിത്രത്തിലെ ജാതിവിരുദ്ധമുന്നേറ്റ ങ്ങളില്‍ ദലിത്സ്ത്രീകളുടെ പങ്കാളിത്തം സവിശേഷവും നിര്‍ണായകവുമായിരുന്നു. മാറുമറയ്ക്കാനും വഴിനടക്കാനും അറിവുനേടാനുമുള്ള സമരങ്ങള്‍ സ്ത്രീകളുടെ അവകാശബോധം ഉണരുന്നതിന്‍റെ സൂചകം കൂടിയായിരുന്നു. ജാതീയതയുടെയും സാമൂഹികാടിമത്തത്തിന്‍റെയും ചിഹ്നങ്ങളായ കല്ലയും മാലയും പൊട്ടിച്ചെറിഞ്ഞ് ശാരീരികമായി സ്വതന്ത്രരാകാന്‍ അയ്യങ്കാളിയുടെ ആഹ്വാനം അവരെ പ്രാപ്തരാക്കി. ആത്മാഭിമാനമുള്ള സമൂഹമായി മാറാന്‍ ആധുനികവിദ്യാഭ്യാസം അത്യാവശ്യമാണെന്ന ചിന്ത അയ്യങ്കാളിയുടെ നേതൃത്വത്തില്‍ നടന്ന ഒരുവര്‍ഷംനീണ്ട കാര്‍ഷികപണിമുടക്കിലും അവരുടെ സാന്നിധ്യം സജീവമാക്കി. അയ്യങ്കാളിയുടെ സാധുജനപരിപാലനയോഗത്തിലെന്നപോലെ പൊയ്കയില്‍ അപ്പച്ചന്‍റെ പ്രത്യക്ഷരക്ഷാദൈവസഭയിലും സ്ത്രീകളുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. 1931ല്‍ ശ്രീമൂലം പ്രജാസഭയില്‍ ദലിത്സ്ത്രീകളുടെ പങ്കാളിത്തം ആവശ്യപ്പെട്ടു കൊണ്ട് പ്രത്യക്ഷരക്ഷാസഭയുടെ നേതൃത്വത്തില്‍ കീഴാളസ്ത്രീകള്‍ ഒപ്പിട്ടു നല്കിയ നിവേദനം നവോത്ഥാന കേരളചരിത്രത്തിലെ അവിസ്മരണീയ സംഭവമാണ്. സ്ത്രീകള്‍ക്കു വേണ്ടി സഭ ആരംഭിച്ച നെയ്ത്തുശാലകളിലും ഈറ്റ, മുറം, പായ് നിര്‍മ്മാണശാലകളിലും തമ്പുരാക്കന്മാരുടെ വിലക്കുകളെ മറികടന്നുകൊണ്ടാണ് ദലിത്സ്ത്രീകള്‍ പ്രവേശിച്ചത് (അമ്പിളി ടി. കെ, 2012:46). മനുഷ്യാവ സ്ഥയെ പ്രാപിക്കാനുള്ള സ്ത്രീകളുടെ രാഷ്ട്രീയാഭിവാഞ്ഛയുടെ തുടര്‍ച്ചയാണ് കൊച്ചിനിയമനിര്‍മ്മാണസഭയില്‍ 1945ല്‍ അധഃകൃതരെ പ്രതിനിധീകരിക്കാന്‍ അവസരം ലഭിച്ച ദാക്ഷായണി വേലായു ധനിലും കാണുക. ഇന്ത്യയില്‍ ആദ്യമായി ബിരുദവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ദലിത്സ്ത്രീയായിരുന്നു അവര്‍.

ദലിത്സ്ത്രീ എന്ന രാഷ്ട്രീയസ്വത്വത്തിലേക്ക് പ്രവേശിച്ച വരെ അതിനു സജ്ജമാക്കിയത് എണ്‍പതുകളുടെ പകുതിയില്‍ രൂപപ്പെട്ട വിമോചനദൈവശാസ്ത്രത്തിന്‍റെ സ്വാധീനവും പ്രൊട്ടസ്റ്റന്‍റ്സഭകളിലുണ്ടായ പരിവര്‍ത്തനപ്രസ്ഥാനങ്ങളും ജാതിവിരുദ്ധപ്രസ്ഥാനങ്ങള്‍ നല്കിയ ലോകവീക്ഷണവുമാണ്. തൊണ്ണൂറുകള്‍ക്കുശേഷമാണ് ദലിത്സ്ത്രീവാദരാഷ്ട്രീയത്തിന് കേരളത്തില്‍ ദൃശ്യത കൈവന്നതെങ്കിലും രണ്ടായിരാമാണ്ട് മുതലാണ് ദലിത്സ്ത്രീ ഇടപെടലുകള്‍ ശക്തമായത്. സി.കെ ജാനുവിന്‍റെ നേതൃത്വത്തില്‍ നടന്ന ആദിവാസി ഭൂസമരം മുതല്‍ ചെങ്ങറഭൂസമരം വരെയുള്ള ഒട്ടനവധി സമരങ്ങള്‍ ദലിത്സ്ത്രീ നേതാക്കള്‍ക്ക് രൂപംനല്കി. സമരനേതൃത്വം തന്നെ സ്ത്രീകളേറ്റെ ടുക്കുന്നതിന്‍റെ സവിശേഷത രേഖാരാജ് വിശദീകരിക്കുന്നുണ്ട് (2016:13). ദലിത്സമുദായത്തിന്‍റെ പിതൃമേധാവിത്വമൂല്യങ്ങളോട് കലഹിക്കുകയും അതിന്‍റെ നിലപാടുകളില്‍ സംവാദാത്മകമായി ഇടപെടുകയും ചെയ്യുന്ന സമകാലീന ദലിത്സ്ത്രീവാദരാഷ്ട്രീയം കൂടുതല്‍ വിശാലമായ രാഷ്ട്രീയദൗത്യങ്ങള്‍ ഏറ്റെടുക്കുന്നതായി രേഖാരാജ് വിലയിരുത്തുന്നു. സാമൂഹ്യരാഷ്ട്രീയ ഇടപെടലു കളിലെന്നപോലെ സാഹിത്യരംഗത്തും സ്ത്രീകള്‍ സജീവമായി രുന്നു. വിജില ചിറപ്പാട്, ധന്യ എം.ഡി., ആശ എം, അംബികാപ്രഭാകരന്‍, അമ്മുദീപ, രാധാമണി എം.ആര്‍, ലിസ പി എന്നിവര്‍ ഭാഷയുടെയും സാഹിത്യത്തിന്‍റെയും സമകാലസവിശേഷതയായി ദലിത്സ്ത്രീയെഴുത്ത് മാറുന്നതില്‍ പ്രധാനപങ്ക് വഹിച്ചവരാണ്.

