Century of Qaradawi

Abdul Hafeed Nadwi

This paper focuses on the works and thoughts of recently demised Islamic scholar Yusuf al-Qaradawi. The article describes his contributions , books and subjects, his call for the collective movement of Pan-Islamism, Muslim Brotherhood, Arab-Islamic identity, his leadership of the International Union for Muslim Scholars, his involvement in print and electronic media production, and his esteemed reputation among Muslim intellectuals especially Sunni world. The discussions then turn to his views on the renewal of Islamic jurisprudence, the use of resistance as political means in Palestine, democracy and pluralism.

Keywords: Qaradawi, Islam, religious scholar, Islamic jurisprudence, Moderation,  Palestine, brotherhood, democracy, pluralism

References:

Abdelhadi, M. (2004, July 7). Controversial preacher with ‘star status’. (E. Jallad, Ed.) BBC News. doi:http://news.bbc.co.uk/2/hi/uk_news/3874893.stm
Graf, B. (2013). “Yusuf al-Qaradawi”, in: Esposito. (J. L. Esposito, Ed.) Oxford Handbook of Islam and Politics, 222-236.
Qaradawi, Y. A. (2001). ibnu al kariya va al kuthabu mulamihu seera vamaseera. Cairo: Dadu Shurook.
Qaradawi, Y. A. (2022). Maukih simaha assaik yusuf al qaradawi. Retrieved from Maukih simaha assaik yusuf al qaradawi: https://www.al-qaradawi.net/
Schleifer, S. A. (Ed.). (2019, November 25). Yusuf Al-Qaradawi. The Muslims 500, 102. Retrieved from https://www.themuslim500.com/wp-content/books/M500-2019-10years-Free_eBook.pdf
Soage, A. B. (2008, March). Portrait of Sheikh Dr. Yusuf Abdallah al-Qaradawi: A “Moderate” Islamist. (J. Spyer, Ed.) MERIA Journal, 12(1), 51-56.
Abdul Hafeed Nadwi
Head of Theology
Aljamia AlIslamiya,Santapuram
Malappuram,
Kerala, India
Pin: 679325
Ph: +91 7736135055
email: ahkochi75@gmail.com 
ORCID:0000-0003-0531-1329 


ഖറദാവിയുടെ നൂറ്റാണ്ട്

അബ്ദുല്‍ ഹഫീദ് നദ് വി


ഈ പഠനം ഈയിടെ അന്തരിച്ച ഇസ്ലാമിക പണ്ഡിതനായ യൂസുഫുല്‍ ഖറദാവിയുടെ പ്രവര്‍ത്തനങ്ങളെയും ചിന്തകളെയും കേന്ദ്രീകരിച്ച് നടത്തിയതാണ്. അദ്ദേഹത്തിന്‍റെ വൈജ്ഞാനിക സംഭാവനകള്‍, പുസ്തകങ്ങള്‍, മത സൗഹാര്‍ദം, ഇസ്ലാമിക ഐക്യം, മുസ്ലീം ബ്രദര്‍ഹുഡ്, അറബ്-ഇസ്ലാമിക് സ്വത്വം എന്നിവയുടെ കൂട്ടായ മുന്നേറ്റങ്ങള്‍ക്കുള്ള പ്രബോധനം എന്നിവ പഠനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട ആഗോള മുസ്ലിം പണ്ഡിത വേദിയിലൂടെയുള്ള അദ്ദേഹത്തിന്‍റെ ഇടപെടലുകള്‍, പ്രിന്‍റ്-ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള അദ്ദേഹത്തിന്‍റെ സംഭാവനകള്‍, അല്‍ ജസീറ, ഖത്വര്‍ ദേശീയ ടെലിവിഷന്‍ ചാനലുകളിലെ അദ്ദേഹത്തിന്‍റെ നിറ സാന്നിധ്യം, മുസ്ലീം ബുദ്ധിജീവികള്‍ക്കിടയില്‍, വിശിഷ്യാ-സുന്നി വിശ്വാസികള്‍ക്കിടയില്‍ വ്യാപകമായുള്ള അംഗീകാരവും ആദരവും എന്നിവയെ സംബന്ധിച്ച് ചുരുങ്ങിയ രീതിയിലുള്ള വിവരണം മാത്രമാണീ കുറിപ്പ്. ഇസ്ലാമിക കര്‍മശാസ്ത്രത്തിന്‍റെ നവീകരണം, ഫലസ്തീനിലെ ജനകീയ പ്രതിരോധം സമര മാര്‍ഗമായി ഉപയോഗിക്കലിന്‍റെ രാഷ്ട്രീയം, മുസ്ലിം ലോകത്തെ ബദല്‍ ജനാധിപത്യ പരീക്ഷണങ്ങള്‍, ന്യൂനപക്ഷ സമൂഹങ്ങളിലെ ബഹുസ്വരത, കര്‍മശാസ്ത്ര ഇലാസ്തിക എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ മൗലിക വീക്ഷണങ്ങളിലേക്കെല്ലാം ലളിതമായി വെളിച്ചം വീശുന്ന സൂചനകളും ഡാറ്റകളും മാത്രം പറഞ്ഞു പോവുന്ന ലഘു പഠനമാണിത്.

