Kappirikalude Nattil’: A Post-Colonial research 

Maya K

This paper aims to analyse the famous travelogue ‘Kappirikalude Nattil’ written by S.K. Pottekkatt applying post- colonial methodology. Through this study it is possible to understand the indigenous culture  of the African people and also how colonization dominates over a country. By the analysis of nationality, language and the changes that occured in the economic structure, it is asserted that ‘ Kappirikalude Nattil’ became a textbook for identifying how the enabling of invasion happens. In the work of “Kappirikalude Nattil” it is able to identify the manner in which the strategies of colonial discourse, political constructions and capital- based goals are getting worked and implemented.  S.K has adopted a complete anti- European attitude. As a citizen of a British-ruled country.  S.K. was able to recognize the enslavement of African people.  S.K. visited Africa after two years of India’s independence.  In this travalogue, we can see a person who understood both the good and bad aspects of colonial rule.  It is clear that, from that time itself a post colonial critic was formed in S.K. even if the colonialism was over, we can see that even in S.K. also still partly continues through some aesthetic viewpoints and some linguistic usages. The language used in this book shows that, even though India became free from British rule, colonization still exists  at both the consious and unconsious level of Indians. ‘Kappirikalude Nattil’ it is also a work that convinces through S.K. that if we analyze our own perspectives and usage of language, we can understand that the unconsiously in ourselves also.

Keywords: Post colonialism, colonialism, cultural tradition, cultural hegemony, invasion, post-colonial criticism, S.K. Pottekkatt, Kappirikalude Nattil, Neocolonialism. 

Reference:

Leela Gandhi, Post-colonial theory: A critical introduction, Columbia  University Press, 1998.
Musafir Ahammed V., S.K. Pottenkkatt Samskarika Virudhano, Mathurbhumi Weekly, Book 91, Issue 5, 2013.
Panikkar K. N. (Dr.) Colonialism Samskaram Paramparya budhijeevikal, Chintha Publication, 2008.
Panikkar K.N. (Dr.), Samskarikavum Desheeyathayam, Current  Books, 2010.
Radhika, C. Nair, Samakalika Sahithya Siddhantham Oru Padapusthakam, Current Books, 2007.
Ranjith, C.K, Kappirikalude Nattil  Euro Kenthreeyathayude Vimarshanam, Vijnanakairali, Volume 5, Issue 2, 2014
Raveendran P.P, Veendeduppukal Sahithyam Samskaram Aagolatha, D.C. Books, 2006
S.K. Pottekkatt, Kappirikalude Nattil, D.C.Books, 1998.
Maya K
Research Scholar
Department of Malayalam
University of Kerala
Kariavattom Campus
Thiruvananthapuram
Pin: 695581
India
Ph: +91 9048054508
email: mayachempakam07@gmail.com
ORCID: 0000-0001-5466-5727

'കാപ്പിരികളുടെ നാട്ടില്‍' ഒരു പോസ്റ്റ് കൊളോണിയല്‍ അന്വേഷണം

മായ കെ

എസ്.കെ.പൊറ്റെക്കാടിന്‍റെ 'കാപ്പിരികളുടെ നാട്ടില്‍' എന്ന സഞ്ചാരസാഹിത്യകൃതിയെ പോസ്റ്റ് കൊളോണിയല്‍ രീതിശാസ്ത്രം അവലംബിച്ചുകൊണ്ട് പഠിക്കുന്നു. ആഫ്രിക്കന്‍ ജനതയുടെ തദ്ദേശീയസംസ്കാരത്തെ മനസ്സിലാക്കാനും കോളനിവല്‍ക്കരണം ഒരു രാജ്യത്ത് എപ്രകാരമാണ് ആധിപത്യം സ്ഥാപിക്കുന്നതെന്നും ഇതിലൂടെ കണ്ടെത്താന്‍ കഴിയുന്നു. ദേശീയത, ഭാഷ, സാമ്പത്തിക ഘടനയില്‍ വന്ന മാറ്റം എന്നിവയെ അപഗ്രഥിക്കുന്നതിലൂടെ  അധിനിവേശപ്രക്രിയ സാധ്യമാക്കുന്നത് എപ്രകാരമാണെന്ന് തിരിച്ചറിയുന്നതിനുള്ള ഒരു പാഠപുസ്തകമായി 'കാപ്പിരികളുടെ നാട്ടില്‍' മാറുന്നുവെന്ന് ഈ പഠനത്തിലൂടെ സമര്‍ത്ഥിക്കുന്നു. 

താക്കോല്‍ വാക്കുകള്‍: പോസ്റ്റ് കൊളോണിയലിസം, കൊളോണിയലിസം, സാംസ്കാരികപാരമ്പര്യം, സാംസ്കാരികാ ധിപത്യം, അധിനിവേശം, പോസ്റ്റ് കൊളോണിയല്‍ വിമര്‍ശനം, എസ്.കെ. പൊറ്റെക്കാട്, കാപ്പിരികളുടെ നാട്ടില്‍, നിയോകൊളോണിയ ലിസം.

ആമുഖം

മനുഷ്യജീവിതത്തിന്‍റെ ഭാഗമാണ് യാത്രകള്‍. ലോകത്തെ മാറ്റിമറിച്ചത് സാഹസികയാത്രകളാണ്. നാം കണ്ടിട്ടില്ലാത്ത ദേശങ്ങള്‍, ജനതകള്‍, അവരുടെ ജീവിതരീതികള്‍, സംസ്കാരങ്ങള്‍, പ്രകൃതിദൃശ്യങ്ങള്‍ എന്നിവയൊക്കെ ആദ്യകാലത്ത് അറിയാന്‍ കഴിഞ്ഞത് യാത്രാവിവരണങ്ങളിലൂടെയാണ്. പില്‍ക്കാലത്ത്, വായനയിലൂടെ അനുഭവിച്ചിരുന്ന ദൃശ്യചാരുത ടെലിവിഷന്‍-വീഡി യോ സ്ക്രീനുകളിലൂടെ കാണാന്‍ സാധിച്ചു. സാങ്കേതികവിദ്യയുടെ വര്‍ത്തമാനകാലത്താകട്ടെ ലോകത്തെവിടെയുമുള്ള സ്ഥലങ്ങളും ദൃശ്യങ്ങളും ഗൂഗിള്‍ ചെയ്താല്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാകും. ഇതര ദേശങ്ങളിലേക്കുള്ള യാത്ര വിനോദസഞ്ചാരത്തിന്‍റെ ഭാഗമായിത്തീര്‍ന്നിരിക്കുന്നു. ടൂറിസം ഇന്നൊരു വാണിജ്യമേഖലയാണ്. അത് ഓരോ പ്രദേശത്തെയും ചരക്കുവല്‍ക്കരിക്കുകയും വില നിര്‍ണയി ക്കപ്പെട്ടിരിക്കുന്ന ടൂറിസ്റ്റ്പ്ലേയ്സുകള്‍ മാത്രമാക്കിത്തീര്‍ക്കുകയും ചെയ്തിരിക്കുന്നു. എന്നിരുന്നാലും ലോകത്തിന്‍റെ വിവിധഭാഗങ്ങളി ലേക്ക് ജനങ്ങളെ ആകര്‍ഷിക്കുവാനും എത്തിക്കുവാനും സാധിക്കുന്ന ഒരു മാധ്യമമായി ടൂറിസം പ്രവര്‍ത്തിക്കുന്നു എന്ന വസ്തുതയും വിസ്മരിക്കാവുന്നതല്ല. ട്രാവല്‍വ്ളോഗുകളുടെ കാലത്താണ് നാം ജീവിക്കുന്നത്. ആദ്യകാല യാത്രാവിവരണങ്ങള്‍  അതിസാഹസികതയുടെയും പടയോട്ടങ്ങളുടെയും പുതിയ ഭൂപ്രദേശങ്ങളുടെ കണ്ടെത്തലുകളുടെയും കൈയടക്കലുകളുടെയും ചരിത്രഗ്രന്ഥങ്ങള്‍ കൂടിയായിരുന്നു. തുടര്‍ന്ന്, ഭൂഖണ്ഡങ്ങള്‍ അന്വേഷിച്ച മനുഷ്യന്‍ സ്വയംതേടാന്‍ തുടങ്ങുകയും യാത്രകള്‍ തീര്‍ത്ഥാടനത്തിന്‍റെ ഭാഗമായിത്തീരുന്നതും കാണാന്‍ കഴിയും. അതിനുശേഷം വന്ന യാത്രാവിവരണങ്ങള്‍ ഇതര മനുഷ്യജീവിത ങ്ങളുടെ അന്വേഷണങ്ങളായിരുന്നു. സാഹിത്യം എന്നതിലുപരി ചരിത്രപരതയ്ക്കാണവയില്‍ പ്രാമുഖ്യം. സഞ്ചാരസാഹിത്യത്തിന്‍റെ ചരിത്രപരവും സാംസ്കാരികവുമായ സാമൂഹികപ്രസക്തി വ്യക്തമാ ക്കുന്നവയാണ് ഇത്തരം കൃതികള്‍. ഈയൊരു വിഭാഗത്തില്‍ പഠനാര്‍ഹമായ കൃതിയാണ് എസ്.കെ പൊറ്റെക്കാടിന്‍റെ 'കാപ്പിരികളുടെ നാട്ടില്‍'. 1949-ല്‍ ആഫ്രിക്കയിലേക്കു നടത്തിയ ആദ്യത്തെ ദേശാന്തരയാത്രയുടെ വിവരണമാണിതിലുള്ളത്. അന്ന് അവിടം വെള്ളക്കാരുടെ ഭരണത്തിന്‍ കീഴിലായിരുന്നു. കോളനിവാഴ്ചയ്ക്ക് അധീനമായിരുന്ന ഒരു പ്രദേശത്തെ ജനജീവിതം അതേപടി പകര്‍ത്തിവയ്ക്കാന്‍ പൊറ്റെക്കാടിന് സാധിച്ചു. കൊളോണിയല്‍ കാലഘട്ടത്തിലെ ആഫ്രിക്കന്‍ ചരിത്രത്തിന്‍റെ ഒരേടാണ് ഈ കൃതി എന്നു നിസ്സംശയം പറയാം. കൊളോണിയല്‍വാഴ്ചക്കാലത്തുണ്ടായ കൃതിയെ കൊളോണിയല്‍വ്യവഹാരത്തിന്‍റെ വെളിച്ചത്തില്‍ പഠിയ്ക്കുന്നത് പോസ്റ്റ് കൊളോണിയല്‍ പഠനപരിധിയില്‍ വരുന്ന താണ്.

