Nirampattin Varnappolima
Dr.Sindu Antherjanam
Rituals are the deeds which help in connecting individual life with social life. It helps in maintaining the unique life style of the people living in a particular area. ‘ Kalam ‘ is a floral painting done as a part of rituals. These painting are made with the help of naked hands only. However in ‘ Nagakalam’ they uses perforated coconut shell (chiratta) for completeing the painting. ‘ Ishtadevatha ‘ images are formed on the floors with the help of ‘ panchavarna’ or five basic colour powders. These colours include white,red,green,yellow and black. Naturely obtaining colour powders are only used here. Kalam is also known as ‘Nilam Chithram ‘ or ‘Dhoolichithram’. Inorder to plead Serpent God, Pulluvas ( a tribal community in Kerala) uses ‘Nagakalam ‘ along with ‘ Kalampaattu’ or ‘Sarpampaattu’. Images of interwined serpents are formed here. Ceremonies like ‘Kalamezhuth’ ‘Murampooja ‘ ‘Kalammaykkel‘, etc are included in this. If we deeply observe the rituals behind Nagakalam, we can understand that they are closely related to drama. Dramatic elements like actor,audience, literary work are also accompanied here. We can co-relate ‘Catharsis’, a theory by Aristotle in it. Using of different colours along with the ambience in the Nagakalam creates a great impact among the audience.
Key Words: Kalamezuth, Dramatic Elements ,Catharsis, Nirampattu, Nagakkalamgalila Varnavinyasam.
Reference
M.V Vishnu Namboothiri (2017), Nadodi Vinjaneeyam, D C Books Kottayam
Sindhu Antherjanam (2006), Kalamezhuthum keralathile Adhumika chithrakalayum, Calicut University Liberary.
Keralolpathi’ (The origin of Malabar) (1874) 3rd Ed, Basel Mission Press, Mangalore
Kottarathil Sankunni (1978). I theehyamalu D.C Books Kottayam
Nellikal Muraleedharan (1997). “ Viswasahithya Darsanagal “ DC Books ,Kottayam
R. Narayana Panicker(1971). Hydhava Nadyasasthram, Kerala Sahitya Acadamy, Trissur
N N Pillai (1971). Nadaka Darpanamn N.B.S, Kottayam.
Vettam Mani (1971). Puranic Encyclopeedia, DC Books, Kottayam.
നിറംപാട്ടിന്‍ വര്‍ണ്ണപ്പൊലിമ
ഡോ: സിന്ധു അന്തര്‍ജ്ജനം
വ്യക്തി ജീവിതത്തെ സാമൂഹിക ജീവിതവുമായി ബന്ധിപ്പിക്കുന്നതിന് സഹായിക്കുന്ന കര്‍മ്മങ്ങളാണ് അനുഷ്ഠാനം. ജനതയെ അവരുടെ തനത് ജീവിതത്തില്‍ നിലനിര്‍ത്തുന്നത് ഇത്തരം ٴഅനുഷ്ഠാനങ്ങളാണ്. അനുഷ്ഠാനങ്ങളോട് അനുബന്ധിച്ച് നിലത്തുവരയ്ക്കുന്ന ചിത്രങ്ങളാണ് കളങ്ങള്‍. കൈമാത്രമാണ് വരയ്ക്കുവാനുപയോഗിക്കുന്നത്. എന്നാല്‍ നാഗക്കളങ്ങളില്‍ കൈകള്‍ക്കു പുറമേ സുഷിരങ്ങള്‍ ഇട്ട ചിരട്ടകള്‍ ഉപയോഗിക്കുന്നു. അഞ്ചുവര്‍ണ്ണങ്ങളിലുള്ള പൊടികളുപയോഗിച്ച് ഇഷ്ടദേവതാ രൂപങ്ങള്‍ നിലത്തുവരയ്ക്കുന്നു. വെള്ള, പച്ച, മഞ്ഞ, ചുവപ്പ്, കറുപ്പ് എന്നീ നിറങ്ങള്‍ കളം നിര്‍മ്മിതിയ്ക്കായി ഉപയോഗിക്കുന്നു. പ്രകൃതിദത്ത നിറങ്ങളാണ് ഇവിടെ സ്വീകാര്യം. നിലം ചിത്രമെന്നും ധൂളിചിത്രമെന്നും ഇതിനെ പറയാറുണ്ട്. നാഗദേവതകളെ പ്രീതിപ്പെടുത്തുവാനായി പുള്ളുവന്മാര്‍ നടത്തുന്ന അനുഷ്ടാനമാണ് നാഗംപാട്ട്/സര്‍പ്പം പാട്ട്. ഇതില്‍ നാഗക്കളങ്ങളാണ് രചിക്കുക. കളമെഴുത്ത്, മുറംപൂജ, കളംമായ്ക്കല്‍ തുടങ്ങിയ ചടങ്ങുകളോടെ ഇവ നടത്തപ്പെടുത്തുന്നു. ചടങ്ങുകള്‍ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഇതില്‍ രംഗാവതരണ ഘടനയുണ്ടെന്ന് മനസ്സിലാക്കാം. കൃതി/കഥ, കഥാപാത്രങ്ങള്‍, പ്രേക്ഷകര്‍ എന്നീ നാടക ഘടകങ്ങള്‍ ഇവിടെയും കാണാം. നാഗംപാട്ട്/ സര്‍പ്പംതുള്ളല്‍ നടത്തുന്നതിലൂടെ څവികാര വിമലീകരണംچ എന്ന അരിസ്റ്റോട്ടിലിന്‍റെ സിദ്ധാന്തം സംഭവിക്കുന്നു. നാഗക്കളങ്ങളിലെ വര്‍ണ്ണവിന്യാസ ക്രമം ആരേയും അതിലേക്ക് ആകര്‍ഷിക്കുകയും ബാധിക്കുകയും ചെയ്യും. അനുഷ്ഠാന അന്തരീക്ഷം- രാത്രി സമയം, പന്തങ്ങളുടെയും വിളക്കുകളിലേയും മഞ്ഞകലര്‍ന്ന ചുവപ്പു നിറത്തോടുള്ള ചലിക്കുന്ന പ്രകാശം, പുള്ളുവരുടെ താളമേളങ്ങ ളുടെٴഅകമ്പടിയോടെയുള്ള സംഗീതം, പ്രേക്ഷകനില്‍ ബാധിക്കുന്ന അവസ്ഥ സൃഷ്ടിക്കാറുണ്ട്.
താക്കോല്‍വാക്കുകള്‍: അനുഷ്ടാനം, കളമെഴുത്ത്, നാടകീയ അംശം, വികാരവിമലീകരണം, നിറം പാട്ട്, നാഗക്കളങ്ങളിലെ വര്‍ണ്ണവിന്യാസം
ജനജീവിതവുമായി ഇഴുകിച്ചേര്‍ന്ന ഒരു സര്‍പ്പാരാധനാ സമ്പ്രദായവും അതുമായി ബന്ധപ്പെട്ട മറ്റുചില ആചാരങ്ങളും കേരളീയ ഹിന്ദുക്കളുടെ ജീവിതചര്യയിലെ അവിഭാജ്യഘടകങ്ങളാണ്.
