Slave Lives On the Deserts
Soorya murali S
Migrants are those who live in foreign countries for the purpose of employment or education, with the aim of economic and cultural advancement. The diasporic history of the Keralaites is very extensive and widespread. Keralaites have migrated to different parts of the world for employment, education, and other purposes. One of the most significant of these is labour migration to the Gulf countries. The Gulf migration, which changed the economic and cultural sectors of Kerala, continues even today. With the discovery of oil fields, the Gulf countries rose economically, required more employees for developmental activities, and thus created so many job opportunities. Since the 1970s, Malayalis have been migrating to the Gulf countries for various jobs. Such migrations became the subject of novels, which are depictions of social life. A large number of novels were written in Malayalam based on the Gulf diaspora experiences. Two of the most widely read and discussed novels among these are Benyamin's "Addujeevitham" and Rasheed Parakkal's "Oru Thakkaali Krishikkaarante Swapnangal". Both the novels portray the lives of ordinary men who have been forced into poor working conditions. Najeem in "Aadujeevitam" and Asis in "Oru Thakkaali Krishikkaarante Swapnangal" have to work like slaves under the authority of Arbab. Along with this, identity crises and nostalgic memories resulted by migration are presented in both the novels. Based on these two novels, this article tries to discuss the different aspects of migrant life and identity crisis. And the article tries to Problamatise the living conditions of the migrant workers and labour conditions portrayed in the novels by focusing on the theoretical aspects of labor Diaspora. Migrants are a group that is facing so many crises in terms of their country, language, and cultural identity. The article also discusses how such crises are portrayed in these novels.
Keywords: Diaspoa – Labor Diaspora – Slavery - Power – Cultural Identity – Identity Crisis
Reference:
David B. Grusky (Edi.), 2018. Social Stratification, Weseview press, Newyork, USA.
Pratheesh A.S (Edi.), 2019. Pravasa sahithyam, The State Institute of Languages, kerala, Thiruvananthapuram
Rasheed Paraykkal, 2014. Oru Thakkalikrishikkarante Swapnangal, Green Books, Thrissur
Sivadas K.K., 2019. Pravasam prathinidhanavum, Sargathmakathayum, Insight publica, Kozhikode.
മണല്‍പ്പരപ്പിലെ അടിമജീവിതങ്ങള്‍
സൂര്യ മുരളി എസ്
സാമ്പത്തികവും സാംസ്കാരികവുമായ ഉയര്‍ച്ച ലക്ഷ്യമാക്കി തൊഴിലിനോ വിദ്യാഭ്യാസത്തിനോ ആയി അന്യദേശങ്ങളില്‍ ജീവിക്കുന്നവരാണ് പ്രവാസികള്‍. കേരളത്തിന്‍റെ പ്രവാസചരിത്രം വിപുലമാണ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് മലയാളികള്‍ തൊഴിലിനും വിദ്യാഭ്യാസത്തിനും മറ്റാവശ്യങ്ങള്‍ക്കുമായി എത്തിച്ചേര്‍ന്നിട്ടുണ്ട്. അവയില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ഗള്‍ഫ്രാജ്യങ്ങളിലേക്ക് നടന്ന തൊഴില്‍പ്രവാസങ്ങള്‍. കേരളത്തിന്‍റെ സാമ്പത്തിക സാംസ്കാരിക മേഖലകളെ ഒന്നാകെ മാറ്റിമറിച്ച ഗള്‍ഫ്പ്രവാസം ഇന്നും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. എണ്ണഖനികള്‍ കണ്ടെത്തിയതോടെ ഗള്‍ഫ്രാജ്യങ്ങള്‍ സാമ്പത്തികമായി ഉയരുകയും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ തൊഴിലാളികളെ ആവശ്യമായി വരികയും ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്തു. 1970-കള്‍ മുതല്‍ മലയാളികള്‍ വിവിധ തൊഴിലുകള്‍ക്കായി ഗള്‍ഫ് രാജ്യങ്ങളില്‍ എത്തപ്പെട്ടു. ഇത്തരത്തിലുള്ള പ്രവാസങ്ങള്‍ സാമൂഹിക ജീവിതചിത്രീകരണങ്ങളായ നോവലുകള്‍ക്ക് പ്രമേയമായിത്തീര്‍ന്നു. ഗള്‍ഫ്പ്രവാസജീവിതം ഇതിവൃത്തമാക്കി ധാരാളം നോവലുകള്‍ മലയാളത്തില്‍ എഴുതപ്പെട്ടു. അവയില്‍ ഏറ്റവുമധികം വായിക്കപ്പെട്ടതും ചര്‍ച്ചചെയ്യപ്പെട്ടതുമായ രണ്ട് നോവലുകളാണ് ബെന്യാമിന്‍റെ ആടുജീവിതവും റഫീക്ക് പാറയ്ക്കലിന്‍റെ ഒരു തക്കാളിക്കൃഷിക്കാരന്‍റെ സ്വപ്നങ്ങളും. ഇരു നോവലുകളിലും അവതരിപ്പിക്കപ്പെടുന്നത് മോശം തൊഴില്‍ സാഹചര്യങ്ങളില്‍ എത്തപ്പെട്ട സാധാരണക്കാരായ മനുഷ്യരുടെ ജീവിതമാണ്. അര്‍ബാബ് എന്ന അധികാരകേന്ദ്രത്തിന്‍റെ കീഴില്‍ അടിമകളെപ്പോലെ ജോലി നോക്കേണ്ടിവരുന്നുണ്ട് ആടുജീവിതത്തിലെ നജീം എന്ന കഥാപാത്രത്തിനും ഒരു തക്കാളിക്കൃഷിക്കാരന്‍റെ സ്വപ്നങ്ങളിലെ അസീസിനും. ഒപ്പം പ്രവാസം സൃഷ്ടിക്കുന്ന സ്വത്വപ്രതിസന്ധികളും ഗൃഹാതുരത്വവും ഇരു നോവലുകളിലും അവതരിപ്പിക്കപ്പെടുന്നുണ്ട്. നോവലുകളെ അടിസ്ഥാനമാക്കി പ്രവാസജീവിതത്തിന്‍റെ ഭിന്നതലങ്ങളും സ്വത്വപ്രതിസന്ധികളും ചര്‍ച്ചചെയ്യാന്‍ ശ്രമിക്കുകയാണ് ലേഖനത്തിലൂടെ. ഒപ്പം തൊഴില്‍പ്രവാസത്തിന്‍റെ സൈദ്ധാന്തികവശങ്ങളെ മുന്‍നിര്‍ത്തി നോവലുകളില്‍ അവതരിപ്പിക്കപ്പെടുന്ന തൊഴിലാളികളുടെ ജീവിതാവസ്ഥകളെയും തൊഴില്‍ സാഹചര്യങ്ങളെയും വിശകലനവിധേയമാക്കാനും ലേഖനം ശ്രമിക്കുന്നു. ദേശം, ഭാഷ, സാംസ്കാരികസ്വത്വം എന്നിവയില്‍ ഏറ്റവുമധികം പ്രതിസന്ധി നേരിടുന്നൊരു വിഭാഗമാണ് പ്രവാസികള്‍. നോവലുകളില്‍ ഇത്തരം പ്രതിസന്ധികളെ ആവിഷ്കരിക്കുന്നതെങ്ങനെയെന്നും ലേഖനം ചര്‍ച്ചചെയ്യുന്നു.
