Fantasy in S. Hareesh Stories: A study based on the selected stories of S. Hareesh
Nimmy KurianDr. Bennichen Scaria
Short stories are subjected to transformation these days. New stories appear refusing the conventional format in connection with narration and theme. These Stories are mixture of imagination, faith and history with a clear political vision. The ancient and modern writers handled fantasy with great care and interest. Fantasy is nurtured in these stories effectively in this new generation era. S. Hareesh breaks all the conventional methods in story writing and finds a place in story writing. He travels through different characters to defend the contemporary confused scenario. This article is a search of how effectively fantacy is used in S. Hareesh’s stories.
Keywords: Fantacy, deconstruction, utopian idea, myth, violence.
Reference:
Hareesh, S. 2005. Rasavidhyayude Charithram. Kottayam:D.C.Books.
Nellivila, Soman. 2013.Sthalam Kalam Cherukadha. Kottayam: Current Books,D.C.Books.
Sheeba,Divakaran.(editor)2021. Puthiya Kadha Puthiya Vayana. Kozhikode: Pavanatma Publications.
Vathussery,Valsalan.2004.KadhayumFantasyum. Kottayam: Current Books.
ഫാന്‍റസി എസ്. ഹരീഷിന്‍റെ കഥകളില്‍: തെരഞ്ഞെടുത്ത കഥകളെ ആധാരമാക്കിയുള്ള പഠനം
നിമ്മി കുര്യന്ഡോ. ബെന്നിച്ചന്‍ സ്കറിയ
അനുദിനം പരിണാമവിധേയമായിക്കൊണ്ടിരിക്കുന്ന സാഹിത്യരൂപമാണ് ചെറുകഥ. ആഖ്യാനം, പ്രമേയം തുടങ്ങിയവയെക്കുറിച്ചുള്ള സാമ്പ്രദായിക നിലപാടുകള്‍ നിരസിച്ചു കൊണ്ടാണ് പുതുകഥകള്‍ പിറന്നു വീഴുന്നത്. ഭാവനയുടേയും വിശ്വാസത്തിന്‍റെയും ചരിത്രത്തിന്‍റെയുമൊക്കെ മിശ്രമായ പുതുകഥകള്‍ കൃത്യമായ രാഷ്ട്രീയം വച്ചു പുലര്‍ത്തുന്നവയാണ്. ആദ്യകാല കഥാകാരന്‍മാര്‍ മുതല്‍ പുതുകാല കഥാകൃത്തുക്കള്‍ വരെ ഏറ്റവും കൈയ്യടക്കത്തോടെ കൈകാര്യം ചെയ്യുന്ന രചനാസങ്കേതങ്ങളില്‍ ഒന്നാണ് ഫാന്‍റസി. ബഹുസ്വരവായനയുടെ സാധ്യതകള്‍ തുറന്നിടുന്ന പുതുകാലത്തും ഫാന്‍റസി എന്ന ഘടകം കഥയില്‍ ഫലപ്രദമായി പരിചരിക്കപ്പെട്ടു പോരുന്നതായി കാണാം. കഥാരചനയില്‍ നിലവിലുള്ള വ്യവസ്ഥാപിത പരികല്പനകളെ പിന്തള്ളി തന്‍റേതായ പാത തെളിച്ചെടുത്ത കഥാകൃത്താണ് എസ്. ഹരീഷ്. കലുഷിതമായ വര്‍ത്തമാനകാലത്തെ പ്രതിരോധിക്കാന്‍ വ്യത്യസ്ത കഥാപ്രപഞ്ചങ്ങളിലൂടെ അദ്ദേഹം സഞ്ചരിക്കുന്നു. ഹരീഷിന്‍റെ കഥകളില്‍ ഫാന്‍റസി എന്ന ഘടകത്തെ എപ്രകാരം പ്രയോജനപ്പെടുത്തിയിരിക്കുന്നു എന്ന അന്വേഷണമാണ് ഈ ലേഖനം.
താക്കോല്‍ വാക്കുകള്‍: ഫാന്‍റസി, അപനിര്‍മ്മാണം, ഭ്രമാത്മകത, ഉട്ടോപ്യന്‍ സങ്കല്പം, മിത്ത്, ഹിംസാത്മകത
ഫാന്‍റസിയുടെ ലോകം
അത്ഭുതങ്ങളുടെയും ഭ്രമകല്പനകളുടെയും മായികലോകമാണ് ഫാന്‍റസി. അതിപ്രാചീന നാടോടിക്കഥകള്‍, മുത്തശ്ശിക്കഥകള്‍ തുടങ്ങി ഇക്കാലത്തെ പുതിയ കഥകള്‍ വരെ ഫാന്‍റസിയുടെ അലൗകിക ലാവണ്യത്തെ പ്രസരിപ്പിക്കുന്നുണ്ട്. എന്നാല്‍ അത്ഭുതം എന്ന കേവല പ്രയോഗത്തിനപ്പുറം ഫാന്‍റസി ഇന്ന് കഥാലോകത്ത് ചര്‍ച്ച ചെയ്യപ്പെടുകയും വിലയിരുത്തപ്പെടുകയും ചെയ്യുന്നുണ്ട്. കലയുടെ ലാവണ്യാത്മകതയ്ക്ക് ഒട്ടേറെ സാധ്യതകള്‍ തുറന്നിടുന്ന വിഷയമെന്ന നിലയില്‍ ഫാന്‍റസി എന്ന ഘടകം കലയിലും സാഹിത്യത്തിലും ഒരു പോലെ പ്രസക്തമാണ്.