ഇന്ത്യയില്‍ സര്‍പ്പാരാധന സാര്‍വ്വത്രികമാണെങ്കിലും ഋഗ്വേദത്തില്‍ അതിനെപ്പറ്റി വ്യക്തമായ സൂചനയൊന്നും കാണുന്നില്ല എന്നാല്‍ യജുര്‍വേദത്തിലും അഥര്‍വ്വവേദത്തിലും ഒരാരാധനാ സമ്പ്രദായമെന്ന നിലയില്‍തന്നെ ഇതിനെ പരാമര്‍ശിച്ചിട്ടുണ്ട്. പുരാണങ്ങളില്‍ സര്‍പ്പങ്ങള്‍ക്ക് ദൈവികമായ പരിവേഷം നല്‍കിക്കൊണ്ടുള്ള പരാമര്‍ശങ്ങള്‍ നിരവധിയാണ്. അനന്തന്‍ എന്ന സര്‍പ്പത്തിന്‍റെ പുറത്ത് ശയിക്കുന്ന വിഷ്ണുവും നാഗങ്ങളെ ഭൂഷണമാക്കി അണിയുന്ന ശിവനും വാസുകിയെ കയറാക്കി ഉപയോഗിച്ചുകൊണ്ടുള്ള പാലാഴിമഥനവും കശ്യപ പ്രജാപതിയ്ക്ക് കദ്രുവില്‍ ജനിച്ച ആയിരം സര്‍പ്പ സന്താനകളും മറ്റും സുവിദിതമാണല്ലോ.
കേരളത്തില്‍ ജനവാസം തുടങ്ങിയ കാലം മുതല്‍തന്നെ നാഗാരാധനയും ആരംഭിച്ചിരിക്കും എന്നു വേണം അനുമാനിക്കാന്‍ ഇതിന് ഉപോല്‍ബലകമായ കഥ കേരളോല്‍പ്പത്തിയില്‍ ഉണ്ട്. പരശുരാമന്‍ കേരളത്തില്‍ കുടിയിരുത്തിയ ബ്രാഹ്മണര്‍ സര്‍പ്പങ്ങളുടെ ആക്രമണം കാരണം തിരിച്ചു പോയതും പിന്നീട് അവര്‍ നാഗങ്ങളെ കുലദേവകളായി അംഗീകരിച്ചതും അവര്‍ക്ക് കാലാകാലങ്ങളില്‍ പൂജയും ബലിയും നല്‍കുവാന്‍ തീരുമാനിച്ച് അവരുടെ സൗഹൃദം നേടിയെന്നുമാണ് ഐതീഹ്യം.
നാഗദേവതകളെ പ്രീതിപ്പെടുത്താനായി പുള്ളുവന്മാര്‍ നടത്തുന്ന അനുഷ്ഠാനമാണ് സര്‍പ്പംപാട്ട്. സര്‍പ്പക്കാവുകളിലും നാഗക്ഷേത്രങ്ങളിലും ഗൃഹങ്ങളിലും ഈ കര്‍മ്മം അനുഷ്ഠിക്കുന്നു. പാമ്പിന്‍കളം, നാഗംപാട്ട്, സര്‍പ്പോത്സവം, പാമ്പുംതുള്ളല്‍ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു.
കളമെഴുത്ത്
അനുഷ്ഠാനങ്ങളോടനുബന്ധിച്ച് നിലത്തുവരയ്ക്കുന്ന ചിത്രങ്ങളാണ് കളങ്ങള്‍. കൈ മാത്രമാണ് വരയ്ക്കുവാനുപയോഗിക്കുന്നത്. കൈവിരലുകള്‍ക്കൊപ്പം രൂപവടിവിനുവേണ്ടി കളിച്ചിരട്ടകളും ഉപയോഗിക്കുക പതിവാണ്. അഞ്ചുവര്‍ണ്ണങ്ങളിലുള്ള പൊടികളുപയോഗിച്ച് ഇഷ്ടദേവതാരൂപങ്ങള്‍ നിലത്തുവരയ്ക്കുന്ന സമ്പ്രദായമാണ് കളമെഴുത്ത്. നിലംചിത്രമെന്നും ധൂളിചിത്രമെന്നും ഇതിനെ പറയാറുണ്ട്.
അനുഷ്ഠാനങ്ങള്‍ ഒരു സമൂഹത്തെ ഏകീകരിക്കുകയും അതുവഴി അതിനു കെട്ടുറപ്പുണ്ടാക്കുകയും ചെയ്യുന്നു. വ്യക്തിപരമായ വികാരങ്ങളുടെ സ്ഥാനത്ത് സമൂഹവികാരങ്ങളെ പ്രതിഷ്ഠിക്കുന്നു. അനുഷ്ഠാനത്തില്‍ അവതാരകന്‍ ഏതു ദേവതയെ പ്രതിനിധാനം ചെയ്യുന്നുവോ ആ ദേവതയായി മാറുന്നു. അനുഷ്ഠാനത്തിനാണ് കലയേക്കാള്‍ പ്രാധാന്യം. അനുഷ്ഠാനം തികച്ചും ദൈവ സങ്കല്പത്തിലധിഷ്ഠിതവുമാണ്. അവിടെ ആസ്വാദനമുണ്ട്. തന്മൂലം ആവിഷ്കാരത്തിന്‍റെ സൗന്ദര്യാത്മകതലം അപ്രസക്തമാണ്. വിശ്വാസാധിഷ്ഠിതവും ദിവ്യവുമായ ഈ അനുഭവത്തിന് സമൂഹം പങ്കാളിത്തം വഹിക്കുകയാണ്.
പുരാവൃത്തം
ദ്വാപരയുഗത്തില്‍ അര്‍ജ്ജുനന്‍ ഖാണ്ഡവനം ദഹിപ്പിച്ച വേളയില്‍ അനേകം സര്‍പ്പങ്ങള്‍ അഗ്നിക്കിരയായി. ഇതില്‍ ഒരു സര്‍പ്പം ഭാഗികമായി പൊള്ളലേറ്റു കിടക്കുന്നതുകണ്ട് നാഗഞ്ചേരി ഇല്ലത്തെ നാഗം ചിരുതേയി നല്ലമ്മ രക്ഷിച്ചു. വെള്ളം കോരിയ കുടത്തില്‍നിന്ന് വെള്ളം കിണറ്റില്‍ തിരികെ ഒഴിച്ചശേഷം ശൂന്യമായകുടത്തിലാണ് നാഗത്തിന് അഭയം നല്‍കിയത്. തുടര്‍ന്ന് ഉത്തരീയം (മേല്‍വസ്ത്രം) ഉപയോഗിച്ച് കുടത്തിന്‍റെ വായ് മൂടിക്കെട്ടി സമീപത്തെ മുല്ലത്തറയില്‍ കമഴ്ത്തി. ക്ഷണനേരത്താല്‍ അത് നാല് ഏണും കോണുമുള്ള ചിത്രകൂടകല്ലായിത്തീര്‍ന്നു. നാഗം ചിരുതേയിയുടെ പ്രവൃത്തിയില്‍ കുപിതരായ ബ്രാഹ്മണ ബന്ധുക്കള്‍ ഭ്രഷ്ട് കല്‍പ്പിച്ചു. നിരാലംബയായ അവര്‍ ഭക്ഷണവും മറ്റുമില്ലാതെ ദിവസങ്ങളോളം കഴിച്ചു കൂട്ടി. ഈ സന്ദര്‍ഭത്തില്‍ ഇപ്രകാരമുള്ള ഒരു അശരീരി ശ്രവിച്ചു. څڅഎന്നെ തോറ്റിയ ആ കുടത്തിന് സമാനമായ ഒരു കുടമെടുത്ത് വായോളം മൂടിക്കുത്തി പശുക്കിടാവിന്‍റെ തോലുകൊണ്ട് 21 നത്ത് കണ്ണ് കുത്തി വെള്ളത്തില്‍ നനച്ചെടുത്ത് പുതച്ച് ഇല്ലിയെന്നും ചിലമ്പിയെന്നും രണ്ട് വാറിട്ടുകെട്ടി അഷ്ടനാഗപ്രീതികരമായ പാട്ടുകള്‍ പാടി കുടില്‍ തൊട്ട് കൊട്ടാരംവരെ നടന്നാല്‍ നിനക്കുള്ളതായ വക ഞാന്‍ തരും. കുഷ്ഠം, വെളുപ്പെ, ഒരിപ്പെ, കുര, പനി തുടങ്ങി 96 മഹാവ്യാധികളും ഞാന്‍ ഉണ്ടാക്കിത്തീര്‍ക്കും. (നാഗശാപത്താലുള്ള വ്യാധികളാണ് ഇവയെന്ന് വിശ്വാസം) നീയിവിടങ്ങളില്‍ ചെന്ന് അഷ്ടനാഗപ്രീതികരമായ പ്രവര്‍ത്തികളിലും പാട്ടുകളിലും വ്യാപൃതമായി വ്യാധിമോചനത്തിനപേക്ഷിച്ചാല്‍ ഞാന്‍ ശമനം നല്‍കാം.چچ ഇതാണ് പുള്ളുവപ്പാട്ടിന്‍റെയും പുള്ളുവന്‍റെയും ഉല്‍പ്പത്തിക്കുകാരണമായ പുരാവൃത്തം.