താക്കോല്‍ വാക്കുകള്‍: പ്രവാസം, തൊഴില്‍പ്രവാസം, അടിമത്തം, അധികാരം, സാംസ്കാരികസ്വത്വം, സ്വത്വപ്രതിസന്ധി.
മനുഷ്യചരിത്രത്തോളം പഴക്കമുണ്ട് കുടിയേറ്റങ്ങള്‍ക്കും പാലായനങ്ങള്‍ക്കും പ്രവാസജീവിതത്തിനും. അതിജീവനത്തിനും നിലനില്‍പ്പിനുമായി മനുഷ്യന്‍ പലപ്പോഴും സ്വദേശംവെടിഞ്ഞ് അന്യദേശങ്ങളിലേക്ക് യാത്രചെയ്യാന്‍ നിര്‍ബന്ധിതനായിത്തീരുന്നു. ഇങ്ങനെയുള്ള യാത്രകള്‍ രൂപപ്പെടുത്തുന്ന പ്രവാസജീവിതം കാലം, ദേശം, സംസ്കാരം എന്നിവയ്ക്കനുസൃതമായി വ്യത്യസ്തമായ അനുഭവപരിസരം സംവഹിക്കുന്നു. സാമ്പത്തികവും സാംസ്കാരികവുമായ ഉയര്‍ച്ച ലക്ഷ്യമാക്കി തൊഴിലിനോ വിദ്യാഭ്യാസത്തിനോ ആയി അന്യദേശങ്ങളില്‍ ജീവിക്കുന്നവരാണ് ഇന്നത്തെ പ്രവാസികള്‍ ഏറെയും. പ്രവാസത്തില്‍നിന്നും വ്യത്യസ്തമാണ് പാലായനത്തിന്‍റെയും കുടിയേറ്റത്തിന്‍റെയും സാംസ്കാരികപശ്ചാത്തലം. രാഷ്ട്രീയ സാമൂഹിക കാരണങ്ങള്‍കൊണ്ട് സ്വദേശത്തെ പൂര്‍ണ്ണമായി ഉപേക്ഷിക്കേണ്ടിവരികയും മടക്കയാത്ര അസാധ്യമാവുകയും ചെയ്യുന്ന സാമൂഹികാവസ്ഥയാണ് പാലായനത്തിന്‍റേത്. കുടിയേറ്റം എന്നത് വ്യത്യസ്ത കാരണങ്ങള്‍കൊണ്ട് മനുഷ്യന്‍ സ്വദേശത്തെ ഉപേക്ഷിച്ച് സ്ഥിരമായോ ദീര്‍ഘകാലത്തേക്കോ നടത്തുന്ന യാത്രയാണ്. കുടിയേറ്റക്കാരെയും പാലായനം ചെയ്യപ്പെട്ടവരെയും അപേക്ഷിച്ച് മടങ്ങിവരവിന്‍റെ ഒരു സുദിനം സ്വപ്നംകാണുന്നവരാണ് പ്രവാസികള്‍. പാലായനങ്ങള്‍ക്കും കുടിയേറ്റങ്ങള്‍ക്കും പിന്നില്‍ രാഷ്ട്രീയ സാമൂഹിക പ്രേരണകള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ പ്രവാസം പലപ്പോഴും സ്വമേധയാ സ്വീകരിക്കുന്നതാണ്.
മലയാളികളുടെ പ്രവാസചരിത്രം വിപുലമാണ്. ലോകത്തിന്‍റെ എല്ലാഭാഗങ്ങളിലേക്കും തൊഴിലിനും വിദ്യാഭ്യാസത്തിനും മറ്റാവശ്യങ്ങള്‍ക്കുമായി മലയാളികള്‍ കടന്നുചെന്നിട്ടുണ്ട്. അവയില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ഗള്‍ഫ്രാജ്യങ്ങളിലേക്കുള്ള തൊഴില്‍പ്രവാസങ്ങള്‍ (Labour Diaspora) ഇരുപതാംനൂറ്റാണ്ടിന്‍റെ ആദ്യദശകങ്ങളില്‍ എണ്ണഖനികള്‍ കണ്ടെത്തിയതോടുകൂടി ഗള്‍ഫ്രാജ്യങ്ങളിലേക്കുള്ള പ്രവാസം ആരംഭിക്കുന്നു. 1970കളോടെ സാമ്പത്തികമായി ഗള്‍ഫ് രാജ്യങ്ങള്‍ ഉയരുകയും അവരുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി തൊഴിലാളികളെ ആവശ്യമായി വരികയും ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്തു. അത്തരത്തില്‍ ആരംഭിച്ച തൊഴില്‍ പ്രവാസം ഇന്നും അനുസ്യൂതമായി തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യത ആവശ്യമുള്ള മേഖലകള്‍ മുതല്‍ ഏറ്റവും താഴെത്തട്ടിലെ തൊഴില്‍ ഇടങ്ങളില്‍ വരെ മലയാളി സാന്നിധ്യമുണ്ട്. "ഇരുപത് ലക്ഷത്തിലേറെ മലയാളികള്‍ ഗള്‍ഫ് മേഖലയിലുണ്ട്."1 താല്‍ക്കാലികസ്വാഭാവമുള്ളതാണ് മലയാളികളുടെ ഗള്‍ഫ് പ്രവാസം.
