Vadakkan Pattu: Land Concept and Linguistic Thought

Dr. Lissy Mathew

Vadkanpattu is important in the song tradition of Kerala.  Popular songs from North Kerala provide extensive knowledge about the land, history, culture and language. Vadkanpattu, existed in northern kingdoms, were used by women at work. The songs of Theyyam, Chimmanakkali, Kothamuripattu, Poorakkali etc. can also be included in this group. This article asserts through examples that songs passed down orally from generation to generation have contributed to cultural development and language evolution.

Keywords:  Oral tradition, Theyyam, Language development, Kalari tradition, Work songs, Poithu, Kalari.

Reference: 

Dr. Raghavan Payyanad, 2006, Folklore, Thiruvananthapuram: Kerala Language Institute.
Dr. Vishnu Namboothiri MV, 2005, Thottam songs of Uttara Kerala, Thrissur: Kerala Sahitya Akademi.
Dr. K. Godavarma, 1996, Kerala Linguistics, Thiruvananthapuram: University of Kerala. 
Chirakal T. Balakrishnan, 1981, Selected Papers, Thrissur: Kerala Sahitya Akademi,
Dr. Jayachandran Keezhoth, 2018, Kerala Folklore (Country-Time-Society), Thiruvananthapuram: Kerala Language Institute.
Dr. Lissy Mathew
Professor and Head
Department of Malayalam
Sree Sankarachayra University of Sanskrit
Kalady
Pin: 683574 
India
Ph: +91 9447156607
email: jamanthi@ssus.ac.in
ORCID: 0000-0002-3752-4778


വടക്കന്‍പാട്ട് ദേശസങ്കല്പവും ഭാഷാവിചാരവും

പ്രൊഫ. വി. ലിസി മാത്യു

കേരളജനതയുടെ ഏറ്റവും വലിയ സവിശേഷത കാലങ്ങളായി വിവിധ മാതൃകകളിലുള്ള ഗാനരൂപങ്ങള്‍ വാമൊഴിയായി സംരക്ഷിച്ചുവന്നു എന്നതാണ്. കവിതയുടെ അടിവേരുകള്‍ നാടന്‍പാട്ടുകളാണ്.അത് ഒരു ജനതയുടെ സാംസ്കാരിക പൈതൃകത്തിന്‍റെ അമൂല്യഘടകമാണ്. നാടന്‍പാട്ടുകളെ സാമാന്യമായി വടക്കന്‍പാട്ട്, തെക്കന്‍പാട്ട് എന്ന പരികല്പനയില്‍ നിന്നുകൊണ്ട് വേര്‍തിരിച്ചു പഠിക്കാറുണ്ട്. ഗാനപാരമ്പര്യത്തിലൂന്നിയുള്ള ദേശവിചാരം പ്രബലമായതുകൊണ്ടാണ് അപ്രകാരം സംഭവിച്ചത്. പ്രഥമ പരിഗണനയില്‍തന്നെ തെക്കന്‍-വടക്കന്‍ എന്നീ വിശേഷണങ്ങള്‍ സവിശേഷമായ രണ്ട് പാരമ്പര്യങ്ങളെ സൂചിപ്പിക്കുന്നു എന്ന് വ്യക്തം. ഇന്ന് കേരളസംസ്ഥാനത്തിനു പുറത്ത് കന്യാകുമാരിയോളം നീണ്ടുകിടക്കുന്ന തെക്കന്‍ പ്രദേശത്ത് പ്രചരിച്ചിരുന്ന പാട്ടുകളാണ് തെക്കന്‍പാട്ട് എന്ന വിഭജനത്തില്‍ ഉള്‍പ്പെടുന്നത്. തെക്കന്‍പാട്ടിലെ ഭാഷാപദങ്ങള്‍ മാത്രമല്ല വ്യാകരണപ്രയോഗവും തമിഴിന്‍റേതും മലയാളത്തിന്‍റേതുമായ ശുദ്ധ പാഠങ്ങള്‍ക്ക് പുറത്താണ്; അഥവാ അവയിലുള്ളത് രണ്ടിന്‍റേയും സമ്മിളിത രൂപമാണ്. ഇതിലുള്ളത് തമിഴോ മലയാളമോ എന്ന സന്ദേഹം ഇരുപക്ഷത്തുമുള്ള ആസ്വാദകര്‍ക്ക് ഉണ്ടാവുകയും ഭാഷാസങ്കലന മേഖലയുടെ സവിശേഷതയായി അത് നിലകൊള്ളുകയും ചെയ്യുന്നു എന്നതാണ് വാസ്തവം.