പുള്ളുവന്‍റെ ഉത്ഭവത്തെ ഇപ്രകാരമാണ് വിവരിക്കുന്നത്: പരമശിവനും ശ്രീപാര്‍വ്വതിയും ഗജരൂപത്തില്‍ കേളികളാടുമ്പോള്‍ ഉണ്ടായ സന്തതിയാണ് ഗജമുഖനായ ഗണപതി. ഉണ്ണി ഗണപതിയുടെ രൂപംദര്‍ശിച്ച ദേവഗണങ്ങള്‍ ഉണ്ണിയെ പ്രകീര്‍ത്തിക്കാന്‍തുടങ്ങി. നാവുദോഷം പറ്റിയകുട്ടി മാതാപിതാക്കളുടെ സ്വൈര്യം കെടുത്താന്‍ തുടങ്ങി. വാശിയും ഉറക്കമില്ലായ്മയുമായി നടന്ന ഉണ്ണിയുടെ അസ്വസ്ഥതകള്‍ മാറ്റുവാനായി പരമശിവന്‍ ദര്‍ഭപ്പുല്ലാനാല്‍ മനുഷ്യാകൃതിയുണ്ടാക്കി. ബ്രഹ്മാവ് ജീവനും നല്‍കി. തുടര്‍ന്ന് നാരദരുടെ വീണയെടുത്ത് പാടുവാന്‍ തുടങ്ങി. പുല്ലിനാല്‍ സൃഷ്ടിക്കപ്പെട്ടതിനാല്‍ څപുല്ലുവന്‍چ എന്നും പിന്നീട് څപുള്ളുവന്‍چچഎന്നും അറിയപ്പെട്ടു. (ലളയോരഭേദം-പാണിനീസൂത്രം)
'ശംഭോധരന്‍റെ തിരുമകനായ ചന്തമെഴുംചമഞ്ഞിതുകാണ്കിലുംകൊമ്പും തുമ്പിക്കൈ കുംഭവയറുമായി കൊമ്പു-കൊണ്ടാന്നു നൃത്തം പിടിച്ചുടന്മുറ്റത്തുണ്ണിയുടെ പറ്റടികാണാനും പെറ്റ ചെറിയനാളല്ലോ കൊതിച്ചിതമ്മ' (രവിപുള്ളുവന്‍, മണ്ണാറശ്ശാല)
നാഗക്കളമെന്ന അനുഷ്ഠാനം
നാഗദേവതകളെ പ്രീതിപ്പെടുത്തുന്നതിനായി നടത്തുന്ന അനുഷ്ഠാനമാണ് നാഗക്കളമെഴുത്തും പാട്ടും. സര്‍പ്പക്കാവുകളിലും നാഗക്ഷേത്രങ്ങളിലും ഗൃഹങ്ങളിലും ഈ കര്‍മ്മം അനുഷ്ഠിക്കുന്നു. സന്തതിക്കും സന്താനസമ്പത്ത് വര്‍ദ്ധനയ്ക്കുമാണ് നാഗക്കളമെഴുത്ത് നടത്തുന്നത്. സര്‍പ്പപ്രീതിക്കായി നടത്തുന്ന ഈ കര്‍മ്മം ഒരു പ്രത്യേകനാഗത്തിനെന്നു പറഞ്ഞുനടത്താറുണ്ട്. കളത്തിലിരിക്കുന്ന പിണിയാളാണ് താന്‍ ഇന്ന നാഗമാണെന്ന് പറയുന്നത്. കളം കൊണ്ട നാഗം എന്ന് ഈ ചടങ്ങിനെ വിശേഷിപ്പിക്കുന്നു. രണ്ടും മൂന്നും ദിവസങ്ങളിലായി നടത്തുന്ന അനുഷ്ഠാനത്തില്‍ ആദ്യത്തെ ദിവസം നാഗക്കളവും അവസാന ദിവസം പൂതക്കളവുമാണുണ്ടായിരിക്കുക. കളം മായ്ക്കാനിരിക്കുന്നത് കന്യകമാരാണ്. എന്നിരുന്നാലും നാഗരാജാവിന്‍റെ പ്രതിനിധിയായി പുരുഷന്മാരെയും ഇരുത്താറുണ്ട്.
ഏഴ് അല്ലെങ്കില്‍ ഒമ്പത് ദിവസം വരെ വ്രതാനുഷ്ഠാനം തുടങ്ങുന്നു. നാഗരാജാവ്, നാഗയക്ഷി, മണിനാഗം, കരിനാഗം, പറനാഗം, എരുനാഗം എന്നീരൂപത്തില്‍ സര്‍പ്പംതുള്ളല്‍ നടത്താനുള്ള ആള്‍ക്കാരെ തെരഞ്ഞെടുക്കുന്നു. വ്രതം നോക്കുന്നവര്‍ ഉപ്പും പുളിയും എരിവും പുഴുക്കലരിയും കഴിക്കാന്‍ പാടില്ല. പച്ചരി വറ്റിച്ച് പാലും പഴവും മാത്രം കഴിക്കാം. മാനസ്സികമായ ഒരു തയ്യാറെടുപ്പിനുവേണ്ടിയാകാം ഇങ്ങനെയൊരു ദീക്ഷ.
കളംവരയ്ക്കാനുള്ള സ്ഥലം വൃത്തിയാക്കി തൂത്തുതളിച്ച് ചാണകം മെഴുകിയിടുന്നു. ആ സ്ഥലത്ത് ഏഴിലം പാലക്കാലില്‍ ചതുരത്തില്‍ പന്തല്‍തീര്‍ത്ത് അതില്‍ കളമെഴുതിയശേഷമാണ് അനുഷ്ഠാനമാരംഭിക്കുന്നത്.
ഇരുപത്തിയൊന്നേകാല്‍മുഴം നീളത്തില്‍, (ഒരു മുഴം-80 സെ.മീ) ഒമ്പതേകാല്‍മുഴം വീതിയില്‍ ആറുകാലുള്ള പന്തലാണ് സാധാരണയിടുന്നത്. പന്തല്‍ കെട്ടിയലങ്കരിക്കുന്നു. കുരുത്തോല, പൂക്കള്‍, അലക്കിയ വസ്ത്രം എന്നിവയാല്‍ മോടിപിടിപ്പിച്ച പന്തലില്‍ പഞ്ചവര്‍ണ്ണപൊടിയാല്‍ നാഗത്തിന്‍റെ രൂപം വരയ്ക്കുന്നു. ചുവപ്പ്, പച്ച, മഞ്ഞ, വെള്ള, കറുപ്പ് എന്നിവയാണ് പഞ്ചവര്‍ണ്ണങ്ങള്‍. പ്രകൃതിദത്തമായ വസ്തുക്കളാണ് വര്‍ണ്ണം നിര്‍മ്മിക്കാനുപയോഗിക്കുന്നത്. അരിപ്പൊടിയാല്‍ വെള്ളയും, ഉമി കുത്തിച്ചെടുത്ത കരിയാല്‍ കറുപ്പും, മഞ്ഞള്‍പൊടിച്ച് മഞ്ഞയും, മഞ്ചാടിയുടെ ഇല ഉണക്കിപ്പൊടിച്ച് പച്ചയും, മഞ്ഞളും ചുണ്ണാമ്പും ചേര്‍ത്ത് ചുവപ്പും നിറങ്ങള്‍ നിര്‍മ്മിക്കുന്നു.