പോസ്റ്റ് കൊളോണിയലിസം എന്ന പഠനമേഖല

പോസ്റ്റ് കൊളോണിയലിസം ഇന്നൊരു പഠനശാഖയാണ്. യൂറോപ്യന്‍ രാജ്യങ്ങളുടെ കോളനികളായിരുന്ന ശേഷം സ്വതന്ത്രമായ രാജ്യങ്ങളുടെ സാംസ്കാരികവും രാഷ്ട്രീയവും സാമൂഹികവുമായ അനുഭവങ്ങളുടെ പഠനമാണ് വിശാലാര്‍ത്ഥ ത്തില്‍ പോസ്റ്റ് കൊളോണിയലിസത്തിന്‍റെ മേഖല. കൊളോണിയലിസത്തിനു ശേഷമുള്ള കാലഘട്ടത്തെയാണ് പോസ്റ്റ് കൊളോണിയലിസം എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്. പോസ്റ്റ് കൊളോണിയലിസത്തെ 'അധിനിവേശാനന്തരം' (2006:32), 'കൊളോണിയല്‍ അനന്തരം' (2008:143) എന്നിങ്ങനെയാണ് ഭാഷയില്‍ വ്യവഹരിക്കുന്നത്. എന്നാല്‍ ഈ സംജ്ഞയുടെ അര്‍ത്ഥവ്യാപ്തിയെ സംബന്ധിച്ച് വ്യത്യസ്താഭിപ്രായങ്ങള്‍ നിലവിലുണ്ട്. കോളനിവാഴ്ചയ്ക്കു ശേഷമുള്ള  കൊളോണിയല്‍ തുടര്‍ച്ചയെക്കുറിച്ചുള്ള വിശകലനമാണ്  പോസ്റ്റ് കൊളോണിയലിസം. എന്നുവച്ചാല്‍ കൊളോണിയലി സം അവസാനിച്ചുവെങ്കിലും അതിന്‍റെ സ്വാധീനം ഇല്ലാതായിട്ടില്ല. എല്ലാ കൊളോണിയല്‍ അനന്തര രാഷ്ട്രങ്ങളിലും കൊളോണിയലി സത്തിന്‍റെ ധൈഷണികസ്വാധീനം ഇന്നും ശക്തമായി തുടരുന്നുണ്ട്. ഇപ്രകാരം കോളനിവാഴ്ചയുടെ ഭൗതികവും മാനസ്സികവുമായ അവസ്ഥയെയാണ് പോസ്റ്റ് കൊളോണിയലിസം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. കൊളോണിയല്‍ വ്യവഹാരത്തെക്കുറിച്ചുള്ള സിദ്ധാന്തങ്ങളാണ് പോസ്റ്റ് കൊളോണിയലിസത്തിന്‍റെ വളര്‍ച്ചയെ സ്വാധീനിച്ചത്. കോളനികളിലെ ജനങ്ങളെ തങ്ങളുടെ വരുതിയ്ക്കു നിര്‍ത്താനായി കോളനിവാഴ്ചക്കാര്‍ ഉപയോഗിച്ച വ്യവഹാരതന്ത്ര ങ്ങള്‍ പഠിയ്ക്കുന്നതാണ് ഈ സിദ്ധാന്തത്തിന്‍റെ രീതി. കൊളോണി യലിസത്തോടും സാമ്രാജ്യത്വത്തോടും അവിടങ്ങളിലെ സാംസ്കാരി കപാരമ്പര്യത്തിന്‍റെ പ്രതികരണം എപ്രകാരമായിരുന്നു, രാജ്യങ്ങളെ കീഴടക്കി നിയന്ത്രണവിധേയമാക്കുന്നതിന്‍റെ അനന്തരഫലങ്ങള്‍ എന്തൊക്കെയാണ്, ആധിപത്യം സ്ഥാപിച്ചെടുക്കുന്നതിനായി നടത്തുന്ന സാമ്പത്തികചൂഷണം എന്നീ ഘടനകളെ വിശകലനം ചെയ്തു പോസ്റ്റ് കൊളോണിയല്‍ അവസ്ഥയെ വിശദീകരിക്കാന്‍ കഴിയും.  ഇതിലൂടെ നിര്‍മ്മിതി, നിയന്ത്രണം, വിതരണം തുടങ്ങിയ സാമ്രാജ്യത്വരാഷ്ട്രീയ പ്രവര്‍ത്തനബന്ധത്തെയാണ് ഈ പഠനശാഖ വിശകലനവിധേയമാക്കുന്നത്. പോസ്റ്റ് കൊളോണിയല്‍ പഠനത്തിലൂടെ കൊളോണിയലിസവും നിയോകൊളോണിയലിസവും സൂക്ഷ്മമായി തിരിച്ചറിയാന്‍ കഴിയുന്നു എന്നത് ഈ പഠനത്തിന്‍റെ പ്രധാനസവിശേഷതയാണ്. അതോടൊപ്പം തന്നെ കോളനിവാഴ്ച ക്കാരുടെ മേല്‍ക്കോയ്മ ഉറപ്പിക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസവും മൂല്യവ്യവസ്ഥയും ലോകവീക്ഷണവും ഭാഷാപ്രചരണവുമെല്ലാം ഇതിന്‍റെ പഠനപരിധിയില്‍ വരുന്നു. 

യഥാര്‍ത്ഥത്തില്‍ പോസ്റ്റ് കൊളോണിയല്‍ പഠനം എന്നതി ലുപരി പോസ്റ്റ് കൊളോണിയല്‍ വിമര്‍ശനം എന്ന നിലയിലാണ് ഈ ചിന്താപദ്ധതി കൂടുതല്‍ സജീവമാകുന്നത്. കൊളോണിയലി സത്തിന്‍റെ സാംസ്കാരികപ്രത്യാഘാതങ്ങളെക്കുറിച്ചാണ് അധിനി വേശാനന്തരവിമര്‍ശനം ചര്‍ച്ച ചെയ്യുന്നത്.  പോസ്റ്റ് കൊളോണിയല്‍ വിമര്‍ശകര്‍ പാശ്ചാത്യസംസ്കാരത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ള സാമാന്യവല്‍ക്കരണങ്ങളെയും യൂറോകേന്ദ്രീകൃതമായ സങ്കല്പങ്ങ ളെയും നിരാകരിച്ചു. അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ സംസ്കാരത്തെ വീണ്ടെടുക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ഫ്രാന്‍റ്സ് ഫാനണി ന്‍റെയും എഡ്വേഡ് സെയ്ദിന്‍റെയും രചനകളാണ് കോളനിവ്യവഹാര ത്തിന്‍റെ നാനാതലങ്ങളിലേക്ക് വെളിച്ചം വീശിയതും പോസ്റ്റ് കൊളോണിയല്‍ വിമര്‍ശനം എന്ന സാഹിത്യപഠനരീതിക്ക് അടിത്തറ ഒരുക്കിയതും. പോസ്റ്റ് കൊളോണിയലിസത്തെ കൂടുതല്‍ സൂക്ഷ്മമാ യി മനസ്സിലാക്കുന്നതിനായി കൊളോണിയലിസത്തിന്‍റെ അധികാര ഘടന പരാമര്‍ശിക്കേണ്ടതുണ്ട്.