വടക്കന്‍പാട്ട് എന്ന പേര് വടക്കന്‍കേരളത്തിലെ പാട്ടുകളെതന്നെയാണ് സൂചിപ്പിക്കുന്നത്. വീരകഥാഗാനങ്ങളുടെ ഗണത്തിലാണ് വടക്കന്‍പാട്ടുകള്‍ക്ക് സ്ഥാനം. ഉത്തരകേരളത്തിലെ ജനങ്ങളുടെ ജീവിതകഥ ആവിഷ്കരിക്കുന്നതിലാണ് ഈ പാട്ടുകള്‍ക്ക് വടക്കന്‍പാട്ടെന്ന പേര്‍ ലഭിച്ചത്.  കടത്തനാട്, കോലത്തുനാട്, വയനാട് തുടങ്ങിയ ദേശങ്ങളില്‍ പ്രചാരമുള്ള പാട്ടുകള്‍ക്കു തന്നെയാണ് വടക്കന്‍പാട്ടുകളില്‍ പ്രാധാന്യം. സ്ത്രീകള്‍ കൃഷിസ്ഥലത്തുവച്ചോ ആചാരനിര്‍വ്വഹണത്തിന്‍റെ ഭാഗമായോ കല്ല്യാണത്തലേന്ന് അരവ് നിര്‍വ്വഹിക്കുന്ന സമയത്തോ ഇതര തൊഴിലിടങ്ങളില്‍വച്ചോ അവതരിപ്പിച്ചു പോന്നതാണ് ഇന്ന് വടക്കന്‍പാട്ടെന്ന പേരില്‍ പ്രസിദ്ധി നേടിയിട്ടുള്ളത്. പുത്തൂരം വീട്ടിലേയും തച്ചോളി വീട്ടിലേയും മറ്റും വീരനായകന്മാരുടെ കഥകളാണ് അവ. പുത്തൂരം പാട്ടുകളാണ് ആദ്യം ഉണ്ടായതെന്നും അവയുടെ രചനാകാലം പതിന്നാലാം ശതകമായിരിക്കാംമെന്നും പാട്ടുകളെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കുകയും ഗവേഷണം നടത്തുകയും ചെയ്ത ഡോ. ചേലനാട്ട് അച്യുതമേനോന്‍ അഭിപ്രായപ്പെടുന്നു (മലയാള സാഹിത്യം കാലഘട്ടങ്ങളിലൂടെ, പുറം: 85). ഒതേനനും ആരോമലുണ്ണിയും ചന്തുവും മതിലൂര്‍ ഗുരുക്കളും മറ്റും ഈ കഥകളില്‍ പ്രധാനകഥാപാത്രങ്ങളായി വരുന്നു. വടക്കന്‍പാട്ടുകളില്‍ സാമൂഹിക സാഹചര്യങ്ങളുടെ ചില വശങ്ങളെ അടയാളപ്പെടുത്താറുണ്ട്.

അങ്കംപടിച്ചാലേ ചേകോരാവൂ
പൂണൂലിട്ടാലേ നമ്പൂരിയാവൂ
പുലസ്യം അണിഞ്ഞാലേ നായരാവൂ
മംഗല്യം ധരിച്ചാലേ നാരിയാവൂ.

എന്ന സൂചന ഉദാഹരണമാണ്.

വടക്കന്‍ കേരളത്തിലെ ചില പ്രദേശങ്ങളിലും സവിശേഷസന്ദര്‍ഭങ്ങളിലും പാടിവരുന്ന ഈ പാട്ടുകള്‍ക്ക് വടക്കന്‍പാട്ട് എന്ന പേരുറച്ചതില്‍ ചില പോരായ്മയുണ്ടെന്നത് സ്പഷ്ടം. കാരണം വടക്കന്‍ കേരളത്തില്‍ അനുഷ്ഠാന പാരമ്പര്യത്തിലും അല്ലാതെയും നിലനില്‍ക്കുന്ന ഗാനങ്ങളുടെ സമൃദ്ധിയും വൈവിധ്യവും വിസ്മയിപ്പിക്കുന്ന തരത്തിലുള്ളതാണ്. അതിനെയും വടക്കന്‍പാട്ടെന്ന പരികല്പനയില്‍ കാണേണ്ടതല്ലെ എന്നതാണ് ഇവിടെ ഉന്നയിക്കപ്പെടുന്ന ഒരു പ്രധാന പ്രശ്നം.