ഫാന്‍റസി എന്ന പ്രയോഗം അതില്‍ തന്നെ വൈവിധ്യവും വൈചിത്ര്യവും പേറുന്നുണ്ട്. അതിനാല്‍ ഫാന്‍റസിയെ ഒറ്റവാക്കില്‍ നിര്‍വ്വചിക്കുക അസാധ്യമാണ്. സാഹിത്യത്തിലെ ഫാന്‍റസി ആയിരിക്കുകയില്ല മന:ശാസ്ത്രത്തിലെ ഫാന്‍റസി. ഭാവനയെ കുറിക്കാന്‍ ജര്‍മ്മന്‍ ഭാഷയില്‍ ഉപയോഗിക്കുന്ന ജവമിമേശെല എന്ന പദത്തില്‍ നിന്നാണ് എമിമേ്യെ എന്ന പദം രൂപം കൊണ്ടത് എന്ന് കരുതപ്പെടുന്നു. (ഡോ. വത്സലന്‍ വാതുശ്ശേരി, 2004: 15) യഥാര്‍ത്ഥമായ ആവിഷ്ക്കാരത്തിന് പ്രാധാന്യം കൊടുക്കാതെ രചിക്കുന്ന എന്തിനെയും ഫാന്‍റസിയുടെ ശ്രേണിയില്‍ ഉള്‍പ്പെടുത്താം. മിത്തുകള്‍, കെട്ടുകഥകള്‍, നാടോടിക്കഥകള്‍, യക്ഷിക്കഥകള്‍, ഉട്ടോപ്പിയന്‍ കഥകള്‍, സര്‍റിയലിസ്റ്റിക് ആഖ്യാനങ്ങള്‍ എന്നിങ്ങനെ മനുഷ്യന്‍റെ കേവല ബുദ്ധിക്കതീതമായ സകലതിനെയും ചിന്തകന്‍മാര്‍ ഫാന്‍റസിയുടെ ഗണത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. ഭൗതിക ലോകത്തിന്‍റെ പ്രമാണങ്ങളാലല്ലാതെ ചിന്തിക്കുന്നയാളിന്‍റെ അഭിലാഷങ്ങളാലും ഉദ്ദേശ്യങ്ങളാലും വികാരങ്ങളാലും നിയന്ത്രിക്കപ്പെടുന്ന ഭാവനാത്മകമായ ചിന്തയുടെ ഒരു രൂപമാണ് ഫാന്‍റസി എന്ന് എന്‍സൈക്ലോപീഡിയ അമേരിക്കാനയില്‍ നിര്‍വ്വചിച്ചിരിക്കുന്നു.
അഗോചരത, അസാദ്ധ്യത, രൂപാന്തരം, മിഥ്യാദര്‍ശനം എന്നിങ്ങനെ നാലു സ്വഭാവങ്ങളിലാണ് ആധുനിക കഥാസാഹിത്യത്തിലെ ഫാന്‍റസികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് റോസ്മേരി ജാക്സണ്‍ അഭിപ്രായപ്പെടുന്നു. ഈ നാലു സവിശേഷതകളും ഫാന്‍റസിയുടെ പ്രാഥമിക സ്വഭാവങ്ങളാണെന്ന് സസൂക്ഷ്മം നിരീക്ഷിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയും. ഇവയ്ക്ക് പിന്നിലേയ്ക്ക് നോക്കുമ്പോള്‍ അവിടെ ഭ്രമാത്മകതയുടെ വൈചിത്ര്യം പേറുന്ന മറ്റൊരു ലോകം സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മനസ്സിലാക്കാം. കഥയും ഫാന്‍റസിയും എന്ന പുസ്തകത്തില്‍ ഡോ. വത്സലന്‍ വാതുശ്ശേരി ഫാന്‍റസിയെ ഐതിഹ്യനിഷ്ഠം, അത്ഭുതാത്മകം, ഭീതിനിഷ്ഠം, കഥാപാത്രനിഷ്ഠം, മനോനിഷ്ഠം, പ്രതീതിനിഷ്ഠം, രചനാനിഷ്ഠം, ശൈലീനിഷ്ഠം എന്നിങ്ങനെ എട്ടായി തരം തിരിച്ചിരിക്കുന്നു. (2004 : 22)
മിത്തുകളും, അതീത സ്വڅാവമുള്ള കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും നിറഞ്ഞ ലോകമാണ് ഐതിഹ്യനിഷ്ഠഭ്രമകല്പനകളില്‍ കാണാന്‍ സാധിക്കുന്നത്. നാടോടിക്കഥകളിലും കെട്ടുകഥകളിലും അത്ഭുതസ്വഭാവം മുന്നിട്ടു നില്‍ക്കുന്നതായി കാണാം. ഇത്തരം ഭ്രമകല്പനകളെയാണ് അത്ഭുതാത്മക ഭ്രമകല്പനകളില്‍ കണ്ടെത്താന്‍ കഴിയുക. ഇംഗ്ലീഷില്‍ ഹൊറര്‍ എന്നും ഗോഥിക് എന്നും വിശേഷിപ്പിക്കപ്പെടുന്ന പ്രേതകഥളിലെയും മറ്റും ഭ്രമകല്പനകളെയാണ് ഭീതിനിഷ്ഠഭ്രമകല്പന എന്നു വിശേഷിപ്പിക്കുന്നത്. മനുഷ്യര്‍ക്കിടയില്‍ അവരിലൊരാളെപ്പോലെ കഴിഞ്ഞു കൂടുകയും എന്നാല്‍ ദൈവികമോ, പൈശാചികമോ ആയ അപരത്വം ഉള്ളില്‍ പേറുകയും ചെയ്യുന്ന കഥാപാത്രങ്ങളാണ് കഥാപാത്രനിഷ്ഠ ഭ്രമകല്പനയുടെ പരിധിയില്‍ വരുന്നത്. മനോനിഷ്ഠ ഫാന്‍റസി വ്യക്തികളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ബോധമനസ്സിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയും ഉപബോധ-അബോധ മനസ്സുകള്‍ സജീവമാവുകയും ചെയ്യുമ്പോള്‍ വ്യക്തിക്ക് അനുഭവപ്പെടുന്ന മിഥ്യാനുڅവങ്ങള്‍ക്കാണ് ഇവിടെ പ്രസക്തി. ആധുനിക യുഗത്തില്‍ മനുഷ്യനെ വേട്ടയാടുന്ന അകാരണമായ ആശങ്കകളും വിഭ്രാന്തികളുമാണ് പ്രതീതിനിഷ്ഠ ഭ്രമകല്പനകള്‍ക്കടിസ്ഥാനം. താനനുഭവിക്കുന്ന അനുഭൂതികളും, അസ്വാസ്ഥ്യങ്ങളും താനാര്‍ജിച്ച ജീവിതബോധവും ആവിഷ്ക്കരിക്കാന്‍ പുതിയൊരു ശില്പക്രമം എഴുത്തുകാരന് അനിവാര്യമായി മാറുമ്പോഴാണ് രചനാനിഷ്ഠ ഭ്രമകല്പന പ്രസക്തമാകുന്നത്. ഭാഷയുടെ വിചിത്രമായ ക്രമീകരണത്തിലൂടെ അമൂര്‍ത്തമായ കല്പനകള്‍ അവതരിപ്പിച്ചു കൊണ്ടാണ് ശൈലീനിഷ്ഠ ഫാന്‍റസി സാഹിത്യത്തില്‍ കടന്നുവരുന്നത്. ഇങ്ങനെ ഓരോ കാലഘട്ടവും അതിനിണങ്ങുന്ന ഫാന്‍റസി സമ്പ്രദായങ്ങള്‍ സ്വീകരിച്ചുകൊണ്ട് സര്‍ഗ്ഗസാഹിത്യം മുന്‍പോട്ട് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.