അനുദിനജീവിതവുമായി ഇഴചേര്‍ന്നിരിക്കുന്ന പ്രവാസാനുഭവങ്ങളും അതുമായി ബന്ധപ്പെട്ട ഗൃഹാതുരത്വവും സ്വത്വപ്രതിസന്ധികളുമൊക്കെ സ്വാഭാവികമായും സാമൂഹികജീവിതചിത്രണങ്ങളായ നോവലുകള്‍ക്ക് പ്രമേയമായിത്തീര്‍ന്നു. സല്‍മാന്‍ റുഷ്ദി, അനിതാദേശായി, ഭാരതീമുഖര്‍ജി എന്നിവരൊക്കെ ഇന്ത്യന്‍ പ്രവാസസാഹിത്യത്തെ ലോകശ്രദ്ധയിലെത്തിച്ച എഴുത്തുകാരാണ്. ഗള്‍ഫ് പ്രവാസജീവിതം ഇതിവൃത്തമായി നിരവധി നോവലുകള്‍ മലയാളത്തിലും എഴുതപ്പെട്ടു. അവയില്‍ ഏറ്റവുമധികം വായിക്കപ്പെട്ടതും ചര്‍ച്ചചെയ്യപ്പെട്ടതുമായ രണ്ടു നോവലുകളാണ് ബെന്യാമിന്‍റെ ആടുജീവിതവും റഷീദ് പാറയ്ക്കലിന്‍റെ ഒരു തക്കാളികൃഷിക്കാരന്‍റെ സ്വപ്നങ്ങളും. മലയാളനോവലിന്‍റെ വിപുലമായ വിഷയപരിധി അടയാളപ്പെടുത്തുന്ന ഈ നോവലുകളെ അടിസ്ഥാനമാക്കി പ്രവാസജീവിതത്തിന്‍റെ ഭിന്നതലങ്ങളെ അഭിവീക്ഷിക്കുകയാണിവിടെ.
തൊഴില്‍പ്രവാസത്തിന്‍റെ അടയാളങ്ങള്‍
പ്രവാസത്തിന്‍റെ പ്രേരകഘടകങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് സാമ്പത്തികമാണ്. ഉപജീവനവും നിലനില്‍പ്പുമാണ് തൊഴില്‍ പ്രവാസങ്ങളുടെ അടിസ്ഥാനപരമായ ലക്ഷ്യം. മെച്ചപ്പെട്ട ജോലിയോ ജീവിതസൗകര്യങ്ങളോ സ്വദേശത്ത് ലഭിക്കാതെവരുമ്പോള്‍ മനുഷ്യന്‍ പ്രവാസിയായിത്തീരുന്നു. അമേരിക്കന്‍ സാമ്പത്തികശാസ്ത്രജ്ഞനായ മിഖായേല്‍ ജെ. പിയോറിന്‍റെ (Michael J. Piore) ഇരട്ട തൊഴില്‍ വിപണിസിദ്ധാന്തം (The Duel Labor Market Theory and Implications).2 തൊഴില്‍ പ്രവാസത്തെ സൈദ്ധാന്തികമായി വിലയിരുത്താന്‍ ഉപയുക്തമാണ്. സിദ്ധാന്തമനുസരിച്ച് വികസിതമായ മുതലാളിത്ത സമ്പദ്വ്യവസ്ഥകള്‍ അവരുടെ തൊഴില്‍ വിപണികളെ പ്രാഥമിക, ദ്വിതീയമേഖലകളായി തിരിച്ചിരിക്കുന്നു. ഉയര്‍ന്ന വേതനം, നല്ല തൊഴില്‍ സാഹചര്യങ്ങള്‍, തൊഴില്‍ സുരക്ഷിതത്വം, തൊഴില്‍ നിയമങ്ങളുടെ അടിസ്ഥാനത്തിലുള്ള തുല്യപരിഗണനയും വേതന സംവിധാനവുമൊക്കെയുള്ള പ്രാഥമിക തൊഴില്‍മേഖല സ്വദേശികള്‍ക്കായി നീക്കിവെയ്ക്കുന്നു. കുറഞ്ഞ വേതനവും മോശം തൊഴില്‍ സാഹചര്യങ്ങളുമുള്ള ദ്വിതീയ തൊഴില്‍മേഖല പ്രവാസി തൊഴിലാളികള്‍ക്കായി മാറ്റുന്നു. പിയോറിന്‍റെ സിദ്ധാന്തമനുസരിച്ച് പ്രവാസങ്ങള്‍ സംഭവിക്കുന്നത് സ്വദേശത്തെ വികര്‍ഷക ഘടകങ്ങളെക്കാള്‍ ഉപരി വികസിതരാജ്യങ്ങളിലെ ആകര്‍ഷകഘടകങ്ങളാലാണ്.
മലയാളികളുടെ ഗള്‍ഫ്പ്രവാസവും ആകര്‍ഷകഘടകങ്ങളാല്‍ പ്രേരിതമാണ്. മിഖായേല്‍ ജെ. പിയോര്‍ സൂചിപ്പിക്കുന്നതുപോലുള്ള പ്രഥമ, ദ്വിതീയ തൊഴില്‍ വിഭജനം ഗള്‍ഫ് മേഖലകളിലും നിലനില്‍ക്കുന്നുണ്ട്. ഉയര്‍ന്ന പദവികളില്‍ പ്രവാസികള്‍ നിയമിതരാകാറുണ്ടെങ്കിലും അവരുടെ മേലധികാരികള്‍ സ്വദേശി പൗരന്മാര്‍ തന്നെയാണ്. മലയാളികളടക്കമുള്ള പ്രവാസിസമൂഹം മിക്കപ്പോഴും ദ്വിതീയ തൊഴില്‍ മേഖലകളിലേക്കാണ് എത്തപ്പെടുന്നത്. ഇത്തരത്തില്‍ മോശം തൊഴില്‍ സാഹചര്യങ്ങളില്‍ എത്തപ്പെട്ട മനുഷ്യരുടെ ജീവിതത്തെയാണ് ബെന്യാമിന്‍റെ ആടുജീവിതം, റഷീദ് പാറയ്ക്കലിന്‍റെ ഒരു തക്കാളികൃഷിക്കാരന്‍റെ സ്വപ്നങ്ങള്‍ എന്നീ നോവലുകള്‍ ആവിഷ്ക്കരിക്കുന്നത്.