വടക്കന്‍പാട്ട് എന്ന പ്രയോഗത്തിലെ വടക്ക് എന്ന ഭൂപ്രദേശം എവിടെയാണ്? കേരളത്തിന്‍റെ ഏറ്റവും വടക്കേ അറ്റത്തുള്ള പ്രദേശം അതായത് ഇന്നത്തെ കാസര്‍ഗോഡ് ജില്ല ഒരു കാലയളവില്‍ തുളുനാടിന്‍റെ ഭാഗമായിരുന്നു. തുളു, കന്നട ഭാഷകള്‍ക്ക് അവിടെ പ്രാധാന്യവുമുണ്ട്. അതിര്‍ത്തി പ്രദേശങ്ങളോടടുക്കുമ്പോഴാകട്ടെ തെയ്യാനുഷ്ഠാനത്തിലും അതിന്‍റെ ഗാനത്തിലും പ്രകടമായ വ്യത്യാസം കാണാനുണ്ട്. ഈ പ്രദേശങ്ങളിലെ ഈശ്വരസങ്കല്പവും അനുഷ്ഠാനവും ഭാഷാരീതിയും കണ്ണൂര്‍ ജില്ലയിലും മറ്റും സാധാരണമായി ഉള്ളതില്‍ നിന്നും വളരെ വ്യത്യസ്തമാണ്. കാസര്‍ഗോഡ് ജില്ലയുടെ അതിര്‍ത്തി മേഖലയില്‍ തെയ്യത്തെ ബൂതമെന്നും തോറ്റത്തെ പാഡ്ദണമെന്നും പറഞ്ഞുവരുന്നു. ആന്തരസത്തയില്‍ സമമാണെങ്കിലും കാസര്‍ഗോഡും പരിസരങ്ങളിലുമുള്ള തെയ്യാനുഷ്ഠാനം ആഹാര്യശോഭയിലും ഭാഷാരീതിയിലും ആവിഷ്ക്കരണ മാതൃകകയിലും വളരെ വ്യത്യസ്തമായിരിക്കുന്നു.

വടക്കന്‍ കേരളത്തിലെ ഏറ്റവും പ്രബലമായ നാട്ടുരാജ്യം ഒരുകാലത്ത് കോലത്തുനാടായിരുന്നു. ചന്ദ്രഗിരി മുതല്‍ കോരപ്പുഴവരെ അതിരിട്ടിരുന്ന കോലത്തുനാടിന്‍റെ സാംസ്കാരികപാരമ്പര്യത്തില്‍ വാമൊഴി ഗാനങ്ങള്‍ക്ക് വളരെ പ്രാധാന്യമുണ്ട്. കോലത്തുനാടിന്‍റെ അതിര്‍ത്തി പരസ്പരം പോരടിക്കുന്ന നാടുവാഴികളുടെ ഇടപെടലുകള്‍ നിമിത്തം വളരുകയും ചുരുങ്ങുകയും ചെയ്തതാണ് ചരിത്രം. കോലത്തുനാടിനോട് ചേര്‍ന്നും അല്ലാതെയും കടത്തനാടും നിലനിന്നുപോന്നു. ഇത്തരം രാഷ്ട്രീയ ഇടപെടലുകള്‍ വടക്കന്‍ കേരളത്തിന്‍റെ സാംസ്കാരിക സവിശേഷതകളെ വിവിധ കാലങ്ങളില്‍ സ്വാധീനിച്ചിട്ടുണ്ട്. കോഴിക്കോടിനടുത്തുള്ള കോരപ്പുഴയ്ക്കു വടക്കുള്ള ഭൂപ്രദേശത്തെ വടക്കന്‍ കേരളമെന്നു പരിഗണിച്ചാല്‍ അവിടെ നിലനിന്നിരുന്ന ഗാനങ്ങളെ ആ പേരിനോട് ചേര്‍ത്ത് സങ്കല്‍പ്പിക്കുകയാകും ഉചിതം. 