ഫാന്‍റസിയും സാഹിത്യവും
മനുഷ്യയുക്തിക്കതീതമായി നിലകൊള്ളുന്നതിനാല്‍ ഫാന്‍റസിയെ അയഥാര്‍ത്ഥ കല്പനകളായിട്ടാണ് പരിഗണിക്കുന്നത്. എന്നാല്‍ ഈ കാലഘട്ടത്തിലെ സാഹിത്യരൂപങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ഫാന്‍റസികളെ കേവലം അയഥാര്‍ത്ഥ ഭാവനയുടെ സന്തതിയായി മാത്രം പരിചരിക്കാന്‍ സാധ്യമല്ല. കലാകാരന്മാരുടെയുള്ളിലെ ആന്തരിക യാഥാര്‍ത്ഥ്യത്തെ ആവിഷ്ക്കരിക്കാന്‍ നിലവിലുള്ള ആഖ്യാന തന്ത്രങ്ങള്‍ മതിയാകാതെ വരുന്ന പ്രശ്നസന്ദര്‍ഭങ്ങളിലാണ് റിയലിസത്തിനപ്പുറമുള്ള രചനാ സങ്കേതങ്ങളിലേയ്ക്ക് എഴുത്തുകാരന്‍ പ്രവേശിക്കുന്നത്. സിംബലിസം, ഇമേജിസം, സര്‍റിയലിസം തുടങ്ങി നിരവധി രൂപാന്വേഷണങ്ങളിലേയ്ക്ക് എഴുത്തുകാര്‍ നടന്നടുക്കുന്നു.
കലയിലും സാഹിത്യത്തിലും തെളിയുന്നത് വ്യക്തിയുടെ അല്ലെങ്കില്‍ കലാകാരന്‍റെ ആന്തരിക യാഥാര്‍ത്ഥ്യമാണ്. അനേകം നിഗൂഢതകളുടേയും വൈചിത്ര്യങ്ങളുടെയും കലവറയാണ് മനുഷ്യമനസ്സ്. നിരവധി അനുഭൂതികളും അസ്വാസ്ഥ്യങ്ങളും മനുഷ്യമനസ്സില്‍ ഭ്രമാത്മകമായൊരു ലോകം സൃഷ്ടിക്കുന്നുണ്ട്. ഈ ഭ്രമാത്മകതലത്തില്‍ നിന്നാണ് ഫാന്‍റസിയുടെ ജനനം.
ഫാന്‍റസിയും കഥയും
ആദ്യന്തം സ്വപ്നാനുഭവം നിറഞ്ഞുനില്‍ക്കുന്ന ആദ്യകഥയായ څദ്വാരകچയില്‍ തുടങ്ങി മലയാള ചെറുകഥയുടെ വികാസപരിണാമ പരമ്പരയില്‍ ഒളിഞ്ഞും തെളിഞ്ഞും കടന്നുവരുന്ന ഫാന്‍റസി പുതുകഥകളിലും അമ്പരിപ്പിക്കുന്ന ഒരു മായികലോകം സൃഷ്ടിക്കുന്നുണ്ട്. ഉത്തരാധുനികര്‍ വരെയുള്ളവര്‍ സ്വീകരിച്ച സങ്കേതങ്ങളൊക്കെ പൂര്‍ണ്ണമായും നിരസിച്ച പുതിയൊരു കഥാലോകത്തെയാണ് നാമിന്ന് കാണുന്നത്. ഹ്രസ്വരൂപിയായ ഗദ്യാഖ്യാനമെന്ന നിലവിട്ട് അനേകം അടരുകളുള്ള വിശാല ഭൂമികയിലേക്ക് മലയാള ചെറുകഥ എത്തിച്ചേര്‍ന്നിരിക്കുന്നു. ഏകഭാവകേന്ദ്രിത സ്വഭാവത്തില്‍ നിന്നും കുതറിമാറി അനേകം വ്യവഹാരങ്ങളുടെ ജ്ഞാനമാതൃകയില്‍ രൂപം കൊള്ളുന്ന കലര്‍പ്പുകളുടെ കലവറയായി പുതുകഥ മാറിയിരിക്കുന്നു. പ്രമേയം ഇതിവൃത്തം, കഥാപാത്രം, ആഖ്യാനം മുതലായവയിലെല്ലാം പരമ്പരാഗത അവസ്ഥാവിശേഷങ്ങളെ കൈയ്യൊഴിഞ്ഞ പുതുകഥയുടെ അനുഭവലോകമാണിന്ന് വായനക്കാരനെ കാത്തിരിക്കുന്നത്.
നവസാങ്കേതിക വിദ്യ, നവമാധ്യമങ്ങള്‍, സൈബര്‍ വ്യവഹാരങ്ങള്‍ തുടങ്ങിയവയുടെ നിരന്തര ഇടപെടലുകള്‍ മൂലം മനുഷ്യന്‍റെ ഭൗതികാസ്തിത്വം ഇല്ലായ്മ ചെയ്യപ്പെടുന്ന സ്ഥിതിവിശേഷമാണ് ഇന്നുള്ളത്. മനുഷ്യമേല്‍വിലാസം തന്നെ നിര്‍മ്മിതബുദ്ധിയുടെ കീഴില്‍ ആകുമ്പോള്‍ ഇത്തരം സങ്കീര്‍ണ്ണ അവസ്ഥാവിശേഷങ്ങളെ മറികടക്കാനുള്ള യുക്തിയായി പുതിയ കഥാകൃത്തുക്കള്‍ കഥയില്‍ നിരന്തര പരീക്ഷണങ്ങള്‍ നടത്തുന്നു.