മണല്‍പ്പരപ്പില്‍ ജീവിതം തേടിപ്പോയവര്‍
ആഗ്രഹിക്കുന്ന വിധത്തിലുള്ള ജീവിതം സ്വദേശത്ത് ലഭിക്കാതെ വരുന്ന സാഹചര്യത്തിലാണ് പുതിയ അവസരങ്ങള്‍ തേടി മനുഷ്യര്‍ പ്രവാസജീവതത്തിലേക്ക് കടന്നുചെല്ലുന്നത്. 1970കള്‍ മുതലിങ്ങോട്ട് മലയാളിപ്രവാസത്തിന്‍റെ നല്ലൊരുപങ്കും ഗള്‍ഫ് മേഖലയിലേക്കാണ് നടന്നിട്ടുള്ളത്. ഗള്‍ഫ് പ്രവാസത്തിലേക്ക് സാധാരണക്കാരെ കൂടുതലായി ആകര്‍ഷിക്കാന്‍ ആദ്യകാലങ്ങളില്‍ പ്രവാസം സ്വീകരിച്ചവരുടെ സംഭാവന വളരെ വലുതായിരുന്നു. മുന്‍പ്രവാസികളുടെ അനുഭവങ്ങളും പ്രതികരണവുംമൂലം സാധാരണക്കാര്‍ക്ക് ഗള്‍ഫ് ഒരു സുന്ദരസ്വപ്നമായിത്തീര്‍ന്നു. നിറമുള്ള സ്വപ്നങ്ങളും പ്രതീക്ഷകളുമായി ഗള്‍ഫിലെത്തപ്പെട്ടവരാണ് ബെന്യാമിന്‍റെ ആടുജീവിതത്തിലെ നജീബും റഷീദ് പായ്ക്കലിന്‍റെ ഒരു തക്കാളികൃഷിക്കാരന്‍റെ സ്വപ്നങ്ങളിലെ അസീസും. എന്നാല്‍ ഇരുവര്‍ക്കും നേരിടേണ്ടിവന്നത് ഭീതിദമായ അടിമത്തവും അമിതമായ ജോലിഭാരവും ദുരിതപൂര്‍ണമായ ഒറ്റപ്പെടലും കൊടിയ പീഢനങ്ങളുമായിരുന്നു. സുന്ദരമായ ഗള്‍ഫ് സങ്കല്പങ്ങളെ തകര്‍ത്തെറിയുക മാത്രമല്ല, മണലാരണ്യങ്ങളിലെ പച്ചയായ ജീവിതങ്ങളെ ആവിഷ്കരിക്കുകകൂടി ചെയ്യുന്നു ഇരുനോവലുകളും.
മലയാളത്തില്‍ ഏറ്റവുമധികം വായിക്കപ്പെട്ട നോവലുകളിലൊന്നാണ് ആടുജീവിതം. ചുട്ടുപൊള്ളുന്ന ജീവിതാനുഭവങ്ങളുടെ തീക്ഷ്ണമായ ചിത്രീകരണംകൊണ്ടും സരളമധുരമായ ഭാഷകൊണ്ടുമൊക്കെ നോവല്‍ വ്യത്യസ്തമായി നിന്നു. ഒപ്പം, ഗള്‍ഫ് പ്രവാസം എന്നത് മലയാളികളുടെ ജീവിതത്തോട് അത്രമാത്രം ചേര്‍ന്നുനില്‍ക്കുന്ന അനുഭവപരിസരം കൂടിയാണ്. "വൈകാരികാഘാതമേല്പിക്കുന്ന തരത്തിലുള്ള മുഹൂര്‍ത്തങ്ങള്‍ നോവലിലുള്ളതാണ് ആടുജീവിതം വിപുലമായി വായിക്കപ്പെടാന്‍ ഒരു കാരണം"3
മണല്‍ വാരി ജീവിക്കുന്ന നജീബിന് ഗള്‍ഫില്‍ പോകാനൊരു അവസരം ലഭിക്കുന്നു. പോകാനുള്ള പണം കടം വാങ്ങി കണ്ടെത്തുന്ന നജീബ് ഏറെ സ്വപ്നങ്ങളും പ്രതീക്ഷകളുമായാണ് സൗദിയിലേക്ക് വിമാനം കയറുന്നത്. നാട്ടില്‍നിന്നാല്‍ കൂട്ടുകെട്ടില്‍ നശിച്ചുപോകുമെന്ന ഭയത്താല്‍ വീട്ടുകാരുടെ നിര്‍ബന്ധപ്രകാരം പ്രവാസത്തെ സ്വീകരിക്കുന്ന ഹക്കിം എന്ന ചെറുപ്പക്കാരനും നജീബിനൊപ്പം സൗദിയിലെത്തുന്നു. സ്പോണ്‍സറെ തേടിനടക്കുന്ന സാഹചര്യത്തില്‍ മറ്റൊരു അറബി ഇരുവരെയും തട്ടിക്കൊണ്ടുപോകുന്നു. അവിടെനിന്നും ആരംഭിക്കുന്ന നരകതുല്യമായ ജീവിതം അവസാനിക്കുന്നത് മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറമാണ്. നഗരത്തില്‍നിന്ന് ഏറെയകലെയുള്ള മരുഭൂമിയില്‍ എത്തപ്പെടുന്ന നജീബും ഹക്കീമും രണ്ട് മസറകളിലേക്ക് നയിക്കപ്പെടുന്നു. താന്‍ ആഗ്രഹിച്ച ജോലിയല്ല ലഭിച്ചതെന്ന തിരിച്ചറിവുമായി നജീബ് ആടുകളെ നോക്കുന്ന ജോലിയില്‍ പ്രവേശിക്കുന്നു. ജോലിയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ നല്‍കുന്ന ഭീകരരൂപി പെട്ടെന്നൊരു ദീവസം അപ്രത്യക്ഷമാകുന്നു. മസറയിലെ ജീവിതസാഹചര്യങ്ങള്‍ മറ്റൊരു ഭീകരരൂപിയായി നജീബിനെ മാറ്റുന്നു. അര്‍ബാബില്‍നിന്ന് നേരിടേണ്ടി വരുന്ന ദുരനുഭവങ്ങള്‍ നജീബിനെ കൂടുതല്‍ തളര്‍ത്തുന്നു. നാളുകള്‍ക്കിപ്പുറം അര്‍ബാബിന്‍റെ ശ്രദ്ധയില്‍പ്പെടാതെ നജീബും ഹക്കീമും വീണ്ടും കണ്ടുമുട്ടുന്നു. രക്ഷപ്പെടാനുള്ള പദ്ധതികള്‍ തയ്യാറാക്കുന്നു. സഹായത്തിനായി ഇബ്രാഹിം ഖാദിരി എന്ന ആഫ്രിക്കക്കാരനും എത്തുന്നു. ദുരിതപൂര്‍ണ്ണമായ യാത്രയില്‍ ഹക്കീം മരിക്കുന്നു. യാത്രയുടെ അന്ത്യത്തില്‍ ഖാദിരി അപ്രത്യക്ഷനാകുന്നു. മറ്റൊരു അറബിയുടെ സഹായത്താല്‍ നഗരത്തിലെത്തുന്ന നജീബ് കുഞ്ഞിക്ക എന്ന വ്യക്തിയുടെ അരികിലെത്തുന്നു. അറബിയുടെ അരികില്‍നിന്ന് ഓടിപ്പോരുന്ന ഹമീദ് എന്നൊരു സുഹൃത്തിനെയും പരിചയപ്പെടുത്തുന്നു കുഞ്ഞിക്ക. ഇരുവരും അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശം പാലിച്ച് പോലീസില്‍ പിടികൊടുക്കുന്നു. സ്പോണ്‍സര്‍ തിരിച്ചറിഞ്ഞ ഹമീദിനെ കൊണ്ടുപോകുന്നു. എന്നാല്‍ മൂന്നുവര്‍ഷങ്ങള്‍ക്കിപ്പുറം നജീബ് തന്‍റെ നഗരതുല്യമായ ജീവിതത്തില്‍നിന്ന് രക്ഷപ്പെടുന്നു.