താക്കോല്‍ വാക്കുകള്‍: ഖറദാവി, ഇസ്ലാം, ഇസ്ലാമിക കര്‍മശാസ്ത്രം, മിതത്വം, ഫലസ്തീന്‍ പ്രശ്നം, ബ്രദര്‍ഹുഡ്, ബദല്‍ ജനാധിപത്യം, ബഹുസ്വരത

ഈ വര്‍ഷം 2022 സെപ്റ്റംബര്‍ മാസം 26 ന് ലോകത്തെ മുഴുവന്‍ ഓണ്‍ ലൈന്‍ സൈറ്റുകളിലും സ്ക്രോള്‍ ന്യൂസായി വന്ന വാര്‍ത്തയാണ് യൂസുഫുല്‍ ഖറദാവിയുടെ വിയോഗം. ഈജിപ്തിലെ പടിഞ്ഞാറന്‍ പ്രവിശ്യയായ സിഫ്ത് തുറാബില്‍ ജനിച്ച സാധാരണ  ദരിദ്ര കുടുംബത്തിലെ ബാലനാണ് ലോകം മുഴുവന്‍ അറിയപ്പെടുന്ന വിശ്വപ്രസിദ്ധ ഇസ്ലാമിക പണ്ഡിതനായ ഡോ.ശൈഖ് യൂസുഫ് അബ്ദുല്ല അല്‍ ഖറദാവി (ജനനം: സെപ്റ്റംബര്‍ 9 1926 മരണം: 26 സെപ്റ്റംബര്‍ 2022) ആയത്. അന്തര്‍ദേശീയ മുസ്ലിം പണ്ഡിത സഭയുടെ (International Union of Muslim Scholars) അധ്യക്ഷന്‍ എന്ന നിലയിലാണ് അദ്ദേഹം കൂടുതല്‍ പ്രസിദ്ധനായത്. ലോകത്ത് നടക്കുന്ന അധിനിവേശ-സാമ്രാജ്യത്വ വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചും ഏകാധിപത്യ ഭരണാധികരികള്‍ക്കെതിരെ ശക്തമായി നിലകൊണ്ടും തന്‍റെ രാഷ്ട്രീയ സാന്നിദ്ധ്യം തെളിയിച്ച ഖറദാവി പശ്ചിമേഷ്യയിലും അറബ് രാജ്യങ്ങളിലും നടക്കുന്ന ജനാധിപത്യപ്രക്ഷോഭങ്ങള്‍ക്ക് ഇന്ധനം പകരുന്ന മാസ്മരിക ശക്തിയായിരുന്നു. മുസ്ലിം ബ്രദര്‍ഹുഡ് എന്ന ഈജിപ്ഷ്യന്‍ വിപ്ലവ പ്രസ്ഥാനത്തിന്‍റെ നേതാക്കന്മാരാല്‍ ആകൃഷ്ടനായി