അഷ്ടനാഗങ്ങള്‍, നാഗയക്ഷി, സര്‍പ്പയക്ഷി, നാഗരാജാവ്, പവിത്രക്കെട്ട്, പടിക്കളം, പൂതക്കളം തുടങ്ങിയ രൂപങ്ങള്‍ കളത്തില്‍ പഞ്ചവര്‍ണ്ണങ്ങളാല്‍ തീര്‍ക്കുന്നു. പുള്ളുവവീണ, പുള്ളുവക്കുടം എന്നിവയാണ് വാദ്യോപകരണങ്ങള്‍. കളം നിര്‍മ്മിതിക്കുശേഷം പുള്ളുവനും പുള്ളവത്തിയും വീണയും കുടവും മീട്ടി സര്‍പ്പത്തിന്‍റെ ഉല്പത്തി വിവരിക്കുന്നതാണ് അടുത്ത ചടങ്ങ്. പിന്നീട് മുറംപൂജയാണ്.
മുറംപൂജ
നാഗത്തിന്‍റെ ശത്രുവാണ് ഗരുഡന്‍. കശ്യപപ്രജാപതിക്ക് കദ്രു, വിനത എന്നീ ഭാര്യമാരില്‍ യഥാക്രമം സര്‍പ്പങ്ങളും, ഗരുഡനും പിറന്നു. സപത്നിമാരുടെ കലഹത്താല്‍ കദ്രുവിന്‍റെ ദാസിയായിത്തീര്‍ന്ന വിനതയെ രക്ഷിക്കാന്‍ ഗരുഡന്‍ അമൃത് കൊണ്ടുവരികയും ചെയ്തു. എന്നാല്‍ അമൃത് ഭക്ഷിച്ച് അമരത്വം കൈവരിക്കാന്‍നിന്ന നാഗങ്ങള്‍ക്ക് അതിനുള്ള അവസരം ലഭിക്കായ്കയാല്‍ ഗരുഡനുമായി ശത്രുതയിലായി. ഗരുഡന് പൂജ നല്‍കിയാല്‍മാത്രമേ നാഗങ്ങള്‍ കളത്തില്‍വരികയുള്ളൂ എന്നാണ് സങ്കല്പം. അതിന്‍റെ ഭാഗമായാണ് മുറം താളത്തില്‍വീശി മുറംപൂജ നടത്തുന്നത്. മുറംപൂജ ചെയ്യുന്നത് څകളത്തില്‍ കൈമള്‍چ എന്ന സ്ഥാനമുള്ള ആളാണ്. മുറം വീശുന്നത് ഗരുഡന്‍റെ ചിറകിന്‍റെ ചലനത്തെ അനുസ്മരിപ്പിക്കുംവിധമാണ്.
'ശംഭുതന്‍ പുത്രനായ് മേവും ഗണേശനുംഅമ്പോടെ ഭാരതീദേവി തുണയ്ക്കണംഈരേഴുലോകത്തെനാഥനാം കൃഷ്ണനുംപാരാതെവന്നു തുണച്ചരുള്കകൈലാസേ എഴുന്ന ശംഭു ഭഗവാനുംപാലിച്ചിടേണേ പാര്വ്വതിയുംവമ്പനായുള്ളൊരനന്തനാം വാസുകിഅമ്പൊടു മറ്റുള്ള നാഗങ്ങളുംപാരം ചുരുക്കി പറയണം പൈങ്കിളിപാരമിതൊട്ടുമേ ചൊല്വാന്അന്നേരം പൈങ്കിളി ഒട്ടുചുരുക്കമായ്ചൊല്വാന് തുടങ്ങി കേട്ടുകൊള്‍വിന്‍....'(രവിപ്പുള്ളുവന്‍, മണ്ണാറശ്ശാല)
എന്നീപ്രകാരം ദേവതകളെ സ്തുതിച്ച് സര്‍പ്പത്തിന്‍റെ വംശാവലിയും സര്‍പ്പസംബന്ധമായ മറ്റുള്ള കഥകളും (ഖാണ്ഡവ ദഹനം, പാലാഴിമഥനം തുടങ്ങിയവ) വീണയുടേയും കുടത്തിന്‍റെയും നാദങ്ങളുടെ അകമ്പടിയോടെ പാടി വിവരിക്കുന്നു.
അടുത്ത ചടങ്ങ് കളംപൂജയാണ്. അതിനായി പ്രധാന പുള്ളുവപ്പണിക്കര്‍ നാഗരാജാവിന്‍റെ പ്രാതിനിധ്യം വഹിക്കുന്ന പിണിയാളുകളുടെ കൈയില്‍ കാപ്പുകെട്ടുന്നു. ആ പിണിയാളെക്കൊണ്ടാണ് പൂജ ചെയ്യിക്കുന്നത്. പൂജാദികര്‍മ്മങ്ങള്‍ കഴിഞ്ഞാല്‍ പ്രധാന അവകാശിയെക്കൊണ്ട് കമുകിന്‍പൂക്കുല വ്രതക്കാര്‍ക്ക് കൊടുപ്പിക്കുകയും വ്രതക്കാരെ ഇലയില്‍ നിര്‍ത്തുകയും ചെയ്യുന്നു. നാഗങ്ങള്‍ ദേവതകള്‍ ആയതിനാലാണ് അവരെ ഭൂസ്പര്‍ശം കൂടാതെ ഇലയില്‍ നിര്‍ത്തുന്നത്. ആര്‍പ്പുവിളി, വായ്ക്കുരവ, ശംഖനാദം എന്നിവ ഉയരുന്നതോടൊപ്പം വീണ, കുടം, കൈമണി എന്നീ ത്രിഗുണവാദ്യങ്ങളുപയോഗിച്ച് പുള്ളുവന്‍ പാട്ടുതുടങ്ങുന്നു. നാഗരാജാവയ അനന്തനെ പാടി വിളിച്ചുവരുത്തി അനുഗ്രഹം വാങ്ങുന്നതാണ് പാട്ടിന്‍റെ ഉള്ളടക്കം. പാട്ടുതുടങ്ങി അല്പനേരം കഴിഞ്ഞാല്‍ പൂക്കുല ഏന്തിയ വ്രതക്കാര്‍ ചലിക്കാന്‍ തുടങ്ങുന്നു. പാട്ടിന്‍റെ വേഗത്തിന് അനുസൃതമായി പിണിയാളിന്‍റെ ആട്ടവും വേഗത്തിലാകും. പാട്ടിന്‍റെയും പുള്ളുവക്കുടത്തിന്‍റെയും താളം മുറുകുന്നതോടെ ആട്ടവും മുറുകുന്നു. പൂജാദികളില്‍സംപ്രീതരായ നാഗരാജാവും നാഗയക്ഷിയും ഭക്തജനങ്ങള്‍ക്ക് അവരുടെ അഭിലാഷ സാക്ഷാത്കരത്തിനു വേണ്ടി കളത്തിലെത്തുന്നു. കവുങ്ങിന്‍ പൂക്കുല ഭക്ഷിച്ചും, മഞ്ഞള്‍പ്പൊടി, പാല്‍, പനിനീര്‍ പൂക്കള്‍, ഇളനീര്‍ എന്നിവകൊണ്ട് അഭിഷേകം നടത്തിയും കളംമായ്ച്ചും പ്രത്യേകം പ്രത്യേകം തയ്യാറാക്കി വെച്ചിട്ടുള്ള നൂറുംപാലില്‍ നീരാടിയും പൂജാദികര്‍മ്മങ്ങളില്‍ സംപ്രീതരാകുന്നു, നാഗരാജാവും നാഗയക്ഷിയും എന്നാണ് വിശ്വാസം.