പുതുകാവ്യവഴികളില്‍ ദലിത്സ്ത്രീയനുഭവങ്ങളുടെ വേറിട്ട ശബ്ദം കേള്‍പ്പിച്ച് കടന്നുവന്ന എഴുത്തുകാരിയാണ് വിജില ചിറപ്പാട്. ദലിത്സ്ത്രീയവസ്ഥയും സാമൂഹ്യജീവിതവും തുറന്നവതരിപ്പിക്കുന്ന കവിതകളാണ് വിജിലയുടേത്. ഇന്ത്യന്‍സമൂഹത്തിന്‍റെ കാഴ്ചബോധങ്ങളെ, ആന്തരികമാനസികവ്യാപാരങ്ങളിലുള്ള ജാതിലിംഗബോധങ്ങളെ തുറന്നുകാണിക്കാനാണ് വിജിലയുടെ ശ്രമം. അടുക്കളയില്ലാത്ത വീട് (2006), അമ്മ ഒരു കാല്പനിക കവിതയല്ല (2009), പകര്‍ത്തിയെഴുത്ത് (2015), വെറുതെ എന്നൊന്നില്ല (2018), പച്ച പൊങ്ങ് പെരുവഴി(2021) എന്നിവയാണ് വിജിലയുടെ കവിതാസമാഹാരങ്ങള്‍.അടുക്കളയില്ലാത്ത വീട്, പകര്‍ത്തിയെഴുത്ത്, പച്ച പൊങ്ങ് പെരുവഴി എന്നീ കവിതാസമാഹാരങ്ങളെയാണ് ഇവിടെ പഠനവിധേയമാക്കുന്നത്.

അകാല്പനിക സംഭാഷണങ്ങള്‍

കെട്ടിവരിയുന്ന ജാതിവര്‍ണലിംഗമൂല്യങ്ങളെ,അതിന്‍റെ സൗന്ദര്യബോധത്തെയാണ് തന്‍റെ കവിതകളിലൂടെ വിജില വിചാരണ ചെയ്യാന്‍ ശ്രമിക്കുന്നത്. കാല്പനികലോകത്തിന് കയ്യെത്തിപ്പിടിക്കാനാവാത്ത ജീവിതയാഥാര്‍ത്ഥ്യമാണ് വിജിലയുടെ 'വീണപൂവിനും വിരിയുന്ന പൂവിനും മധ്യെ',  'അമ്മ ഒരു കാല്പനിക കവിതയല്ല' എന്നീ കവിതകള്‍. ഉടലടയാളങ്ങള്‍ക്ക് ഭൂതകാലസംസ് കൃതി നിര്‍മ്മിച്ച ബിംബങ്ങളും സ്ത്രീജീവിതത്തിന്‍റെ യഥാര്‍ത്ഥ അവസ്ഥയും തമ്മിലുള്ള വൈരുധ്യമാണ് 'വീണപൂവിനും വിരിയുന്ന പൂവിനും മധ്യെ'(2015:55). 'ഉടല്‍ യുദ്ധസന്നാഹത്തിനായി മുഖത്ത് ഉരുളന്‍ കല്ലുകളെടുത്തിട്ട'പ്പോള്‍ ആ മുഖക്കുരുക്കളെ, നിലാമുഖത്തെ നീലത്താരകളെന്ന് വിശേഷിപ്പിച്ച കവികളുലൂടെ സ്ത്രീനിര്‍മ്മിതി യിലെ വാര്‍പ്പുമാതൃകകളെ ഒന്നൊന്നായി ചോദ്യം ചെയ്യുകയാണ് കവി. വീണപൂവിനും വിരിയുന്ന പൂവിനും മധ്യെയുള്ള പെണ്ണുടല്‍കാലങ്ങളെ വര്‍ത്തമാനകാലവുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുന്ന രീതിയില്‍ കവിതയുടെ പാരമ്പര്യലാവണ്യ ബോധവും കര്‍ത്തൃത്വവും കീഴ്മേല്‍മറിയുന്നു.

സാര്‍വലൗകികയുക്തി കൊണ്ട് മനുഷ്യരെയും അവരുടെ അനുഭവങ്ങളെയും പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ ചോര്‍ന്നുപോയ അനുഭവവൈവിധ്യങ്ങളാണ് 'അമ്മ ഒരു കാല്പനിക കവിതയല്ല' യിലുമുള്ളത്(2015:30-31). മാതൃകാവനിതയും സ്നേഹനിധിയുമായി അമ്മയെ ആദര്‍ശവത്കരിക്കുന്ന കവിതാപാരമ്പര്യത്തില്‍ നിന്നു വ്യത്യസ്തമായി ആറ് അകാല്പനിക സംഭാഷണങ്ങളിലൂടെ അമ്മയുടെ സ്വത്വത്തെ ആവിഷ്കരിക്കുകയാണ് കവയിത്രി. ആറളത്ത് ആദിവാസികള്‍ക്ക് ഭൂമി കൊടുത്തതിന് ഇവിടുള്ളോര് കിടന്ന് വിറച്ചിട്ടെന്ത്, പഞ്ചായത്തിലെ പൈസകൊണ്ട് പെര പണിയേലാന്ന് നാട്ടുകാര് പറഞ്ഞുരസിച്ചു, പാവങ്ങള് പണിക്കാര്‍ക്ക് നല്ല ഭക്ഷണം കൊടുക്കുന്നോന്നറിയാന്‍ അയലോക്കത്തെ പെണ്ണുങ്ങള് വരും, വയറിങ്ങ് കഴിഞ്ഞു കറന്‍റാപ്പീസിലേക്ക് നൂറുനടത്തം നടക്കണം, ടീവീം തരംഗ്ഫോണും വാര്‍ക്കവീടും ഉള്ളവര്‍ ശുദ്ധ ബി.പി.എല്ലുകാര്‍ എന്നീ സംഭാഷണങ്ങള്‍ പരിഷ്കൃതലോകത്തിന്‍റെ പൊള്ളത്തരം തുറന്നുകാട്ടുന്നു. ആദിവാസിസ്നേഹം പുറമേ പ്രകടിപ്പിക്കുമ്പോഴും അവര്‍ക്ക് ഭൂമി കിട്ടുന്ന വാര്‍ത്തയില്‍ അകമേയുള്ള അസ്വസ്ഥത, വീടുപണിയുന്ന തിനായി കിട്ടിയ സര്‍ക്കാര്‍ഫണ്ട് മറ്റുള്ളവരിലുണ്ടാക്കുന്ന വൈരസ്യം, കറന്‍റിനും വെള്ളത്തിനും വേണ്ടി സാധാരണക്കാരെ ഓടിക്കുന്ന അധികാരഗര്‍വ്വ്, സാധാരണക്കാരെ തട്ടിമാറ്റി ബി.പി.എല്‍ പട്ടികയില്‍ ഇടംനേടുന്ന പണക്കാരുടെ സ്വാധീനം എന്നിവ സ്വജീവിതാനുഭവങ്ങളില്‍ നിന്നാണ് അമ്മ തിരിച്ചറിഞ്ഞത്. ജാതിവ്യവസ്ഥയുടെ ഏറ്റവും അടിത്തട്ടിലെ മനുഷ്യര്‍ക്ക് സാമൂഹികവിഭവങ്ങളും സമൂഹത്തില്‍ ഉയര്‍ന്നുവരുന്നതിനുള്ള അവസരവും നിഷേധിക്കപ്പെടുന്ന അവസ്ഥയില്‍ ജീവിക്കുന്ന   അമ്മയ്ക്ക് അവയെക്കുറിച്ച് കാല്പനികമധുരമായി സംസാരിക്കാനാ വില്ല. അതിനാല്‍ നാട്ടിലും വീട്ടിലുമുള്ള വാര്‍ത്തകള്‍ പറയുമ്പോഴും റേഡിയോവില്‍ സംസ്കൃതവാര്‍ത്ത കേള്‍ക്കുമ്പോള്‍ അത് പൂട്ടിവെക്കാന്‍ പറഞ്ഞ് പണിക്കിറങ്ങുന്നവളാണ് അമ്മ. സംസ്കൃതീകരണം എന്ന അടിച്ചേല്പിക്കലിനെ ഈ ഒരൊറ്റ പ്രവൃത്തികൊണ്ടുതന്നെ അമ്മ നിഷേധിക്കുന്നു. മുഖ്യധാരാസങ്ക ല്പങ്ങളോട് വിയോജിപ്പ് പ്രകടമാക്കുകവഴി സമൂഹത്തിന്‍റെ പ്രശ്നമണ്ഡലങ്ങളെ തന്‍റേതായ രീതിയില്‍ അതിജീവിക്കുകയാണ് അമ്മ. 