സീനിയര്‍ സെക്കന്‍ഡറി സ്കൂളില്‍ പഠിക്കുന്ന കാലത്ത് തന്നെ മത-രാഷ്ട്രീയ-നവോത്ഥാന രംഗങ്ങളില്‍ അദ്ദേഹം സജീവമായി. ജന്മനാട്ടില്‍ പലപ്പോഴായി (1949, 1954, 1956 ഘട്ടങ്ങളില്‍) ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. പശ്ചിമേഷ്യയില്‍ ഇസ്രായേലികള്‍ക്കെതിരെയുള്ള ഫലസ്തീനിയന്‍ രക്തസാക്ഷ്യ സ്ക്വാഡുകളെ അനുകൂലിക്കുന്നതുള്‍പ്പെടെയുള്ള ഖറദാവിയുടെ കാഴ്ചപ്പാടുകള്‍ പാശ്ചാത്യ ഗവണ്മെന്‍റുകളുടെ രൂക്ഷമായ പ്രതികരണങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. 

മതവൃത്തങ്ങളില്‍ പോലും അദ്ദേഹത്തെ തള്ളിപ്പറയുന്ന പണ്ഡിതന്മാര്‍ ഉണ്ടായിരുന്നു. പല യൂറോപ്യന്‍ രാജ്യങ്ങളിലും അദ്ദേഹത്തിന് പ്രവേശനത്തിന് വിസ നിഷേധിക്കപ്പെട്ടു എന്നത് തന്നെ ആ വിഷയത്തില്‍ അദ്ദേഹം പുലര്‍ത്തിയിരുന്ന ആത്യന്തികതയെ സൂചിപ്പിക്കുന്നു. ചില അറബ് രാജ്യങ്ങളെങ്കിലും ഇസ്രായേലുമായി നോര്‍മലൈസേഷന്‍/സാധാരണ വത്കൃത നയവുമായി മുന്നോട്ട് പോയപ്പോള്‍ ശക്തമായ ഭാഷയില്‍ അതിനെ പ്രശ്നവത്കരിച്ച അപൂര്‍വം ചില വിപ്ലവകാരികളില്‍ ഒരാളായിരുന്നു ഖറദാവി.

ബാല്യം, യൗവ്വനം

ഖറദാവിയുടെ രണ്ടാം വയസ്സില്‍ പിതാവ് മരിച്ചതിനെ തുടര്‍ന്ന് അമ്മാവന്‍റെ സംരക്ഷണത്തിലാണദ്ദേഹം  വളര്‍ന്നത്. ചെറുപ്പത്തില്‍ തന്നെ അസാധാരണ ബുദ്ധി വൈഭവം കാട്ടിയ യൂസുഫ് എന്ന ആ ബാലന്‍ ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ മുഴുവന്‍ ഹൃദിസ്ഥമാക്കി തന്‍റെ ഗ്രാമത്തിലെ പ്രധാന പള്ളിയിലെ റമദാന്‍ മാസത്തിലെ ഇമാമായി നിശ്ചയിക്കപ്പെട്ടതിനെ കുറിച്ച് അദ്ദേഹം തന്‍റെ ആത്മകഥയില്‍ പറയുന്നു: 'ചെറുപ്പത്തിലേ തന്നെ അവരെന്നെ ഗുരുവാക്കി' (Qaradawi: 2001)

