Broadcast and Performance: A Research into Mappilakkolkkali
Sabuji.C.V
The epistemology of ‘Folklore’ exists and functions in the public sphere, both directly and indirectly, as various forms of discourse. Print, audio and visual media are planning and implementing various programs aimed at the collection, preservation and propagation of folk forms. Aakashvani has reached the grassroots of Kerala society and includes various types of folk forms in its broadcasts. To introduce the broadcast level of the folk form of Mapilakolkali,this paper also investigates how the said art form functions within a performance theory environment.
Keywords: Akashavani, Folklore, Folklorism, Broadcast, Folklore broadcast, Colonial modernity, Performance, Nationalism.
Reference:
Anil.K.M (Edi.), 2017, Samskarika nirmithi, Progress publication, kozhikode.
Andrew Crisell, 1994, Understanding Radio, Routledge, New york.
Aju. K. Narayanan, 2012, Folklore: Padangal, padanangal, National book stall, kottayam.
Anand babu.R.P, 2014, Sabdhavum chalachithravum, Kerala bhasha institute, Thiruvananthapuram.
Amos Dan Ben, Keeneth.S.Goldstein,1975, Folklore Performance and Communication, The hugue.
Bauman Richard, 1984, Verbal arts as Performance, Wavwland press, USA.
Beena.K.A, 2008, Radio: Kadhayum kalayum, Kerala bhasha institute, Thiruvananthapuram.
Beerankoya gurukkal, 2012, Mappilakkolkkali, Vara publication, Malappuram.
Bhargavan Pilla.G, 2007, Akashavaniyil Innale, National book stall, Kottayam.
Carlson Marvin,1996, Performance A critical Introduction, Routledge, London.
Dundes Alan,1965, The study of folklore, Englewood cliff, London.
Dorson Richard.M, 1972, Folklore and folklife An introduction, University of Chicago press, Chicago.
Sivasankaran. M.K, 2011, Prakshepanakala charithram, Kerala bhasha institute, Thiruvananthapuram.
Ravikumar.B,2018, September 30, Mappilakkolkkali, Deshabhimani newspaper, Kozhikode.
പ്രക്ഷേപണവും പ്രകടനവും; മാപ്പിളക്കോല്‍ക്കളിയെ മുന്‍നിര്‍ത്തി ഒരന്വേഷണം
സാബുജി. സി.വി
പരമ്പരാഗത ആശയവിനിമയ സമ്പ്രദായങ്ങള്‍ക്കുമേല്‍ സാങ്കേതികവും രാഷ്ട്രീയവുമായ ആധിപത്യം പുലര്‍ത്തിക്കൊണ്ടാണ് കൊളോണിയല്‍ ആധുനികത മുന്നോട്ട് വച്ച 'റേഡിയോ' ഇന്ത്യയില്‍ ശബ്ദിച്ചു തുടങ്ങിയത്. നിലനിന്നിരുന്ന മാധ്യമപരിമിതികളെ മറികടന്നുകൊണ്ട് തികച്ചും ജനാധിപത്യപരമായ ഒരു മാധ്യമ ബോധത്തെ സൃഷ്ടിക്കാന്‍ 'ആകാശവാണി' എന്ന ശ്രവ്യമാധ്യമത്തിന് കഴിഞ്ഞു. ഒരു 'പൊതുജനമാധ്യമം' (Public media) എന്ന നിലയില്‍ ആകാശവാണി പൊതുമണ്ഡലത്തിന്‍റെ സാംസ്ക്കാരിക മൂല്യങ്ങളെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്ന തരത്തിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്ത് പ്രക്ഷേപണം ചെയ്തുവരുന്നത്. ഇത്തരം നടപടികളുടെ ഭാഗമായാണ് ഫോക്ലോര്‍ പ്രക്ഷേപണവും ആകാശവാണി നടത്തി വരുന്നത്. നാട്ടറിവ്രൂപമായ 'മാപ്പിളക്കോല്‍ക്കളി'യുടെ പ്രക്ഷേപണതലത്തെ പരിചയപ്പെടുത്തുകയും പ്രകടന സിദ്ധാന്തപരിസരത്ത് പ്രസ്തുത കലാരൂപം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും അന്വേഷിക്കുകയുമാണ് ഈ പ്രബന്ധത്തില്‍ ചെയ്യുന്നത്.
ആകാശവാണിയും ഫോക്ലോര്‍പ്രക്ഷേപണവും
ഓള്‍ ഇന്ത്യറേഡിയോ സ്ഥാപിക്കപ്പെട്ടതോടെ നാടന്‍കലാരൂപങ്ങള്‍ വ്യാപകമായി പ്രയോജനപ്പെടുത്തിയിരുന്നുവെന്ന് 1976 ല്‍ യുനെസ്കോ അന്താരാഷ്ട്ര ആശയവിനിമയ സംവിധാനങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച 'മാക്ബ്രൈഡ് റിപ്പോര്‍ട്ട്' (Macbride Report) വ്യക്തമാക്കുന്നു. പ്രാദേശിക പ്രശ്നങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും പരിഹാരങ്ങള്‍ക്കും ഇത്തരം പരിപാടികള്‍
സഹായകരമാകുമെന്നും അതുവഴി ദേശീയതാബോധം (Nationalism) രൂപപ്പെടുമെന്നും പ്രസ്തുത റിപ്പോര്‍ട്ടിന്‍റെ ചെയര്‍മാന്‍ മാക്ബ്രൈഡ്സിന്‍ അഭിപ്രായപ്പെടുന്നു. പൊതുമണ്ഡലത്തെ അഭിമുഖീകരിക്കുന്നതിനുള്ള ബോധപൂര്‍വ്വമായ ഇടപെടലുകളാണ് ഇത്തരം പ്രക്ഷേപണ പരിപാടികളിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി (1978, 79: 80).