ഉപമകളുടെ ലോകം

ജീവിതത്തിന്‍റെ പരുക്കനായ ഇടങ്ങളെ മറികടക്കാന്‍  ഉപമകളാണ് അമ്മയ്ക്ക് പലപ്പോഴും അവലംബം. മറ്റൊന്നിനോട് സാദൃശ്യപ്പെടുത്തുക എന്നത് പ്രതിരോധമായി സ്വീകരിക്കുന്ന അമ്മയാണ് 'ഉപമകളുടെ ലോകം; അടുക്കളയില്ലാത്ത വീട്' എന്ന കവിതയിലുള്ളത്.

'പുകയാതെ പോവുന്ന
അടുപ്പിന്‍റെ നേരങ്ങളെ
പുരനിറയുന്ന മകളുടെ പ്രായത്തെ
ഒഴുക്കാതെ അണയ്ക്കുന്ന
കനമുള്ള തുള്ളികളെ' (2006:25)  

ഉപമകളിലൂടെ അമര്‍ത്തിവയ്ക്കുകയാണ് അമ്മ. അടുക്കളയുടെ, വിശപ്പിന്‍റെ, പെണ്‍മക്കളെക്കുറിച്ചുള്ള ആധിയുടെ ലോകത്തുനിന്നു രക്ഷനേടാനുള്ള ആഗ്രഹത്തിന്‍റെ പ്രതിഫലനമാണ് ഉപമകള്‍. ഒരുറക്കത്തിനുവേണ്ടി മാത്രം വീടണയുന്ന മകനോട് വാടകയില്ലേ എന്ന അമ്മയുടെ ചോദ്യം ജീവിതപ്രയാസങ്ങളില്‍നിന്ന് ഒളിച്ചോടുന്ന പുരുഷനോടുള്ള പ്രതിഷേധമാണ്. വിശപ്പും ദാഹവും മറന്ന് അക്ഷരങ്ങളില്‍ ആത്മാവര്‍പ്പിക്കുന്ന മകളും അടുക്കളയില്ലാത്ത വീട്ടിലെ അടുപ്പിലെ തീയണക്കേണ്ടിവരുന്ന പ്രയാസവും കടങ്ങളുടെ ചോയ്സില്‍ ആത്മഹത്യയെന്നെഴുതാതെ വീടുവില്പന യെന്ന് അച്ഛന്‍ പൂരിപ്പിച്ചതുമെല്ലാം ഉപമയുടെ രസത്തിലൂടെ അമ്മ ന്യൂനീകരിക്കുന്നു. കളിവീടുപോലെ ഏതുനിമിഷവും ഇല്ലാതാകുന്ന വീടെന്ന യാഥാര്‍ത്ഥ്യം നല്‍കുന്ന അമ്പരപ്പില്‍ നിന്ന് മുക്തയാവാന്‍ അമ്മയെ സഹായിക്കുന്നതും ഈ ഉപമകള്‍ തന്നെ.ഊണിന് വിളിക്കുമ്പോള്‍ വൈകിയെത്തുന്ന ആശാരി, പനാപ്പുറത്തും വടക്കയിലുമുള്ള തിറയുത്സവം,കുട്ടികളുടെ കളിവീട് എന്നിവയോടെല്ലാം സാദൃശ്യപ്പെടുത്തുകവഴി ദലിത്സ്ത്രീജീവി തത്തിന്‍റെ യഥാര്‍ത്ഥാവസ്ഥ വ്യക്തമാക്കാനാണ് കവിയുടെ ശ്രമം.അതാണ്'പുതുമയില്ലാത്ത ഉപമകളെന്നു പറയരുതേ/ജീവിതമാണത്' എന്ന കൂട്ടിച്ചേര്‍ക്കലിനു കാരണം.