അഞ്ഞൂറിലേറെ പുരാവൃത്തങ്ങളും തോറ്റങ്ങളുമായി കൊണ്ടാടപ്പെടുന്ന തെയ്യവും കാവുകളിലെ പാട്ടുത്സവത്തിന് ആലപിക്കപ്പെടുന്ന പാട്ടുകളും പൂരക്കളിയും മറത്തുകളിയുമായി ബന്ധപ്പെട്ട വിപുലമായ ഗാനപാരമ്പര്യവും മുരിക്കഞ്ചേരി കേളു, ഉക്കാരന്‍ തുടങ്ങിയ വീരന്മാരുടെ ചരിതത്തെ ആഖ്യാനം ചെയ്യുന്ന കഥാഗാനങ്ങളുമെല്ലാം വടക്കന്‍ പാട്ടുകളെന്ന പേരില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

കാര്‍ഷികാനുഷ്ഠാനങ്ങള്‍, ദേവതാപ്രീതി, ബാധയൊഴിപ്പിക്കല്‍, പരേതാത്മാക്കള്‍ക്കുള്ള ചടങ്ങുകള്‍, തൊഴില്‍, വിനോദം എന്നിങ്ങനെ വിവിധ പശ്ചാത്തലത്തെ ആധാരമാക്കിയുള്ള വാമൊഴി ഗാനരൂപങ്ങളും ഈ പ്രദേശങ്ങളില്‍ സജീവമാണ്. മാരിത്തെയ്യം, കുറുന്തിനിപാട്ട്, പൂരക്കളിപ്പാട്ട്, കൃഷിപ്പാട്ട്, കോതാമൂരിപ്പാട്ട്, ചിമ്മാനക്കളി ഇവയെല്ലാം വടക്കന്‍ കേരളത്തിലെ ഗാനങ്ങളുടെ മാതൃകകളാണ്. ഇതുകൂടാതെ ഈ പ്രദേശങ്ങളില്‍ ഗോത്രജനതയുടെ വിപുലമായ ഗാന സഞ്ചയവും പരിഗണിക്കപ്പെടേണ്ടതാണ്. 

നമ്മള്‍ക്കൊരു നായാട്ട് ബേട്ടക്ക് പോണം
നായാട്ട് കഞ്ഞ്യത് വെക്ക്വയും ബേണം
കൊമ്മേരി വാണൊരു തമ്പ്രാനന്നേരം 
പടിക്കലെ ചെമ്പിന്നറയും തൊറന്ന്
ചിറ്റലരിയിട്ടറയും തൊറന്ന് 
ഇരുപത്തിരണ്ട് നായി അരിയുമെടുത്ത്
ഇരുപത്തിരണ്ട് നായി അരിയും കൊടുത്ത്
അപ്പോളരുളിച്ചെയ്തമ്പുരാനും
ചെമ്പും ഉരുളീം കൊടുക്ക്വയും ബേണം
ചെമ്പും ഉരുളിയും കൊടുത്തമ്പുരാനും
ഇരുപത്തിരണ്ടോളം നായ്മാരേ കേക്കീം
നായാട്ട് കഞ്ഞ്യത് വെക്ക്വയും വേണം (കുറിച്യരുടെ മാമ്പാട്ട്)