കൊളോണിയലിസം-സാംസ്കാരികമേല്‍ക്കോയ്മ

സമ്പന്നമായ യൂറോപ്യന്‍ രാജ്യങ്ങള്‍, വിശേഷിച്ചും ബ്രിട്ടന്‍ ഇതര രാജ്യങ്ങളില്‍ ആധിപത്യം സ്ഥാപിച്ച് ചൂഷണവിധേയമാക്കിയ പ്രവൃത്തിയാണ് കൊളോണിയലിസം അഥവാ കോളനിവാഴ്ച. മുതലാളിത്തത്തിന്‍റെ ആവിര്‍ഭാവത്തോടെ സമ്പത്തിനുവേണ്ടിയുള്ള പരക്കംപാച്ചിലാരംഭിച്ചു. മൂലധനകേന്ദ്രീകൃതമായ ഈ രാഷ് ട്രീയവികാസത്തില്‍ നിന്നുമാണ് മുതലാളിത്തരാഷ്ട്രങ്ങള്‍ കോളനിവാഴ്ച നിര്‍മ്മിച്ചെടുത്തത്. കൊളോണിയല്‍ഭരണം സാമ്പത്തികചൂഷണത്തിനുള്ള ഒരു ഉപാധിയായി ഉപയോഗിച്ചു. അതിനനുസരിച്ച് ഭരണക്രമത്തെ ക്രമീകരിച്ചു. അതോടൊപ്പം യൂറോകേന്ദ്രീയതയും സാമ്രാജ്യത്വവിപുലനവും കച്ചവടവും മതപ്രചാരണവും സാംസ്കാരികാധിപത്യവും കൊളോണിയലി സത്തിന്‍റെ ലക്ഷ്യങ്ങളായിരുന്നു. സ്വന്തമായി ചരിത്രവും സംസ്കാരവും ജീവിതരീതികളും ഭാഷയുമെല്ലാം ഉണ്ടായിരുന്ന ജനതകള്‍ കോളനിവാഴ്ചയ്ക്ക് അടിപ്പെട്ടതോടെ അതെല്ലാം തകര്‍ന്നു. അങ്ങനെ അവിടുത്തെ ജനത പരതന്ത്രരും അടിമകളുമാ യിത്തീര്‍ന്നു. കോളനികളിലെ ജനത അധമരും അവരുടെ സംസ്കാ രം അപരിഷ്കൃതവുമാണെന്ന ബോധമാണ് കോളനിവാഴ്ചക്കാര്‍ അധിനിവേശിതരാജ്യങ്ങളില്‍ പ്രചരിപ്പിച്ചിരുന്നത്. തങ്ങളുടെ മേല്‍ക്കോയ്മയ്ക്കായി അവര്‍ കോളനികളിലെ പ്രാചീനസംസ്കാര ങ്ങളെയും ഉല്‍പ്പാദനരീതികളെയും തകര്‍ത്തു. ജീവിതരീതികള്‍, വസ്ത്രധാരണം, ഭക്ഷണം, ഭാഷ, വിദ്യാഭ്യാസസമ്പ്രദായങ്ങള്‍, നീതിന്യായവ്യവസ്ഥകള്‍, വിശ്വാസക്രമങ്ങള്‍, തുടങ്ങിയവയിലൂടെ യാണ് ഇത് സാധ്യമാക്കുന്നത്. അതോടൊപ്പം ഉല്പ്പാദനനിയന്ത്രണ ങ്ങള്‍ ഏറ്റെടുത്തുകൊണ്ടാണ് ഉല്പ്പാദനരീതിയിലിടപ്പെട്ടത്.

കൊളോണിയലിസം മൗലികമായും ഒരു ആധിപത്യവ്യവ സ്ഥയാണ്. അതു പുതിയ പല കാര്യങ്ങളും നമ്മുടെ ജീവിതത്തില്‍ കൊണ്ടുവന്നിട്ടുണ്ടെങ്കിലും ആധിപത്യമാണ് അതിന്‍റെ ആന്തരിക സ്വഭാവം. ആധിപത്യം സ്ഥാപിക്കുന്നതിനായി ജനങ്ങള്‍ക്കിടയില്‍ അധിനിവേശസംസ്കാരാവബോധം സൃഷ്ടിക്കപ്പെട്ടു. നിലവിലുള്ള തദ്ദേശീയസംസ്കാരത്തെ അപരിഷ്കൃതമെന്നു മുദ്രകുത്തിയും തങ്ങളുടെ സംസ്കാരത്തെ ആദര്‍ശപൂര്‍ണമായ ഒന്നായി ജനങ്ങളിലേക്ക് വ്യാപരിപ്പിച്ചുമാണ് ഇത് നടപ്പിലാക്കിയത്. അധിനിവേശത്തിന്‍റെ ഭാഗമായി ഭാഷയ്ക്കും സംസ്കാരത്തിനും നിരവധി സംഭാവനകള്‍ ലഭിച്ചിട്ടുണ്ടെന്നു ചിന്തിക്കുന്നവരുണ്ട്. എന്നാല്‍ കൊളോണിയലിസം ചെയ്ത നല്ല കാര്യങ്ങള്‍ പോലും സദുദ്ദേശപരമായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ജനങ്ങളുടെ ഗുണത്തിനായല്ല, കൊളോണിയല്‍ഭരണം നിലനിര്‍ത്താനാണ് അവയില്‍ പലതും നടപ്പിലായത്. ഭരണസംവിധാനങ്ങളുണ്ടാക്കി, വിദ്യാഭ്യാസസമ്പ്രദായം ഏര്‍പ്പെടുത്തി, സ്ത്രീകള്‍ക്കും ജാതീയമായി അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും വിദ്യാഭ്യാസം നല്‍കി, റോഡുകള്‍ സൃഷ്ടിച്ചു, പാലങ്ങളും റയില്‍വേയും നിര്‍മ്മിച്ചു, ഇതെല്ലാം കൊളോണിയല്‍ ഭരണത്തിന്‍റെ നേട്ടങ്ങളാണ്. പക്ഷേ അവയൊന്നും തന്നെ അധിനിവേശിതജനതയുടെ  മെച്ചത്തിനല്ല, മറിച്ച് കൊളോണിയല്‍ഭരണം നിലനിര്‍ത്താനും ഭരണത്തിന്‍റെ കാര്യ ക്ഷമത ഉറപ്പുവരുത്താനും മതപ്രചാരണത്തിനും യൂറോപ്യന്‍ സംസ്കാരത്തെ വ്യാപിപ്പിക്കുന്നതിനും വേണ്ടിയായിരുന്നു എന്നുകൂടി മനസ്സിലാക്കേണ്ടതുണ്ട്.ചുരുക്കത്തില്‍, കൊളോണിയ ലിസത്തിന്‍റെ കേന്ദ്രബിന്ദു എന്നുപറയുന്നത് ആധിപത്യസ്വഭാ വമാണ്.

ആഫ്രിക്കന്‍ സാംസ്കാരികപാരമ്പര്യം

സ്വന്തമായി ചരിത്രവും സംസ്കാരവും ഭാഷയും ജീവിത രീതികളുമുണ്ടായിരുന്ന ജനത കോളനിവാഴ്ചയ്ക്ക് അടിപ്പെട്ടതോടെ അവയൊക്കെ തകര്‍ന്നടിഞ്ഞ കാഴ്ചയാണ്  'കാപ്പിരികളുടെ നാട്ടില്‍' എന്ന സഞ്ചാരസാഹിത്യകൃതിയിലൂടെ വ്യക്തമാകുന്നത്. ബ്രിട്ടന്‍, പോര്‍ച്ചുഗല്‍ തുടങ്ങിയ നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ പങ്കിട്ടെ ടുത്ത ആഫ്രിക്കയാണ് ആ യാത്രയില്‍ എസ്.കെ കണ്ടത്. തദ്ദേശീയ ജനതയെ ചൂഷണംചെയ്തു വികസിക്കുന്ന കോളനിവല്‍ക്കരണ ത്തിന്‍റെ വക്താക്കളെ എസ്.കെ തിരിച്ചറിയുകയും അടയാളപ്പെടു ത്തുകയും ചെയ്യുന്നുണ്ട്. "അധിനിവേശകര്‍ അധിനിവേശിതര്‍ക്കു മേല്‍ നടത്തുന്ന യൂറോകേന്ദ്രിതമായ പ്രവര്‍ത്തനതത്വങ്ങളോടുള്ള വിയോജിപ്പ് എന്ന നിലയില്‍ അടയാളപ്പെടുത്തേണ്ടുന്ന കൃതിയാണ് കാപ്പിരികളുടെ നാട്ടില്‍" (2014 :59) എന്ന നിരീക്ഷണം ഇതിനെ സാധൂകരിക്കുന്നതാണ്.  'കാപ്പിരികളുടെ നാട്ടില്‍' എന്ന ഗ്രന്ഥനാമം കൊണ്ടുതന്നെ പോസ്റ്റ് കൊളോണിയല്‍ ഘടന അനുസരിച്ച് കൊളോണിയലിസത്തിനോടും സാമ്രാജ്യത്വത്തോടുമുള്ള സാംസ്കാരികപാരമ്പര്യത്തിന്‍റെ പ്രതികരണമായി കാണാം. ആഫ്രിക്കന്‍വന്‍കര യൂറോപ്പിന്‍റേതല്ലെന്നും അത് തദ്ദേശീയരായ കാപ്പിരികള്‍ എന്നു വിളിക്കപ്പെടുന്ന ആഫ്രിക്കന്‍ ജനതയുടെ നാടാണെന്നും വ്യക്തമാക്കിക്കൊണ്ട് അവരുടെ അസ്തിത്വം സ്ഥാപിച്ചെടുക്കാനാണ് എസ്.കെ ശ്രമിക്കുന്നത്. "കാപ്പിരികളുടെ നാട്ടില്‍ വെച്ച് ഞാന്‍ ആദ്യമായി കണ്ടുമുട്ടുന്ന നീഗ്രോ. ആഫ്രിക്കന്‍ വന്‍കരയിലെ കറുത്തവര്‍ഗ്ഗങ്ങളെ മുഴുവന്‍ അവന്‍ പ്രതിനിധീകരി ക്കുന്നതായി എനിക്ക് തോന്നി" (1998:9) എന്ന് ഒന്നാം അദ്ധ്യായത്തി ന്‍റെ തുടക്കത്തില്‍ തന്നെ എസ്.കെ തന്‍റെ നിലപാട് വ്യക്തമാക്കുന്നു. അന്ന് ആഫ്രിക്ക തദ്ദേശീയരായ ആഫ്രിക്കക്കാരുടേതു മാത്രമായിരു ന്നില്ല. ബ്രിട്ടന്‍, പോര്‍ച്ചുഗല്‍ എന്നിവരുടെ അധിനിവേശത്തിന്‍ കീഴില്‍ ഇസ്മൈലിയക്കാര്‍, ബോറക്കാര്‍, ഷിയ ഇത്നാഷെറിയ ക്കാര്‍, ഗോവക്കാര്‍, ശിഖരന്‍, സിലോണ്‍കാര്‍ എന്നിവരും ഉള്‍പ്പെട്ട തായിരുന്നു. എന്നാല്‍ ആഫ്രിക്കന്‍ വന്‍കരയുടെ യഥാര്‍ത്ഥ പ്രതിനിധിയായി എസ്.കെ കാണുന്നത് കാപ്പിരിയെന്നു വിളിക്കപ്പെടുന്ന തദ്ദേശീയ ജനതയെയാണ്. ഇത് യൂറോപ്യന്‍ അധിനിവേശത്തിനെതിരെയുള്ള ശക്തമായ പ്രതികരണമാണ്. 