ദാരിദ്ര്യം,അധികാരത്തിന്‍റെ റദ്ദ്ചെയ്ത ഇടങ്ങള്‍,സാമൂഹിക അടരുകള്‍ എന്നിവയ്ക്കൊപ്പം വരേണ്യപുരുഷാധികാരവും ദലിത്സ്ത്രീകളെ വേട്ടയാടുന്നു (മനോജ് എം.ബി,2014:105). വീട്ടുപണിക്കും വിടുപണിക്കും ഉപകരണമാവുന്ന ശരീരമായാണ് ദലിത്സ്ത്രീകള്‍ പലപ്പോഴും വിലയിരുത്തപ്പെടുന്നത്. ശരീരത്തോടും ജാതിയോടും ബന്ധപ്പെടുത്തി സ്ത്രീയെ ചിത്രീകരിക്കുന്ന വരേണ്യമനോഭാവത്തോടുള്ള വിയോജിപ്പാണ് വിജിലയുടെ 'മുമ്പേ പറന്നവള്‍' എന്ന കവിത. ആധുനികലോക ത്തിന്‍റെ യാന്ത്രികതയോ യന്ത്രപരിസരമോ ലഭിച്ചില്ലെങ്കിലും വീട്ടില്‍ ടി.വിയോ മിക്സിയോ ഗ്രൈന്‍ഡറോ ഉണ്ടാവുന്നതിനുമുമ്പേ അതൊക്കെ പ്രവര്‍ത്തിപ്പിക്കാനറിയുന്ന അമ്മയെ ഇതില്‍കാണാം. അമ്മ അടിച്ചുതളിക്കാരിയായിരുന്നു എന്ന് കവി പറയുന്നില്ല. പകരം 

'മാധവിക്കുട്ടിയുടെ
കഥകളിലേതുപോലെ
എം.ടിയുടെ നോവലുകളിലേതുപോലെ
ജാനു എന്ന വേലക്കാരിയാണവര്‍' (2015:27)

എന്ന്  തൊഴിലില്‍പ്പോലും ജാതി കടന്നുവരുന്ന കാലത്തെ സൂചിപ്പിക്കുകയാണ്. ആധുനികതയിലെത്തുമ്പോഴും ജാനുമാര്‍ ആധുനികതയുടെ ഗുണഭോക്താക്കളാവുന്നില്ല എന്ന വൈരുധ്യം ഇവിടെ പ്രകടമാണ്. 

വീടുകളുടെ സാംസ്കാരികരാഷ്ട്രീയം

ആധുനികീകരിക്കപ്പെട്ട ദലിത്കുടുംബഘടന സ്വാംശീകരി ക്കുന്നത് പൊതുഘടനയുടെ കുടുംബമൂല്യങ്ങളാണ് എന്നതിനാല്‍ തന്നെ സാമൂഹികവിഭജനങ്ങള്‍ക്കൊപ്പം വീട്ടിനകത്തെ അധികാരബന്ധങ്ങളെയും വിജില ആവിഷ്കരിക്കുന്നുണ്ട്. വീടെന്ന നിര്‍മ്മിതിക്കുള്ളില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന കവിതകളാണ്  'പെണ്‍ക്രിയകളുടെ പ്രസാധനം', 'ബ്യൂട്ടിപാര്‍ലര്‍ വീട്ടില്‍', 'ഒറ്റ നില്പിലെഴുതിയവ', 'ഓര്‍മ്മകള്‍ക്കും സ്വപ്നങ്ങള്‍ക്കുമിടയില്‍ നൃത്തം', 'അടക്കവും ഒതുക്കവുമുള്ള ഫെമിനിസ്റ്റ്, 'കൈക്കലത്തുണികള്‍' എന്നിവ.മുന്‍വിധികളാല്‍ നിര്‍ണയിക്കപ്പെടുന്ന സ്ത്രീയവസ്ഥയുടെ ഗൃഹപാഠങ്ങള്‍ ഇവിടെ വിചാരണ ചെയ്യപ്പെടുന്നു. കുടുംബത്തില്‍ സ്ത്രീ അനുഷ്ഠിക്കുന്ന കാര്യം, കര്‍മ്മം, കടമ എന്നിവയെ അടുക്കളപോലുള്ള ഉചിതബിംബങ്ങളിലൂടെയാണ് വിജില ആവിഷ്കരിക്കുന്നത്. പെണ്ണിനു മാത്രമായി സംവരണം ചെയ്ത ഇടമായി അടുക്കള മാറുന്ന സമീപനത്തോടുള്ള വിയോജിപ്പാണ് 'പെണ്‍ക്രിയകളുടെ പ്രസാധന'ത്തിലെ 

'ചേച്ചിയെ പകര്‍ത്തിയെഴുതിക്കൊണ്ട്
കൗമാരം കടന്നുപോയി
വിവാഹം
അവളെ
അടുക്കളയെന്ന്
പരിഭാഷപ്പെടുത്തി' (2015:19)