ഹരീഷിന്‍റെ കഥാലോകം
ചിരപരിചിതമായ അനുഭവങ്ങളെ അപരിചിതത്വത്തിന്‍റെ തുരുത്തുകളിലേയ്ക്ക് പ്രതിഷ്ഠിക്കുകയും, കഥയെ അതിന്‍റെ പ്രാഗ് മാതൃകകളായ കെട്ടുകഥകളിലേയ്ക്കും ഐതിഹ്യങ്ങളിലേയ്ക്കുമെല്ലാം കൊണ്ടു ചെന്നെത്തിക്കുകയും ചെയ്യുന്ന എഴുത്തുകാരനണ് എസ്. ഹരീഷ്. പ്രമേയത്തിലും ആഖ്യാനത്തിലും സാധാരണയില്‍ കവിഞ്ഞ പരീക്ഷണ സ്വഭാവം പുലര്‍ത്തുന്നവയാണ് അദ്ദേഹത്തിന്‍റെ ഓരോ കഥകളും. ജീവിതത്തിന്‍റെ പരുപരുത്ത പ്രതലങ്ങളിലൂടെയാണ് ഹരീഷിന്‍റെ കഥയും കഥാപാത്രങ്ങളും സഞ്ചരിക്കുന്നത്. വായനക്കാര്‍ക്ക് പൊരുത്തപ്പെടാനാവാത്ത അപരിചിതത്വത്തിന്‍റെയും നിഗൂഢതയുടേയും വഴിയിലൂടെയാണ് കഥാരചനയില്‍ അദ്ദേഹത്തിന്‍റെ പ്രയാണം.
പലപ്പോഴും ഹരീഷിന്‍റെ കഥകളില്‍ ചരിത്രവും മിത്തും അപനിര്‍മ്മിക്കപ്പെടുന്നു. ഇതൊരു പ്രതിരോധതന്ത്രം തന്നെയാണ്. യാഥാര്‍ത്ഥ്യത്തിനും ഭ്രമാത്മകതയ്ക്കുമിടയില്‍ വായനക്കാരനെ കുഴപ്പിക്കുന്ന പ്രശ്നമായി ഹരീഷ് കഥകള്‍ മാറുന്നു. സ്ഥല-കാല-ക്രിയകളുടെ നൈരന്തര്യത്തെ ഭേദിച്ച് ഏതാണ് ശരി എന്നു കണ്ടുപിടിക്കാനുള്ള കുഴങ്ങല്‍ അല്ലെങ്കില്‍ കുഴപ്പിക്കല്‍ ആണ് ഓരോ കഥകളുടെയും പശ്ചാത്തലം. ഒറ്റവാക്കില്‍ പറഞ്ഞാല്‍ വായനക്കാരനെ അലട്ടുന്ന ഫാന്‍റസികളാണ് അദ്ദേഹത്തിന്‍റെ കഥകളെ വ്യതിരക്തമാക്കുന്നത്.
ഹരീഷ് കഥകളിലെ ഫാന്‍റസി
2005 ല്‍ പുറത്തിറങ്ങിയ 'രസവിദ്യയുടെ ചരിത്രം' എന്ന ഹരീഷിന്‍റെ ആദ്യകഥാസമാഹാരത്തില്‍ എട്ട് കഥകളാണുള്ളത്. ചരിത്രം, മിത്ത്, ജാതി, ഹിംസ തുടങ്ങി നിരവധി വിഷയങ്ങളുടെ പ്രശ്നവത്ക്കരണമാണ് ഇതിലെ ഓരോ കഥയും. ഈ സമാഹാരത്തിലെ രണ്ടാം മറവന്‍ദ്വീപ് യുദ്ധം, അധോലോക കുറിപ്പുകള്‍, ലാറ്റിനമേരിക്കന്‍ ലാബ്റിന്ത് എന്നീ കഥകള്‍ ആന്തരിക യാഥാര്‍ത്ഥ്യത്തിന്‍റെ ലോകത്തെ വായനക്കാര്‍ക്ക് മുന്നില്‍ തുറന്നു കൊടുക്കുന്നു.
മറവന്‍ ദ്വീപ് എന്ന മായികലോകം
ശൈലീ നിഷ്ഠമായ ഭ്രമകല്പനയുടെ ഘടകങ്ങളാല്‍ നിറഞ്ഞിരിക്കുന്ന കഥയാണ് രണ്ടാം മറവന്‍ദ്വീപ് യുദ്ധം. സാധാരണ ലോകത്തില്‍ നിന്ന് ഭിന്നമായ സ്ഥലരാശിയെ സൂചിപ്പിക്കുന്നതിനാല്‍ ഇതൊരു ഉട്ടോപ്പിയന്‍ സങ്കല്പമാണെന്നു പറയാം. നിലനില്‍ക്കുന്ന ലോകക്രമത്തോടുള്ള പ്രതിരോധവും പരിഹാസവുമാണ് ഉട്ടോപ്യന്‍ സ്ഥലരാശിയുടെ സൃഷ്ടിയുടെ പിന്നിലെ പ്രേരണ. ആക്ഷേപഹാസ്യത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഉട്ടോപ്യന്‍ സാഹിത്യസംസ്കാരം ഈ കഥയില്‍ തെളിഞ്ഞു വരുന്നു. കേവലമായ ഭ്രമകല്പന എന്നതിനപ്പുറം ഹരീഷ് എന്ന കഥാകൃത്തിന്‍റെ ബുദ്ധിപരമായ ചിന്തയുടെ ഫലമാണ് രണ്ടാം മറവന്‍ദ്വീപ് യുദ്ധം എന്ന കഥ.