സ്വന്തം നാട്ടില്‍ ജീവിക്കാന്‍ ഭാരിച്ച നികുതി നല്‍കേണ്ടി വരുന്ന, രാത്രി എട്ടുമണിക്കു ശേഷം കുടിലില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവാദമില്ലാത്ത, വെള്ളക്കാരന്‍റെ ഭോഗാസക്തിയ്ക്ക് സ്ത്രീകള്‍ കീഴടങ്ങേണ്ടി വരുന്ന ഒരു ജനത എത്രമാത്രം അപമാനവീകരിക്ക പ്പെട്ടിരിക്കുന്നുവെന്ന് ഈ കൃതിയിലൂടെ മനസ്സിലാക്കാന്‍ കഴിയും. കോളനിവാഴ്ച എത്രമാത്രം ശക്തമായിരുന്നെന്ന് വ്യക്തമാക്കുന്ന താണ് മൂന്നാം അദ്ധ്യായത്തില്‍ ദക്ഷിണറൊഡേഷ്യയിലേക്കുള്ള എസ്.കെയുടെ തീവണ്ടിയാത്ര. ഒന്നാംക്ലാസ് യൂറോപ്യക്കാര്‍ക്കുള്ള തും രണ്ടാം ക്ലാസ് ഏഷ്യക്കാര്‍ക്കുള്ളതുമാണ്. രണ്ടാംക്ലാസ് മുറിയില്‍ എസ്.കെ. മാത്രമേ ഉണ്ടായിരുന്നുള്ളു. അടുത്ത മുറികളില്‍ വെള്ളക്കാര്‍ തിങ്ങിയിരുന്നെങ്കിലും "ഒരു കറുത്ത മനുഷ്യന്‍ കുത്തിയിരിക്കുന്ന ഈ മുറിയിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാന്‍പോലും അവര്‍ കൂട്ടാക്കുകയില്ല.  വര്‍ണ്ണവ്യത്യാസത്തിന്‍റെ അദൃശ്യമായ അഴിക്കൂട്ടിനുള്ളിലാണ് അവര്‍ എന്നെ അടച്ചിരിക്കുന്നതെന്ന്"(1998:20) എസ്. കെ. രേഖപ്പെടുത്തുന്നുണ്ട്. കാലിത്തൊഴുത്തിനേക്കാള്‍ മോശമായ കമ്പാര്‍ട്ട്മെന്‍റാണ് ആഫ്രിക്കക്കാര്‍ക്കുള്ളത്. കാലികളെ പ്പോലെ തന്നെ അവരതിനുള്ളില്‍ തിങ്ങിഞെരുങ്ങി നില്‍ക്കണം. "വണ്ടിയുടെ ഡ്രൈവറും ഫയര്‍മാനും വെള്ളക്കാരാണ്. ഗാര്‍ഡും കണ്ടക്ടറും സലൂണിലെ വേലക്കാരിപോലും വെള്ളക്കാരാണ്. കാപ്പിരികളുടെ നാട്ടിലാണ് ഞാന്‍ യാത്ര ചെയ്യുന്നതെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല" (1998:20). അധിനിവേശിതര്‍ എപ്രകാരമാണ് ഒരു രാജ്യത്തെ നിയന്ത്രണവിധേയമാക്കുന്നതെന്നും അതിന്‍റെ അനന്തരഫലങ്ങളെ ന്തൊക്കെയെന്നും ഇതിലൂടെ മനസ്സിലാക്കാന്‍ കഴിയുന്നു. കോളനി സ്ഥാപിക്കുന്ന രാജ്യങ്ങളില്‍ മറ്റ് രാജ്യക്കാരെ പ്രവേശിപ്പിക്കുകയില്ല. വെള്ളക്കാരന്‍റെ സ്വേച്ഛാഭര ണം നടമാടുന്ന തെക്കന്‍ റൊഡേഷ്യയില്‍ എസ്.കെയ്ക്ക് ആദ്യം പ്രവേശനം നിഷേധിച്ചിരുന്നു. അത് മറ്റു രാജ്യക്കാര്‍ അവിടെ കടന്നു കൂടുന്നതിനെ തടയാനുള്ള കര്‍ശനനടപടികളുടെ ഭാഗമാണ്. ഇത് കോളനി വ്യവഹാരത്തിന്‍റെ ഒരു രാഷ്ട്രീയതന്ത്രമാണ്. ആഫ്രിക്കന്‍ ഗവണ്‍മെന്‍റ് സര്‍വ്വീസിലെ അഴിമതികളെക്കുറിച്ച് എസ്.കെ രേഖകള്‍ സഹിതം വിശദമാക്കു ന്നുണ്ട്. ഇന്ത്യക്കാര്‍ക്ക് കിഴക്കേ ആഫ്രിക്കന്‍ ഗവണ്‍മെന്‍റ് സര്‍വ്വീസില്‍ ഏതു വകുപ്പിലായാലും ക്ലാര്‍ക്കുമാരുടെ സ്ഥാനമേയുള്ളൂ. എന്നാല്‍ ഒരു വെള്ളക്കാരന്‍ സര്‍വ്വീസില്‍ പ്രവേശിക്കുന്നതു തന്നെ ആഫീസറായിട്ടാണ്.  ഭരണസംവിധാനങ്ങളെയാകെ കൈയടക്കി സ്വേച്ഛാധിപത്യം സ്ഥാപിച്ചെടുക്കുന്നത് എപ്രകാരമാണെന്ന് ഇതിലൂടെ വ്യക്തമാണ്. ചെറിയ കുറ്റങ്ങള്‍ക്കു പോലും ആഫ്രിക്കക്കാരെ മൃഗീയമായി ശിക്ഷിച്ചിരുന്നുവെന്ന് എസ്.കെ രേഖപ്പെടുത്തിയിട്ടുണ്ട്. "കളവുകുറ്റം ചെയ്ത ഒരു മധ്യവയ സ്കനെ മാനേജര്‍ മേശപ്പുറത്ത് കമഴ്ത്തിക്കിടത്തി കാണ്ടാമൃഗത്തി ന്‍റെ തോലുകൊണ്ടുണ്ടാക്കിയ ചാട്ടവാര്‍കൊണ്ട് അടിക്കുന്നത് കാണുകയുണ്ടായി. ആ കര്‍മ്മം നിര്‍വ്വഹിച്ച വെള്ളക്കാരന്‍ ആഫ്രിക്കയെ മുഴുവനും കട്ടെടുത്ത ഒരു വിദേശവര്‍ഗ്ഗത്തിലെ അംഗമാണെന്ന് നാമങ്ങ് മറന്നേക്കണം." (1998:12) എന്നാണ് രോഷാകുലനായി എസ്.കെ പറയുന്നത്. 