എന്ന വരികള്‍.വിവാഹം/ അടുക്കള, പൊളളലും മുറിവുകളും/ ചിത്രകാരി,കിടപ്പുമുറി/എഡിറ്റര്‍, വരവു ചെലവുകണക്കുകള്‍/ ഗണിതശാസ്ത്രഗ്രന്ഥം, ഗര്‍ഭകാലം,പ്രസവകാലം/ യാത്രാവിവരണം ശിശുപരിചരണം/പ്രൂഫ്റീഡര്‍ എന്നിങ്ങനെ പ്രസാധനങ്ങള്‍ പെണ്‍ക്രിയകളില്‍ പ്രവര്‍ത്തിക്കുന്നതെങ്ങനെയെന്ന് കവി വ്യക്തമാക്കുന്നു. ഒരുപാട് സ്ത്രീകള്‍ തങ്ങളുടെ ജീവിതത്തെ പ്രസാധനം ചെയ്യുന്ന കാഴ്ച ഇവിടെയുണ്ട്. വീട്ടുപകരണം എന്ന രീതിയില്‍ മുമ്പും പെണ്‍കവികള്‍ സ്ത്രീയെ ആവിഷ്കരിച്ചിട്ടു ണ്ടെങ്കിലും അതില്‍നിന്നെല്ലാം വ്യത്യസ്തമായി പരിഭാഷ, എഡിറ്റര്‍, ഗണിതശാസ്ത്രഗ്രന്ഥം, പ്രൂഫ്റീഡര്‍ എന്നിങ്ങനെ വൈജ്ഞാനികസ്വത്വസൂചകപദങ്ങളിലൂടെ കവിതയെ നവീകരിക്കുകയാണ് വിജില. വൈജ്ഞാനികലോകത്തിന്‍റെ തെളിഞ്ഞിട്ടില്ലാത്ത ഇടങ്ങളെ വിവരിക്കുകയും  കൃതിയെന്ന നിലയിലും പാഠമെന്ന നിലയിലും പാരായണത്തിന്‍റെ പെണ്‍ബോധത്തെ തുറന്നിടുകയുമാണ് കവി (എം.ബി മനോജ്, 2014:187-88). സ്ത്രീ എഴുതുമ്പോള്‍ സ്വന്തം പരിസരം എഴുത്തിന്‍റെ വഴികളെ സംഘര്‍ഷാത്മകമാക്കു ന്നതെങ്ങനെയെന്ന് 'ഒറ്റനില്പിലെഴുതിയവ'യും (2021:65) വ്യക്തമാക്കുന്നു. നേരംവെളുക്കുംമുമ്പ് ചൂലിന്മേല്‍, അരകല്ലിന്മേല്‍ എത്തുന്ന, വീട് ബ്യൂട്ടിപാര്‍ലറാക്കുന്ന കൈകളായതിനാല്‍ത്തന്നെ (ബ്യൂട്ടിപാര്‍ലര്‍ വീട്ടില്‍) മനസ്സിലെഴുതി നിറച്ചത് കടലാസില്‍ പകര്‍ത്താനാവാതെ ഉഴലുന്ന സ്ത്രീക്ക് കടുകിന്‍റെയും മുളകിന്‍റെയും സോപ്പിന്‍റെയും മണമുള്ള കവിതകളെ മണ്ണിലാഴ്ത്തുകയേ തരമുള്ളൂ.വീടെന്ന വലിയലോകത്തെ വിശ്വസ്തയാകാന്‍ പാതിവ്രത്യ ത്തിന്‍ ചിലങ്കകെട്ടി ആടിയാടി നിരന്തരം മരണപ്പെടുകയാണവള്‍ (ഓര്‍മ്മകള്‍ക്കും സ്വപ്നങ്ങള്‍ക്കുമിടയില്‍ നൃത്തം).അടക്കവും ഒതുക്കവുമുള്ള ഫെമിനിസ്റ്റിനെയാണ് സമൂഹത്തിനാവശ്യം. കാമുകനെ കണ്ണാ എന്നു വിളിക്കുന്നവള്‍, വീട്ടിലെ പണിയെല്ലാം കഴിഞ്ഞ് ഓഫീസിലേക്ക് പുറപ്പെടുന്നവള്‍, മകനെ അടുക്കളയില്‍ കയറ്റാത്തവള്‍, പീഡനമെന്ന വാക്കു കേള്‍ക്കുമ്പോള്‍ സംരക്ഷണ മെന്ന വാക്ക് ഉരുവിടുന്നവള്‍ എന്നിങ്ങനെ അടക്കവും ഒതുക്കവുമുള്ള ഫെമിനിസ്റ്റിനു വേണ്ടുന്ന ഗുണങ്ങള്‍ (2021:66) എണ്ണിപ്പറയുന്നതിലൂടെ സാമൂഹികമുന്‍വിധികളെ അപലപിക്കുകയാണ് കവി.

കുടുംബത്തിലെയും സമൂഹത്തിലെയും എല്ലാ വിഴുപ്പുകളും ഏറ്റുവാങ്ങി ബലിയാടാകാന്‍ വിധിക്കപ്പെടുന്ന സ്ത്രീയാണ് 'കൈക്കലത്തുണികളിലും' ഉള്ളത്. അഴുക്കുകള്‍ തുടച്ചുമാറ്റാന്‍ ഉപയോഗിക്കുന്ന ഒട്ടും നിറപ്പകിട്ടില്ലാത്ത വസ്തുവാണ് കൈക്കലത്തുണി.അടുക്കള മാത്രം ഇടമാവുന്ന കൈക്കലത്തുണിയായി പെണ്ണ് മാറുന്നത് ലിംഗപദവി കൊണ്ടു മാത്രമല്ല. ജാതി,സാമ്പത്തികനില, നിറം തുടങ്ങിയവയൊക്കെ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇതിനെ സ്വാധീനിക്കുന്നുണ്ട്. ഒന്ന് നിവരാനും ഒന്നുണങ്ങാനും മോഹമുണ്ടെങ്കിലും അതൊന്നും സാധിക്കാത്ത അടിമജീവിതമാണ് കൈക്കലത്തുണിക്കുള്ളത്. പറക്കാനേറെ മോഹമുണ്ടെങ്കിലും പാറപോലുറച്ചുപോയ പിളര്‍ക്കപ്പെട്ട ജീവിതം. അഴകുകളെല്ലാം വളരെ അകലെയായ തിനാല്‍ അഴുക്കുകളെ അടക്കിപ്പിടിച്ചുള്ള കൈക്കലത്തുണികളുടെ നില്പ് അവഗണിതവിഭാഗങ്ങളുടെ സഹസ്രാബ്ദങ്ങളായുള്ള നില്പിനെ ഓര്‍മ്മിപ്പിക്കുന്നു. ദരിദ്രയായ കീഴാളസ്ത്രീയുടെ, അവളുടെ കുട്ടികളുടെ ദൈന്യമാണ് സ്ത്രീജീവിതത്തിന്‍റെ വിവിധ ഘട്ടങ്ങളുടെ നേരനുഭവത്തിലൂടെ വിജില ആവിഷ്കരിക്കുന്നത്. കുഞ്ഞുമോളുടെ ഉടുപ്പായിരുന്ന കൈക്കലത്തുണികളുടെ പഴയകാലവും പാട്ടുപാടി നടന്നവള്‍ മൂളിപ്പാട്ടുപോലുമില്ലാതെ മറ്റൊരടുക്കളയില്‍ പാറപോലുറച്ചുപോയ പില്ക്കാലവും ആവിഷ്കരിക്കുന്നതിലൂടെ വരുംതലമുറയിലേക്കും ഇത് നീളുമെന്ന സൂചനയാണ് കവി നല്‍കുന്നത്. കീഴാളജീവിതത്തെ കൈക്കലത്തു ണി പോലെ മൂലയ്ക്കാക്കുന്ന അധികാരഭീകരതയ്ക്കെതിരെ പലതരത്തില്‍ പ്രതിരോധമൊരുക്കുന്നതുകൊണ്ടാണ് ഒരു കീറത്തുണിക്ക് പുതുകാലത്തിന്‍റെ മാനിഫെസ്റ്റോ ആകാന്‍ കഴിയുമെന്ന് തെളിയിച്ച കവിതയായി 'കൈക്കലത്തുണി'യെ കെ. ഇ. എന്‍. വിശേഷിപ്പിച്ചത്(2019:192-93). ആത്മബോധം ആര്‍ജിക്കുന്ന അവഗണിതജീവിതങ്ങളെയാണ് കവിത ലക്ഷ്യംവയ്ക്കുന്നത്. അതാണ് 'ഇനിയൊരു കുഞ്ഞുടുപ്പിട്ടവള്‍ വന്ന്/ മകളെ മഴയിലേക്ക്/ തള്ളിവിട്ടിരുന്നെങ്കില്‍' (2015:21)എന്ന പ്രത്യാശയില്‍ കവിത അവസാനിക്കുന്നത്.