വടക്കന്‍ കേരളത്തെ സംബന്ധിച്ചിടത്തോളം ജാതിവ്യവസ്ഥയിലധിഷ്ഠിതമായ സാമുദായിക കൂട്ടായ്മകള്‍ക്ക് ഇവിടുത്തെ സാംസ്കാരികജീവിതത്തെ സ്വാധീനിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. തെയ്യമോ ഇതര അനുഷ്ഠാനമോ ഏതായാലും ഓരോരോ ജാതിയ്ക്കും അവരവരുടേതായ പാരമ്പര്യ നിലപാടുകളും ആഖ്യാനമാതൃകകളുമുണ്ട്. കേരളത്തിലെ ഇതര ഭൂപ്രദേശങ്ങളില്‍ നിന്നു വ്യത്യസ്തമായി അവര്‍ണ്ണ വിഭാഗങ്ങള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസവും ആയോധന ശിക്ഷണവും ലഭിച്ചിരുന്നു എന്നത് തര്‍ക്കമറ്റ വസ്തുതയാണ്. വീരനായകന്മാര്‍ പലരും ജാതിയില്‍ ഉയര്‍ന്ന ശ്രേണിയിലല്ലാതിരുന്നിട്ടുകൂടിയും അവര്‍ക്ക് മികച്ച വിദ്യാഭ്യാസ സാഹചര്യം ലഭിച്ചിരുന്നു. പുലിമറഞ്ഞ തൊണ്ടച്ചന്‍, വിഷകണ്ഠന്‍ തുടങ്ങിയ തെയ്യങ്ങളുടെ പുരാവൃത്തം ഇതിനു തെളിവു നല്‍കുന്നു. തുളുനാട്ടിലും കടത്തനാട്ടിലുമൊക്കെ പോയി അഭ്യാസമുറകള്‍ പഠിക്കുവാന്‍ അവര്‍ക്കു സാധിച്ചിട്ടുണ്ട്. വടക്കന്‍ കേരളത്തിലെ വിവിധ ക്ഷേത്രങ്ങള്‍ ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ളവയാണ്. ബ്രാഹ്മണാധിനിവേശത്തെത്തുടര്‍ന്ന് രൂപം കൊണ്ട പയ്യന്നൂര്‍, പെരിഞ്ചല്ലൂര്‍ ഗ്രാമങ്ങളെക്കുറിച്ചുള്ള സൂചനകളും ഏഴിമല കേന്ദ്രീകരിച്ചുണ്ടായ മൂഷകവംശം മഹാകാവ്യത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളും പില്‍ക്കാലത്ത് ചെറുശ്ശേരി, പുനം നമ്പൂതിരി എന്നിവര്‍ ഈ പ്രദേശത്തുകാരായിരുന്നു എന്ന നിരീക്ഷണവും മറ്റും ചേര്‍ത്തുവെക്കുമ്പോള്‍ വിപുലമായ വരമൊഴി പാരമ്പര്യം ഇവിടെ ഉണ്ടായിരുന്നുവെന്നത് സ്പഷ്ടമാണ്. ഇതിനു സമാന്തരമായി സാധാരണക്കാരുടെ ആവിഷ്ക്കാരങ്ങള്‍ വാമൊഴിയായി സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. അതാണ് വടക്കന്‍ പാട്ടുകള്‍ എന്ന വലിയ പരികല്പനയ്ക്ക് സാഹചര്യമൊരുക്കിയത്. അതായത് വടക്കന്‍പാട്ട് പൂത്തൂരം, തച്ചോളി കുടുംബങ്ങളുടെ കഥ എന്നതിനപ്പുറം വടക്കന്‍ കേരളത്തില്‍ പ്രചാരമുള്ള പാട്ടുകള്‍ എന്ന നിലയില്‍ പരിഗണിക്കപ്പെടേണ്ടതുണ്ട് എന്നു ചുരുക്കം.  

വരമൊഴിയേക്കാള്‍ സാധാരണക്കാരുടെ ഇടയില്‍ വാമൊഴി രൂപങ്ങള്‍ സജീവമായതിനെക്കുറിച്ച് അടിയരുടെ ഇടയില്‍ ഒരു കഥ പ്രചാരത്തിലുണ്ട്. ഒരിക്കല്‍ ഭവാന്‍റെയടുക്കല്‍ അക്ഷരം നേടുവാനായി പലവിഭാഗത്തില്‍പ്പെട്ട ആള്‍ക്കാര്‍ ചെന്നു. അടിയസമുദായത്തില്‍പ്പെട്ടവര്‍ ചെന്നപ്പോഴേക്കും ഓലയെല്ലാം തീര്‍ന്നുപോയി. ബാക്കിവന്ന ഓലയുടെ അവശിഷ്ടങ്ങള്‍ കരിച്ച് അത് ദൈവം അടിയരുടെ നാവില്‍ വച്ചുകൊടുത്തു. അങ്ങനെയാണ് വരമൊഴി ഇല്ലാതെ അവര്‍ വാമൊഴിയ്ക്ക് ഉടമകളായത്. 