1927 ജൂലൈ 23 ന് ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി (Indian Broadcasting Company) മുംബൈയില്‍ പ്രക്ഷേപണം ആരംഭിച്ചതോടെയാണ് ഇന്ത്യന്‍ റേഡിയോ പ്രക്ഷേപണത്തിന്‍റെ പ്രാരംഭഘട്ടം ആരംഭിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ റേഡിയോ പ്രക്ഷേപണത്തിന്‍റെ ശൈശവാവസ്ഥ ചില അമേച്വര്‍ റേഡിയോ ക്ലബ്ബുകളുടെ മേല്‍നോട്ടത്തിലായിരുന്നു. കൊല്‍ക്കൊത്ത, മുംബൈ, ചെന്നൈ നഗരങ്ങളില്‍ ഇത്തരം ക്ലബ്ബുകള്‍ ആദ്യമായി പ്രക്ഷേപണ ശബ്ദങ്ങള്‍ ശ്രോ താക്കളില്‍ എത്തിച്ചു. സി.വി. കൃഷ്ണസ്വാമി ചെട്ടിയാരുടെ മദ്രാസ് പ്രസിഡന്‍സി റേഡിയോ ക്ലബ്ബാണ് 1924 ജൂലൈ 31 ന് ഔപചാരികമായി ആദ്യ പ്രക്ഷേപണം ആരംഭിച്ചത് (കെ.എ.ബീന, 2008:16). ബി.ബി.സി. (ബ്രട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്‍) ഉദ്യോഗസ്ഥനായിരുന്ന ലയണ്‍ ഫീല്‍ഡണ്‍ (Lionel Fielden) ഓള്‍ ഇന്ത്യ റേഡിയോയുടെ ആദ്യത്തെ കണ്‍ട്രോളര്‍ ഓഫ് ബ്രോഡ്കാസ്റ്റിങ് ആയി ചുമതലയേറ്റത് ഇന്ത്യന്‍ പ്രക്ഷേപണ ചരിത്രത്തിലെ ഒരു നാഴിക്ക ല്ലായി വിലയിരുത്താവുന്നതാണ്. ഇന്ത്യന്‍ പ്രക്ഷേപണത്തിന് കൃത്യമായ കാഴ്ച്ചപ്പാട് നല്‍കിയ ലയണ്‍ഫീല്‍ഡണ്‍ പ്രക്ഷേപണത്തിന്‍റെ വൈവിധ്യവല്‍ക്കരണത്തെക്കുറിച്ച് തികച്ചും ബോധവാനായിരുന്നു. ഗ്രാമീണപരിപാടികള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പ്രക്ഷേപണത്തിന് ഫീല്‍ഡനാണ് തുടക്കം കുറിച്ചത്. ഇതിന്‍റെ ഭാഗമായി പെഷവാര്‍ (1935), ലക്നൗ (1938), ചെന്നൈ (1938), തൃശ്ശിനാപ്പള്ളി (1939) എന്നീ നിലയങ്ങളുടെ ആരംഭകാലം മുതല്‍ നാടോടിസംഗീത (Folk music)ത്തിന് പ്രാധാന്യം നല്‍കിവന്നു (എം.കെ.ശിവശങ്കരന്‍, 2011:11). 1946 സെപ്റ്റംബര്‍ 2 ന് വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായി ചുമതലയേറ്റ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഇന്ത്യന്‍ പ്രക്ഷേപണത്തില്‍ ഭാഷാവൈവിധ്യങ്ങള്‍ നിലനിര്‍ത്താനായി പ്രക്ഷേപണശൃംഖല വിപുലപ്പെടുത്തി. ഒരു കിലോവാട്ട് പ്രസരണശേഷിയുള്ള പൈലറ്റ് നിലയങ്ങള്‍ (Piloet Station) ഇതിന്‍റെ ഭാഗമായി ആരംഭിക്കുകയും പ്രാദേശിക ഭാഷകളിലൂടെ നാടോടിവിജ്ഞാനീയാത്തെ പ്രോത്സാഹിപ്പിക്കുന്ന പരിപാടികള്‍ക്ക് പ്രധാന്യം നല്‍ കുകയും ചെയ്തു. സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ തുടര്‍ന്ന് 1952 ല്‍ വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായി ചുമതലയേറ്റ ഡോ. ബി. വി. കേസക്കര്‍ (B.V. Keskar) ഇന്ത്യന്‍ പ്രക്ഷേപണത്തിന്‍റെ വിപുലീകരണത്തിന് പല പദ്ധതികളും നടപ്പിലാക്കി. കേസ് ക്കറുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ച 'വിവിധ്ഭാരതിസര്‍വ്വീസ്' ഫോക്ലോര്‍ പ്രക്ഷേപണത്തിന് പ്രത്യേക പരിഗണന നല്‍കി. എല്ലാ മാസവും വ്യാഴാഴ്ചകളില്‍ രാത്രി 9.30 മുതല്‍ 10.30 വരെ ഒരു മണിക്കൂര്‍ നാടന്‍ സംഗീതം പ്രക്ഷേപണം ചെയ്തു വന്നു. ഗ്രാമീണ ജനതയുടെ നാട്ടറിവുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള 'റേഡിയോഗ്രാമരംഗം' 1957 മുതല്‍ ആകാശവാണി പ്രക്ഷേപണം ചെയ്തു വരുന്നു. 1954 ല്‍ ആരംഭിച്ച ആകാശവാണി സംഗീതസമ്മേളന്‍ പ്രക്ഷേപണത്തില്‍ ഹിന്ദുസ്ഥാനി, കര്‍ണ്ണാടക, ലളിത സംഗീതങ്ങള്‍ക്കൊപ്പം നാടോടിസംഗീതത്തിനും പ്രാധാന്യം ലഭിച്ചു.
മലയാളഫോക്ലോര്‍പ്രക്ഷേപണത്തിന്‍റെ ചരിത്രം ആരംഭിക്കുന്നത് മലയാള പ്രക്ഷേപണത്തിന് തുടക്കം കുറിച്ച മദ്രാസ് നിലയത്തില്‍ നിന്നാണ്. 1939 ല്‍ മലയാളപ്രക്ഷേപണം മദ്രാസ് നിലയത്തില്‍ നിന്ന് ആരംഭിച്ചപ്പോള്‍ മലയാളം പരിപാടികളുടെ ദൗര്‍ലഭ്യം പരിഹരിക്കാന്‍ മലയാള നാടോടി ഗാനങ്ങളായിരുന്നു പ്രക്ഷേപണം ചെയ്തിരുന്നത് (ശക്തിധരന്‍ നായര്‍, 1974:23). ഇതേ കാലയളവില്‍ മദ്രാസ് സര്‍വ്വകലാശാല മലയാളം വിഭാഗം മേധാവി ഡോ. ചേലനാട്ട് അച്യുതമേനോന്‍ വടക്കന്‍ പാട്ടുകള്‍ പ്രക്ഷേപണത്തിന് അനുയോജ്യമായ രീതിയില്‍ തയ്യാറാക്കി നിലയത്തിന് നല്‍കിയത് മലയാള ഫോക്ലോര്‍ പ്രക്ഷേപണത്തിന് ഏറെ സഹായകമായി. 2001 ല്‍ തിരുവനന്തപുരം റീജിയണല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ആഭിമുഖ്യത്തില്‍ അന്നത്തെ നിലയം ഡയറക്ടര്‍ ജി. ജയലാലിന്‍റെയും അസിസ്റ്റന്‍റ് ഡയറക്ടര്‍ ആര്‍. വിമലസേനന്‍ നായരുടേയും നേതൃത്വത്തില്‍ ദക്ഷിണേന്ത്യന്‍ ആകാശവാണി നിയലങ്ങള്‍ക്ക് വേണ്ടി നടത്തിയ നാടന്‍കലാവര്‍ക്ക്ഷോപ്പ് ഫോക്ക്ലോര്‍പ്രക്ഷേപണത്തിന് ഏറെ ഊര്‍ജ്ജം പകര്‍ന്നു. ഓരോ നിലയത്തിന്‍റെയും പ്രക്ഷേപണപരിധിക്കുള്ളില്‍ നില്‍ക്കുന്ന പ്രദേശങ്ങളിലെ നാടന്‍കലളെയാണ് അതത് നിലയങ്ങള്‍ ശബ്ദലേഖനം (Recording) നടത്തി പ്രക്ഷേപണം ചെയ്തു വരുന്നത്. എന്നാല്‍ കേരളത്തില്‍ പൊതുവെ പ്രചാരത്തിലുള്ള നാടന്‍കലകള്‍ എല്ലാ നിലയങ്ങളും പ്രക്ഷേപണം ചെയ്യാറുണ്ട്.