'ജരാനരകള്‍ ബാധിച്ച്
പുറംകവര്‍പൊളിഞ്ഞ
വായിക്കപ്പെടാത്ത
ആത്മകഥയായി' (2015:20) 

സ്ത്രീജീവിതം മാറാതിരിക്കണമെങ്കില്‍ അതിജീവനത്തിന്‍റെ ഒടുങ്ങാത്ത കുതറലുകള്‍ ആവശ്യമാണ്. ഈ കുതറലുകളും തിരിച്ചറിവുമാണ് ദലിത്സ്ത്രീയുടെ സാമൂഹികാസ്തിത്വം തുറന്നാവിഷ്കരിക്കുന്നതിലേക്ക് വിജിലയെ നയിക്കുന്നത്.

നിലനില്പിന്‍റെ നിശ്ശബ്ദവേദനകള്‍

ദലിത്പെണ്‍കവികള്‍ അവരെക്കുറിച്ചുള്ള സ്ഥാനനിര്‍ണ്ണയം നടത്തുന്നത് ചരിത്രത്തിലൂടനീളം അവരനുഭവിച്ച കഷ്ടപ്പാടില്‍ നിന്നാണ്. അത് പുരുഷന്മാരെ ഒഴിച്ചുനിര്‍ത്തിക്കൊണ്ടല്ല. പുരുഷന്മാര്‍ അടക്കമുള്ള തങ്ങളുടെ സമൂഹത്തിന്‍റെ പ്രശ്നങ്ങളെ യാണ് ഈ കവിതകള്‍ അടയാളപ്പെടുത്തുന്നത്. ജനതയുടെ ശബ്ദങ്ങളാണ് ഈ കവിതകളില്‍ കേള്‍ക്കുന്നത്(എം.ബി. മനോജ്, 2014:192). സ്വപ്നം കാണാനോ പൊട്ടിച്ചിരിക്കാനാ കഴിയാതെ/ ഇരുട്ടിനെ നെടുവീര്‍പ്പിനെ കെട്ടഴിച്ചു' വിടുന്ന (വിയോജിപ്പുകളോടെ,2021:35)ദലിതവസ്ഥയെ,നിലനില്പിന്‍റെ നിശ്ശബ്ദവേദന കളെയാണ് വിജിലയും അവതരിപ്പിക്കുന്നത്.

'ആറടി മണ്ണില്ല   
ആഞ്ഞുകൊത്തിയാല്‍ ചെളിയൂറും
കുനിപ്പറമ്പ്' (2006:19) 

എന്ന 'ഇട'ത്തിലെ വരികള്‍ സൂചിപ്പിക്കുന്നത് കേവലമായ ഇല്ലായ്മകളെയല്ല,കീഴ്പ്പെടുത്തലിന്‍റെ നൂറ്റാണ്ടുകളുടെ ചരിത്രമാണ്. വ്യവസ്ഥാപിത അധികാരഘടനയില്‍ നിന്നും വിഭവാധികാരത്തില്‍ നിന്നും പുറത്താക്കപ്പെട്ടവരാണ് ദലിതര്‍. പൊതുസമൂഹത്തിന് അവകാശപ്പെട്ടതെല്ലാം ദലിതന് മാത്രമായി നിഷേധിക്കപ്പെടുന്ന സാമൂഹികാവസ്ഥയെയാണ് 'സെക്കുലറിസ'വും ചോദ്യം ചെയ്യുന്നത്. വിശപ്പുസഹിക്കാതെ കട്ടുതിന്നവനെ തല്ലിക്കൊല്ലുന്ന ജനസമൂഹവും ഭരണകൂടമര്‍ദ്ദന ഉപകരണങ്ങളും സാമൂഹ്യ ജനാധിപത്യയിടങ്ങളുടെ ആവശ്യകത ബോധ്യപ്പെടുത്തുന്നു.

ജാതിബോധത്തിന്‍റെ ഉത്കര്‍ഷചിന്തയിലധിഷ്ഠിതമായ സമൂഹത്തെ പുന:പരിശോധിക്കേണ്ടതിന്‍റെ ആവശ്യകതയാണ് കൂട്ടുകാരി,ചോറ്റുപാത്രം എന്നീ കവിതകളും.വീടിന്‍റെ പണി, ലോണ്‍, ലാപ്ടോപ്പ് വാങ്ങല്‍ തുടങ്ങി പ്രതീക്ഷകളെ മിനിമൈസ് ചെയ്തുവച്ച സാധാരണസ്ത്രീജീവിതങ്ങള്‍. സമൂഹത്തിന്‍റെ പരിഹാസങ്ങളാണ് ഇവര്‍ക്ക് പലപ്പോഴും നേരിടേണ്ടിവരുന്നത്.

'വിജിലേ നിന്‍റെ കൂട്ടുകാരികള്‍ എന്ന്
ഒരു കൂട്ടുകാരി കളിയാക്കിയ
മീന്‍കാരികളെ ഞാനവള്‍ക്ക്
കാട്ടിക്കൊടുത്തു' (2015:60)

എന്ന'കൂട്ടുകാരിയിലെ' വരികളില്‍ മീന്‍കാരികള്‍ കവിക്ക് കൂട്ടുകാരികളും ചിലര്‍ക്ക് അകല്ചയുള്ളവരുമാകുന്ന സാമൂഹികവിഭജനം പ്രകടമാണ്. ഒരു പ്രേമലേഖനത്തിനായി വിശന്നു പൊരിഞ്ഞവളോട് ശംഖുപുഷ്പം പോലെ വെളുത്തുനീണ്ടവള്‍ പ്രണയപരാജയങ്ങളുടെ പട്ടിക നിരത്തുന്ന വൈരുധ്യമാണ് 'ചോറ്റുപാത്രം' (2015:45). ജാതിയുടെ,നിറത്തിന്‍റെ പേരില്‍ സ്ത്രീകള്‍ നേരിടുന്ന അപകര്‍ഷതയും സ്വകാര്യദു:ഖങ്ങളുമാണിവിടെ നിഴലിക്കുന്നത്.