ഈ പാരമ്പര്യമാണ് വടക്കന്‍ കേരളത്തിലെ സാംസ്കാരികമായി ഇതര നാടുകളില്‍ നിന്നും വേര്‍തിരിച്ചു നിര്‍ത്തുന്നത്. നിത്യജീവിതത്തില്‍ സാധാരണ ഉപയോഗിക്കുന്ന പദങ്ങളും അലങ്കാരങ്ങളുമാണ് വടക്കന്‍ വാമൊഴി വഴക്കങ്ങളില്‍ സജീവമായി നിലകൊള്ളുന്നത്. څമക്കളെക്കണ്ടും മാമ്പൂകണ്ടും മയങ്ങറെ മാക്കേچ (കടാങ്കോട്ടു മാക്കത്തോറ്റം), څആയുധം പോയതും ആയുസ്സ് പോയതും ഒക്കുമെനക്ക്چ (കതിവനൂര്‍ വീരന്‍ തോറ്റം), څനഉക്കല് കുട്ടീണ്ട് തലയില് കള്ളണ്ട്, അപ്പുറം കാടാണ്, ഇപ്പുറം മുള്ളാണ് എങ്ങനടിയന്‍ വയിതിരിയേണ്ടുچ (പൊട്ടന്‍ തെയ്യത്തോറ്റം). നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന വാമൊഴി ചന്തം തന്നെയാണ് വടക്കന്‍പാട്ട് ഗാനങ്ങളുടെ ചന്തം എന്ന് മുകളിലെ ഉദാഹരണങ്ങള്‍ വ്യക്തമാക്കുന്നു. 

ചക്കച്ചുളപ്പല്ലും പേന്‍ തലയും
എനിക്കിന്നാചീരൂനെ വേണ്ടെറന്‍റേട്ടോ,

ഇങ്ങനെ വടക്കന്‍ നാട്ടുമൊഴിയുടെ സ്വാഭാവിക ചന്തം പാട്ടുകളെ ഹൃദ്യമാക്കുന്നു. വെറ്റിലമുറുക്ക് ഇവിടെയുള്ളവരുടെ പൊതുശീലമായിരുന്നുവെന്ന് പാട്ടുകളില്‍ നിന്ന് മനസ്സിലാവുന്നുണ്ട്. മുറുക്കാന്‍ വായിലിട്ടുകൊണ്ട് സംസാരിക്കുന്നയാള്‍, څവാچ എന്നതിനുപകരം څബാچ എന്നുച്ചരിക്കാനാണ് സാധ്യതയേറെ. അത്തരം ഉച്ചാരണ സവിശേഷതകളും വടക്കന്‍പാട്ട് പാരമ്പര്യത്തിലുണ്ട്. സംസ്കൃതത്തിലും മറ്റും പാണ്ഡിത്യം നേടിയവരുടെ ഭാഷാ പ്രയോഗ പടുത്വവും വ്യാകരണനിയമങ്ങള്‍  ഹൃദിസ്ഥമാക്കിയവരുടെ അനുഭവപരിചയവും ഇത്തരം പാട്ടുകളില്‍ പ്രയോഗിക്കപ്പെട്ടിട്ടില്ല. പ്രാസാധിക്യവും ക്ലിഷ്ടമായ അലങ്കാര പ്രയോഗങ്ങളും തീരെ കാണാനുമില്ല. څഅന്തിമയക്കത്തിലാദിത്യന്‍റെ ചൊവ്വ് പോലെ, കുറുന്തോട്ടി മലരിന്‍റെ നിറം കണക്കെچ, څകുന്നത്ത് കൊന്നയും പൂത്തപോലെ, വയനാടന്‍ മഞ്ഞള്‍ മുറിച്ചപോലെچ ഇത്തരം പതിവു കാഴ്ചകള്‍ തന്നെയാണ് അവരുടെ ആഖ്യാന വഴക്കങ്ങളില്‍ നിറയുന്നത്. 