ഒരു രാജ്യത്ത് കടന്നുകയറി, അവിടുത്തെ ജനതയെ കീഴടക്കി മര്‍ദ്ദനഭരണം നടത്തുന്ന അധിനിവേശത്തിന്‍റെ ക്രൂരമുഖമാണ് നമുക്കിവിടെ കാണാന്‍ കഴിയുന്നത്.  അതിലൂടെ  ആഫ്രിക്കന്‍ ജനതയെ മോഷ്ടാക്കളും അപരിഷ്കൃതരുമായി മുദ്രകുത്താനുള്ള ശ്രമവും ഈ പ്രവൃത്തിയിലൂടെ വെള്ളക്കാരന്‍ നടപ്പിലാക്കുന്നു. സ്വന്തം രാജ്യത്ത് അടിമകളായി, മൃഗതുല്യമായ ജീവികളായി കണക്കാക്കപ്പെട്ട്, കളവ് ചെയ്യാന്‍  നിര്‍ബന്ധിതരായിത്തീര്‍ന്ന് ജീവിക്കേണ്ടിവരുന്ന ഒരു ജനതയുടെ ദയനീയദൃശ്യത്തില്‍ നിന്നും കൊളോണിയലിസത്തിന്‍റെ ഭീകരത ആഴത്തില്‍ തിരിച്ചറിയേണ്ടതുണ്ട്.  നാലാമധ്യായത്തില്‍ വിക്ടോറിയ വെള്ളച്ചാട്ടത്തെക്കുറിച്ച് വിവരിക്കുന്നിടത്ത് യൂറോപ്യന്‍റെ കാഴ്ചയിലെ വസ്തുവല്‍ക്കരണ ത്തെ എസ്.കെ ചൂണ്ടിക്കാണിക്കുന്നുണ്ട്. വിക്ടോറിയാ വെള്ളച്ചാട്ട ത്തെക്കുറിച്ച് യൂറോപ്യന്മാര്‍ക്കിടയില്‍ നിലനിന്ന പ്രധാന ചര്‍ച്ചകളി ലൊന്ന് അത് ആദ്യം കണ്ട യൂറോപ്യനാരെന്നതായിരുന്നു. ഡേവിഡ് ലിവിങ്സ്റ്റനാണോ കാറല്‍ റിച്ചാര്‍ഡും വില്യം കോട്ടണ്‍ ഓസ്വെല്ലു മാണോ എന്നു ഘോരഘോരം വാദിക്കുമ്പോഴും നൂറ്റാണ്ടുകളായി സാംബസി നദിയും അതിലെ വെള്ളച്ചാട്ടവും അവിടുത്തെ ബൊട്ടാ ക്കൊ വര്‍ഗ്ഗക്കാരുടെ നിത്യജീവിതത്തിന്‍റെ ഭാഗമായിരുന്നെന്നു ഓര്‍ക്കാന്‍ യൂറോപ്യന്‍ തയ്യാറായിരുന്നില്ല. വെള്ളക്കാരന്‍റെ അര്‍ത്ഥശൂന്യമായ കലഹങ്ങളെ പരിഹസിക്കുക വഴി എസ്.കെ യൂറോകേന്ദ്രിത താല്പര്യങ്ങളെ എതിര്‍ക്കുകയാണ്.  ഇവിടെ ചിന്തിക്കേണ്ട മറ്റൊരു വസ്തുത കൂടിയുണ്ട്. സാംബസി നദിയിലെ വെള്ളച്ചാട്ടത്തിന് എങ്ങനെയാണ് വിക്ടോറിയ വെള്ളച്ചാട്ടം എന്ന പേര് ലഭിച്ചതെന്ന്. യൂറോപ്പ് അവരുടെ സ്മാരകങ്ങള്‍ അധിനിവേശരാജ്യങ്ങളില്‍ സ്ഥാപിക്കുന്നത് ഇപ്രകാരമാണ്.  ഇതിന് സമാനമാണ് ആഫ്രിക്കയിലെ ന്യാസാലാന്‍റിന്‍റെ തലസ്ഥാനനഗരത്തിന് ഡേവിഡ് ലിവിങ്സ്റ്റണ്‍ ജനിച്ച ഐയര്‍ലണ്ടിലെ ബ്ലാന്‍ടയര്‍ ഗ്രാമത്തിന്‍റെ പേര് നല്‍കിയിരിക്കുന്നത്. ഇപ്രകാരം ആദ്യവസാനം യൂറോപ്യന്‍ അധിനിവേശത്തോടുള്ള വിയോജിപ്പ് വിമര്‍ശനാത്മകമായിത്തന്നെ ഈ യാത്രാവിവരണത്തില്‍ കാണാവുന്നതാണ്. 

യൂറോപ്യന്‍ സാംസ്കാരികാധിപത്യം

ആഫ്രിക്കന്‍ ജനതയുടെ സംസ്കാരത്തെക്കുറിച്ചും ജീവിതരീതിയെക്കുറിച്ചും വളരെ വിശദമായിത്തന്നെ ഇതില്‍ വിവരിക്കുന്നുണ്ട്. "ആഫ്രിക്കന്‍ നീഗ്രോ വിശ്വസിക്കാന്‍ കൊള്ളാത്ത മൃഗമാണ്" (1998:11) എന്നഭിപ്രായപ്പെടുന്നവരോട് ആഫ്രിക്കന്‍ ജനതയുടെ ദയനീയമായ പൂര്‍വ്വചരിത്രം ഓര്‍ത്തു നോക്കാന്‍ എസ്.കെ ആവശ്യപ്പെടുന്നു. ആദ്യമായി മനുഷ്യന്‍റെയും പിന്നെ പ്രകൃതിയുടെയും മര്‍ദ്ദനമേറ്റ് ഭയംകൊണ്ടു മരവിച്ചുപോയ ഒരു വിചിത്ര ജീവിതമാണ് കാപ്പിരിയില്‍ കാണുന്നത് (1998:11). ഈ സ്വഭാവം ശരിക്കും മനസ്സിലാക്കിയിട്ടാണ് വെള്ളക്കാരന്‍ അവരെ ഭരിക്കുന്നത്. ശാരീരികമായി മാത്രമല്ല സാംസ്കാരികമായും കോളനികളെ കീഴ്പ്പെടുത്തുകയെന്നത് അധിനിവേശ ശക്തികളുടെ മുഖ്യ അജണ്ടയാണ്. പ്രാദേശികമായ സവിശേഷതകളെ തകര്‍ത്ത് യൂറോപ്പിന്‍റെ സാംസ്കാരികമാലിന്യങ്ങളെ പുറന്തള്ളുന്നതിനുള്ള രഹസ്യകേന്ദ്രങ്ങളായി കോളനികളും അവിടുത്തെ ജനങ്ങളും മാറുന്നു (2014:59). ജന്മദേശത്ത് താമസിക്കുന്നതിന് ആഫ്രിക്കന്‍ ജനത യൂറോപ്യന് കൊല്ലത്തില്‍ പത്ത് ഷില്ലിങ്ങ് ആള്‍നികുതി കൊടുക്കണം. കൂടാതെ രാത്രിയില്‍ എട്ടുമണിക്കുശേഷം കുടിലില്‍നിന്ന് പുറത്തിറങ്ങുന്നത് കുറ്റകരമാണ്.  ചെറിയ കുറ്റങ്ങള്‍ക്കുപോലും അവരെ ക്രൂരമായി ശിക്ഷിച്ചിരുന്നു. വധശിക്ഷയും നടപ്പിലാക്കിയിരുന്നു എന്നു മനസ്സിലാക്കുമ്പോഴാണ് ആഫ്രിക്കയിലെ അധിനിവേശത്തിന്‍റെ തീവ്രത ബോധ്യപ്പെടുന്നത്. അധിനിവേശത്തിനപ്പുറം അടിമത്തമാണ് ആഫ്രിക്കയില്‍ പൂര്‍ണമായും നടപ്പിലാക്കിയത്. ഒരു ജനതയെ കൊളോണിയലിസം എങ്ങനെയാണ് അടിമകളാക്കിത്തീര്‍ക്കുന്നത് എന്നതിനുള്ള ഉദാഹരണങ്ങളിലൊന്നാണ് ആഫ്രിക്കക്കാരെ  യൂറോപ്യര്‍  അവരുടെ വീടുകളിലും എസ്റ്റേറ്റിലും ഫാക്ടറിയിലും ഷോപ്പിലുമൊക്കെ ജോലിയ്ക്കുവയ്ക്കുന്ന രീതി.  "അവന് കൂലിക്ക് പുറമെ 'പോഷ'(ഭക്ഷണത്തിനുള്ള പണമോ സാധനമോ) കൂടി കൊടുത്തുകൊള്ളണമെന്ന് നിയമമുണ്ട്. വിശപ്പു പറ്റിയ കാപ്പിരിയാണ് നാട്ടിലെ ഏറ്റവും വലിയ വിപ്ലവകാരി.  നാല്‍ക്കാലികള്‍ക്കുകൊടുക്കുംപോലെ മനുഷ്യനും തീറ്റ നല്‍കുന്ന ഏര്‍പ്പാട് ആഫ്രിക്കയിലല്ലാതെ ലോകത്തില്‍ മറ്റെവിടെയെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല" (1998:11-12). വിശപ്പാണ് ആഫ്രിക്കന്‍ ജനതയുടെ പ്രശ്നമെന്നും അതിനെയാണ് ചൂഷണം ചെയ്യേണ്ടതെന്നും കൊളോണിയല്‍ ശക്തികള്‍ക്ക് അറിയാം.  ഇപ്രകാരം ഓരോ പ്രദേശത്തിന്‍റെയും ദൗര്‍ബല്യത്തെ ചൂഷണം ചെയ്താണ് ആധിപത്യശക്തികള്‍ മേല്‍ ക്കോയ്മ നേടിയെടുത്തത്. റൊഡേഷ്യയിലെ വാണിജ്യകേന്ദ്രമായ ബുലാവായോയില്‍ ആഫ്രിക്കക്കാര്‍ യൂറോപ്യന്‍ രീതിയില്‍ വസ്ത്രധാരണം ചെയ്താണ് വരുന്നത്. കൂടാതെ വെള്ളക്കാരന് ആഫ്രിക്കക്കാരിലുണ്ടായ 'കളര്‍ഡ്' എന്നു പറയുന്ന വെളുത്ത കാപ്പിരിപ്പെണ്ണുങ്ങളെയും ധാരാളം കാണുന്നു. വെള്ളക്കാരന്‍റെ വ്യഭിചാരമാണ് ആ പാവങ്ങളെ നിറം പിടിപ്പിച്ചിരിക്കുന്നത്. ആ പുതുനിറം അവരെ വീണ്ടും വ്യഭിചാരത്തിലേക്ക് വലിച്ചുകൊണ്ടു പോവുകയും ചെയ്യുന്നു (1998: 27) എന്ന് എസ്.കെ.പറയുന്നു. 