കറുപ്പിന്‍റെ ദൃശ്യത

ദലിത്സ്വത്വത്തിന്‍റെ പ്രതീകമായി ഉത്തരാധുനികതയില്‍ ആവര്‍ത്തിച്ചു വരുന്ന പ്രതീകമാണ് കറുപ്പ്. തങ്ങള്‍ക്കു നേരെ നടക്കുന്ന തമസ്കരണങ്ങളെക്കുറിച്ചുള്ള അവബോധമാണ് പോരാട്ടത്തിന്‍റെ നിറമായി കറുപ്പിനെ ദലിതര്‍ സ്വീകരിക്കാന്‍ കാരണം. 'കറുപ്പാണേറെയും/ എന്‍റെ ആകാശത്ത്' എന്ന് 'വര്‍ണഭേദങ്ങളില്‍' (2006:49) കറുപ്പിന്‍റെ പ്രാധാന്യത്തിലൂന്നിയ വിജില ദലിതര്‍ നേരിടുന്ന സംഘര്‍ഷങ്ങളും അപമാനവീകരണ ങ്ങളും കറുപ്പെന്ന പ്രതീകത്തിലൂടെ ദൃശ്യവത്കരിക്കുന്നുമുണ്ട്.

'വെയിലേറ്റ വിയര്‍പ്പേറ്റ
വിളക്കുടലുമായ്
കറുത്ത മഷിയിലെഴുതിയ
അക്കങ്ങള്‍ ചേര്‍ത്ത
കണക്കു നോക്കി 
അച്ഛന്‍ ചിരിക്കുമ്പോള്‍ കൂടെ
കറുത്ത ഞങ്ങളും' (2006:57)

എന്ന് 'ഉടലുകളും' കളിപ്പാട്ടവിസ്മയങ്ങളൊന്നുമില്ലാതെ കൊത്തങ്ക ല്ലാടുന്ന കറുത്ത മക്കളെ 'ദൂര'വും (2015:41))ആവിഷ്കരിക്കുന്നു. കീഴാളരുടെ, തൊഴിലാളികളുടെ അത്രയൊന്നും പകിട്ടില്ലാത്ത ജീവിതമാണ് വിജില ആവിഷ്കരിക്കുന്നത്. കറുപ്പിനേഴഴകെന്ന തിരിച്ചറിവോ ആരുടേയോ സാന്ത്വനമോ അല്ല, ഞങ്ങളുടെ സ്വപ്നങ്ങളും അവകാശങ്ങളും അപഹരിക്കപ്പെട്ടിരിക്കുന്നുവെന്ന് തിരിച്ചറിയുന്ന പീഡിതരുടെ കുതറലുകളാണ് കവിതയുടെ കരുത്ത് (കെ. ഇ.എന്‍. 2019:190).ചരിത്രം ആരുടെയൊക്കെയോ ഇച്ഛയും പൂര്‍വ്വനിശ്ചിത അജണ്ടയുമായതിനാലാണ് ചരിത്രത്തിനകത്ത് അടയാളപ്പെടുത്താതെപോയ ദലിത്ജീവിതത്തെ,തമസ്കരിക്കപ്പെട്ട ജനതയുടെ വീക്ഷണകോണില്‍നിന്നും വിജിലയ്ക്ക് ചൂണ്ടിക്കാണി ക്കേണ്ടി വരുന്നത്. കവിതയ്ക്കും ജീവിതത്തിനും പുറത്തുനിന്നവരെ അകത്തേയ്ക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് 'മണ്ണടിയുന്നതിന് മുമ്പ്'  എന്ന കവിതയിലെ 'ആദികാവ്യത്തിനും രത്നാകരനും മുമ്പ്/ ഞങ്ങളുണ്ടെന്നോര്‍ക്കാറില്ലാരും' (2006:41) എന്ന വരികള്‍.അടിമത്ത ത്തിന്‍റെയും വിധേയത്വത്തിന്‍റെയും ചങ്ങലകള്‍ക്കപ്പുറത്തെ സ്വതന്ത്രലോകം  ഇവിടെ ആവിഷ്കരിക്കപ്പെടുന്നു. ചരിത്രത്തിലെ അഭാവങ്ങളെക്കുറിച്ചോര്‍ത്ത് ഖേദിക്കുന്ന,  പൊയ്കയില്‍ അപ്പച്ചന്‍റെ 'കാണുന്നീലൊരക്ഷരവും എന്‍റെ വംശത്തെപ്പറ്റി' എന്ന വരികളാണ് സ്വാതന്ത്ര്യദിനാഘോഷത്തില്‍ കവിയുടെ ഉള്ളില്‍നിറയുന്നത്. ഒപ്പം സമരവഴികളിലേക്ക് നിര്‍ഭയരായി ഇറങ്ങിത്തിരിച്ച ഫൂലന്‍ദേവിയു ടെയും സാവിത്രിഭായി ഫൂലെയുടെയും ഓര്‍മ്മകളും (പാടിയും വരച്ചും ഉ/ ഇറങ്ങിപ്പോയവര്‍, 2021:43). കീഴാളജീവിതത്തിന്‍റെ ആത്മപ്രകാശനവും പ്രതിരോധവുമായി ഇവിടെ കവിത മാറുന്നു.

പ്രതിരോധത്തിന്‍റെ പെണ്ണിടം

അധീശബോധം നിര്‍മ്മിച്ച അനുഭവമണ്ഡലത്തില്‍ നിന്നുള്ള വിമോചനം ലക്ഷ്യമാക്കുമ്പോഴും അതത്ര എളുപ്പമല്ല എന്ന തിരിച്ചറിവ് വിജിലയ്ക്കുണ്ട്. 'എങ്ങനെ എഴുതിയിട്ടും' എന്ന കവിത ഇത് സാക്ഷ്യപ്പെടുത്തുന്നു.

'മാഞ്ഞുപോകാം.
വായിക്കപ്പെടാതെയുമിരിക്കാം
എങ്കിലെന്ത്
വരികളോടൊപ്പം
ശരികളോടൊപ്പം
ഈ ഉരുണ്ടുപോക്ക് അനിവാര്യമാണ്'  (2021:29)

എന്ന ചിന്തയാണ് ജാത്യധികാരത്തിന്‍റെ സൂക്ഷ്മബലതന്ത്രങ്ങള്‍ ആവിഷ്കരിക്കാന്‍ വിജിലയ്ക്ക് പ്രേരണ.അധിനിവേശങ്ങളുടെയും ആധിപത്യങ്ങളുടെയും മുന്‍വിധികളെ കവച്ചുവയ്ക്കാനുള്ള ശ്രമത്തിന് പിന്‍ബലമാവട്ടെ,

'ഞങ്ങള്‍ പങ്കുവെക്കപ്പെടാതെ 
പോയതത്രയും 
ഇനിയുള്ള നാളുകളില്‍
പൂരിപ്പിക്കപ്പെടും' (2015:60)