അനുഷ്ഠാനഗാനമായാലും കഥാഗാനമായാലും അതിന് ആഖ്യാനരീതിയുടെ സവിശേഷമായ പിന്തുണയുണ്ട്. തൊഴിലിടത്തിലെ സ്ത്രീ, തോറ്റംപാട്ടുകാരന്‍, പാണന്‍, കണിയാന്‍ തുടങ്ങിയ സമുദായത്തില്‍പ്പെട്ടവര്‍, വിവിധ തൊഴിലുകളില്‍ ഏര്‍പ്പെട്ടവര്‍ ഇങ്ങനെ ആരുപാടിയാലും അതിന് പ്രാദേശികതയുടെയും സാമൂഹിക നിലയുടെയും ജീവിത സാഹചര്യത്തിന്‍റെയും അടിത്തറയുണ്ട്. സാഹചര്യമനുസരിച്ച് അതിലെ ഭാഷ മാറിക്കൊണ്ടിരിക്കും. സംസ്കൃതം പഠിച്ച സമുദായത്തില്‍പ്പെട്ടവര്‍ ഉപയോഗിക്കുന്ന വാമൊഴി ഭാഷയും അതില്ലാത്തവരുടെ ഭാഷാരീതിയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഇത് വ്യക്തമാക്കുവാന്‍ കതിവനൂര്‍ വീരന്‍ തെയ്യത്തിന്‍റെ തോറ്റം തന്നെ ഉദാഹരിക്കാവുന്നതാണ്. പുതുച്ചുരം കീക്കല്‍, സത്യവാക്ക്, വഴിനട, ചൊല്ലിസ്തുതി ഇങ്ങനെ പല ഘട്ടങ്ങളിലൂടെയാണ് കതിവനൂര്‍ വീരന്‍ തോറ്റം കടന്നുപോകുന്നത്. കതിവനൂര്‍ വീരന്‍ തെയ്യം കെട്ടുന്നത് വണ്ണാന്‍ സമുദായത്തില്‍പ്പെട്ടവരാണ്. എന്നാല്‍ ചൊല്ലി സ്തുതി പറഞ്ഞ് തെയ്യത്തെ കൈപിടിച്ച് ഇറക്കുന്നത് തിയ്യസമുദായത്തില്‍പ്പെട്ടവരാണ്. 

വേളാര്‍കോട്ടെ പുഴയരികെ പോകുമ്പോള്‍
കൂവല്‍ക്കരക്ക് നീറ്റില്‍ കീഞ്ഞോര് ചെമ്മരത്തി
ദാഹിക്കുന്ന് തണ്ണീര് തരുമോ നീ ചെമ്മരത്തി
ആരാന്ണ്ടോ എടപെരുവഴിക്ക് തണ്ണീര്‍ വെച്ചിട്ട്
വീട്ടിലെ വന്നാല്‍ വെള്ളം കുടിച്ച് പോകാം നിങ്ങള്‍ക്ക്ണ്ട്

എന്നിങ്ങനെ വണ്ണാന്‍ സമുദായത്തില്‍പ്പെട്ടവര്‍ അവര്‍ സാധാരണ ഉപയോഗിക്കുന്ന ഭാഷയില്‍ത്തന്നെ ചൊല്ലുമ്പോള്‍ തിയ്യസമുദായക്കാരുടെ ചൊല്ലി സ്തുതിയില്‍ സംസ്കൃതപ്രാധാന്യമുള്ള ഭാഷാരീതിയാണ് കാണാനാവുക.

അംഭോജബാണാരി നന്ദനനൈങ്കരന്‍
അംഭോജസംഭവന്‍ തന്‍ പ്രിയയുമെനി-
ക്കംഭോരുഹേക്ഷണനാചാര്യഭൂതരും
ജംഭാരി മുന്‍പായ ദേവതകളും തുണ 

വടക്കന്‍ കേരളത്തിലെ തിയ്യ സമുദായക്കാര്‍ക്ക് സംസ്കൃത ഭാഷയില്‍ പ്രാഗത്ഭ്യം നേടാനുള്ള സാഹചര്യം ഇതര സമുദായക്കാരേക്കാള്‍ കൂടുതലുണ്ടായിരുന്നു. സംസ്കൃതം പഠിപ്പിച്ചിരുന്ന, തിയ്യസമുദായക്കാരായ, നാട്ടെഴുത്തച്ഛന്മാരും പൂരക്കളി, മറുത്തുകളി എന്നിവയ്ക്കായി സംസ്കൃതം പഠിക്കണമെന്ന അവസ്ഥയും ആ സമുദായത്തിന്‍റെ സംസ്കൃതാഭ്യസനത്തിനു ഭദ്രമായ സാഹചര്യമൊരുക്കി. ഗുണ്ടര്‍ട്ടിന്‍റെ ഗുരുക്കന്മാരായിരുന്ന തലശ്ശേരി ചൊക്ലിയിലെ ഊരാച്ചേരി ഗുരുകുലം തിയ്യ സമുദായത്തില്‍പ്പെട്ട പണ്ഡിതന്മാര്‍ വിദ്യ പകര്‍ന്നുകൊടുത്തിരുന്ന സ്ഥലമെന്ന നിലയിലാണ് വിഖ്യാതമായത്. 