ഭാവനയില്‍ ഉയിര്‍ കൊണ്ട സ്ഥലകാലങ്ങളാണ് ഈ കഥയിലേത്. മറവന്‍ ദ്വീപെന്ന വിചിത്ര സ്ഥലരാശിയെയാണ് കഥ അടയാളപ്പെടുത്തുന്നത്. സമകാലികമായ മിത്തെന്ന നിലയില്‍ കഥയില്‍ മറവന്‍ദ്വീപ് ആവിഷ്ക്കരിക്കപ്പെടുന്നു. ദേശീയതുമായ ബന്ധപ്പെട്ട ചില പൊതുബോധങ്ങളെ അട്ടിമറിക്കാന്‍ കഥയിലെ ഭ്രമാത്മക ഘടകങ്ങള്‍കൊണ്ട് സാധിക്കുന്നുമുണ്ട്. ഭാഷയും ഭൂതകാലവും മാറി മാറി ചര്‍ച്ച ചെയ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. മാതൃഭൂമിയോടും, മാതൃഭാഷയോടുമുള്ള അഭിനിവേശം, സാങ്കല്പികമായ ജാതി, വംശീയ സ്വത്വത്തിന്‍റെ വീണ്ടെടുപ്പ്, സ്ഥലചരിത്രം തുടങ്ങി ദേശീയതയെ മുന്നോട്ടാനയിക്കാന്‍ ശ്രമിക്കുന്ന നോട്ടങ്ങളെയെല്ലാം കഥ അട്ടിമറിക്കുന്നു. കെട്ടിലും മട്ടിലും ചരിത്രരചനയുടെ രീതി ശാസ്ത്രത്തെ ഉപഹാസരൂപേണ കഥാകൃത്ത് സൂക്ഷ്മമായി ഉപയോഗിച്ചിരിക്കുന്നു. ചരിത്രം, ദേശചരിത്രം, പ്രാദേശികത രാഷ്ട്രീയം ഇവയുടെ അപനിര്‍മ്മാണത്തിനുള്ള ഏറ്റവും അനുകൂലഘടകമെന്ന നിലയില്‍ ഫാന്‍റസി എന്ന രചനാസങ്കേതത്തെ കഥാകൃത്ത് ഈ കഥയില്‍ പ്രയോജനപ്പെടു ത്തിയിട്ടുണ്ട്. ദേശത്തിന്‍റെ ചരിത്രവും സംസ്കാരവും ഭാവനയാല്‍ നിയന്ത്രിതമാണെന്ന ദര്‍ശനം കഥയില്‍ കഥാകൃത്ത് അവതരിപ്പിക്കുന്നു. ഭാവനയിലധിഷ്ഠിതമായ ശൈലീനിഷ്ഠ ഫാന്‍റസിയിലൂടെ മറവന്‍ദ്വീപെന്ന സ്ഥലരാശിയെ മിത്തായി കഥയില്‍ പരിണമിപ്പിച്ചിരിക്കുന്നു.
കൊച്ചിയില്‍ നിന്ന് എണ്‍പതുമൈല്‍ പടിഞ്ഞാറ് മാറി കടലില്‍ ഏകദേശം വൈപ്പിന് സമാന്തരമായി കിടക്കുന്നു മറവന്‍ദ്വീപ്. മുപ്പത് ചതുരശ്ര കിലോമീറ്ററാണ് വിസ്തീര്‍ണ്ണംڈ (എസ്. ഹരീഷ്, 2005:49). കഥയില്‍ മറവന്‍ദ്വീപിന്‍റെ സൂചന ഇപ്രകാരമാണ്. 1975-ല്‍ അറബിക്കടലില്‍ക്കൂടിപ്പോയ സെന്‍റ് ഗബ്രിയേല്‍ കപ്പലും, കൊളംബസും, അത്ലാന്‍റിക് സമുദ്രവും റെഡ് ഇന്ത്യക്കാരുടെ കപ്പലും ഉള്‍പ്പെടെ കേരളത്തിലെ കൊടുങ്ങല്ലൂരും, പള്ളുരുത്തി, വര്‍ക്കല, തലശ്ശേരി തുടങ്ങിയ സ്ഥലങ്ങളും കേരളത്തിലെ ജാതി ഉപജാതി വ്യവസ്ഥകളും കഥയില്‍ രഹസ്യമായും പരസ്യമായും വിചാരണ ചെയ്യപ്പെടുന്നുണ്ട്.
പിതൃഭൂമിയും, മാതൃഭാഷയും തേടിപ്പോയ ഒരു കൂട്ടം യാത്രികരുടെ കഥയാണിത്. പൂര്‍വ്വിക ഭൂമിയായ മറവന്‍ദ്വീപ് തേടി ഉള്‍ക്കടലിലേയ്ക്ക് അവര്‍ നടത്തിയ യാത്ര ഭ്രമാത്മകതയുടെ ഭീതിതവും മനോഹരവുമായ മറ്റൊരു ലോകത്താണ് എത്തിച്ചേര്‍ന്നത്.
കുളിര്‍മ്മയുള്ള മണല്‍ത്തിട്ടുകളിലേക്ക് ബോട്ടുകള്‍ മുഖം കുത്തി ഇടിച്ചു കയറി. വിശന്നു തളര്‍ന്നവര്‍ څഭക്ഷണക്കൂമ്പാരം കണ്ടതുപോലെ ഞങ്ങള്‍ ചാടിയിറങ്ങി. കറുത്ത നിറമുള്ള ഉടുപ്പുകള്‍ ധരിച്ച ചില മനുഷ്യര്‍ അവരുടെ വാഹനങ്ങളും ഉപേക്ഷിച്ച് ദൂരെ കാണുന്ന പൂന്തോപ്പുകളിലൂടെ ഓടി മായുന്നു. കടലിന്‍റെ ചിത്രങ്ങള്‍ പകര്‍ത്തുന്ന സ്ഫടിക കൊട്ടാരങ്ങള്‍ക്കും രമ്യഹര്‍മ്യങ്ങള്‍ക്കും നേരെ ഞങ്ങള്‍ ഗുണ്ടുകള്‍ കത്തിച്ചെറിഞ്ഞു. ആകാശതുല്യം പരന്ന നിരത്തുകളിലെ സുന്ദരവാഹനങ്ങള്‍ക്ക് തീ കൊടുത്തു. അവയുടെ വലിയ പൊട്ടിത്തെറികള്‍ കേട്ട് ഒറ്റപ്പെട്ട മനുഷ്യന്‍ ഓടിയൊളിച്ചുڈ (എസ്. ഹരീഷ്, 2005:60).