ഈജിപ്റ്റിന്‍റെ തലസ്ഥാനമായ കൈറോവിലെ പ്രസിദ്ധ വിജ്ഞാന കേന്ദ്രമായ അല്‍അസ്ഹറിലാണ് അദ്ദേഹം സ്കൂള്‍-കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തുടര്‍ന്നും അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ ഉസ്വൂലുദ്ദീന്‍/തിയോളജി കോളജില്‍ ഉപരിപഠനത്തിന് ചേര്‍ന്ന ഖറദാവി 1952-53ല്‍ ഒന്നാം റാങ്കോടെ പ്രസ്തുത ഡിഗ്രി പാസായി. 1954ല്‍ അറബി ഭാഷാ വിജ്ഞാനീയങ്ങളിലും  ഒന്നാം റാങ്കോടെ രണ്ടാമത്തെ ബിരുദവും പൂര്‍ത്തിയാക്കി. 1958ല്‍ അറബി സാഹിത്യത്തില്‍ ഡിപ്ലോമയും 1960-ല്‍ ഖുര്‍ആനും നബിചര്യയും എന്ന വിഷയത്തില്‍ മാസ്റ്റര്‍ ബിരുദവും 1973-ല്‍ 'സാമൂഹിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിന്‍റെ പങ്ക്'എന്ന തീസിസില്‍ ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി. തുടര്‍ന്ന് അദ്ദേഹം ഈജിപ്തില്‍ നിന്ന് ഖത്വറിലേക്ക് പോയി, 2011-ലെ ഈജിപ്ഷ്യന്‍ വിപ്ലവത്തിലൂടെ ഡോ. മുഹമ്മദ് മുര്‍സി (8 ആഗസ്റ്റ് 195117 ജൂണ്‍ 2019) 

സൈനിക ഭരണകൂടത്തെ അട്ടിമറിക്കുന്നതുവരെ അദ്ദേഹം സ്വന്തം നാടായ ഈജിപ്റ്റിലേക്ക് പോയില്ല. 2011 ല്‍ 'റാബിഅ' ചത്വരത്തിലും 'തഹ്രീര്' സ്ക്വയറിലും അസ്ഹര്‍ യൂണിവേഴ്സിറ്റിയിലെ കാമ്പസ് പള്ളിയിലും അദ്ദേഹം ജേതാവായി നടത്തിയ പ്രഭാഷണങ്ങള്‍ അദ്ദേഹത്തിന്‍റെ ചിന്തകളിലെ മൗലികത പ്രകടമാക്കുന്നതാണ്. 30 വര്‍ഷം മാതൃരാജ്യമായ ഈജിപ്റ്റില്‍ യൂസുഫുല്‍ ഖറദാവിക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പുതിയ ഈജിപ്തിന്‍റെ സ്വാതന്ത്ര്യ പ്രഖ്യാപനം തഹ്രീര്‍ സ്ക്വയറില്‍ 2011 ഫെബ്രുവരി 18 ന് വെള്ളിയാഴ്ച പ്രഭാഷണത്തിലൂടെ അദ്ദേഹം തന്നെ നടത്തിയത് ലോകത്തെവിടെയുമുള്ള വിപ്ലവപ്രവര്‍ത്തകര്‍ക്ക് ആവേശമായി. ആഘോഷങ്ങള്‍ക്കായി ഒത്തുകൂടിയ ചെറുപ്പക്കാരുടെ ഇടയിലിരുന്ന് വിപ്ലവ ഗാനങ്ങള്‍ ആലപിച്ചു മാതൃരാജ്യത്തിന്‍റെ സ്വാതന്ത്ര്യം ആഘോഷിക്കുന്ന ഖറദാവിയെ അക്കാലത്ത് ഫേസ്ബുക്കിലും യൂട്യൂബിലും കണ്ടതോര്‍ക്കുന്നു.