മാപ്പിളകലാരൂപങ്ങളും ആകാശവാണിയും
കേരളത്തിലെ ആകാശവാണി നിലയങ്ങള്‍ ആരംഭിച്ചകാലം മുതല്‍ മാപ്പിളകലാരൂപങ്ങള്‍ക്ക് പ്രാധാന്യം നല്‍കി വരുന്നുണ്ട്. തിരുവനന്തപുരം കഴിഞ്ഞാല്‍ കേരളത്തിലെ രണ്ടാമത്തെ നിലയമായ കോഴിക്കോട് നിലയം 1950 ല്‍ ആരംഭിച്ചപ്പോള്‍ മാപ്പിളകലാരൂപങ്ങള്‍ പ്രത്യേകിച്ച് മാപ്പിളപ്പാട്ടുകള്‍ പ്രക്ഷേപണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. 1983 ജനുവരി 26 ന് കോഴിക്കോട് നിലയത്തില്‍ പ്രോഗ്രാം എക്സിക്യുട്ടീവും നാടന്‍കലാഗവേഷകനുമായ ജി. ഭാര്‍ഗ്ഗവന്‍ പിള്ളയുടെ മേല്‍നോട്ടത്തില്‍ ആകാശവാണിയുടെ ആദ്യത്തെ നാടന്‍കലായൂണിറ്റ് (Folk Arts Unit) പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ മലബാറിലെ മാപ്പിള കലകളുടെ പ്രക്ഷേപണത്തിന് കൂടുതല്‍ സാധ്യത തെളിഞ്ഞു. മാപ്പിളപ്പാട്ടിന് ഏറെ പ്രാധാന്യം ലഭിച്ച ഒരു നിലയം കൂടിയാണ് കോഴിക്കോട്. 1970 ന്‍റെ തുടക്കം കോഴിക്കോട് അരീക്കോട്, പറവൂര്‍ വിദ്യാപോഷിണി യു.പി. സ്കൂളിലെ കുട്ടികള്‍ ആകാശവാണിയില്‍ മാപ്പിളപ്പാട്ട് പാടിയത് പ്രസ്തുത കലാപ്രേക്ഷണത്തിന്‍റെ ജനകീയത വ്യക്തമാക്കുന്നു. എഴുത്തുകാരനും പ്രക്ഷേപകനുമായ ജി. ഹിരണ്‍ മാപ്പിളപ്പാട്ടുകളുടെ വികാസപരിണാമങ്ങളെക്കുറിച്ച് പഠനം നടത്തുകയും 2004 ല്‍ 'മൊഞ്ചും മൊഴിയും' എന്ന പേരില്‍ പരമ്പരയായി പ്രക്ഷേപണം ചെയ്യുകയും ചെയ്തു. എരഞ്ഞോളി മൂസ, വി.എം. കുട്ടി, വടകര താജുദ്ദീന്‍, ബീഗം റാബിയ തുടങ്ങിയവര്‍ കോഴിക്കോട് നിലയത്തിന് വേണ്ടി ധാരാളം മാപ്പിളപ്പാട്ടുകള്‍ പാടിയവരാണ് (പ്രദീപ് കുമാര്‍ ഡി, ഫേസ് ബുക്ക് പേജ്, 2020:മെയ് 04). മാപ്പിളകലാരൂപങ്ങളുടെ പ്രക്ഷേപണത്തില്‍ മലപ്പുറം ജില്ലയിലെ പ്രാദേശിക നിലയമായ മഞ്ചേരി ഡ്രീം.എഫ്.എം. ഏറെ പ്രാധാന്യം നല്‍കി വരുന്നു. 'മലബാറിന്‍റെ മൊഞ്ചും മൊഴിയഴകും' എന്ന നിലയത്തിന്‍റെ ഉപശീര്‍ഷകം മലബാറിന്‍റെ ഇസ്ലാം മതവുമായി ബന്ധപ്പെട്ട സാംസ്ക്കാരിക സ്വത്വബോധത്തെ അടയാളപ്പെടുത്തുന്നു. 2017 ഫെബ്രുവരി 17 ന് കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയുടേയും മഞ്ചേരി നിലയത്തിന്‍റെയും ആഭിമുഖ്യത്തില്‍ നാടന്‍പാട്ടുകളും മാപ്പിളപ്പാട്ടുകളും കോര്‍ത്തിണക്കി 'മണ്ണും മൈലാഞ്ചിയും' എന്ന സംഗീത പരിപാടി പ്രക്ഷേപണം ചെയ്തു. കോഴിക്കോട് റിയല്‍ എഫ്. എം. വെള്ളിയാഴ്ചകളില്‍ 45 മിനിറ്റ് ദൈര്‍ഘ്യമുള്ള 'ഇശല്‍ തേന്‍കണം' എന്ന ശീര്‍ഷകത്തില്‍ മാപ്പിളപ്പാട്ടുകളുടെ പരമ്പര പ്രക്ഷേപണം ചെയ്തത് ഏറെ ശ്രദ്ധിക്കപ്പെട്ടു. കേരളത്തിലെ എല്ലാ നിലയങ്ങളും ആഴ്ചയില്‍ ഒരു ദിവസം മാപ്പിളപ്പാട്ടുകളുടെ പ്രക്ഷേപണം നടത്താറുണ്ട്. കൂടാതെ മാപ്പിളകലാരൂപങ്ങളിലെ അനുഷ്ഠാന, അനുഷ്ഠാനേതര പാട്ടുകളും ഫോക്ലോര്‍ പ്രക്ഷേപണത്തില്‍ ഉള്‍പ്പെടുത്തി വരുന്നു. മാപ്പിളക്കോല്‍ക്കളി, അറബനമുട്ട്, ദഫ്മുട്ട്, മാപ്പിളപ്പാട്ട്, കൈമുട്ട് മാപ്പിളപ്പാട്ട്, കോളാമ്പിപാട്ട്, ഒപ്പന തുടങ്ങിയ കലാരൂപങ്ങളാണ് പ്രധാനമായും പ്രക്ഷേപണതലത്തില്‍ ഉള്‍പ്പെട്ട് കാണുന്നത്. കൂടാതെ ഇസ്ലാംമത വിശ്വാസവുമായി ബന്ധപ്പെട്ട പ്രഭാഷണങ്ങളും, ചിത്രീകരണങ്ങളും, ആഘോഷങ്ങളുടെ റിപ്പോര്‍ട്ടും പ്രക്ഷേപണ പരിധിയില്‍ വരുന്നു.