ഇത്തരം സൂചനകളിലൂടെ ഭ്രമാത്മകമായ മറ്റൊരു ലോകത്തെയാണ് കഥാകൃത്ത് വിഭാവനം ചെയ്യുന്നത്. ڇരണ്ടാം മറവന്‍യുദ്ധത്തിന് പെട്ടെന്നുണ്ടായ കാരണം കഥാകാരനായ ആഖ്യാതാവിന്‍റെ ചിത്തവൃത്തി തന്നെയാണ്ڈ (എസ്. ഹരീഷ് 2005:61) എന്ന സൂചനയില്‍ മനോനിഷ്ഠ ഫാന്‍റസി എന്ന ഘടകം അന്തര്‍വിച്ചിരിക്കുന്നു. ദാരിദ്ര്യമായിരിക്കാം ആഖ്യാതാവിനെ പൂര്‍ണ്ണയാഥാര്‍ത്ഥ്യമല്ലാത്ത സ്ഥലത്തെ നിധിപോലും തേടാന്‍ പ്രേരിപ്പിച്ചത്ڈ(എസ്. ഹരീഷ് 2005:62) എന്ന കഥയിലെ വാക്യം തന്നെ ഫാന്‍റസി എന്ന രചനാസങ്കേതത്തിന്‍റെ പ്രസക്തി ചൂണ്ടിക്കാണിക്കുന്നു.
അതീതയാഥാര്‍ത്ഥ്യങ്ങളുടെ അധോലോകം
ഭാവനയ്ക്കതീതമായ ഫാന്‍റസിയിലൂടെ വായനക്കാരനെ കുഴക്കുന്ന മറ്റൊരു കഥയാണ് അധോലോകകുറിപ്പുകള്‍. ശീര്‍ഷകം സൂചിപ്പിക്കുന്നതുപോലെ ബാഹ്യപ്രകൃതിയോടിണങ്ങി നില്‍ക്കുമ്പോഴും കഥയുടെ ആന്തരപ്രപഞ്ചം ഭാവനയില്‍ക്കവിഞ്ഞ മറ്റൊരു അധോലോകത്തിന്‍റെ തടവറയിലേയ്ക്ക് ആസ്വാദകനെ നയിക്കുന്നു.വസ്തുതകളും സങ്കല്പങ്ങളും ചരിത്രവും മിത്തുമെല്ലാം കൂടിച്ചേര്‍ന്ന് ഭ്രമാത്മകമായ ഒരു ദേശകാല പരിതസ്ഥിതി കഥയില്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്.
ഇരുണ്ടതും ഘോരവുമായ മാതുവല്യപ്പന്‍റെ ബംഗ്ലാവിലേയ്ക്ക് നിത്യവും കൂട്ടുകിടക്കാന്‍ പോകുന്ന കുട്ടിയായ ആഖ്യാതാവിലൂടെ കഥ മുന്നോട്ട് സഞ്ചരിക്കുന്നു.നാടും, കാടും വെളിച്ചവും ഇരുട്ടും വ്യത്യസ്ത മാനങ്ങളില്‍ കയറിയിറങ്ങി കഥാപരിസരം നിഗൂഢമായി മാറുന്നു. ڇരാക്ഷസനെപ്പോലെ കുടിച്ച് പകുതി മാത്രം വെന്ത ഇറച്ചി കഷ്ണങ്ങള്‍ അടക്കിയ ശബ്ദങ്ങള്‍ കേള്‍പ്പിച്ച് തിന്നുന്ന മാതുവല്യപ്പന്‍റെ ആകാരത്തെ ഞാന്‍ څഭയത്തോടെ നോക്കിڈ (എസ്. ഹരീഷ്, 2005 :66) ആഖ്യാതാവിനൊപ്പം ഭീതി ഇവിടെ വായനക്കാരും പങ്കിടുന്നു.
തനിക്കഭയം നല്‍കിയ മര്‍ഫി സായ്പ്പിനെയും കുട്ടികളെയും യാതൊരു പ്രകോപനവുമില്ലാതെ കഴുത്തറുത്ത് കൊല്ലുകയും, കട്ടിലില്‍ ബന്ധിച്ച് മദാമ്മയെ ദിവസങ്ങളോളം ബലാത്സംഗം ചെയ്ത് കൊല്ലുകയും ചെയ്ത മാതു വല്യപ്പന്‍ എന്ന കഥാപാത്രം ജീവിച്ചിരിക്കെ തന്നെ ഭീതിയുളവാക്കുന്ന മിത്തായി പരിണമിക്കുന്നു കഥയില്‍. നായാട്ടും, സ്ത്രീകളും, കാമവും അയാളെ സാധാരണക്കാരില്‍ നിന്നും വ്യത്യസ്തനും മറ്റുള്ളവരില്‍ ഭയപ്പാടുളവാക്കുന്നവനുമാക്കി. സാധാരണക്കാരായ മനുഷ്യരോടൊപ്പം ജീവിക്കുകയും എന്നാല്‍ പൈശാചികമായ പ്രകൃതം സൂക്ഷിക്കുകയും ചെയ്യുന്ന ഈ കഥാപാത്രം കഥാപാത്രനിഷ്ഠ ഭ്രമകല്പനയ്ക്ക് ഉദാഹരണമാണ്. മനുഷ്യരുടെ ചുറ്റുപാടുകളില്‍ തന്നെ വിഹരിക്കുകയും മനുഷ്യേതരമായ പ്രകൃതം വഹിക്കുകയും ചെയ്യുന്ന അപരത്വമാണ് മാതുവല്യപ്പനെ ഫാന്‍റസിയുടെ കേന്ദ്രമാക്കി മാറ്റുന്നത്.
കഥയുടെ ഒടുവില്‍ അപരിചിതമായ ശബ്ദങ്ങള്‍ കേട്ട് അകാരണമായി ഭയപ്പെടുന്ന മാതുവല്യപ്പനെ കാണാം. മനുഷ്യന് യോജിക്കാത്ത അയാളുടെ പ്രവൃത്തികളുടെ വിവരണമാണ് കഥയില്‍ പിന്നീടുള്ളത്. കാലങ്ങള്‍ക്ക് മുന്‍പേ മണ്‍മറഞ്ഞു പോയ മര്‍ഫി സായ്പും കുടുംബവും അവസാനഭാഗങ്ങളില്‍ പുനര്‍ജനിക്കുന്നു.