രാഷ്ട്രീയ നിലപാടുകള്‍

പ്രവാസ ജീവിതം നയിക്കവെ പൗരത്വം നേടിയ രാജ്യമായ ഖത്വറിലെ തന്‍റെ വെള്ളിയാഴ്ച പ്രഭാഷണങ്ങള്‍ ആഗോള ഇസ്ലാമിക പ്രബോധനത്തിനുള്ള വേദിയായി അദ്ദേഹം ഉപയോഗപ്പെടുത്തി പോന്നു. ഫലസ്തീന്‍ വിമോചന പോരാട്ടത്തിന് അകമഴിഞ്ഞ പിന്തുണയും പരസ്യമായ പ്രോത്സാഹനവും പിന്തുണയും നല്‍കിയത് ഖറദാവിയെ അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ കറുത്ത പട്ടികയില്‍ ഇടം നല്കി. ബ്രിട്ടനും അമേരിക്കയും ഫ്രാന്‍സുമെല്ലാം അദ്ദേഹത്തിന് പലപ്പോഴായി വിസാ നിരോധമേര്‍പ്പെടുത്തിയിട്ടുണ്ട്. 2008 ഫെബ്രുവരി ഏഴിന് അദ്ദേഹത്തിന്‍റെ വിസാ അപേക്ഷ ബ്രിട്ടന്‍ നിരസിക്കുകയുണ്ടായി. ചികിത്സാര്‍ഥമാണ് അദ്ദേഹം സന്ദര്‍ശനാനുമതി തേടിയത്. അപേക്ഷ എമിഗ്രേഷന്‍ നിയമങ്ങള്‍ക്ക് അനുരൂപമല്ലെന്നാണ് ബ്രിട്ടീഷ് അധികൃതര്‍ അന്ന് കാരണം പറഞ്ഞതെങ്കിലും ബ്രിട്ടനിലെ വലതുപക്ഷ നവയാഥാസ്ഥിതികരുടെ സമ്മര്‍ദതന്ത്രമാണ് തീരുമാനത്തിന് പിന്നിലെന്ന് പിന്നീട് വ്യക്തമായി. 2004 ലാണ് ഖറദാവി അവസാനമായി ബ്രിട്ടന്‍ സന്ദര്‍ശിച്ചത്. അന്തര്‍ദേശീയ മുസ്ലിം പണ്ഡിതസഭയുടെ യൂറോപ്യന്‍ ചാപ്റ്റര്‍ രൂപവത്കരണയോഗത്തില്‍ പങ്കെടുക്കാനായിരുന്നു പ്രസ്തുത യാത്ര. അന്നത് ബ്രിട്ടനില്‍ വന്‍ വിവാദത്തിന് തിരികൊളുത്തിയിരുന്നു. ഫലസ്തീനിലെ പ്രതിരോധ സമരങ്ങളെ സകല വിധേനയും പിന്തുണക്കുന്നതിനാല്‍ വിസയനുവദിക്കരുതെന്ന് തീവ്രവലതുപക്ഷകക്ഷികള്‍ അന്ന് ടോണിബ്ലയര്‍ സര്‍ക്കാറിനോടാവശ്യപ്പെട്ടിരുന്നു. അന്നത്തെ ലണ്ടന്‍ മേയര്‍ കെന്‍ ലിവിങ്സ്റ്റണ്‍ ഈ സമയത്ത് അദ്ദേഹവുമായി വേദി പങ്കിടുകയും അദ്ദേഹത്തെ കൃത്യമായി ന്യായീകരിക്കുകയുമാണ് ചെയ്തത്. ഫലസ്തീനില്‍ അധിനിവേശം നടത്തി നിലവില്‍ വന്ന ഇസ്രാഈലിന്‍റെ അസ്തിത്വം പോലും അംഗീകരിക്കരുതെന്ന വാദക്കാരനാണദ്ദേഹം. സയണിസ്റ്റുകളുമായുള്ള ചര്‍ച്ചകളെയും ഉടമ്പടികളെയും അദ്ദേഹം മരണം വരെ നിരാകരിച്ചു പോന്നു. ഇസ്രായേലിന്‍റെ വിസയടിച്ചുള്ള ജറുസലേം/ബൈതുല്‍ മഖ്ദിസ് യാത്ര പോലും മതവിരുദ്ധവും തെമ്മാടി രാഷ്ട്രത്തിനുള്ള മൗനാംഗീകാരവുമാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഖബറടക്കല്‍ കഴിഞ്ഞ് നടന്ന  അനുസ്മരണത്തില്‍ ഫലസ്തീന്‍ പോരാളികളായ ഖാലിദ് മിശ്അലും ഇസ്മാഈല്‍ ഹനിയ്യയും എടുത്തു പറഞ്ഞ സംഗതി ഫലസ്തീന്‍ പ്രശ്നത്തില്‍ ഫലസ്തീനികളുടെ ആവശ്യങ്ങള്‍ക്കൊപ്പം എന്നും നിന്ന പിതൃസമാനനായിരുന്നു ഖറദാവി എന്നാണ്.