പ്രക്ഷേപണതലത്തില്‍ മാപ്പിളക്കോല്‍ക്കളി
കേരളത്തിലെ മുസ്ലീം വിഭാഗങ്ങള്‍ക്കിടയില്‍ അവതരിപ്പിച്ചു പോരുന്ന ഒരു വിനോദകലാരൂപമാണ് മാപ്പിളക്കോല്‍ക്കളി. പ്രവാചകനായ യഅഖൂബ് നബിയുടെ ആണ്‍മക്കള്‍ ആടുകളെ മേയ്ക്കാന്‍ പോകുന്ന ഇടങ്ങളില്‍ വിശ്രമവേളകള്‍ ആനന്ദകരമാക്കാന്‍ കൈയ്യില്‍ കരുതിയിരിക്കുന്ന കമ്പുകള്‍ ഉപയോഗിച്ച് പ്രത്യേക താളത്തില്‍ ശബ്ദമുണ്ടാക്കുക പതിവായിരുന്നു. കാലക്രമേണ ഇതൊരു വിനോദകലയായി മാറി. എന്നാല്‍ കണ്ണൂര്‍ അറയ്ക്കല്‍ രാജവംശത്തിലെ ആലിരാജയുടെ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട് മാപ്പിളമാര്‍ രൂപം കൊടുത്തതാണ് മാപ്പിളക്കോല്‍ക്കളിയെന്നും ഒരു ഐതിഹ്യം നിലവിലുണ്ട് (രവികുമാര്‍ ബി. സെപ്തംബര്‍, 30:2018). നേര്‍ച്ചവരവ്, വിവാഹം, കാതുകുത്ത്കല്യാണം, ചേലാകര്‍മ്മം തുടങ്ങിയ ചടങ്ങുകളോടനുബന്ധിച്ചാണ് മാപ്പിളക്കോല്‍ക്കളി അവതരിപ്പിച്ചുവരുന്നത്. വര്‍ത്തമാന കാലത്തില്‍ വിവിധ സാംസ്ക്കാരിക പരിപാടികള്‍, മത്സരവേദികള്‍ എന്നിവിടങ്ങളില്‍ പ്രസ്തുത കല അവതരിപ്പിച്ചുവരുന്നു. 12 മുതല്‍ 16 വരെ കലാകാരന്മാരാണ് ഈ കലയില്‍ പങ്കെടുക്കുന്നത്. കൈയുള്ള ബനിയന്‍, പാദത്തിന് മുകളില്‍ കയറ്റിയുടുത്ത കള്ളിമുണ്ട്, അരയില്‍ ബെല്‍റ്റ്, ഉറുമാലുകൊണ്ട് തലക്കെട്ട് എന്നിവയാണ് കലാകാരന്മാരുടെ വേഷം. പനയുടെ പുറംതോട് കൊണ്ട് ചെത്തിമിനുക്കിയ ഒന്നരയടി നിളമുള്ള കോലിന്‍റെ കൈപിടിക്ക് താഴെ പിച്ചളയോ, ഓടോ കൊണ്ട് നിര്‍മ്മിച്ച ചിലമ്പ് ഘടിപ്പിച്ചിരിക്കുന്നു. കോലുകളുടെ ചലനങ്ങള്‍ക്കൊപ്പം ചിലമ്പു മണികളുടെ ശബ്ദവും കലയില്‍ ചേരുന്നു. തടവ്, പുറത്തടി, മറത്തടി, തിരിഞ്ഞടി, ഒറ്റ, പൂട്ട് തുടങ്ങിയ അടികള്‍ കൃത്യമായി ചിട്ടപ്പെടുത്തിയിരിക്കുന്നു. 'ചെറുകളി' എന്നും 'കോക്കല്‍' എന്നും രണ്ട് തരം കളി ഉണ്ടെന്ന് മാപ്പിളകോല്‍ക്കളി കലാകാരനായ ബീരാന്‍കോയ ഗുരുക്കള്‍ ചൂണ്ടിക്കാട്ടുന്നു (2012:16:17). ചടുലമായ താളവേഗത്തോടെ കൂട്ടമായി വായ്ത്താരിയിട്ടുകളിക്കുന്നതാണ് 'കോക്കല്‍', എന്നാല്‍ ചടുലത കുറഞ്ഞ് ലയിച്ചുകളിക്കുന്നതാണ് ചെറുകളി. മാപ്പിളപ്പാട്ടിലെ കെസ്സ്, മദ്ഹ് എന്നീ ഇശലുകളിലുള്ള പട്ടുകളും കൂടാതെ നാടോടി പാട്ടുകളുമാണ് പ്രധാനമായും മാപ്പിളകോല്‍ക്കളിയില്‍ ഉപയോഗിച്ചുവരുന്നത്.