തുള്ളുന്നവര്‍ ഇതിനിടയ്ക്ക് ഭക്തജനങ്ങളെ അനുഗ്രഹിക്കുകയും അവരുടെ കഷ്ടതകള്‍ക്ക് വേണ്ട പരിഹാരങ്ങള്‍ ഉപദേശിക്കുകയും ചെയ്യുന്നു. ഉദാഹരണമായി പങ്കാളികളിലൊരാള്‍ ദുരിതങ്ങള്‍ പിണിയാളോട് പറയുന്നു. പിണിയാള്‍ അയാള്‍ക്ക് പരിഹാരമായി പൂജ നടത്തുവാനോ കാവില്‍തൊഴുവാനോ നിര്‍ദ്ദേശിക്കുന്നു. തുള്ളല്‍ കഴിഞ്ഞാല്‍ കാപ്പ് അറുത്ത് അവര്‍ക്ക് പുഴുക്കലരിയും ഉപ്പുംകൊടുത്ത് നോയമ്പ് മുറിക്കുന്നു. ഭക്തജനങ്ങള്‍ക്ക് കളത്തില്‍ കൂടിക്കലര്‍ന്ന പൊടികളും പൂക്കളും പ്രസാദമായി നല്‍കുന്നു.
നാടകീയ അംശം
നാഗക്കളത്തിന്‍റെ ചടങ്ങുകള്‍ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ രംഗാവതരണ ഘടനയുണ്ടെന്ന് മനസ്സിലാക്കാം.
കളം - നാഗത്തിന്‍റ ചിത്രണം, പാട്ട് - നാഗോല്‍പ്പത്തി, വംശാവലി തുടങ്ങിയവ, തുള്ളല്‍ - നാഗപ്രതീകങ്ങളുടെ നൃത്തം എന്നീ മൂന്ന് ക്രിയകള്‍ ഇതില്‍ കൂടിച്ചേര്‍ന്നിരിക്കുന്നു. സംഘര്‍ഷം, സംവാദം, ക്രിയ ഇവയിലൂടെയാണ് നാടകം പുരോഗമിക്കുന്നത് കളം രചനയിലൂടെ സംഘര്‍ഷാത്മകമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. പാട്ടിലൂടെയും പിണിയാള്‍ പാട്ടുകാരോടും പ്രേക്ഷകനോടും സംഭാഷണത്തില്‍ ഏര്‍പ്പെടുന്നതിലൂടെയും സംവാദം നടക്കുന്നു. രംഗത്ത് അവതരിപ്പിക്കുന്ന ക്രിയ തന്നെയാണ് തുള്ളല്‍.
‘Dramatos’എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് ‘Drama’ യുടെ നിഷ്പ്പത്തി. ‘Dramatos’ ന് ഗൗരവമുള്ള കര്‍മ്മം എന്നര്‍ത്ഥം. ഈ ക്രിയ രംഗവേദിയിലാണ് നടത്തേണ്ടത്. നാഗക്കളം പാട്ടിനോടനുബന്ധിച്ച് നിര്‍മ്മിക്കുന്ന പന്തല്‍ രംഗവേദി തന്നെയാണ്. 'ഒരു ക്രിയയുടെ അനുകരണമാണ് നാടകം' എന്ന അരിസ്റ്റോട്ടിലിന്‍റെ നിര്‍വ്വചനം ശ്രദ്ധേയം (വിശ്വസാഹിത്യ ദര്‍ശനങ്ങള്‍) 'രംഗവേദിയിലെ ക്രിയ (Action in the stage) ഇതാണ് നാടകം. ഇവിടെ ഏഴിലംപാലകൊണ്ട് നിര്‍മ്മിക്കുന്ന പന്തല്‍ എന്ന രംഗവേദിയിലാണ് സര്‍പ്പം തുള്ളല്‍ എന്ന ക്രിയ വികസിക്കുന്നത്. നാടകത്തിന്‍റെ ഉല്പത്തി, അനുഷ്ഠാനകലകളില്‍ നിന്നാണ് എന്നതും ഇവിടെ ശ്രദ്ധിക്കേണ്ടുന്ന കാര്യമാണ്. പാശ്ചാത്യനാടകത്തിലെ പഞ്ചസന്ധികളാണ് പ്രകാശനം. വ്യാമിശ്രണം, (Complication), പരകോടി അഥവാ പ്രതിസന്ധി, തീരുമാനം, പരിസമാപ്തി എന്നിവ. നാടകത്തിന്‍റെ സ്ഥലകാലങ്ങളെയും സാമൂഹിക-സാംസ്കാരിക സവിശേഷതകളെയുംകുറിച്ച് ആദ്യം വിവരിക്കുന്നതാണ് പ്രകാശനം. ഇതുതന്നെയാണ് സര്‍പ്പോല്‍പ്പത്തി പരാമര്‍ശമുള്ള പാട്ട്. സൂക്ഷ്മമായി ഈ പാട്ട് നിരീക്ഷിച്ചാല്‍ അന്നത്തെ സ്ഥലകാലങ്ങളും സാമൂഹികസാംസ്കാരിക സവിശേഷതകളും ഇതിലടങ്ങിയിരിക്കുന്നുണ്ടെന്ന് മനസിലാക്കാം. മഹാഭാരത പ്രസിദ്ധമായ ഖാണ്ഡവവന ദഹനവും തുടര്‍ന്ന് സര്‍പ്പത്തിന്‍റെ കുടിയിരുപ്പ്, വംശാവലിയുടെ ചരിത്രം എന്നിങ്ങനെയുള്ള അംശം കാണാം. കിളിമകളോട് കഥപറയാന്‍ ആവശ്യപ്പെടുന്നതിലൂടെ നേരിട്ട് കഥപറയാതെ അന്നത്തെ കഥാകഥന രീതിയായ 'കിളിയെക്കൊണ്ട് പറയിക്കല്‍' എന്ന സമ്പ്രദായത്തിലൂടെ കഥയെ അനാവരണം ചെയ്യുന്നു. ജീവിതം എന്ന നിലയില്‍ കഥയും കഥാപാത്രങ്ങളും പ്രശ്നങ്ങളിലേക്കും, സംഘര്‍ഷങ്ങളിലേക്കും കടക്കുന്നത് വ്യാമിശ്രണം; പിണിയാളെ കളത്തിലിരുത്തുകയും താന്‍ 'കളംകൊണ്ട നാഗം' ഏതാണെന്ന് പിണിയാള്‍ അറിയിക്കുകയും ചെയ്യുന്നതാണ് ഈ ഘട്ടം. സംഘര്‍ഷം ഉച്ചാവസ്ഥയില്‍ എത്തുന്നത് പ്രതിസന്ധി; പാട്ടിന്‍റെ താളമെളത്തിന്‍റെയുമൊപ്പം നാഗം ചിലച്ചു തുടങ്ങുകയും മേളം മുറുകുന്ന ഉച്ചാവസ്ഥയാണ് ഇവിടെ പ്രതിസന്ധി. പ്രശ്നങ്ങളും പ്രതിസന്ധികളും അയഞ്ഞുവരുന്നത് തീരുമാനം; ബാധാവേശിതമായ നാഗം കളം മായ്ക്കലിലൂടെ തന്‍റെകര്‍മ്മം പൂര്‍ത്തീകരിക്കുന്നതാണ് തീരുമാനം. പ്രേക്ഷകന്‍റെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും യുക്തമായ മറുപടി നല്കി നാടകം അവസാനിപ്പിക്കുന്നതാണ് പരിസമാപ്തി; പിണിയാളുകള്‍ ദോഷപരിഹാരം നിര്‍ദ്ദേശിക്കുന്നതാണ് പരിസമാപ്തി.