തുനീഷ്യയിലെ 'മുല്ലപ്പൂ' വിപ്ലവാനന്തര സമകാലിക അറബ് ലോകത്ത് മുതലാളിത്ത-സയണിസ്റ്റ് വിരുദ്ധ വികാരം വളര്‍ത്തുന്നതില്‍ അദ്ദേഹത്തിന് വലിയ സ്വാധീനമുണ്ട്. വര്‍ത്തമാന ഇസ്ലാമിക ലോകത്തെ മധ്യമനിലപാടിന്‍റെ മുന്നണിപ്പോരാളിയായി അറിയപ്പെടുന്ന അദ്ദേഹം പക്ഷേ അറബ് ഭരണാധികാരികള്‍ക്ക് 'ഓശാന പാടാന്‍ '. ഒരിക്കലും തയ്യാറായില്ല. രാജ കൊട്ടാരങ്ങളില്‍ പോയി തിണ്ണനിരങ്ങുന്ന കൊട്ടാര പണ്ഡിതരെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചിരുന്നു.

അറബ് മുസ്ലിം നാടുകളിലെ രാജാധിപത്യത്തിലധിഷ്ഠിതമായ സൈനിക- രാഷ്ട്രീയ, ഭരണ സംവിധാനങ്ങളുടെ പരിഷ്കരണങ്ങള്‍ക്കായി നിരന്തരം ശബ്ദമുയര്‍ത്തിയ ഖറദാവി ഇസ്ലാമിക ജനാധിപത്യം എന്ന ബദല്‍ വ്യവസ്ഥ പൊതുജന സമക്ഷം മുന്നോട്ടുവെച്ചു. സമഗ്ര ഇസ്ലാമിക-ജനാധിപത്യ-കൂടിയാലോചനാ വ്യവസ്ഥയെ കാലികമായി ലോകത്തിലെ ബുദ്ധിജീവികള്‍ക്കു മുന്നില്‍ സമര്‍പ്പിച്ചു. തുനീഷ്യയിലെ വിപ്ലവ പ്രസ്ഥാനമായ അന്നഹ്ദയുടെ തലവന്‍ റാശിദുല്‍ ഗന്നൂഷിയെ ഖറദാവിയുമായി അടുപ്പിച്ച മേഖലയാണത്.

മുസ്ലിം ഐക്യത്തിന്‍റെ ശക്തനായ വക്താവായ ഖറദാവി സുന്നി, ശീഈ, ഇബാദിയ്യ:, സൈദിയ്യ: തുടങ്ങിയ ഇസ്ലാമിക ചിന്താധാരകള്‍ക്കിടയില്‍ സംവാദ/ഐക്യ ശ്രമങ്ങള്‍ക്ക് മുന്‍കൈയെടുത്തു. അതോടൊപ്പം ആധുനിക ലോകത്ത് ബഹുമത സംവാദത്തിന്‍റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു. അതിനാവശ്യമായ ഡയലോഗ് സെന്‍ററുകള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്നു വന്നത് ആ ഉണര്‍വിന്‍റെ ഭാഗമായിരുന്നു. ഏതു മതത്തേയും നിന്ദിക്കുന്നതിനെതിരായ അദ്ദേഹത്തിന്‍റെ നിലപാടുകള്‍ ശ്രദ്ധേയമാണ്. ഇത്തരം പ്രഘോഷണങ്ങളുമായി നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. കേരളത്തില്‍ തന്നെ പലതവണ സന്ദര്‍ശിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍ പരന്നുകിടക്കുന്ന ആയിരകണക്കിന് ശിഷ്യന്മാര്‍ അദ്ദേഹത്തിനുണ്ട്.