ഇനി പ്രക്ഷേപണതലത്തിലെ മാപ്പിളകോല്‍ക്കളിയെ പരിശോധിക്കാം. ഏതൊരു ഫോക് രൂപത്തിന്‍റെയും പ്രഥമ സന്ദര്‍ഭം ആ ഫോക്രൂപം ഉത്ഭവിക്കുകയും നിലനില്‍ക്കുകയും ചെയ്യുന്ന സ്വാഭാവിക ചുറ്റുപാടാണ്. ഇവിടെ മാപ്പിളകോല്‍ക്കളിയുടെ പ്രഥമ സന്ദര്‍ഭം എന്നു പറയുന്നത് നേര്‍ച്ചവരവിനോടനുബന്ധിച്ചുള്ള ചടങ്ങ്, വിവാഹം, കാതുകുത്ത് കല്യാണം. ചേലാകര്‍മ്മചടങ്ങ് തുടങ്ങിയ ഇടങ്ങളാണ്. അതായത് പ്രസ്തുത സന്ദര്‍ഭങ്ങളിലാണ് മാപ്പിളകോല്‍ക്കളി അതിന്‍റെ ധര്‍മ്മം നിറവേറ്റാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. വിശ്വാസികള്‍ക്ക് പരിചിതമായ ഒരു കലാരൂപമെന്ന നിലയില്‍ മാപ്പിളകോല്‍ക്കളി അതിന്‍റെ സ്വാഭാവിക ചുറ്റുപാടില്‍ സുരക്ഷിതമാണ്. പാട്ടും, ഇതിവൃത്തവും, ചുറ്റുപാടുകളും, വായ്ത്താരികളും കാഴ്ച്ചക്കാരില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. എന്നാല്‍ പ്രസ്തുത കലാരൂപം മറ്റൊരു സന്ദര്‍ഭത്തില്‍ എത്തിപ്പെടുമ്പോള്‍ സന്ദര്‍ഭമാറ്റം (Context Change) സംഭവിച്ച് 'ഫോക്ലോറിസ'ത്തിന്‍റെ ഭാഗമായിത്തീരുന്നു. യഥാര്‍ത്ഥ സന്ദര്‍ഭങ്ങളില്‍ നിന്ന് വ്യവസ്ഥാപിതമായ സന്ദര്‍ഭത്തില്‍ ഫോക്ലോര്‍ രൂപങ്ങള്‍ എത്തിപ്പെടുമ്പോള്‍ അതിന്‍റെ ധര്‍മ്മം നിറവേറ്റപ്പെടാതെ പോകുമെന്ന് ഡാന്‍ബെന്‍ അമോസ് നിരീക്ഷിക്കുന്നുണ്ട് (1986:56). ഇവിടെ മാപ്പിളക്കോല്‍ക്കളി പ്രക്ഷേപണതലത്തില്‍ എത്തിപ്പെടുന്നത് സന്ദര്‍ഭമാറ്റം സംഭവിച്ചാണ്. മെയ് വഴക്കത്തോടെ പാട്ടിനൊപ്പം കളിക്കുന്ന ഒരു അവതരണകലാരൂപമെന്ന നിലയില്‍ മാപ്പിളക്കോല്‍ക്കളി പ്രക്ഷേപണതലത്തില്‍ പാട്ട് രൂപമായാണ് നിലനില്‍ക്കുന്നത്. കാഴ്ച്ചാനുഭവങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള കോല്‍ക്കളി ശ്രവ്യമാധ്യമത്തില്‍ പൂര്‍ണ്ണതയോടെയും വ്യക്തതയോടെയും ശ്രോതാക്കളില്‍ എത്തിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ കാഴ്ചാനുസൃതായ ഒരു സംവേദനമണ്ഡലം സാധ്യമാകു. അതുകൊണ്ട് മാപ്പിളക്കോല്‍ക്കളിയുടെ വാങ്മയചിത്രമാണ് പ്രക്ഷേപണ തലത്തില്‍ സാധ്യമാക്കേണ്ടത്.
പ്രധാനമായും രണ്ട് തരത്തിലാണ് മാപ്പിളക്കോല്‍ക്കളി പ്രക്ഷേപണത്തിനായി ശബ്ദലേഖനം ചെയ്യപ്പെടുന്നത്. ഒന്ന് സ്റ്റുഡിയോ ശബ്ദലേഖനം (ടൗറേശീ ഞലരീൃറശിഴ) മറ്റൊന്ന് ബഹിര്‍ഭാഗ ശബ്ദലേഖനം. ഫോക്ലോര്‍ പ്രക്ഷേപണങ്ങളില്‍ 90 ശതമാനവും സ്റ്റുഡിയോ ശബ്ദലേഖനമാണ് നടക്കാറുള്ളത്. ക്ഷണിക്കപ്പെട്ട കലാകാരന്മാരെ നിശ്ചിത സമയത്ത് സ്റ്റുഡിയോയിലേക്ക് വിളിച്ചു വരുത്തിയാണ് ശബ്ദലേഖനം സാധ്യമാക്കുന്നത്. പ്രോഗ്രാംഎക്സിക്യുട്ടീവ്, സാങ്കേതികവിദഗ്ദ്ധര്‍ എന്നിവരുടെ നിരീക്ഷണത്തിലും മേല്‍നോട്ടത്തിലും പൂര്‍ത്തിയാക്കുന്ന മാപ്പിളക്കോല്‍ക്കളിയുടെ ശബ്ദലേഖനം പ്രത്യേക ഫയലുകളില്‍ കമ്പ്യൂട്ടറില്‍ സൂക്ഷിക്കുന്നു. വിവരണത്തില്‍ കലാകാരന്മാരെ കുറിച്ചുള്ള വിവരങ്ങള്‍, പാട്ടിന്‍റെ ഇതിവൃത്തം, വേഷം, കോലിന്‍റെ പ്രത്യേകത, താളം, വായ്ത്താരികള്‍ എന്നീങ്ങനെ അവതരണത്തിന്‍റെ എല്ലാ വശങ്ങളും ഒരു ചിത്രമെന്ന രീതിയില്‍ വിവരിക്കുന്നു. ശേഷം ആവശ്യമായ വിവരങ്ങളും ശബ്ദലേഖനം ചെയ്ത്, എഡിറ്റ് ചെയ്ത ഫോക്രൂപവും, വിവരണവും ആവശ്യമായ സംഗീതവും ചേര്‍ത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നു. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മാപ്പിളക്കോല്‍ക്കളി എഡിറ്റിംഗ് റൂമിലെ കമ്പ്യൂട്ടറില്‍ നിന്ന് ട്രാന്‍സ്മിഷന്‍ ബൂത്തിലേക്ക് അയയ്ക്കുന്നു. ട്രാന്‍സ്മിഷന്‍ ബൂത്തില്‍ നിന്ന് അനൗണ്‍സര്‍ പ്രോഗ്രാം ചാര്‍ട്ട് പരിശോധിച്ച് കത്യസമയത്ത് നിലയത്തിന് സമീപമുള്ള ഉയര്‍ന്ന ടവറുള്ള ട്രാന്‍സ്മിറ്ററിലേക്ക് അയയ്ക്കുകയും അവിടെ നിന്ന് റേഡിയോയിലൂടെ ശ്രോതാക്കളുടെ കാതുകളില്‍ എത്തുന്നതോടെ മാപ്പിളക്കോലക്കളി എന്ന കലാരൂപത്തിന്‍റെ പ്രക്ഷേപണം പൂര്‍ണ്ണമാവുകയും ചെയ്യുന്നു.