സര്‍പ്പംതുള്ളലില്‍ അഭിനയം പാടില്ല, കളമില്ലാതെ കര്‍മ്മം നടത്തരുത് എന്നിങ്ങനെയുള്ള വിശ്വാസങ്ങള്‍ നിലനില്ക്കുന്നു. വ്രതക്കാര്‍ വ്രതം തുടങ്ങുന്നതോടെ മാനസികമായും ശാരീരികമായും കളത്തിലെ നാഗമാകാന്‍ തയ്യാറാകുന്നു. നടീനടന്മാര്‍ കഥാപാത്രത്തിന്‍റെ വേഷമിടാന്‍ തീരുമാനിക്കുകയും പരിശീലനം തുടങ്ങുകയും ചെയ്യുന്ന സന്ദര്‍ഭം തന്നെയാണിത്. അനുഷ്ഠാനത്തിന്‍റെ അന്നത്തെ അന്തരീക്ഷം അവരെ സ്വയംമറന്ന് പ്രതീകമായിരിക്കുന്ന നാഗത്തോട് താദാത്മ്യം പ്രാപിക്കാന്‍ സഹായിക്കുന്നു. നാടകത്തിനും ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ് അന്തരീക്ഷ സൃഷ്ടി. കളംപാട്ടില്‍ കളം പ്രധാനമാണ്. നാടകത്തിലും ചിത്രത്തിന് വളരെയധികം പ്രാധാന്യമുണ്ട്. കളംരചനയിലൂടെ വിശാലമായ സ്ഥലത്തെ അതിന്‍റെ സവിശേഷത വ്യക്തമാക്കാന്‍ അതിനെ പ്രത്യേകതലമാക്കി മാറ്റുന്നു. സ്ഥലത്തിന്‍റെ കലയാണ് നാഗക്കളമെന്നു പറയാം. ഇവിടെ കളം കേന്ദ്രബിന്ദുവായി മാറുന്നു. അതായത് ആദ്യം കളംവരയ്ക്കുകയും പിന്നീട് ആഖ്യാനം നടത്തുകയും ചെയ്യുന്നു. കരിപ്പൊടി വിതറിയാണ് കളത്തിന്‍റെ ഭൂമിക തയ്യാറാക്കുന്നത്. ഇതില്‍ സര്‍പ്പക്കളം അതിതീഷ്ണമായ വിരുദ്ധ നിറങ്ങളായി ഉദിച്ചു നില്ക്കുന്നു. പന്തലിന്‍റെ നാലുദിക്കിലും കത്തുന്നപന്തങ്ങളും നിലവിളക്കുകളും ഈ നിറങ്ങളില്‍ ചലനം സൃഷ്ടിക്കുന്നു. പന്തങ്ങളിലെയും വിളക്കിലെയും നാളത്തിന്‍റെ ചലനമാണ് കളത്തിലെ നിറങ്ങളില്‍ ചലനം സൃഷ്ടിക്കാന്‍ സഹായിക്കുന്നത്. വെളിച്ചത്തിനുമുണ്ട് പ്രത്യേകത. ചുവപ്പിന്‍റെയും മഞ്ഞയുടെയും മേളനമാണതില്‍. ആധുനിക ഭാഷയില്‍ പറഞ്ഞാല്‍ ഇവിടെ ആനിമേഷന്‍ തന്നെയാണ് സംഭവിക്കുന്നത്. നാടകത്തിനും ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ് ശബ്ദവും വെളിച്ചവും. കളം പ്രദക്ഷിണം വെയ്ക്കുന്നതോടെ സ്മൃതിരൂപങ്ങള്‍ ഉണരുന്നു. ഉപബോധമനസ്സിലെ സ്മൃതിരൂപങ്ങളെ അതേരീതിയില്‍ ഉണര്‍ത്തിവിടുന്നു. പാട്ടിലൂടെ രൂപം വ്യക്തമാകുന്നു- കളത്തോടനുബന്ധിച്ച് നടത്തുന്ന പാട്ടില്‍ രൂപവര്‍ണ്ണനയുണ്ട്. രൂപമുണ്ടെങ്കില്‍ മാത്രമേ അതിനെ കേന്ദ്രീകരിച്ച് ചിന്തിക്കാന്‍ കഴിയൂ. പഞ്ചവര്‍ണ്ണങ്ങളില്‍ വെളുത്ത രേഖകളുടെ ഒഴുക്ക് നോട്ടക്കാരനില്‍ ചലനം സൃഷ്ടിക്കുന്നു. കളത്തിലെ രേഖകളുടെ ഒഴുക്ക് കളംകാഴ്ചക്കാരെയും മാനസികമായി ബാധിക്കുന്നുണ്ട്. താളാത്മകമായി കളത്തില്‍ ഇഴയുന്ന രൂപങ്ങളുടെ ചലനക്രമം കണ്ണിനെയും ശിരസ്സിനെയും ബാധിക്കുന്നതിനാല്‍ സര്‍പ്പംതുള്ളല്‍ സംഭവിക്കുന്നു. പുള്ളുവക്കുടത്തിന്‍റെ പ്രത്യേകതരത്തിലുള്ള നാദവും വീണയുടെ ലയസ്വരവും ഈ മാനസികക്രിയയെ പ്രേരിപ്പിക്കുന്നു. കാഴ്ചയിലൂടെയും കേള്‍വിയിലൂടെയും ആവാഹിക്കുന്ന ഈ ചലനം പിണിയാളെ കളത്തില്‍ നിന്ന് ആട്ടത്തിലേക്ക് നയിക്കുന്നു. ചിലപ്പോള്‍ പ്രേക്ഷകനും ഈ മാനസികാവസ്ഥയിലെത്തി കളം മായ്ക്കാറുണ്ട്. കളംപാട്ട് നടത്തുന്നതിലൂടെ څവികാരവിമലീകരണംچ എന്ന അരിസ്റ്റോട്ടിലിന്‍റെ സിദ്ധാന്തം സംഭവിക്കുന്നു. വൈദ്യശാസ്ത്രരംഗത്താണ് ഈ സിദ്ധാന്തത്തെ ഉപയോഗിച്ചതെങ്കില്‍ അനുഷ്ഠാനകലകള്‍ക്കും ഈ തത്ത്വംബാധകമാണ്. കളംരചനയിലൂടെ കളംപാട്ടുകാര്‍ ആവാഹിക്കുന്ന ചൈതന്യം പാട്ടിനും താളമേളങ്ങള്‍ക്കുമൊപ്പം പിണിയാളുകളില്‍ ഉച്ചസ്ഥായിയില്‍ എത്തുന്നു. ഇവിടെ ചടുലമായ ചലനമാണ് പിന്നീട് ഉണ്ടാകുക. പാട്ടും താളവും നിലയ്ക്കുന്നതിനനുസൃണമായി വലിഞ്ഞുമുറുകിയ അന്തരീക്ഷം അവസാനിക്കുകയും പിണിയാളുകള്‍ വിശ്രാന്തിയിലെത്തുകയും ചെയ്യുന്നു.