കോളനിവാഴ്ച നീട്ടിക്കൊണ്ടു പോകാന്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ആഭ്യന്തരകലഹങ്ങള്‍ സൃഷ്ടിച്ച അതേനയം തന്നെ യാണ് ആഫ്രിക്കയിലും അവര്‍ സ്വീകരിച്ചത്. ആഫ്രിക്കക്കാരെയും അവിടെ ജീവിച്ചു വരുന്ന ഇന്ത്യക്കാരെയും തമ്മില്‍ തല്ലിക്കുക, ആഫ്രിക്കന്‍ ജനതയെ ഉദ്ധരിക്കുവാനും അവര്‍ക്ക് സ്വയംഭരണവും സ്വാതന്ത്ര്യവും നല്‍കാന്‍ വേണ്ടിയാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും അതിനു തടസ്സമായി നില്‍ക്കുന്നത് ഇന്ത്യക്കാരാണെന്നും നാട്ടുകാരെ പറഞ്ഞു വിശ്വസിപ്പിക്കുന്നു. ബ്രിട്ടീഷുകാര്‍ അതിനായി ചില പുതിയ സ്വാതന്ത്ര്യങ്ങളും ഇടയ്ക്കിടെ അനുവദിച്ചു കൊടുക്കുകയും ചെയ്യും. നാട്ടുകാര്‍ക്ക് ബീര് കുടിക്കാനുള്ള സ്വാതന്ത്ര്യം ബ്രിട്ടീഷുകാര്‍ അനുവദിച്ചു കൊടുക്കുകയാണ് ഇതിനായി ചെയ്യുന്നത്. കാപ്പിരി കള്‍ക്ക് സ്വന്തം നാട്ടില്‍ ബീര് വില്‍ക്കുന്നത് നിയമവിരുദ്ധമാണ്. യഥാര്‍ത്ഥത്തില്‍ ബ്രിട്ടീഷ് മദ്യങ്ങള്‍ കൂടുതല്‍ വിറ്റഴിക്കാനുള്ള ഒരുപായമാണ് ഈ സ്വാതന്ത്ര്യം നല്‍കല്‍. തദ്ദേശീയജനത അത് തിരിച്ചറിയാതെ മദ്യപാനം ആഘോഷിച്ചിരുന്നുവെന്നു ബോധ്യപ്പെടു മ്പോഴാണ് സാമ്രാജ്യത്വത്തിന്‍റെ തന്ത്രങ്ങള്‍ മനസ്സിലാവുക. ഒരു ദേശത്തെ കീഴടക്കാന്‍ ആദ്യം അതിന്‍റെ സാംസ്കാരികത്തനിമകളെ നശിപ്പിക്കുക എന്ന പൊതുവായ ആശയം യൂറോപ്യര്‍ ഇവിടെയും നടപ്പിലാക്കുന്നുണ്ട്. അതിനുദാഹരണമാണ് ടാങ്കനിക്കയിലെ നേറ്റീവ് വെല്‍ഫെയര്‍ സെന്‍ററില്‍ ആഫ്രിക്കന്‍ ഗോത്രനൃത്തരൂപ മായ ഗോമ കാണാന്‍ ചെന്ന എസ്.കെയെ നിരാശപ്പെടുത്തിക്കൊണ്ട്  ആണും പെണ്ണും കള്ളും കുടിച്ച് ഇംഗ്ലീഷ് പാട്ടുകള്‍ പുറപ്പെടുവി ക്കുന്ന ഒരു ഗ്രാമഫോണ്‍ യന്ത്രത്തിന്‍റെ ചുറ്റും നിന്ന് ഇംഗ്ലീഷ് മട്ടില്‍ കൈകോര്‍ത്ത് നൃത്തം ചെയ്യുന്ന കാഴ്ച. നഗരപ്രദേശങ്ങളില്‍ നാടന്‍ നൃത്തങ്ങള്‍ കളിക്കാന്‍ ആഫ്രിക്കക്കാര്‍ക്ക് അനുവാദമുണ്ടായിരു ന്നില്ല. നേറ്റീവ് വെല്‍ഫയര്‍ സെന്‍റര്‍ എന്ന പേരില്‍ യൂറോപ്യന്‍ സംസ്കാരത്തെ അടിച്ചേല്‍പ്പിച്ചുകൊണ്ടാണ് ആഫ്രിക്കന്‍ ജനതയെ പരിഷ്കരിക്കാന്‍ ശ്രമിച്ചത്. കൂടാതെ ആഫ്രിക്കന്‍ ജനത പട്ടണത്തിനകത്ത് താമസിക്കുന്നത് നിയമ വിരുദ്ധമാണ്. പട്ടണത്തിനു പുറത്ത് പ്രത്യേകസ്ഥലത്ത് കുടില്‍കെട്ടി താമസിക്കണം. 'നാട്ടുകാരുടെ പട്ടണം' എന്നാണ് വെള്ളക്കാര്‍ ഇതിനുനല്കിയ പേര്. വിളക്കുകളോ ജലസൗകര്യമോ ഒന്നുമില്ലാത്ത ഒരിടമാണ് ഇത്.   ഇത്തരത്തില്‍ ആഫ്രിക്കന്‍ സംസ്കാരത്തെയും പൈതൃകത്തെയും നശിപ്പിച്ചുകൊണ്ടാണ് കോളനിവല്‍ക്കരണം തുടര്‍ന്നിരുന്നത്. കോളനിവാഴ്ചയുടെ ഫലമായി ആഫ്രിക്കയിലുണ്ടായ ഭാഷാസ്വാധീ നം, ദേശീയത, സാമ്പത്തികചൂഷണം എന്നിവയെക്കൂടി ഈ യാത്രാ വിവരണത്തില്‍ വിശകലനം ചെയ്യുന്നുണ്ട്.    