പ്രകടനരൂപമെന്നനിലയില്‍ മാപ്പിളക്കോല്‍ക്കളിപ്രക്ഷേപണം
പ്രത്യേക സന്ദര്‍ഭങ്ങളില്‍ ഒരു പാഠത്തിന് എന്ത് സംഭവിക്കുന്നുവോ അതാണ് പ്രകടനം എന്നും അത്തരത്തില്‍ കേരളത്തിലെ നാടന്‍പാട്ടുകളെല്ലാം പ്രകടനകാലവിഭാഗത്തില്‍ ഉള്‍പ്പെടുത്താമെന്നും എ.കെ.നമ്പ്യാര്‍ നിരീക്ഷിക്കുന്നുണ്ട് (2009:09). പ്രകടനസിദ്ധാന്തത്തിന്‍റെ പ്രയോക്താക്കളില്‍ പ്രമുഖനും ന്യൂയോര്‍ക്ക് സര്‍വ്വകലാശാല പെര്‍ഫോര്‍മന്‍സ് സ്റ്റഡീസ് വിഭാഗം പ്രൊഫസറുമായ റിച്ചാര്‍ഡ് ഷെഹ്നര്‍ 'പ്രകടനം' പ്രസ്തുത കലാകാരന്മാരില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും പ്രകടനപരിസരത്തെ ഉള്‍ക്കൊണ്ട് പ്രത്യക്ഷമായും പരോക്ഷമായി പങ്കുചേരുന്ന എല്ലാവരും പ്രകടനത്തില്‍ ഉള്‍പ്പെടുന്നവരാണെന്നും വാദിക്കുന്നു (1926:119:120).
മാപ്പിളക്കോല്‍ക്കളി പ്രക്ഷേപണം ഒരു പ്രകടനരൂപമെന്ന നിലയിലേക്ക് വരുമ്പോള്‍ കലാകാരന്മാര്‍, പ്രക്ഷേപകര്‍, അനൗണ്‍സര്‍, സാങ്കേതികവിദഗ്ദ്ധര്‍, ശ്രോതാക്കള്‍ എന്നിവരടങ്ങിയ പ്രകടന പരിസരത്തെയാണ് കാണേണ്ടത്. ഒരു സംഘം കലാകാരന്മാരുടെ കഴിവുകള്‍ ഒത്തുചേരുമ്പോഴാണ് അതത് പ്രകടനരൂപങ്ങള്‍ അവതരണത്തിന്‍റെ പൂര്‍ണ്ണതയിലേക്കെത്തുന്നത് (അനില്‍കുമാര്‍. എന്‍, 2010:28:29). ഇവിടെ മാപ്പിളക്കോല്‍ക്കളി അവതരിപ്പിക്കുന്ന കലാകാരന്മാര്‍ക്കൊപ്പം പ്രക്ഷേപകരും, അനൗണ്‍സറും, സാങ്കേതികവിദഗ്ദ്ധരും, ശ്രോതാക്കളും പ്രക്ഷേപണകല എന്ന സംവിധാനത്തിനുള്ളില്‍ നിന്നുകൊണ്ട് കലാപ്രവര്‍ത്തനം (കലാ പ്രകടനം) തന്നെയാണ് നടത്തുന്നത്. മാപ്പിളക്കോല്‍ക്കളി പ്രക്ഷേപണത്തിന്‍റെ പ്രകടനരൂപങ്ങള്‍ പരിശോധിച്ചാല്‍ പ്രധാനമായും അഞ്ച് ഘടകങ്ങള്‍ കാണാന്‍ കഴിയും.
2. പ്രക്ഷേപകന്‍റെ സര്‍ഗ്ഗാത്മകത
3. അനൗണ്‍സറുടെ അവതരണം
4. സാങ്കേതികവിദഗ്ദ്ധരുടെ പങ്കാളിത്തം
5. ശ്രോതാക്കളുടെ സംവേദനവും ഇടപെടലും.
ഇവ വിശദമായി പരിശോധിക്കാം.
കലാകാരന്‍റെ അവതരണം
കലാകാരന്‍ സ്വാഭാവികമായും കലയുടെ ഭാഗമാണ്. ഇവിടെ മാപ്പിളക്കോല്‍ക്കളി അവതരിപ്പിക്കുന്ന കലാകാരന്മാര്‍ പ്രകടനപരിസരത്തെ അടിസ്ഥാന ഘടകങ്ങളായി വര്‍ത്തിക്കുന്നു. കളിക്കാര്‍ക്കൊപ്പമുള്ള പാട്ടുകാരും പ്രകടനരൂപങ്ങളായി തന്നെയാണ് നിലകൊള്ളുന്നത്.
പ്രക്ഷേപകന്‍റെ സര്‍ഗ്ഗാത്മകത
മാപ്പിളക്കോല്‍ക്കളിയെ പ്രക്ഷേപണയോഗ്യമാക്കുന്നത് പ്രക്ഷേപകന്‍ എന്ന പ്രോഗ്രാം എക്സിക്യുട്ടീവാണ്. നാടന്‍കലാവി ഭാഗത്തിന്‍റെ ചുമതലവഹിക്കുന്ന പ്രോഗ്രാംഎക്സിക്യൂട്ടീവാണ് പ്രസ്തുത കലയുടെ നിര്‍മ്മാണം നടത്തുന്നത്. ശബ്ദലേഖനത്തിനായി കലാകാരന്മാരെ നിശ്ചയിക്കുന്നതും സ്റ്റുഡിയോയിലേക്ക് ക്ഷണിക്കുന്നതും പ്രക്ഷേപകരാണ്. ശബ്ദലേഖനത്തിന് വേണ്ട നിര്‍ദ്ദേശങ്ങളും സമയക്രമീകരണവും തുടര്‍ന്നുള്ള എഡിറ്റിംഗും നടത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതുവരെയുള്ള പ്രവര്‍ ത്തനങ്ങള്‍ പ്രക്ഷേപകന്‍ നേരിട്ട് നടത്തുന്നു. പ്രക്ഷേപകനെ സഹായിക്കാന്‍ താല്ക്കാലിക ശബ്ദകലാകാരന്മാരും ഇപ്പോള്‍ നിലയത്തിലുണ്ട്. പ്രക്ഷേപകന്‍റെ സര്‍ഗ്ഗാത്മക പ്രവര്‍ ത്തനങ്ങളാണ് പരിപാടിയുടെ വിജയത്തെ നിശ്ചയിക്കുന്നത്. അതുകൊണ്ടു തന്നെ ഒരു പരിപാടിയുടെ ജയവും പരാജയവും പ്രക്ഷേപകന്‍റെ പേരില്‍ നിലനില്‍ക്കുന്നു. ഇവിടെ മാപ്പിളക്കോല്‍ക്കളി പാട്ടിന്‍റെ സംവിധാനവും, നിര്‍മ്മാണവും നിര്‍വ്വഹിച്ച പ്രക്ഷേപകന്‍റെ പ്രവര്‍ത്തനങ്ങള്‍ പ്രകടനരൂപങ്ങളായി മാറുന്നു.