കഥയുടെ അന്ത്യത്തില്‍ ആഖ്യാതാവും മരണത്തിന്‍റെ ലോകത്ത് എത്തിച്ചേര്‍ന്നിരിക്കുന്നതായി വായനക്കാരന്‍ ഞെട്ടലോടെ മനസ്സിലാക്കുന്നു. ജനനവും മരണവും അതിനിടയിലെ ജീവിതവും ഭ്രമകല്പനയുടെ ഭാഗമായി മാറുന്നു. പുരുഷലൈംഗികതയും കാമവും ഹിംസാത്മകതയും ഒരേ പോലെ കഥയില്‍ പ്രശ്നവത്ക്കരിക്കപ്പെടുന്നു.
ഭീതിയുണര്‍ത്തുന്ന രാവണന്‍കോട്ട
ഒരു ചെറിയ മലയോര പട്ടണത്തിലെ മരയാശാരിയിലൂടെ ആരംഭിക്കുന്ന കഥയാണ് څലാറ്റിനമേരിക്കന്‍ ലാബ്റിന്ത്. തന്‍റെ രണ്ടാണ്‍മക്കളെയും തനിച്ചാക്കി കഥയുടെ തുടക്കത്തില്‍ തന്നെ അദ്ദേഹം അപ്രത്യക്ഷനാകുന്നു. വിശപ്പു സഹിക്കാന്‍ കഴിയാതെ കാടിന്‍റെ ദുര്‍ഗ്രഹ ഭാഗത്തെത്തിയ മൂത്തമകന്‍ രാജഗോപാലനെ ഭൂതം ഭക്ഷിച്ചു. ഇളയമകന്‍ വേണുഗോപാലന്‍ താന്‍ ഫ്ലോറന്‍റിനോ അരിസയാണെന്നു തോന്നി. ഫെര്‍മിന ഡാസ എന്ന സുന്ദരിക്ക് യാതൊരു ക്രമവുമില്ലാതെ അയാള്‍ പ്രണയ ലേഖനങ്ങളെഴുതി. അയാള്‍ വായിച്ച നോവലുകളിലെയും പ്രണയകവിതകളിലെയും പൊരുത്തമില്ലാത്ത ബിംബങ്ങളും അസ്വഭാവിക ഭാവനകളും കൂട്ടിച്ചേര്‍ത്ത് വിഭ്രാത്മകമായ വരികള്‍ സൃഷ്ടിച്ചു. കമേലിയ പൂക്കള്‍ തേടി അയാള്‍ അസ്വസ്ഥനായി. അപ്രതീക്ഷമായി മരിക്കുകയും പിന്നീട് ദുര്‍ഭൂതമായി മാറുകയും ചെയ്യുന്ന അയാളിലൂടെ കഥ പുരോഗമിക്കുന്നു.
അമ്പതു ശതമാനം പ്രേമവും, മുപ്പതു ശതമാനം വ്യാപാരവും ഇരുപതു ശതമാനം സാഹിത്യവും കൂടിച്ചേര്‍ന്ന അപകടകാരിയായ ദുര്‍ഭൂതമായി അയാള്‍ മാറിڈ (എസ്. ഹരീഷ് 2005 :79). ڇമാസത്തിലൊരു ദിവസം ഭൂതം രാത്രി കരയിലേയ്ക്ക് പറന്നടുത്ത് ഒരു പതിനാലുകാരിയെ തട്ടിയെടുത്ത് തിരികെപ്പോകും. സുന്ദരവും ആഹ്ലാദദായകവുമായ രതിയുടെ മഴവില്‍ ലോകത്തേക്ക് അത് ദ്വീപിന്‍റെ ശാന്തതയില്‍ പെണ്‍കുട്ടികളെ ഉയര്‍ത്തി. അതിനുശേഷം അവരെ ആഹാരമാക്കി ഭൂതത്താല്‍ ഭക്ഷിക്കപ്പെടുന്നത് അഗാധമായ രത്യാനുഭവമായാണ് പെണ്‍കുട്ടികള്‍ക്ക് തോന്നിയത്ڈ (എസ്. ഹരീഷ്, 2005 : 80). ഇത്തരം അസാധാരണ അനുഭവങ്ങള്‍ കൊണ്ട് കഥ അഭൗമികമായ തലത്തിലേയ്ക്കുയരുന്നു.
വേണുഗോപാലന്‍റെ ഭൂതം പണികഴിപ്പിച്ച څലാബ്റിന്ത്چ (രാവണന്‍ കോട്ട) നെക്കുറിച്ചാണ് പിന്നീട് കഥയില്‍ കാണുന്നത്. ലാബിറിന്തിന്‍റെ വിവരണം തന്നെ അങ്ങേയറ്റം ഭ്രമാത്മക കല്പനകള്‍കൊണ്ട് വൈചിത്ര്യം നിറഞ്ഞു നില്‍ക്കുന്ന ലോകത്താണ് വായനക്കാരനെ എത്തിക്കുന്നത്. മാര്‍ക്വേസ്, ബോര്‍ഹസ്, ഹുവാന്‍, റുള്‍ഫോ തുടങ്ങി നിരവധി വ്യക്തിത്വങ്ങള്‍ കഥയുടെ അവസാന ഭാഗത്ത് ഫുട്ബോള്‍ മത്സരത്തിനെന്നപോലെ അണിനിരക്കുന്നു. റഫറിയായി പ്രത്യക്ഷപ്പെടുന്നതാകട്ടെ ഫിഡല്‍ കാസ്ട്രോയും ഫുട്ബോള്‍ മാച്ചിനവസാനം ഭൂതത്തിന് താന്‍ ഒരു പുരാവസ്തു ആണെന്ന് തോന്നുകയും സ്വയം കഥാവശേഷനായി തീരുകയും ചെയ്യുന്നു.