നാടകീയ അംശങ്ങളാല്‍ സമ്പന്നമാണ് നാഗക്കളം പാട്ട്. കൃതി, നടന്‍, പ്രേക്ഷകന്‍ എന്നീ നാടകഘടകങ്ങള്‍ ഇവിടെയും കാണാം. കൃതിയായി പുരാവൃത്ത സങ്കല്പവും നടന്‍റെ സ്ഥാനത്ത് രംഗത്ത് പാടുന്നവര്‍, കളത്തില്‍ ഇരിക്കുന്നവര്‍, വാദ്യക്കാര്‍ എന്നിവരും സദസ്യര്‍ പങ്കാളികളുമാണ് രംഗകരും.
നാഗക്കളങ്ങളിലെ വര്‍ണ്ണവിന്യാസം
കളം രചനയക്കായി തെരഞ്ഞെടുക്കുന്ന സ്ഥലം വിശാലമായ സ്ഥലത്തു നിന്നാണ് വിശാലമായ സ്ഥലത്തെ സവിശേഷത വ്യക്തമാക്കാന്‍. തൂത്തുതളിച്ച് ചാണകം മെഴുതി പ്രത്യേക തലമാക്കിമാറ്റുന്നു. സ്ഥലത്തിന്‍റെ കലയാണ് നിലത്തെഴുത്ത്, ചിത്രം കേന്ദ്രബിന്ദുവായി മാറുന്നു. ആദ്യം ചിത്രം വരയ്ക്കുന്നു. പിന്നീടാണ് ആഖ്യാനം നടത്തുന്നത്. സമയവും പ്രത്യേക പരിഗണന അര്‍ഹിക്കുന്നു. അനുഷ്ഠാനം നടക്കുന്നത് രാത്രിയിലാണ്. രാത്രിയുടെ നിറമാകട്ടെ കറുപ്പും. ചിത്രരചന മധ്യാഹ്നത്തോടുകൂടി തുടങ്ങിയാലും രചനയുടെ അവസാനഘട്ടമെത്തുമ്പോഴേക്കും ഇരുട്ട് പരക്കും. ചിത്രത്തിലേക്ക് ലഭിക്കുന്ന വെളിച്ചം പന്തത്തിന്‍റേയും നിലവിളക്കിന്‍റേതുമാണ്. അവയുടെ പ്രകാശത്തിനാകും വെളുപ്പിനേക്കാള്‍ ചുവപ്പിന്‍റേയും മഞ്ഞയുടേയും രാശികളാണ് ഉള്ളത്. അവയ്ക്ക് ചലന സ്വഭാവവുമുണ്ട്. ഈ തരത്തിലുള്ള വെളിച്ചം കളത്തിലെ രൂപത്തില്‍ ചലനം സൃഷ്ടിക്കുന്നു. ആധുനിക ഭാഷയില്‍ ഇവിടെ ആനിമേഷന്‍തന്നെയാണ് സംഭവിക്കുന്നത്.
കളം പ്രദക്ഷിണം വെയ്ക്കുന്ന ചടങ്ങിലൂടെ നമ്മുടെ ഉള്ളിലെ സ്മൃതിരൂപങ്ങള്‍ ഉണരുന്നു. കളം څനോക്കിക്കാണല്‍چ എന്നാണ് ചടങ്ങിന്‍റെ പേര്. നോക്കുക മാത്രമല്ല കളത്തെ വിശദമായി കാണുകകൂടിയാണ് പ്രദക്ഷിണത്തിലൂടെ. അപ്പോള്‍ ഉണരുന്ന സ്മൃതിരൂപങ്ങളെ (ാലാീൃ്യ ശാമഴലെ) ഊട്ടി ഉറപ്പിക്കാന്‍ പോന്നവിധത്തില്‍ പാട്ടിലൂടെ രൂപങ്ങളെ വ്യക്തമാക്കുന്നു. കളത്തോടനുബന്ധിച്ചു നടത്തുന്ന പാട്ടില്‍ രൂപവര്‍ണ്ണനയുണ്ട്. ഈ സമയത്തെ അന്തരീക്ഷസൃഷ്ടി അതിപ്രധാനമാണ്. രൂപമുണ്ടെങ്കില്‍ മാത്രമേ അതിനെ കേന്ദ്രീകരിച്ച് ചിന്തിക്കാന്‍ കഴിയൂ. പഞ്ചവര്‍ണ്ണങ്ങളില്‍ ചലനം മനസ്സില്‍ വിഭ്രാത്മകമായ തലം സൃഷ്ടിക്കുമ്പോള്‍ ഉറഞ്ഞുതുള്ളുന്ന അവസ്ഥയുണ്ടാകുന്നു. ഈ ഘട്ടമാണ് ബാധയേല്‍ക്കുന്നതായി പറയുന്നത്. അനുഷ്ഠാനത്തില്‍ പങ്കെടുക്കുന്നവരെയെല്ലാംഈ അവസ്ഥ ബാധിക്കുന്നതിനാലാണ് കളം മായ്ക്കാന്‍ പലരും പങ്കാളിയാകുന്നത്. നിറത്തിനും പ്രാധാന്യം ഉള്ളതിനാലാണ് 'നിറം പാടുക' എന്ന പേര്‍തന്നെ വന്നത്.
രചനയിലൂടെ നടത്തുന്ന ഛായാരൂപത്തില്‍ ചൈതന്യം നല്‍കുകയും ആ ചൈതന്യം കളംമായ്ക്കുന്ന ആള്‍/പങ്കാളി സ്വീകരിച്ച് പ്രസ്തുത അനുഷ്ഠാനത്തിലെ ദേവതയായി മാറുന്നു. താളത്തില്‍ നൃത്തം ചവുട്ടിയും കളംമായ്ക്കുന്നത്. മുഖത്തെഴുത്തിനും മെയ്യെഴുത്തിനും പ്രാധാന്യം മിക്കനാടന്‍ കലാരൂപങ്ങളിലും കാണാം. ക്ലാസ്സിക്കല്‍ കലകളില്‍ മുഖത്തിനാണ് പ്രാധാന്യം. കളം മാക്കുന്നതിലൂടെ ദിവ്യത്വം അവസാനിക്കുന്നു. നടന്‍ ദേവതയില്‍ നിന്ന് നടനായിമാറുന്നു.