റഷീദ് പാറയ്ക്കലിന്‍റെ ആത്മകഥാംശം ഉള്‍ക്കൊള്ളുന്ന ഒരു തക്കാളിക്കൃഷിക്കാരന്‍റെ സ്വപ്നം എന്ന നോവല്‍ പുറത്തുവരുന്നത് 2009-ല്‍ ആണ്. മനോഹരമായ ഗള്‍ഫ് സ്വപ്നങ്ങളുമായി ദുബായില്‍ എത്തിച്ചേര്‍ന്ന് മരുഭൂമിയിലെ തക്കാളിത്തോട്ടത്തിലെ തൊഴിലാളിയായിത്തീരേണ്ടിവന്ന അസീസ് എന്ന ചെറുപ്പക്കാരന്‍റെ ജീവിതമാണ് നോവല്‍ പറയുന്നത്. അമ്മാവന്‍റെ മകന്‍ വഴി ലഭിക്കുന്ന വിസയുമായി എയര്‍പ്പോര്‍ട്ടില്‍ എത്തുമ്പോള്‍ എമിഗ്രേഷന്‍ ലഭിക്കില്ല എന്ന് തിരിച്ചറിയുന്ന അസീസ് ആരുടെയൊക്കെയോ ദയാവായ്പുകൊണ്ട് വിമാനം കയറുന്നു. ജോലിസ്ഥലത്ത് എത്തിച്ചേര്‍ന്ന അയാള്‍ പൂര്‍ണ്ണമായും ഒറ്റപ്പെടുന്നു. ഭാഷയും സംസ്കാരവും വ്യത്യസ്തമായ സഹപ്രവര്‍ത്തകര്‍ക്കൊപ്പമുള്ള താമസവും, കഠിനവും വിശ്രമരഹിതവുമായ ജോലികളും അസീസിനെ മാനസികമായും ശാരീരികമായും തളര്‍ത്തുന്നു. ഒട്ടകത്തിന്‍റെ അസ്ഥിപജ്ഞരത്തോടാണ് അസീസ് തന്‍റെ വേദനകള്‍ പങ്കുവെയ്ക്കുന്നത്. തക്കാളിത്തോട്ടത്തില്‍ അസീസിന് നയിക്കേണ്ടിവരുന്നതും അടിമജീവിതം തന്നെയാണ്. ദുരിതജീവിതത്തിനിടയില്‍ എല്ലാ മാസവും ലഭിക്കുന്ന തുച്ഛമായ ശമ്പളം മാത്രമാണ് അയാള്‍ക്ക് സന്തോഷം നല്‍കുന്നത്.
അധികാരവും അടിമജീവിതങ്ങളും
'അര്‍ബാബ്' എന്ന അധികാരകേന്ദ്രത്തെയാണ് ഇരു നോവലുകളും പ്രശ്നവത്കരിക്കുന്നത്. ആടുജീവിതത്തില്‍ സ്പോണ്‍സറെ കാത്തുനിന്ന നജീബിനെയും ഹക്കീമിനെയും തട്ടിക്കൊണ്ട് പോകുന്നിടം മുതല്‍ അര്‍ബാബിന്‍റെ ക്രൂരതകള്‍ ആരംഭിക്കുന്നു. വേണ്ടത്ര ഭക്ഷണമോ, വെള്ളമോ, വിശ്രമമോ നല്‍കാതെ അതികഠിനമായി ജോലി എടുപ്പിച്ചും ചെറിയ തെറ്റുകള്‍ക്കുപോലും അതിക്രൂരമായി മര്‍ദ്ദിച്ചും അര്‍ബാബ് തന്‍റെ അധികാരം ഉറപ്പിക്കുന്നു. എപ്പോഴും അര്‍ബാബിന്‍റെ ബൈനോക്കുലറിന്‍റെ നോട്ടം തന്‍റെ നേരെയുണ്ട് എന്ന തിരിച്ചറിവ് നജീബിന്‍റെ സ്വകാര്യതകള്‍ക്കുമേലുള്ള നിയന്ത്രണംകൂടിയായിരുന്നു. മസറയിലെത്തിയതിന്‍റെ അടുത്തദിവസം പ്രാഥമികകര്‍മ്മങ്ങള്‍ക്കായി വെള്ളം എടുത്തതിന് അര്‍ബാബ് നജീബിനെ ശിക്ഷിക്കുന്നു. ജീവിതരീതികളില്‍പോലുമുള്ള അര്‍ബാബിന്‍റെ ഇടപെടലുകലുകളും അമിതജോലിഭാരവും നജീബിന് ഓര്‍മ്മകള്‍ക്കുപോലും വിലക്കേര്‍പ്പെടുത്തേണ്ട സാഹചര്യം ഉണ്ടാക്കുന്നു.