ഭാഷ, ദേശീയത, സാമ്പത്തികചൂഷണം

ആഫ്രിക്കയിലെ വലിയൊരു വിഭാഗത്തിന്‍റെ (കെനിയ, ടാങ്കനിക്ക, ഉഗന്ത, സാന്‍സിബാര്‍, ബല്‍ജിയന്‍, കോംഗോവ്) പൊതുഭാഷ സ്വഹിലിയാണ്. ഗവണ്‍മെന്‍റ് അംഗീകരിച്ച നാട്ടുഭാഷയും ഇതാണ്. സ്വഹിലി ഭാഷയ്ക്ക് സ്വന്തമായി ലിപിയില്ല. ഇംഗ്ലീഷ് അക്ഷരങ്ങ ളിലാണ് എഴുതുന്നത്. സ്വഹിലിയില്‍ വിദേശഭാഷകളില്‍ നിന്നും കടന്നുകൂടിയ വാക്കുകളുമുണ്ട്. അറബ് പദങ്ങളും ഹിന്ദുസ്ഥാനി വാക്കുകളും ഇംഗ്ലീഷ് വാക്കുകളും സ്വഹിലിയില്‍ കലര്‍ന്നിട്ടുണ്ട്. ന്യാസാലാന്‍റിന്‍റെ അംഗീകരിക്കപ്പെട്ട നാട്ടുഭാഷ ചിന്യാഞ്ചയാണ്. നഗരങ്ങളില്‍ നിന്നും ആഫ്രിക്കക്കാരെ പുറത്താക്കിയതിനാലും കാട്ടുഗ്രാമങ്ങളില്‍ വസിക്കുന്നതിനാലും ആധിപത്യരാജ്യത്തിന്‍റെ ഭാഷാസ്വാധീനം നിരക്ഷരരായ ഭൂരിഭാഗം ആഫ്രിക്കന്‍ ജനതയിലും ഉണ്ടായിട്ടില്ല. എന്നാല്‍ ആഫ്രിക്കയിലെ കുടിയേറ്റക്കാരായ മറ്റു രാജ്യക്കാര്‍ക്കിടയില്‍ അധിനിവേശരാജ്യത്തിന്‍റെ ഭാഷാസ്വാധീനം പ്രകടമാണ്. പോര്‍ച്ചുഗീസാഫ്രിക്കയില്‍ ഇംഗ്ലീഷ് മിണ്ടുന്നത് കുറ്റകരമാണ്. ആഫ്രിക്കയിലെ ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും ഗുജറാത്തികളായതിനാല്‍ ആഫ്രിക്കയിലെ ഇന്ത്യന്‍ഭാഷ ഗുജറാത്തിയാണ്. ഒരു ജനതയുടെ സ്വഭാവവും മനോവൃത്തിയും അവരുടെ ഭാഷയിലും ശൈലികളിലും പ്രതിഫലിക്കുന്ന അനേകം പ്രത്യേകവാക്യങ്ങളുണ്ടെന്ന കണ്ടെത്തലോടെയാണ് എസ്.കെ ഭാഷാപരമായ പ്രത്യേകതകളെ വിശകലനം ചെയ്തു നിര്‍ത്തുന്നത്.  

യൂറോപ്യന്‍സംസ്കാരം ആഫ്രിക്കന്‍ ജനതയില്‍ വളര്‍ത്തി യെടുക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെതിരെ പ്രതികരിക്കാന്‍ ആഫ്രിക്കന്‍ ദേശീയത ഉരുവം കൊണ്ടിട്ടില്ലയെന്ന വസ്തുത എസ്.കെ വ്യക്തമാക്കുന്നുണ്ട്. അതോടൊപ്പം തന്നെ ബ്രിട്ടീഷാധി പത്യത്തിന്‍റെ തുടക്കത്തില്‍ വെള്ളക്കാരന് കീഴടങ്ങാന്‍ കൂട്ടാക്കാതെ പൊരുതിനിന്ന മട്ടാബലെ വര്‍ഗ്ഗത്തിന്‍റെ പോരാട്ടവീര്യത്തെയും എസ്.കെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഇത്തരം ചെറുത്തുനില്‍പ്പുകളില്‍ നിന്നും ഊര്‍ജ്ജം സ്വീകരിച്ചാലേ ആഫ്രിക്കയുടെ ഉയിര്‍ത്തെഴുന്നേ ല്‍പ്പ് സാധ്യമാവൂ എന്ന സൂചനയാണ് എസ്.കെ ഇതിലൂടെ നല്‍കുന്നത്. എന്നാല്‍ ആഫ്രിക്കയിലെവിടെയുമുള്ള തദ്ദേശീയജന തയുടെ ആചാരവിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും സാമുദായിക നിയമങ്ങളും സ്വകാര്യജീവിതത്തിലെ അനുഷ്ഠാനങ്ങളും മനസ്സിലാക്കാന്‍ അയല്‍പക്കക്കാരായ മറ്റ് തദ്ദേശീയവര്‍ഗ്ഗങ്ങള്‍ക്കു പോലും കഴിയാറില്ല. ഇത്തരത്തില്‍ വിഘടിച്ചു കിടക്കുന്ന ഒരു ജനതയില്‍ ദേശീയത രൂപം കൊള്ളാന്‍ പ്രയാസമാണെന്നും അത്തരത്തിലുള്ള ഒരു സാമൂഹികബോധം  ഇല്ലാത്തതിനാലാണ് വൈദേശികാധിപത്യത്തിന്‍റെ അടിമച്ചങ്ങല പൊട്ടിച്ചെറിയാന്‍ അവര്‍ക്ക് കഴിയാതെ പോകുന്നതെന്നും ഗ്രന്ഥകര്‍ത്താവ് നിരീക്ഷിക്കുന്നു. ആഫ്രിക്കയില്‍ ജീവിക്കുന്ന ഇന്ത്യക്കാരിലും ദേശീയത വിഘടിച്ചു കിടക്കുകയാണെന്ന് എസ്. കെ. നിരീക്ഷിക്കുന്നുണ്ട്. ഉത്തരേന്ത്യക്കാര്‍ മദിരാശികളോട്  ഒരയിത്തം സൂക്ഷിക്കുന്നുണ്ട്.  അവര്‍ ഹൈന്ദവാചാരങ്ങള്‍ അവിടെയും അനുഷ്ഠിക്കുന്നുണ്ട്. "സാമുദായികമായി ഇങ്ങനെ അകറ്റി നിര്‍ത്തുന്നത് ദേശീയത്വത്തിന് ഹാനികരമാണെന്ന് അവര്‍ മനസ്സിലാക്കുന്നില്ല.  ദേശീയത്വത്തിനും ഉപരിയായിട്ടാണ് അവര്‍ തങ്ങളുടെ മതശുദ്ധിയെ പരിഗണിക്കുന്നതെന്ന്" (1998: 96) എസ്.കെ. ചൂണ്ടിക്കാട്ടുന്നു. 

കൊളോണിയല്‍ ഭരണത്തിന്‍റെ മുഖ്യമായ ലക്ഷ്യം സാമ്പത്തികചൂഷണം ആയിരുന്നു. അധിനിവേശിതദേശത്തെ മണ്ണിനെയോ ജനതയോ ആധിപത്യം സ്ഥാപിച്ചെടുക്കുന്നതിനായി മൂലധനകേന്ദ്രിതമായി അവലംബിക്കുന്ന നയമാണ് നിര്‍മ്മിതി, വിതരണം, നിയന്ത്രണം എന്നിവ. അതിനായി അവര്‍ പുതിയ ഭരണക്രമങ്ങള്‍ ഏര്‍പ്പെടുത്തുകയും പല പുതിയ നഗരങ്ങളും സ്ഥാപനങ്ങളും സ്ഥാപിക്കുകയും ചെയ്യുന്നത് ഈ കൃതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കടല്‍ച്ചുങ്കം വഴി പോര്‍ച്ചുഗീസുകാര്‍ക്ക് വരുമാനം ഉണ്ടാക്കിക്കൊടുക്കുന്ന ബൈറ തുറമുഖത്തിലെ ആദായം ഊറ്റിയെടുക്കാനല്ലാതെ നന്നാക്കിയെടുക്കാന്‍ പോര്‍ച്ചുഗീസുകാര്‍ മിനക്കെട്ടിരുന്നില്ല. ബൈറ ജനവാസ്യയോഗ്യമായ ഒരു പട്ടണമാക്കിത്തീര്‍ക്കുന്നതിന് നിര്‍ബന്ധിതരായതിനെത്തുടര്‍ന്ന് പണവും പ്രയത്നവും ചിലവഴിച്ച് യൂറോപ്യന്‍ മട്ടിലുള്ള മനോഹരമായ ഒരു നഗരം നിര്‍മ്മിച്ചെടുത്തു. ഇതൊരിക്കലും ആഫ്രിക്കന്‍ ജനതയുടെ ഉന്നമനത്തിനു വേണ്ടിയായിരുന്നില്ല. ആധിപത്യരാജ്യത്തിന്‍റെ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കു വേണ്ടിയായി രുന്നു. അതുപോലെ തന്നെ ഏതൊരാഫീസിലും ഷോപ്പുകളിലും നിശ്ചയിക്കുന്ന ജോലിക്കാരില്‍ തൊണ്ണൂറു ശതമാനം പോര്‍ച്ചുഗീസ് പ്രജകളായിരിക്കണമെന്ന് നിയമം നിര്‍ബന്ധിക്കുന്നുമുണ്ട്. യഥാര്‍ത്ഥത്തില്‍ ആഫ്രിക്കന്‍ ജനതയെ സാമ്പത്തികമായി ചൂഷണം ചെയ്തിരുന്നത് ബ്രിട്ടീഷുകാരും പോര്‍ച്ചുഗീസുകാരും മാത്രമായിരുന്നില്ല. ആഫ്രിക്കയില്‍ സ്ഥിരതാമസമാക്കിയ ഇന്ത്യക്കാരും ഉണ്ടായിരുന്നു അക്കൂട്ടത്തില്‍. ബൈറ, ബുലവായോ എന്നീ നഗരങ്ങള്‍ യൂറോപ്പിന്‍റെ കുത്തകയാണെങ്കില്‍ കിഴക്കെ ആഫ്രിക്ക ഗുജറാത്തി കച്ചവടക്കാരുടേതായിരുന്നു. ഈ ഗുജറാത്തി കച്ചവടക്കാര്‍ തദ്ദേശീയരുടെ പണമെല്ലാം തട്ടിയെടുക്കുന്നതില്‍ അതീവ വിരുതരാണ്. ഭരിക്കുക, സമ്പാദിക്കുക എന്ന നയമാണ് വെള്ളക്കാര്‍ സ്വീകരിച്ചതെങ്കില്‍, ഇന്ത്യക്കാര്‍ക്ക് ഒരേയൊരു ലക്ഷ്യമേയുള്ളൂ പരമാവധി സാമ്പത്തികചൂഷണം. വെള്ളക്കാരനാ യാലും ഇന്ത്യക്കാരനായാലും കോളനിവാഴ്ചാപ്രദേശത്തെ ചൂഷണം ചെയ്യുന്ന ഈ രാഷ്ട്രീയനിര്‍മ്മിതിയെ വിമര്‍ശനാത്മകമായാണ് എസ്.കെ സമീപിക്കുന്നത്. വെള്ളക്കാരെപ്പോലെ തന്നെ ആഫ്രിക്കയിലെ ഇന്ത്യക്കാരും അപകടകാരികളാണെന്ന് ഗ്രന്ഥകര്‍ത്താവ് അഭിപ്രായപ്പെടുന്നു.