ഉദ്യോഗം:

ഈജിപ്തില്‍ മതകാര്യ വകുപ്പ് ഉദ്യോഗസ്ഥനായും അസ്ഹറിലെ സാംസ്കാരിക വകുപ്പിന്‍റെ പ്രസിദ്ധീകരണ വിഭാഗം മേധാവിയായും ഖറദാവി കുറച്ചു കാലം സേവനമനുഷ്ഠിച്ചു. സര്‍ക്കാറുമായി ഒത്തുപോവാന്‍ അദ്ദേഹത്തിനാവുമായിരുന്നില്ല. തുടര്‍ന്ന് 1961ല്‍ ഖത്വറില്‍ സ്ഥിരതാമസമാക്കിയ ശേഷം അവിടത്തെ സെക്കന്‍ററി റിലീജ്യസ് ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവിയായി. 1973ല്‍ ഖത്തര്‍ യൂണിവേഴ്സിറ്റിയില്‍ ഇസ്ലാമിക് സ്റ്റ്ഡീസ് ഫാക്കല്‍റ്റിക്ക് രൂപം നല്‍കുകയും അതിന്‍റെ പ്രഥമ ഡീന്‍ ആയി പ്രവര്‍ത്തിക്കുകയും ചെയ്തു. 1989-90 വരെ അതിന്‍റെ ഡീന്‍ ആയി തുടര്‍ന്നു. മരണം വരെയും ഖത്വര്‍ യൂണിവേഴ്സിറ്റിയിലെ റിലീജിയസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്  തലവനായിരുന്നു. 1990-91ല്‍ അല്‍ജീരിയന്‍ യൂണിവേഴ്സിറ്റികളില്‍ പലവിധത്തിലുള്ള നേതൃസ്ഥാനങ്ങള്‍ വഹിച്ചിരുന്നു. 1961ല്‍ ദോഹയിലെത്തിയതുമുതല്‍ ദോഹ ഉമര്‍ ബിന്‍ ഖത്വാബ് പള്ളിയില്‍ ജുമുഅ ഖുത്വുബ (പ്രഭാഷണം)നിര്‍വഹിച്ചു പോന്നു. ഖത്വര്‍ ദേശീയ ടെലിവിഷന്‍ ചാനല്‍ തല്‍സമയ സംപ്രേഷണം നടത്തുന്ന ഖറദാവിയുടെ ആ പരിപാടിക്ക് അറബ് ലോകത്ത് നിരവധി പ്രേക്ഷകരാണുള്ളത്. സമകാലിക ഇസ്ലാമിക സമൂഹത്തിന്‍റെ പ്രശ്നങ്ങളില്‍ അദ്ദേഹത്തിന്‍റെ നിലപാടുകള്‍ മുസ്ലിം ലോകത്തിന്‍റെ തന്നെ നിലപാടെന്ന നിലയ്ക്കാണ് വിലയിരുത്തപ്പെടാറുള്ളത്. ഖത്വറിലെ അല്‍ജസീറ ചാനലില്‍ അദ്ദേഹം അവതരിപ്പിച്ചിരുന്ന ശരീഅത്തും (നിയമവും) ജീവിതവും പരിപാടി അറബ് ലോകത്തെ ഏറ്റവും പ്രേക്ഷകരുള്ള ടെലിവിഷന്‍ പരിപാടികളിലൊന്നാണ്.

വൈജ്ഞാനിക സംഭാവനകള്‍:

1973-ല്‍ ഡോക്ടറേറ്റ് കരസ്ഥമാക്കുന്നതിന് മുമ്പേ തന്നെ അധ്യാപനം, രചന എന്നിവയില്‍ അദ്ദേഹം മഹത്തായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അല്‍ജീരിയയിലെ അമീര്‍ അബ്ദുല്‍ ഖാദിര്‍ യൂണിവേഴ്സിറ്റിയില്‍ അക്കാദമിക് കൗണ്‍സില്‍ ചെയര്‍മാന്‍ പദവി അടക്കം ഒട്ടേറെ വിദ്യാഭ്യാസ പരിഷ്കരണ സമിതികളില്‍ അംഗമായിരുന്നു. മരണവേളയിലും നമസ്കാരത്തിന്‍റെ കര്‍മശാസ്ത്രം എന്ന വിഷയത്തില്‍ സമഗ്രമായ ഗ്രന്ഥരചനയിലായിരുന്നു. 197ാമത് ഗ്രന്ഥമായിരുന്നു അത്. അദ്ദേഹത്തിന്‍റെ ചില ഗ്രന്ഥങ്ങള്‍ മലയാളമടക്കം നിരവധി ലോക ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്‍റെ നിരവധി പ്രഭാഷണങ്ങളും പുസ്തക രൂപത്തില്‍ ലഭ്യമാണ്. വളരെ പ്രധാനപ്പെട്ട പ്രഭാഷണങ്ങള്‍ യൂട്യൂബിലും ലഭിക്കും. അദ്ദേഹത്തിന്‍റെ Ph.D തിസീസായ ഫിഖ്ഹുസ്സകാത്ത് (സകാത്തിന്‍റെ കര്‍മശാസ്ത്രം) എന്ന ഗ്രന്ഥം സകാത്ത് വ്യവസ്ഥയെ കുറിച്ച് ലോകത്ത് നിലവിലുള്ള ഏറ്റവും ആധികാരിക രചനയാണ്. സാമ്പത്തിക വികസനത്തിന് സകാത്ത് എങ്ങനെയാണ് പരിഹാരമാവുക എന്ന അകാദമികമായ പല ഡിസ്കോഴ്സുകള്‍ക്കും പ്രചോദനം നല്‍കുന്ന ഖറദാവിയുടെ മാസ്റ്റര്‍പീസാണത്.

കര്‍മശാസ്ത്ര നിയമങ്ങളുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ (higher intentions) പരിഗണിക്കുന്ന ചിന്താധാരയുടെ മുന്നണിപ്പോരാളിയും വക്താവുമായി അറിയപ്പെട്ട ഖറദാവി പക്ഷേ അറബിക്കവിത, നാടകം, വിപ്ലവ ഗാനങ്ങള്‍ എന്നീ മേഖലകളിലും  യുവത്വ കാലത്ത് രചനകള്‍ നടത്തിയിട്ടുണ്ട്. പരമ്പരാഗത-വരണ്ട മതത്തിന്‍റെ വക്താവായിരുന്നില്ല ഖറദാവിയെന്ന് വ്യക്തമാക്കുന്നതാണ് ആ രചനകള്‍. al-qaradawi.net, Islamonline , Al-Jazeera എന്നിവകളില്‍ അദ്ദേഹത്തിന്‍റെ ഗ്രന്ഥങ്ങളെല്ലാം ലഭ്യമാണ്.

ഗ്രന്ഥസൂചിക:

Abdelhadi, M. (2004, July 7). Controversial preacher with ‘star status’. (E. Jallad, Ed.) BBC News. doi:http://news.bbc.co.uk/2/hi/uk_news/3874893.stm
Graf, B. (2013). “Yusuf al-Qaradawi”, in: Esposito. (J. L. Esposito, Ed.) Oxford Handbook of Islam and Politics, 222-236.
Qaradawi, Y. A. (2001). ibnu al kariya va al kuthabu mulamihu seera vamaseera. Cairo: Dadu Shurook.
Qaradawi, Y. A. (2022). Maukih simaha assaik yusuf al qaradawi. Retrieved from Maukih simaha assaik yusuf al qaradawi: https://www.al-qaradawi.net/
Schleifer, S. A. (Ed.). (2019, November 25). Yusuf Al-Qaradawi. The Muslims 500, 102. Retrieved from https://www.themuslim500.com/wp-content/books/M500-2019-10years-Free_eBook.pdf
Soage, A. B. (2008, March). Portrait of Sheikh Dr. Yusuf Abdallah al-Qaradawi: A “Moderate” Islamist. (J. Spyer, Ed.) MERIA Journal, 12(1), 51-56.
Abdul Hafeed Nadwi
Head of Theology
Aljamia AlIslamiya,Santapuram
Malappuram,
Kerala, India
Pin: 679325
Ph: +91 7736135055
email: ahkochi75@gmail.com 
ORCID:0000-0003-0531-1329