മസറയിലെ ദുരിതജീവിതം നജീബിനെ മറ്റൊരാടാക്കി തീര്‍ക്കുന്നു. ഭീകരരൂപിയുടെ അനുഭവം തികച്ചും താനൊരു അടിമയാണ് എന്ന് നജീം ഉറച്ചുവിശ്വാസിക്കാനിട നല്‍കുന്നതായിരുന്നു. ഒരിക്കല്‍ രക്ഷപ്പെടാന്‍ നടത്തിയ ശ്രമത്തിന് ആടുകളുടെ കൂട്ടില്‍ ഭക്ഷണമില്ലാതെ കഴിയാനുള്ള ശിക്ഷക്ക് വിധിക്കുന്നു. "കൂട്ടിലിട്ടുവളര്‍ത്തിയ ഒരാടിനെ അഴിച്ചുവിട്ടാലും അതു കുറച്ചുകഴിയുമ്പോള്‍ താനെ തിരിച്ചുവരും. അതുപോലെ ആയിക്കഴിഞ്ഞിരുന്നു ഞാനും. ഈ രൂപവും ഈ വേഷവും വെച്ചുകൊണ്ട് എനിക്കെങ്ങോട്ടും പോകാനില്ല. ഞാന്‍ ഒരാടാണ് എന്‍റെ ജീവിതം ഈ മസറയില്‍ തന്നെ. ഒന്നുകില്‍ ജീവിതാന്ത്യം വരെ അല്ലെങ്കില്‍ എന്തെങ്കിലും രോഗം പിടിപെട്ട് പെട്ടെന്നു ചാവുന്നതുവരെ. എന്‍റെ ഈ വൃത്തികെട്ട രൂപം, വൃത്തികെട്ട മുഖം, വൃത്തികെട്ട ജീവിതം ആരെയും കാണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്‍റേത് ആടുജീവിതമാണ്"4 എന്ന് നജീബ് പറയുന്നിടത്ത് അടിമത്തം മൂലം പ്രത്യാശകള്‍ നഷ്ടപ്പെട്ട മനുഷ്യനെയാണ് നാം കാണുന്നത്. ഗള്‍ഫിലെ തൊഴില്‍ നിയമങ്ങളും സ്പോണ്‍സര്‍മാരുടെ അധികാരങ്ങളും ജയിലില്‍ വച്ച് നജീബ് തിരിച്ചറിയുന്നുണ്ട്. ഗര്‍ഫിനെപ്പറ്റിയുള്ള പതിവ് സങ്കല്പങ്ങള്‍ക്ക് വിരുദ്ധമായിരുന്നു ആടുജീവിതം. സമ്പന്നതയുടെയും ആഡംബരങ്ങളുടെയും പ്രാഥമിക തൊഴില്‍മേഖലകളുടെ നേര്‍ വിപരീതമാണ് തൊഴില്‍ പ്രവാസങ്ങളുടെ ദ്വിതീയ മേഖല. ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യത ആവശ്യമില്ലാത്ത തൊഴിലുകള്‍ക്കായി എത്തുന്ന പ്രവാസികള്‍ തൊഴിലുടമയുടെ ചൂഷണങ്ങള്‍ക്ക് വിധേയമാകേണ്ടിവരുന്നുണ്ട്.
നജീമിനെപ്പോലെ തന്നെ ആഗ്രഹിച്ച തൊഴില്‍ സഹചര്യത്തിലേക്കായിരുന്നില്ല തക്കാളിക്കൃഷിക്കാരന്‍റെ സ്വപ്നങ്ങളിലെ അസീസും എത്തിച്ചേര്‍ന്നത്. നജീമിന്‍റെ ക്രൂരമായ അനുഭവങ്ങളില്‍നിന്നും വ്യത്യസ്തമെങ്കിലും അര്‍ബാബിന്‍റെ കീഴില്‍ അടിമയെപ്പോലെ ജോലിചെയ്യേണ്ടിവന്നു അസീസിനും. ഒരു ദിവസം പോലും വിശ്രമമില്ലാതെ ജോലിനോക്കേണ്ടിവരുന്നു. "ഇതു നിയമപ്രകാരം പണിക്കിറങ്ങേണ്ട സമയമാണോ? ഇതൊക്കെ എവിടുത്തെ ന്യായം? ഇതെന്താ അടിമത്താവളമോ? മനസ്സില്‍ തികട്ടിവന്ന രോഷമെല്ലാം മനസ്സിലിട്ടുതന്നെ മൂടി. അല്ലാതെ എന്തുചെയ്യാന്‍?"5 ഒരുദിവസംപോലും വിശ്രമമില്ലാതെ, വേണ്ടത്ര ഭക്ഷണംപോലും കഴിക്കാതെ ജോലി നോക്കേണ്ടിവരുന്ന അസീസും അര്‍ബാബിനു കീഴില്‍ നിശബ്ദനാകുന്നു. അര്‍ബാബെന്ന അധികാരകേന്ദ്രം പ്രവാസികള്‍ക്ക് നിരന്തരം ജോലിനല്‍കിക്കൊണ്ടിരിക്കുന്നു. സൂര്യാസ്തമയവും സൂര്യോദയും തോട്ടത്തില്‍ പണിയെടുക്കുമ്പോള്‍ കാണാം എന്ന് പറയുന്നിടത്ത് ജോലിഭാരം വ്യക്തമാണ്. ആടുജീവിതത്തിലെപോലെ അര്‍ബാബ് നേരിട്ട് പലപ്പോഴും ഇടപെടുന്നില്ല. പകരം മസൂല്‍ മുസ്തഫ എന്ന സഹായിയെയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നജീമിനെപ്പോലെതന്നെ അസീസും അര്‍ബാബിന്‍റെ അടിമയായി മാറുന്നു. "ഞാനിപ്പോള്‍ കണ്ണാടിനോക്കാറില്ല, എന്നെക്കാണാന്‍ എനിക്ക് ഭയമാണ്. ഒരുപാട് പ്രതീക്ഷകളോടെ വിമാനമിറങ്ങിയ ആ പഴയ യുവാവല്ല ഞാന്‍. കാലങ്ങളായി പുറംലോകം കാണാത്ത ഏതോ ഗുഹാമനുഷ്യനാണ്"6 എന്ന് നോവലിലെ ഒരു സന്ദര്‍ഭത്തില്‍ അസീസ് പറയുന്നുണ്ട്. അടിമത്വത്തിന്‍റെയും സ്വാതന്ത്ര്യനിഷേധത്തിന്‍റെയും തീവ്രത വ്യക്തമാക്കുന്നതാണ് ഈ സന്ദര്‍ഭം. മറ്റൊരുവസരത്തില്‍ സുഹൃത്തായ അച്ചായന്‍ എന്ന വ്യക്തി പറയുന്നു. "ഒരു സ്വാതന്ത്ര്യവുമില്ല. ഒരു ദിവസം പോലും ലീവില്ല. സാമ്പത്തികമാണങ്കില്‍ മിച്ചംവെക്കാന്‍ പോലും കിട്ടുന്നില്ല. അദ്ധ്വാനം തന്നെ അദ്ധ്വാനം അടിമകളെപ്പോലെ പണിയെടുക്കുക"7 ഇത് അസീസിന്‍റെയോ അച്ചായന്‍റെയോ മാത്രം ജീവിതമല്ല. ഗള്‍ഫിലെ സാധാരണക്കാരായ തൊഴിലാളികളുടെ പൊതുജീവിതചിത്രമാണ്.