എന്ന ഉറച്ച പ്രതീക്ഷയും. ഈ ഉറച്ച പ്രതീക്ഷയാണ് അരക്ഷിതവും വിഭവദരിദ്രവുമായ സമൂഹത്തിന്‍റെ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ ആവിഷ്കരിക്കുന്നതിലും പൊതുസമൂഹത്തിന്‍റെയും കുടുംബ ത്തിന്‍റെയും അധികാരപരിധിക്കുള്ളില്‍ ജീവിക്കേണ്ടിവരുന്ന ദലിത്സ്ത്രീയനുഭവാവിഷ്കാരത്തിലും കാണുക. ഇരട്ടമര്‍ദ്ദനം നേരിടുന്ന കീഴാളസ്ത്രീയനുഭവങ്ങളുടെ തുടര്‍ച്ചയില്‍ത്തന്നെ അതിജീവനശ്രമങ്ങളെയും ചേര്‍ത്തുവയ്ക്കുകവഴി പാര്‍ശ്വവത്കരി ക്കപ്പെട്ടവരുടെ പ്രതിഷേധവും പ്രതിരോധവും സ്വയം കണ്ടെടുക്കാ നുള്ള മാര്‍ഗവുമായി കവിതയെ മാറ്റുകയാണ് വിജില. ജാതിലിംഗാധികാരങ്ങള്‍ക്കെതിരായ പെണ്‍കവിതയുടെ കരുത്തുറ്റ പാഠങ്ങളെ ഉള്‍ക്കൊള്ളുന്ന, ദലിത്സ്ത്രീയുടെ സ്വത്വബോധത്തിന്‍റെ ഉണര്‍ച്ചയെ അടയാളപ്പെടുത്തുന്ന ഇത്തരം കവിതകള്‍ വഴിയാണ് വിജില ദലിത്സ്ത്രീയവസ്ഥയുടെ സമകാലികസ്വരമാവുന്നത്.

ഗ്രന്ഥസൂചി:

അമ്പിളി ടി.കെ, 2012, പി.ആര്‍.ഡി.എസ് പ്രസ്ഥാനത്തിലെ ദളിത് സ്ത്രീകള്‍, സംഘടിത ദളിത്സ്ത്രീ പതിപ്പ്, വാള്യം 4, ലക്കം 6.
ആശാലത വി, 2022, ആത്മബോധത്തിന്‍റെ പെണ്ണിടങ്ങള്‍, ലോഗോസ് ബുക്സ്,പാലക്കാട്.
ഉമ ചക്രവര്‍ത്തി, 2008, ജാതിയെ ലിംഗവത്കരിക്കുമ്പോള്‍, മാതൃഭൂമി ബുക്സ,്കോഴിക്കോട്.
കെ.ഇ.എന്‍, 2019, വാക്ക് പൂക്കും വഴികള്‍, ഐ. പി. ബി ബുക്സ്, കോഴിക്കാട്.
ദാസ്, കെ. കെ. എസ്,2011, ദലിത്പ്രത്യയശാസ്ത്രം ചരിത്രം - സാഹിത്യം -സൗന്ദര്യശാസ്ത്രം, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്ത പുരം. 
നിബുലാല്‍ വെട്ടൂര്‍, 2022, സമകാല മലയാളകവിത പ്രവണതകളും പ്രതിരോധങ്ങളും, ആത്മ ബുക്സ്, കോഴിക്കോട്.
പുരുഷോത്തമന്‍ കെ സി, 2008, ദലിത് സാഹിത്യ പ്രസ്ഥാനം, തൃശൂര്‍: കേരള സാഹിത്യ അക്കാദമി, 
മനോജ് എം. ബി, 2014, ദലിത് പെണ്‍കവിതകളുടെ ലോകങ്ങള്‍, മിനി ആലീസ് (എഡി.), സമകാലിക മലയാള കവിത പുതുമയും പലമയും, വിദ്വാന്‍ പി ജി സ്മാരക ഗവേഷണ കേന്ദ്രം,ആലുവ. 
മനോജ് എം. ബി,2014, മുദിത മലയാളത്തിലെ ദളിത് പെണ്‍കവിതകള്‍, വിദ്യാര്‍ത്ഥി പബ്ലിക്കേഷന്‍സ്, കോഴിക്കോട്.
രേഖാരാജ്, 2016, ദലിത്സ്ത്രീ ഇടപെടലുകള്‍, ഡി.സി ബുക്സ്, കോട്ടയം.
ലിസ പുല്‍പ്പറമ്പില്‍, 2020, ദലിത് ഫെമിനിസം സിദ്ധാന്തവും പ്രയോഗവും,  കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.
വിജില ചിറപ്പാട്, 2006, അടുക്കളയില്ലാത്ത വീട്, ഇന്ത്യന്‍ ട്രൂത്ത് പബ്ലിക്കേഷന്‍, പേരാമ്പ്ര.
വിജില ചിറപ്പാട്, 2015, പകര്‍ത്തിയെഴുത്ത്, ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം. 
വിജില ചിറപ്പാട്, 2021, പച്ച പൊങ്ങ് പെരുവഴി, ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം.
ശിവദാസ്, കെ. കെ, 2018, ദലിത് ഫെമിനിസം- അപകോളനീകര ണത്തിന്‍റെ കേരളീയ സന്ദര്‍ഭത്തില്‍, ഷിമിപോള്‍ ബേബി (എഡി.), കോളനിയനന്തരവാദം, വിദ്വാന്‍ പി.ജി നായര്‍ സ്മാരക ഗവേഷണകേന്ദ്രം, ആലുവ. 
സജിത കെ.ആര്‍, 2023, വ്യത്യസ്തമായി പറയുന്നവരുടെ കവിത, സന്തോഷ് ഒ.കെ, രാജേഷ് കെ.എരുമേലി (എഡി.) പുതുകവിത വായന വിചാരം രാഷ്ട്രീയം, പുസ്തകലോകം, കോഴിക്കോട്.
സാബു കോട്ടുക്കല്‍, 2020, ആധുനികാനന്തര മലയാളകവിത രാഷ്ട്രീയം സൗന്ദര്യം, ലിപി പബ്ലിക്കേഷന്‍സ്, കോഴിക്കോട്.
Arjun Dangle,1992, Poisened Bread, Orient Longman,Bombay.
Gopal Guru, 2003, Dalit Women Talk Differently, Gender and Caste, Anupama  Rao(Edi), Kali for Women, New Delhi.
ഡോ. ബിന്ദു ടി.വി
അസോസിയേറ്റ് പ്രൊഫസര്‍
മലയാളവിഭാഗം
ഗവ. ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജ്, 
കോഴിക്കോട്
പിന്‍: 673018
ഫോണ്‍: +91 9495565266
Email: binduteevee@gmail.com
ORCID: 0000-0001-8504-3488