ദേശകാലങ്ങളെയും സമയനിഷ്ഠയേയും നിരസിക്കുന്ന ക്രമമാണ് കഥയിലൂടനീളം ദീക്ഷിച്ചിരിക്കുന്നത്. ചെറിയ പട്ടണത്തിലെ മരയാശാരിയില്‍ തുടങ്ങി ലാറ്റിനമേരിക്കന്‍ പശ്ചാത്തലത്തില്‍ കഥയെത്തി നില്‍ക്കുമ്പോള്‍ ലൈംഗികതയുടേയും ഹിംസാത്മകതയുടേയും രാഷ്ട്രീയം കഥയില്‍ ശക്തമായ സാന്നിധ്യമറിയിക്കുന്നുണ്ട്. വിചിത്രവും വിഭ്രമാത്മകവുമായ അപരലോകവും കഥയെ വ്യത്യസ്ത മാനങ്ങളിലേയ്ക്കുയര്‍ത്തുന്നു. മനോനിഷ്ഠ, രചനാനിഷ്ഠ, ഭ്രമകല്പനകള്‍ ഈ കഥയെ ലാവണ്യാത്മകമായ മറ്റൊരു തലത്തില്‍ എത്തിക്കുന്നു.
മലയാളി ഭാവനയെയും സംസ്കാരത്തെയും ലാറ്റിനമേരിക്കന്‍ സാഹിത്യ സാഹിത്യേതര സംസ്കാരങ്ങള്‍ എത്രമാത്രം അബോധാത്മകമായി സ്വാധീനിച്ചിരിക്കുന്നുവെന്ന് ഈ കഥ വ്യക്തമാക്കുന്നു. സുഗമമായി കടന്നു ചെല്ലാവുന്നതും എന്നാല്‍ പെട്ടെന്ന് തിരിച്ചിറങ്ങി പോരാന്‍ സാധിക്കാത്തതുമായ ലാബ്റിന്തായി കഥ പരിണമിക്കുന്നു.
കേവല ഭാവനയ്ക്കപ്പുറമുള്ള ഭ്രമാത്മക ലോകത്തിലൂടെ ഈ കഥകള്‍ ഓരോന്നും സഞ്ചരിക്കുന്നു. അയഥാര്‍ത്ഥ സ്ഥലകാലങ്ങളെ വിന്യസിക്കുന്നതിലൂടെ യഥാര്‍ത്ഥ ലോകത്തെയും മാനുഷിക വ്യാപാരങ്ങളെയും വിമര്‍ശനവിധേയമാക്കുവാന്‍ എസ്. ഹരീഷ് എന്ന കഥാകൃത്തിനു സാധിച്ചിട്ടുണ്ട്. ബോധതലത്തില്‍ സാക്ഷാത്ക്കരിക്കാനാവാത്ത പലതിനെയും അതിന്‍റെ സമസ്ത വിഹ്വലതകളോടും കൂടി ആവിഷ്ക്കരിക്കാന്‍ റിയലിസ്റ്റിക് സങ്കേതത്തില്‍ കവിഞ്ഞ ഫാന്‍റസി പോലുള്ള രചനാ തന്ത്രങ്ങള്‍ ഇത്തരം കഥകളില്‍ അനിവാര്യഘടകമായി മാറുന്നതു കാണാം. ഉള്ളിലേയ്ക്കു കടക്കുന്തോറും അദ്ദേഹത്തിന്‍റെ ഓരോ കഥയും ഭീതിതമായ രാവണന്‍ കോട്ടകളായി രൂപം മാറുന്നു. സ്ഥലകാലങ്ങളുടെ നിയതമായ ക്രമം തലകീഴായി മറിയുന്നു. ഈ മലക്കം മറിച്ചിലൂടെ ചരിത്രവും, ഹിംസാത്മകതയും, ലൈംഗികതയുമെല്ലാം വിചാരണ ചെയ്യപ്പെടുകയും അപനിര്‍മ്മാണത്തിലൂടെ പുനര്‍വിന്യസിക്കപ്പെടുകയും ചെയ്യുന്നു. ബദല്‍ ചരിത്രവും സംസ്കാരവും ഇത്തരം കഥകളിലൂടെ രൂപം കൊള്ളുന്നു.
ഫാന്‍റസി അയഥാര്‍ത്ഥമായതുകൊണ്ടു തന്നെ ഭൗതിക യാഥാര്‍ത്ഥ്യം, വസ്തുനിഷ്ഠത എന്നീ മൗലിക ഘടകങ്ങളെ ലംഘിച്ചുകൊണ്ടാണ് കഥാപരിസരം മുന്‍പോട്ട് ചലിക്കുന്നത്. രേഖീയമല്ലാത്ത ഈ പ്രയാണം സാഹിത്യസൃഷ്ടിയെ അഭൗമികമായ സ്ഥലകാലരാശിയില്‍ കൊണ്ടത്തിക്കുന്നു. ബാഹ്യമായ നിയമനിരാസത്തിലൂടെ ആന്തരിക യാഥാര്‍ത്ഥ്യത്തിന്‍റെ സൂക്ഷ്മതലങ്ങള്‍ ഹരീഷ് ഫാന്‍റസിയിലൂടെ ആവിഷ്ക്കരിക്കുന്നു. കഥാസാഹിത്യം കാലാകാലങ്ങളായി പരിചരിച്ചു പോരുന്ന ഭാവുകത്വ പരിസരങ്ങളെയും, സൗന്ദര്യാത്മക തലങ്ങളെയും മറികടക്കാനുള്ള ശ്രമമെന്ന നിലയില്‍ ഫാന്‍റസി ഹരീഷ് എന്ന കഥാകൃത്ത് അദ്ദേഹത്തിന്‍റെ കഥകളില്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തിയിരിക്കുന്നു.
സഹായക ഗ്രന്ഥങ്ങള്‍
ഹരീഷ്, എസ.് 2005. രസവിദ്യയുടെ ചരിത്രം. കോട്ടയം: ഡി.സി. ബുക്സ്.
നെല്ലിവിള, സോമന്‍. 2013. സ്ഥലം കാലം ചെറുകഥ. കോട്ടയം: കറന്‍റ്ബുക്സ്, ഡി. സി. ബുക്സ്.
ഷീബാ, ദിവാകരന്‍. (എഡിറ്റര്‍) 2021. പുതിയ കഥ പുതിയ വായന.
കോഴിക്കോട്: പാവനാത്മ പബ്ലിക്കേഷന്‍സ്.
വാതുശ്ശേരി, വത്സലന്‍. 2004. കഥയും ഫാന്‍റസിയും. കോട്ടയം: കറന്‍റ് ബുക്സ്.