വടക്കന്‍പാട്ടുകളിലെ/നാടന്‍പാട്ടുകളിലെ ആഖ്യാനഭാഷ കഥ പറച്ചില്‍ രീതിയില്‍ തന്നെയാണ് എന്ന ഒരു നിരീക്ഷണമുണ്ട്. അലന്‍ ഡെന്‍ഡിസിന്‍റെ ഫോക്ലോര്‍ നിരീക്ഷണങ്ങള്‍ ഇത്തരം കഥാമാതൃകകളും പാട്ടു പാരമ്പര്യവും രൂപംകൊള്ളുന്നതിന്‍റെയും പരമ്പരാഗതമായി കൈമാറുന്നതിന്‍റെയും സാഹചര്യമാണ് വിശദീകരിക്കുന്നത്. കഥ പറഞ്ഞു പോകാന്‍വേണ്ടി ഭാഷയെ സംസാരരീതിക്കും ആഖ്യാനവികാസത്തിനും ഉതകും വിധത്തില്‍ കലാകാരന്മാര്‍ പരിവര്‍ത്തിപ്പിക്കുന്നു. കഥയുടെ ഘടനയിലേക്കു് ശീലിച്ച ഭാഷ വ്യാവര്‍ത്തിപ്പിച്ചുകൊണ്ട് അവര്‍ പാട്ടിന് തനിമയാര്‍ന്ന ഭാഷാരീതി ഉപയോഗപ്പെടുത്തുന്നു. (ഡോ. രാഘവന്‍ പയ്യനാട്, ഫോക്ലോര്‍, 2006 പുറം 140). പലദേശങ്ങളുടെയും ഊരും പേരും കണ്ടെത്തുവാന്‍ ഇത്തരം പാട്ടുകളിലൂടെ സാധിക്കാറുണ്ട്. പ്രാദേശികഭേദങ്ങളാലും ഉപഭാഷകളാലും നാടന്‍പാട്ടുകള്‍ സമ്പന്നമാണ്. ഉത്തരകേരളത്തിലെ ഭാഷാപ്രയോഗങ്ങള്‍ കടന്നുവരുന്ന പാട്ടുകളില്‍ ഴകാരം യകാരമോ വകാരമോ ആയി പരിണമിക്കാറുണ്ട്. പഴം പയമാകുന്നു. മഴ മയچയാകുന്നു. കോഴി കോയിയും മഴു മവു ആകുന്നതും ഉദാഹരണം. ഇങ്ങനെ ജീവിതാനുഭവത്തിന്‍റെയും വാമൊഴി ഭാഷാപരിചയത്തിന്‍റെയും അടിസ്ഥാനത്തില്‍ പാട്ടുകള്‍ രൂപംകൊള്ളുന്ന സവിശേഷ രീതിയാണു് വടക്കന്‍ പാട്ടുകളില്‍ നിലനില്ക്കുന്നത്.

സഹായകഗ്രന്ഥങ്ങള്‍

ഡോ.രാഘവന്‍ പയ്യനാട്, ഫോക്ലോര്‍, 2006, തിരുവനന്തപുരം: കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്. 
ഡോ.വിഷ്ണു നമ്പൂതിരി എം.വി., 2005, ഉത്തരകേരളത്തിലെ തോറ്റംപാട്ടുകള്‍, തൃശ്ശൂര്‍: കേരള സാഹിത്യ അക്കാദമി.
ഡോ.കെ.ഗോദവര്‍മ്മ., 1996 കേരള ഭാഷാ വിജ്ഞാനീയം, തിരുവനന്തപുരം: കേരള സര്‍വകലാശാല.
ചിറക്കല്‍.ടി.ബാലകൃഷ്ണന്‍., 1981, തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, തൃശ്ശൂര്‍: കേരള സാഹിത്യ അക്കാദമി.
ഡോ.ജയചന്ദ്രന്‍ കീഴോത്ത്., 2018, കേരളഫോക് ലോര്‍ (ദേശം-കാലം-സമൂഹം), തിരുവനന്തപുരം: കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്.
പ്രൊഫ. വി. ലിസി മാത്യു
വകുപ്പദ്ധ്യക്ഷ
മലയാളവിഭാഗം
ശ്രീശങ്കരാചാര്യസംസ്കൃത സര്‍വ്വകലാശാല
കാലടി
Pin: 683574
Ph: +91 9447156607
Email: jamanthi@ssus.ac.in
ORCID: 0000-0002-3752-4778