അനൗണ്‍സറുടെ അവതരണം
നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മാപ്പിളക്കോല്‍ക്കളി പ്രോഗ്രാം പട്ടികയില്‍ കൊടുത്തിരിക്കുന്ന നിശ്ചിത സമയം നോക്കി ട്രാന്‍സ്മിഷന്‍ ബൂത്തില്‍ നിന്ന് ശ്രോതാക്കള്‍ക്കായി പ്രക്ഷേപണം ചെയ്യുന്നത് അനൗണ്‍സര്‍ ആണ്. ശ്രോതാക്കളെ കോല്‍ക്കളിയിലേക്ക് ക്ഷണിച്ചു കൊണ്ട് നടത്തുന്ന ആരംഭപ്രഖ്യാപനവും പാട്ട് കഴിഞ്ഞ് നടത്തുന്ന സമാപന പ്രഖ്യാപനവും അനൗണ്‍സറുടെ പ്രകടനം തന്നെയാണ്. റേഡിയോ എന്ന ശബ്ദമാധ്യമത്തെ സംബന്ധിച്ചിടത്തോളം അനൗണ്‍സര്‍ ശബ്ദകലാകാരനാണ്.അതുകൊണ്ട്, ശബ്ദംഭംഗി, ഉച്ചാരണശുദ്ധി, ഉച്ചാരണശൈലി, ശബ്ദനിയന്ത്രണം തുടങ്ങിയ അവതരണരൂപങ്ങള്‍ പ്രകടനരൂപങ്ങളുടെ പരിധിയില്‍ വരുന്നു.
സാങ്കേതികവിദഗ്ദ്ധരുടെ പങ്കാളിത്തം
മാപ്പിളക്കോല്‍ക്കളിപ്പാട്ടിന്‍റെ സ്റ്റുഡിയോശബ്ദലേഖനത്തില്‍ കലാകാരന്മാരുടെ ശബ്ദത്തെ ക്രമീകരിക്കുകയും, മൈക്രോഫോണും കലാകാരനും, വാദ്യങ്ങളും (ഇവിടെ കലാകാരന്മാര്‍ തന്നെയാണ് വാദ്യമായ കോലുകളും ഉപയോഗിക്കുന്നത്) തമ്മിലുള്ള അകലം, ശബ്ദത്തിന്‍റെ ഉയര്‍ച്ച, താഴ്ച തുടങ്ങിയ ശബ്ദനിയന്ത്രണ ക്രമീകരണങ്ങള്‍ നടത്തി ശബ്ദലേഖനം പൂര്‍ത്തിയാക്കുന്നത് സാങ്കേതികവിദഗ്ദ്ധരാണ്. ശബ്ദനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ സാങ്കേതികവിദഗ്ദ്ധരുടെ അവതരണം തന്നെയാണ്. അതുകൊണ്ട് മാപ്പിളകോല്‍ക്കളിയുടെ പ്രകടനപരിസരത്തില്‍ സാങ്കേതിക വിദഗ്ദ്ധരും പങ്കുചേരുന്നു.
ശ്രോതാക്കളുടെ സംവേദനവും ഇടപെലുകളും
പ്രക്ഷേപണത്തിന്‍റെ ലക്ഷ്യം ശ്രോതാക്കളാണ്. ഏത് പരിപാടിയും വിജയത്തിലെത്തുന്നത് കൃത്യമായ രീതിയില്‍ ശ്രോതാക്കള്‍ക്ക് സംവേദനം ചെയ്യപ്പെടാന്‍ കഴിയുമ്പോഴാണ്. മാപ്പിളക്കോല്‍ക്കളിയുടെ അവതരണം, പാട്ടിന്‍റെ ഉള്ളടക്കം, വേഷം തുടങ്ങിയ കാര്യങ്ങള്‍ സ്വാഭാവിക ചുറ്റുപാടായ പ്രഥമസന്ദര്‍ഭത്തിന് സമാനമായെങ്കിലെ പരിപാടി യഥാര്‍ത്ഥ ലക്ഷ്യം കാണുകയുള്ളൂ. ഇവിടെ ശ്രോതാക്കള്‍ ഒരു പ്രകടന രൂപാമായിമാറുന്നത് പ്രസ്തുത പരിപാടിയെക്കുറിച്ചുള്ള പ്രതികരണങ്ങളിലൂടെയാണ്. കത്ത്, ഇ.മെയില്‍, ടെലിഫോണ്‍, വാട്ട്സാപ്പ് തുടങ്ങിയ മാധ്യമങ്ങള്‍ മുഖേന നിലയത്തിലേക്ക് അറിയിക്കുന്ന പ്രതികരണങ്ങള്‍ പ്രകടനസിദ്ധാന്ത പ്രകാരം ശ്രോതാക്കളുടെ പ്രകടനമാണ്. ഏതൊരു പരിപാടിയുടേയും വിധികര്‍ത്താക്കള്‍ ശ്രോതാക്കളാണ്. അതുകൊണ്ടുതന്നെ മാപ്പിളക്കോല്‍ക്കളിയെക്കുറിച്ചുള്ള ശ്രോതാക്കളുടെ വിലയിരുത്തലുകളും പ്രതികരണങ്ങളും ഉള്‍പ്പെടുമ്പോഴാണ് പ്രസ്തുത കലാരൂപത്തിന്‍റെ പ്രക്ഷേപണലക്ഷ്യം സാധ്യമാകുന്നത്.
ഇവിടെ കലാകാരന്മാരും, പ്രക്ഷേപകനും, സാങ്കേതിക വിദഗ്ദ്ധരും മാപ്പിളക്കോല്‍ക്കളിയുടെ നിര്‍മ്മാണത്തില്‍ പ്രത്യക്ഷ ഇടപെടലുകള്‍ നടത്തുന്നവരാണ്. എന്നാല്‍ അനൗണ്‍സറും, ശ്രോതാക്കളും പരോക്ഷ പങ്കാളിത്തമാണ് നടത്തുന്നത്. പരിപാടിയുടെ നിര്‍മ്മാണശേഷമാണ് അനൗണ്‍സറും, ശ്രോതാക്കളും ഇടപെടുന്നത്. കലാകാരന്മാര്‍ മുതല്‍ ശ്രോതാക്കള്‍ വരെ സമ്മേളിക്കുന്ന ഒരു കൂട്ടായ പ്രവര്‍ത്തനം എന്ന നിലയില്‍ മാപ്പിളക്കോല്‍ക്കളിയുടെ പ്രക്ഷേപണം പൂര്‍ണ്ണമായും പ്രകടന സിദ്ധാന്തത്തെ ഉള്‍ക്കൊള്ളുന്നുണ്ട്.