കളങ്ങളിലെ വര്‍ണ്ണബോധം ശ്രദ്ധിക്കേണ്ടതുതന്നെയാണ്. കറുപ്പ്, മഞ്ഞ, വെള്ള എന്നീ നിങ്ങള്‍ക്കാണ് പ്രാധാന്യം. കണ്ണിന് കറുപ്പ്, മഞ്ഞ, വെള്ള, ചുവപ്പ് എന്നീ നിറങ്ങള്‍ കൊടുക്കുന്നു. കൃഷ്ണമണിക്ക് ചുവപ്പ് ചുറ്റും വെള്ള അതിനുപുറമേ കറുപ്പ് എന്ന ക്രമത്തില്‍ വൃത്തത്തിലാണ് കണ്ണുകള്‍ വരയ്ക്കുക. കരിപ്പൊടിയാണ് ആദ്യം വിതറുക അതിനാല്‍ അവയില്‍ വരയ്ക്കുന്ന നിറങ്ങള്‍ ഉദിച്ചുനില്‍ക്കുന്ന പ്രതീതി നല്‍കും. കെട്ടുകയും അഴിക്കുകയും ചെയ്യുക എന്ന സങ്കല്‍പം ഈ ചിത്രങ്ങള്‍ക്കുണ്ട് കെട്ടുക എന്നു പറഞ്ഞാല്‍ നാഗരൂപ നിര്‍മ്മിതിയാണ് (നാഗത്തിന്‍റെ സൃഷ്ടിയും വരവും) അഴിക്കുക എന്നു പറഞ്ഞാല്‍ നാഗത്തിന്‍റെ ലയവും തിരിച്ചുപോക്കുമാണ് പാമ്പിന്‍റെ വളഞ്ഞു പുളഞ്ഞുള്ള ശരീരഘടനയും ഗതിവേഗവും ചുറ്റിപ്പിടുത്തവും ഘടനാപരമായി സ്വംശീകരിച്ചതാണ് കെട്ടിന്‍റെ രൂപസൃഷ്ടി. ഓരോ കെട്ടുകള്‍ക്കും വ്യത്യസ്തമാതൃകകള്‍ ഉണ്ട്. കെട്ടുകള്‍ കൊണ്ട് കളത്തില്‍ അര്‍ദ്ധവൃത്തം, വൃത്തം, സമചതുരം, സമഭുജത്രികോണം എന്നീ ജ്യാമിതീയ രൂപമാതൃകകള്‍ സൃഷ്ടിക്കുന്നു 'കെട്ടിയണിയുക' എന്നാണ് സര്‍പ്പക്കളം നിര്‍മ്മിതിയുടെ സാങ്കേതിക നാമം. ഇതിലെ ജ്യാമിതീയ രൂപങ്ങള്‍ക്ക് താന്ത്രിക ചിത്രകലയുമായി യാതൊരു ബന്ധവുമില്ല. പുള്ളുവന്‍ തന്‍റെ കൈത്തഴകത്താല്‍ തീര്‍ക്കുന്ന കളത്തിലെ അളവും കണക്കും കൈവേലയുടെ ഫലമാണ്. വളഞ്ഞു പുളഞ്ഞ ആകൃതി കാഴ്ചക്കാരന്‍റെ മനസ്സില്‍ ചലനം സൃഷ്ടിക്കുന്നു. വെളുത്ത രേഖയുടെ ഒഴുക്ക് ഇതിന് മാറ്റ് കൂട്ടുന്നു. നാഗക്കെട്ടുകള്‍ ഒന്നിനുമീതേയായി കെട്ടുമ്പോള്‍ മുറിപ്പടം വരാതെ ശ്രദ്ധിക്കണം. അങ്ങനെ വന്നാല്‍ കളം നേരേയാകില്ല എന്നാണ് വിശ്വാസം. അതിലെല്ലാമുപരിയായി ചിത്രത്തിന്‍റെ സ്വാഭാവികതയും കാഴ്ചക്കാരില്‍ നിന്ന് മറയ്ക്കപ്പെടുന്നു. തള്ളവിരല്‍, നടുവിരല്‍, ചൂണ്ടാണിവിരല്‍ ഇവകളാല്‍ വിവിധ അളവിലുള്ള വളവ് രേഖകളില്‍ സൃഷ്ടിക്കുന്നു. അലങ്കാരങ്ങളും പുറംവരകളും ഇടാന്‍ കുടുക്ക/കളിച്ചിരട്ട ഉപയോഗിക്കുന്നു. ചിരട്ടക്കുടുക്കയില്‍ പൊടിനിറച്ച് ദ്വാരങ്ങളിലൂടെ പൊടിതട്ടിക്കുടഞ്ഞ് വരയ്ക്കുന്ന രീതിയാണിത്. സര്‍പ്പത്തിന്‍റെ സ്വരൂപത്തിന് അനുഗുണമായ രേഖകള്‍ ആണ് ഇവിടെ സ്വീകരിക്കുക. കളങ്ങള്‍ തമ്മിലുള്ള വ്യത്യാസത്തിന് പ്രധാന കാരണം ചുരുളുകളുടെ എണ്ണത്തിന്‍റെ വലുപ്പച്ചെറുപ്പമാണ്. മൂന്ന്, നാല്, ഏഴ്, ഒമ്പത് എന്നിങ്ങനെ ചുരുളുകളിട്ട് കളം വരയ്ക്കാറുണ്ട്. ഇവ കൂടാതെ പവിത്രക്കെട്ടു കളവും ഉണ്ട് 8 എന്ന സംഖ്യയെ അങ്കനം ചെയ്യുന്നതു പോലെയാണ് പവിത്രക്കെട്ടിന്‍റെ രൂപീകരണം.
സര്‍പ്പംതുള്ളല്‍ ഒരു ദിവസം മാത്രമായും പല ദിവസങ്ങളിലായും നടത്താം. ഒരു നേരമായും മൂന്നു നേരമായും നടത്താം. ഒരു നേരം മാത്രമുള്ളയിടത്ത് രാവിലെ മണിനാഗക്കളവും (ഒരു ശിരസ്സ്) മൂന്നു നേരമുള്ളയിടത്ത് ഇടയ്ക്ക് നാഗയക്ഷിക്കളവും (മൂന്നു ശിരസ്സ്) രാത്രി അരയാലോടുകൂടിയ ആല്‍ത്തറയില്‍ പഞ്ചശിരസ്ക്കനായ നാഗരാജാവിന്‍റെ കളവും ആണ് ചിത്രീകരിക്കുന്നത്. രാവിലെ ഭസ്മക്കളവും ഉച്ചയ്ക്ക് മഞ്ഞക്കളവും രാത്രിയില്‍ പഞ്ചവര്‍ണ്ണപ്പൊടികൊണ്ട് വര്‍ണ്ണപ്പൊലിമയുള്ള നാഗക്കളവും എഴുതുന്നു. ഉച്ചക്കും, രാത്രിയിലും രൂപരേഖ തയ്യാറാക്കാന്‍ മഞ്ഞപ്പൊടി ഉപയോഗിക്കുന്നു. സര്‍പ്പ പ്രീതിയ്ക്കായ് നടത്തുന്ന ഈ കര്‍മ്മം ഉത്സവത്തിന്‍റെ അവസാന ദിവസം നടത്തുകയാണ് പതിവ്.
ഗ്രന്ഥസൂചി
ഡോ. എം. വി. വിഷ്ണു നമ്പൂതിരി, (2017). നാടോടി വിജ്ഞാനീയം, ഡി.സി. ബുക്ക്സ്, കോട്ടയം.
ഡോ. സിന്ധു അന്തര്‍ജനം, (2006) കളമെഴുത്തും കേരളത്തിലെ ആധുനിക ചിത്രകലയും, കാലിക്കറ്റ് യൂണിവേഴ്സിറ്റി ലൈബ്രററി.
കേരളോല്‍പ്പത്തി (മലയാളം ചരിത്രം), സായാഹ്ന ഫൗണ്ടേഷന്‍, തിരുവനന്തപുരം
കൊട്ടാരത്തില്‍ ശങ്കുണ്ണി, (1978). ഐതീഹ്യമാല, ഡി.സി. ബുക്ക്സ്, കോട്ടയം.
ഡോ. നെല്ലിക്കല്‍ മുരളീധരന്‍, (1997). വിശ്വസാഹിത്യ ദര്‍ശനങ്ങള്‍, ഡി.സി.ബുക്ക്സ് കോട്ടയം.
ആര്‍. നാരായണപ്പണിക്കര്‍, (1978) ഹൈന്ദവ നാട്യശാസ്ത്രം,
എന്‍.എന്‍. പിള്ള, (1971). നാടക ദര്‍പ്പണം, കേരള സാഹിത്യ അക്കാദമി, തൃശ്ശൂര്‍.
വെട്ടംമാണി, (1971). പുരാണിക് എന്‍സൈക്കിളൊപ്പീഡിയ, ഡി.സി. ബുക്സ് കോട്ടയം.
രവി പുള്ളുവന്‍ (ആവേദകന്‍) (80 വയസ്സ്) മണ്ണാറശാല, ഹരിപ്പാട്.