പ്രവാസവും സ്വത്വപ്രതിസന്ധിയും
സ്വത്വപ്രതിസന്ധി ഏറ്റവുമധികം അനുഭവിക്കേണ്ടിവരുന്ന ഒരു വിഭാഗമാണ് നാടുംവീടുംവിട്ട് അന്യദേശത്ത് വസിക്കുന്ന പ്രവാസികള്‍. ദേശം, ഭാഷ, സാംസ്കാരികസ്വത്വം എന്നിവയില്‍ പ്രവാസികള്‍ക്ക് പ്രതിസന്ധികള്‍ നേരിടേണ്ടിവരുന്നു. ജന്മദേശം വിട്ടുപോരുന്നതിന്‍റെയും പുതിയ പരിതസ്ഥിതിയുമായി പൊരുത്തപ്പെടുന്നതിന്‍റെയും ഭാഗമായി വ്യക്തികള്‍ സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്നു. സ്വത്വത്തെ നിര്‍ണ്ണയിക്കുന്ന ഘടകങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടവ ദേശം, ഭാഷ, മതം, ലിംഗം, ആചാരാനുഷ്ഠാനങ്ങള്‍, വിശ്വാസങ്ങള്‍ എന്നിവയൊക്കെയാണ്. ഒരു പ്രവാസിയെ സംബന്ധിച്ചിടത്തോളം ഏറ്റവും അധികം പ്രതിസന്ധി നേരിടേണ്ടിവരുന്നത് ദേശം, ഭാഷ, സംസ്കാരം എന്നിവയില്‍ ആണ്. സ്വദേശത്തെ വിട്ടുപോകുന്ന വ്യക്തി ഒറ്റപ്പടലിന്‍റെ വേദന അറിയുന്നു. ഭാഷയില്‍ സംഭവിക്കുന്ന മാറ്റവും പ്രവാസിയില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. പുതിയ ഭാഷയെ ഉള്‍ക്കൊള്ളുക എന്നത് ഏറെ ശ്രമകരമാണ്. ആടുജീവിതത്തില്‍ ആദ്യമായി മസറയിലെത്തുന്ന നജീം ആശയവിനിമയത്തിന് ബുദ്ധിമുട്ടുന്നതും ജോലിയുമായി ബന്ധപ്പെട്ട വസ്തുതകള്‍ ഉള്‍ക്കൊള്ളാന്‍ ഭാഷ തടസ്സമാകുന്നതും എഴുത്തുകാരന്‍ വ്യക്തമാക്കുന്നുണ്ട്.
പ്രവാസം സ്വീകരിക്കേണ്ടിവരുന്ന ഒരു വ്യക്തിക്ക് സ്വദേശത്തെ താത്കാലികമായി ഉപേക്ഷിക്കേണ്ടിവരുന്നു. ഇത് വ്യക്തിയില്‍ ഒറ്റപ്പെടല്‍ സൃഷ്ടിക്കുന്നു. ഇരുനോവലുകളിലും പ്രവാസജീവിതത്തില്‍ നേരിടേണ്ടിവരുന്ന ഒറ്റപ്പെടലുകളും ദേശത്തെയും കുടുംബത്തെയും കുറിച്ചുള്ള ഗൃഹാതുരമായ ഓര്‍മ്മകളും അവതരിപ്പിക്കുന്നുണ്ട്. തക്കളാക്കൃഷിക്കാരന്‍റെ സ്വപ്നങ്ങളില്‍ അസീസ് പറയുന്നുണ്ട്. "ഗള്‍ഫ് മലയാളികളുടെ ശ്വാസനിശ്വാസങ്ങളുടെ ഇടവേളകള്‍ തോറും ബന്ധുജനങ്ങളുടെയും സുഹൃത്തുക്കളുടെയും മുഖങ്ങള്‍ തെളിഞ്ഞ്വരുമെന്ന്"6. ആടുജീവിതത്തിലെ നജീം തന്‍റെ ദുരിതജീവിതത്തിലേക്ക് കടന്നുവരാന്‍ ഓര്‍മ്മകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നുവെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ പ്രിയപ്പെട്ടവരും വീടും നാടും ചിന്തകളില്‍ കടന്നുവരുന്ന, മസറയില്‍നിന്ന് ആദ്യമായി രക്ഷപ്പെടാന്‍ ഒരുങ്ങുന്നതും അത്തരമൊരു സന്ദര്‍ഭത്തിലാണ്. തികച്ചും മസറയില്‍ ഒറ്റപ്പെട്ട നജീം വെള്ളവുമായി വരുന്ന വണ്ടിയിലെ പാകിസ്ഥാനി ഡ്രൈവറെ കണ്ടമാത്രയില്‍ ഒന്നു തൊട്ടുനോക്കി സന്തോഷം അറിയിക്കുന്നുണ്ട്. ഒറ്റപ്പെടലിന്‍റെ, തീവ്രതയാണ് ഈ സന്ദര്‍ഭം വ്യക്തമാക്കുന്നത്. മസറയിലെ ഒറ്റപ്പെടലില്‍നിന്ന് രക്ഷപ്പെടാന്‍ നജീം ആടുകള്‍ക്ക് പരിചിതമായ പേരുകള്‍ നല്‍കുന്നു. അറവുറാവുത്തര്‍, മേരി മൈമുന, ഇണ്ടിപ്പോക്കര്‍, പോച്ചക്കാരി രമണി ഇങ്ങനെ തുടരുന്ന മസറയിലെ ആടുകള്‍. പേരുകള്‍ നല്‍കുന്നതിലൂടെ ഓര്‍മ്മകളിലേക്ക് കൂടിയുള്ള യാത്രയാണ് നജീം നടത്തുന്നത്. അസീസും തന്‍റെ ഒറ്റപ്പെടലിന് ആശ്വാസം കണ്ടെത്തുന്നത് സുലൈമാന്‍ എന്ന് അയാള്‍ വിളിക്കുന്ന ഒരു ഒട്ടകത്തിന്‍റെ അസ്ഥിപജ്ഞരത്തോട് സംസാരിച്ചാണ്. അപ്രതീക്ഷിമായൊരു മലയാളഗാനം കേള്‍ക്കുന്നതിന്‍റെ സന്തോഷം അസീസ് പങ്കുവെയ്ക്കുന്നുണ്ട്. ഒപ്പമുള്ള ജോലിക്കാര്‍ മലയാളികള്‍ അല്ല എന്നതും ആരോടെങ്കിലും മലയാളം പറയാന്‍ ആഗ്രഹിക്കുന്നതും മലയാളികളെ കണ്ടെത്തുമ്പോഴുള്ള സന്തോഷവുമൊക്കെ നോവലില്‍ ആവിഷ്കരിക്കുന്നുണ്ട്. പ്രവാസികള്‍ നേരിടുന്ന ദേശ, ഭാഷ പ്രതിസന്ധികള്‍ വ്യക്തമാക്കാന്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ക്ക് സാധിക്കുന്നു.