ഫോക്ലോര്‍പ്രക്ഷേപണത്തില്‍ പ്രകടനസിദ്ധാന്തം എപ്രകാരം ഇടപെടുന്നു എന്നൊരു അന്വേഷണമാണ് ഈ പ്രബന്ധത്തിലൂടെ നടത്തിയത്. കാഴ്ചാനുഭവങ്ങള്‍ നല്‍കുന്ന സമകാലിക മാധ്യമ സംസ്ക്കാരത്തെ അടയാളപ്പെടുത്താന്‍ അന്വേഷണങ്ങള്‍ പല മട്ടില്‍ നടക്കുന്നുണ്ടെങ്കിലും സമൂഹത്തിന്‍റെ അടിത്തട്ടുവരെ വ്യാപ്തി നേടിയ ആകാശവാണിയെക്കുറിച്ചുള്ള പഠനങ്ങള്‍ വേണ്ടത്ര നടന്നിട്ടില്ല. ഫോക്ലോര്‍ പോലുള്ള ബഹുസ്വരമൂല്യങ്ങളെ സംരക്ഷിക്കുന്നതിനൂം പ്രചരിപ്പിക്കുന്നതിനും ആകാശവാണി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ചെറുതല്ല, അതുകൊണ്ടുതന്നെ ഈ കേള്‍വിമാധ്യമത്തെ ആഴത്തില്‍ പഠനവിഷയമാക്കേണ്ടതുണ്ട്.
ഗ്രന്ഥസൂചി:
അനില്‍ കെ. എം. (എ.ഡി.), 2017, സാംസ്ക്കാരിക നിര്‍മ്മിതി, പ്രോഗ്രസ്സ് പബ്ലിക്കേഷന്‍, കോഴിക്കോട്.
അജു. കെ. നാരായണന്‍, 2012, ഫോക്ലോര്‍, പഠനങ്ങള്‍ പഠനങ്ങള്‍, നാഷണല്‍ ബുക്ക്സ്റ്റാള്‍, കോട്ടയം.
ആനന്ദ് ബാബു. ആര്‍. പി, 2014, ശബ്ദവും ചലച്ചിത്രവും, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.
ബീനാ കെ. എ., 2008, റേഡിയോ: കഥയും കലയും, കേരളം ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.
ബീരാന്‍കോയ ഗുരുക്കള്‍, 2012, മാപ്പിളകോല്‍ക്കളി, വരപബ്ലിക്കേഷന്‍സ്, മലപ്പുറം.
ഭാര്‍ഗ്ഗവന്‍ പിള്ള ജി.,2007, ആകാശവാണിയില്‍ ഇന്നലെ, നാഷണല്‍ ബുക്ക് സ്റ്റാള്‍, കോട്ടയം.
ഭാര്‍ഗ്ഗവന്‍ പിള്ള ജി., 2009, നാടോടി നാടകങ്ങളുടെ പിന്നാലെ, കേരള സാഹിത്യ അക്കാദമി, തൃശൂര്‍.
ഇന്ദിര. കെ. ആര്‍, 2015, റേഡിയോ നാടകം, അരങ്ങും അണിയറയും, കേരള സംഗീത നാടകഅക്കാദമി, തൃശൂര്‍.
മാക്ബ്രൈഡ് സീന്‍, 1990, നാനാനാദം ഒരേലോകം, ആശയവിനിമയവും സമൂഹവും ഇന്ന് നാളെ, വിജ്ഞാനമുദ്രണം പ്രസ്, തിരുവനന്തപുരം.
നാഗവള്ളി ആര്‍. എസ്. കുറുപ്പ്, 1982, പ്രക്ഷേപണകല, നാഷണല്‍ ബുക്ക് സ്റ്റാള്‍, കോട്ടയം.
കുമാരന്‍ വയലേരി, 2013, ഫോക്ലോര്‍ പഠനം; വീക്ഷണവും പ്രസക്തിയും, ഒലീവ് പബ്ലിക്കേഷന്‍സ്, കോഴിക്കോട്.
പത്മനാഭന്‍പിള്ള, 1983, റേഡിയോ തരംഗം, നാഷണല്‍ ബുക്ക് സ്റ്റാള്‍, കോട്ടയം.
പള്ളത്ത് ജെ. ജെ., 2017, നാട്ടറിവ്: ഒരു സമ്പൂര്‍ണ്ണ പഠനവും, രീതിശാസ്ത്രവും, ഒലീവ് പബ്ലിക്കേഷന്‍സ്, കോഴിക്കോട്.
പ്രഭാകരന്‍ ടി.ടി., 2016, റേഡിയോ നാടക പ്രസ്ഥാനം, കേരള സംഗീത നാടക അക്കാദമി, തൃശൂര്‍.
ശിവശങ്കരന്‍. എം. കെ, 2011, പ്രക്ഷേപണകലാചരിത്രം, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.
ശക്തിധരന്‍ നായര്‍. ജി. പി., 1974, റേഡിയോ സ്മരണകള്‍, നാഷണല്‍ ബുക്ക് സ്റ്റാള്‍, കോട്ടയം.
ഉണ്ണികൃഷ്ണന്‍ പുല്‍ക്കല്‍, 2011, റേഡിയോ ചരിത്രവും വര്‍ത്തമാനവും, ഒലീവ് പബ്ലിക്കേഷന്‍സ്, കോഴിക്കോട്.
രാഘവന്‍ പയ്യനാട്, 1986, ഫോക് ലോര്‍, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.
രാഘവന്‍ പയ്യനാട്, 2000, ഫോക് ലോര്‍, സങ്കേതങ്ങളും സങ്കല്പനങ്ങളും, കേരള ഭാഷാ സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.
രവികുമാര്‍ ബി. മാപ്പിളകോല്‍ക്കളി, സെപ്തംബര്‍ 30, 2018, ദേശാഭിമാനി പത്രം, കോഴിക്കോട്.
Andrew Crisell, 1994, Understanding Radio, Routledge, New York.
Amos Dan Ben, Keeneth S Goldstein, 1975, Folklore Performance and Communication. The Hague.
Banman Richard, 1984, Verbal art as Performance, Waveland Press, USA.
Carlson Marvin, 1996, Performance a critical Introduction, Routledge, London.
Dundes Alan, 1965, The Study of Folklore, Englewood Cliff, London.
Dorson, Richard M, 1972, Folklore and Folklore An Intriduction, University of Chicago Press, Chicago.