ആതിഥേയദേശത്തിന്‍റെ ഭാഷയെയും സംസ്കാരത്തെയും മതവിശ്വസങ്ങളെയും ഭക്ഷണരീതികളെയും ഉള്‍ക്കൊള്ളേണ്ടിവരുന്നു പ്രവാസികള്‍ക്ക്. ഇരു നോവലുകളിലും ഭക്ഷണത്തെ സംബന്ധിച്ച പരാമര്‍ശങ്ങളുണ്ട്. ഖുബ്ബുസാണ് പ്രധാന ആഹാരമായി ലഭിക്കുന്നത്. നജീമില്‍നിന്ന് വ്യത്യസ്തമായി അസീസിന് ചില സന്ദര്‍ഭങ്ങളിലെങ്കിലും രുചിയുള്ള ആഹാരങ്ങള്‍ ലഭിക്കുന്നുണ്ട്. സ്പോണ്‍സറുമാരായ അര്‍ബാബുമാരെപ്പോലെ ക്രൂരന്മാരല്ല എല്ലാ അറബികളുമെന്ന് വ്യക്തമാക്കുന്ന സന്ദര്‍ഭങ്ങള്‍ രണ്ട് നോവലുകളിലും നല്‍കുന്നു. മസറയില്‍നിന്ന് രക്ഷപെട്ടെത്തുന്ന ഭീകരരൂപിയായ നജീമിനെ തന്‍റെ മുന്തിയ വാഹനത്തില്‍ കയറ്റി നഗരത്തിലെത്തുക്കുന്ന അറബിയെ ആടുജീവിതത്തിലും പെരുന്നാള്‍ദിനത്തില്‍ എങ്ങോട്ടെന്നറിയാതെ യാത്രചെയ്ത അസീസിനെ വണ്ടിയില്‍ കയറ്റി പറഞ്ഞ സ്ഥലത്ത് കൊണ്ടാക്കി സമ്മാനമായി പണവും നല്‍കുന്ന അറബിയുവാവിനെ തക്കാളിക്കൃഷിക്കാരന്‍റെ സ്വപ്നങ്ങളിലും കാണാന്‍ കഴിയുന്നുണ്ട്.
ലോകത്തിന്‍റെ നാനാഭാഗങ്ങളിലേക്കും മലയാളികള്‍ കുടിയേറിയിട്ടുണ്ട്. ഏറ്റവുമധികം തൊഴില്‍ കുടിയേറ്റങ്ങള്‍ നടന്നിട്ടുള്ളത് ഗള്‍ഫ് മേഖലയിലാണ്. അവിടുത്തെ തൊഴില്‍ നിയമങ്ങള്‍ വ്യത്യസ്തമാണ്. എത്രകാലം താമസിച്ചാലും പൗരത്വം നല്‍കുകയില്ല എന്നതും മറ്റുരാജ്യങ്ങളില്‍നിന്ന് ഗള്‍ഫ് മേഖലയെ വ്യത്യസ്തമാക്കുന്നു. ഗള്‍ഫ് പ്രവാസത്തിന്‍റെ ഭിന്നമുഖങ്ങള്‍ ആവിഷ്കരിച്ച നോവലുകളാണ് ബെന്യാമിന്‍റെ ആടുജീവിതവും റഷീദ് പാറയ്ക്കലിന്‍റെ ഒരു തക്കാളിക്കൃഷിക്കാരന്‍റെ സ്വപ്നങ്ങളും. തൊഴില്‍ പ്രാവസികളായി ഗള്‍ഫില്‍ എത്തപ്പെട്ട നജീമും അസീസും നേരിടേണ്ടിവരുന്നത് അടിമത്തവും സ്വത്വസംഘര്‍ഷങ്ങളുമാണ്. നജിം ഒറ്റപ്പെട്ട തൊഴില്‍പ്രവാസ അനുഭവമാണെങ്കില്‍ അസീസ് ഗള്‍ഫ് തൊഴില്‍പ്രവാസത്തിന്‍റെ സജീവമുഖമാണ്.
കുറിപ്പുകള്‍:
2. Michael J. Piore, The Dual Labour market Theory and Implications, Social Stratification, David B. Grusky (Edi.) page 629-634.
3. കെ.കെ. ശിവദാസ്, പ്രവാസം പ്രതിനിധാനവും സര്‍ഗ്ഗാത്മകതയും, പുറം 136.
4. ബെന്യാമിന്‍, ആടുജീവിതം, പുറം 165.
5. റഷീദ് പാറയ്ക്കല്‍, ഒരു തക്കാളിക്കൃഷിക്കാരന്‍റെ സ്വപ്നങ്ങള്‍, പുറം 57.
6. അതേപുസ്തകം, പുറം 130.
7. അതേപുസ്തകം, പുറം 112.
8. അതേപുസ്തകം, പുറം 87.
ഗ്രന്ഥസൂചി:
ബെന്യാമിന്‍, 2011. ആടുജീവിതം, ഗ്രീന്‍ ബുക്സ്, തൃശ്ശൂര്‍.
ശിവദാസ് കെ..കെ, 2019. പ്രവാസം പ്രതിനിധാനവും സര്‍ഗ്ഗാത്മകതയും, ഇന്‍സൈറ്റ് പബ്ലിക്കേഷന്‍സ്, കോഴിക്കോട്.
റഷീദ് പാറയ്ക്കല്‍, 2014. ഒരു തക്കാളിക്കൃഷിക്കാരന്‍റെ സ്വപ്നങ്ങള്‍, ഗ്രീന്‍ ബുക്സ്, തൃശൂര്‍.
David B. Grusky (Edi.), 2018. Social Stratification, Weseview press, Newyork, USA.