കാപ്പിരികളുടെ നാട്ടിലെ ഭാഷ - ഒരു വിമര്‍ശനം

ആഫ്രിക്കന്‍ജനതയോട് ചേര്‍ന്നു നിന്നുകൊണ്ട് എഴുതുമ്പോഴും എസ്.കെ.പൊറ്റെക്കാടെന്ന വ്യക്തിയില്‍ രണ്ടു പതിറ്റാണ്ടു ഇന്ത്യയെ അടക്കി ഭരിച്ച വെള്ളക്കാരന്‍റെ സ്വാധീനം പലപ്പോഴും ഭാഷയില്‍ അബോധമായി പ്രവര്‍ത്തിക്കുന്നത് ഇതില്‍ കാണാന്‍ കഴിയും. 'കാപ്പിരികളുടെ നാട്ടില്‍' എന്ന ശീര്‍ഷകം തന്നെ വിശകലനവിധേയമാക്കുമ്പോള്‍ ആഫ്രിക്കന്‍ ജനതയെ എന്തു കൊണ്ടാണ് കാപ്പിരി എന്നു സംബോധന ചെയ്യുന്നതെന്ന് അന്വേഷി ക്കേണ്ടതുണ്ട്. കാപ്പിരി എന്ന പദത്തിന്‍റെ അര്‍ത്ഥം നീഗ്രോ, അപരി ഷ്കൃതന്‍, മോഷണം കൈമുതലായിട്ടുള്ളവന്‍, വിശ്വസിക്കാന്‍ കൊള്ളാത്ത മൃഗം എന്നൊക്കെയാണ്. പതിനാറാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാരെ ഭയന്ന് കേരളത്തിലേക്ക് പലായനം ചെയ്ത ആഫ്രിക്കന്‍ അടിമകളെയാണ് കാപ്പിരിയെന്നു വിളിക്കുന്നത്. വിശ്വസിക്കാന്‍ കൊള്ളാത്തവരെന്നാണ് ഇതിനര്‍ത്ഥം. ഒരുപക്ഷേ എസ്.കെ ഈ പദത്തിന്‍റെ അര്‍ത്ഥതലങ്ങളെക്കുറിച്ച് തലനാരിഴകീറി പരിശോധിച്ചിട്ടുണ്ടാവില്ല. സാധാരണ പ്രയോഗത്തിലിരിക്കുന്ന ഒരു വാക്ക് ഉപയോഗിച്ചു കൊണ്ട് അവരുടെ അസ്തിത്വം അംഗീകരി ക്കാനോ ആഫ്രിക്ക അവരുടെ നാടാണെന്ന് സ്ഥാപിക്കാനോ ആവും ശ്രമിച്ചത്. എന്നാല്‍ ആഫ്രിക്കന്‍വന്‍കരയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ എസ്.കെയുടെ ശ്രദ്ധയില്‍പ്പെട്ട മനുഷ്യനെക്കുറിച്ചുള്ള വിവരണം യൂറോപ്യന്‍ കാഴ്ചയുടേതാണ്.  "മൊമ്പാസ തുറമുഖം സ്പര്‍ശിച്ച  ഞങ്ങളുടെ  കപ്പലില്‍ നിന്ന് പുറത്തേക്ക് നോക്കിയപ്പോള്‍ ആദ്യമായി എന്‍റെ ശ്രദ്ധയില്‍പ്പെട്ടത് വാര്‍ഫിലെ ഗുദാമിന്‍റെ മുകള്‍ത്തട്ടില്‍നിന്ന് അദ്ഭുതത്തോടെ കപ്പലിനെ നോക്കിക്കൊണ്ടുനില്‍ക്കുന്ന അര്‍ദ്ധനഗ്നനായ ഒരു കൂറ്റന്‍ കാപ്പിരിയുടെ രൂപമാണ്.  കാപ്പിരികളുടെ നാട്ടില്‍വെച്ച് ഞാന്‍ ആദ്യമായി കണ്ടുമുട്ടുന്ന നീഗ്രോ. ആഫ്രിക്കന്‍ വന്‍കരയിലെ കറുത്ത വര്‍ഗ്ഗങ്ങളെ  മുഴുവനും  അവന്‍ പ്രതിനിധീകരിക്കുന്നതായി എനിക്ക് തോന്നി"(1998:9). അദ്ഭുതത്തോടെ കപ്പലിനെ നോക്കുന്ന അര്‍ദ്ധനഗ്നനായ കൂറ്റന്‍ കാപ്പിരി, നീഗ്രോ, കറുത്തവര്‍ഗ്ഗങ്ങള്‍ ഈ വാക്കുകളെല്ലാം ഉദ്ഭവിക്കുന്നത് യൂറോപ്യമോ അല്ലാത്തതോ ആയ ഉപരിവര്‍ഗനാഗരിക നോട്ടത്തില്‍നിന്നുമാണ്.  വെള്ളക്കാരന്‍റെ കണ്ണിലൂടെയാണ് ഒരു ആഫ്രിക്കന്‍ മനുഷ്യനെ എസ്.കെ. നോക്കിക്കാണുന്നത് എന്നതില്‍ യാതൊരു സംശയവുമില്ല. നരവംശശാസ്ത്രപ്രകാരം മനുഷ്യനെ കോക്കസോയ്ഡ്, മംഗളോയ്ഡ്, നീഗ്രോയ്ഡ് എന്നു വിഭജിച്ചതില്‍ ആഫ്രിക്കന്‍ ജനതമാത്രമാണ്  പില്‍ക്കാത്തും നീഗ്രോകള്‍ മാത്രമാകുന്നത്.  വര്‍ണവിവേചനത്തിന്‍റെ നേര്‍സാക്ഷ്യമാണ് ഈ പദപ്രയോഗം (1998:9). തുടര്‍ന്ന് ആഫ്രിക്കന്‍ മനുഷ്യരുടെ പൂര്‍വ്വചരിത്രത്തെക്കുറിച്ച്  ചിന്തിക്കുന്ന എസ്.കെയുടെ വാക്കുകള്‍ ശ്രദ്ധിക്കുക. "വെളുത്തമനുഷ്യസഹോദരങ്ങളുടെ മര്‍ദ്ദനമേറ്റ് മദ്ധ്യാഫ്രിക്കയുടെ ഉള്ളിലേക്കു മാറിയ നീഗ്രോവര്‍ഗത്തിന്‍റെ ദുരിതങ്ങള്‍ അവിടെയും  അവസാനിച്ചില്ല" (1998:10) ഇതില്‍ വെളുത്ത മനുഷ്യസഹോദരങ്ങള്‍ , നീഗ്രോവര്‍ഗ്ഗം എന്നീ രണ്ടു സംബോധനകള്‍ ശ്രദ്ധിക്കുക. വെളുത്തവര്‍ മനുഷ്യസഹോദരങ്ങളാകുമ്പോള്‍, ആഫ്രിക്കന്‍ ജനത നീഗ്രോവര്‍ഗ്ഗം മാത്രമാണ്. തെക്കുകിഴക്കന്‍ ഏഷ്യയില്‍ എവിടെയോ വച്ച് മിക്കവാറും ഇന്ത്യയില്‍ നിന്നു തന്നെ ഉത്ഭവിച്ചിരിക്കാവുന്ന മനുഷ്യവര്‍ഗ്ഗത്തിന്‍റെ ചരിത്രത്തില്‍ മധ്യാഫ്രിക്കയില്‍ മരുഭൂമിക്കും  വന്‍കാടുകള്‍ക്കുമിടയില്‍ പെട്ടുപോയ, അദ്ദേഹത്തിന്‍റെ വാക്കില്‍ പറഞ്ഞാല്‍ "നമ്മുടെ ഇന്ത്യന്‍ നീഗ്രോവര്‍ഗ്ഗ" ത്തെക്കുറിച്ചാണ് എസ്. കെ.പറയുന്നത്. ദയനീയമായ ആ മനുഷ്യവര്‍ഗ്ഗത്തിനറെ പൂര്‍വ്വചരിത്രം പറയുമ്പോള്‍ എസ്.കെ.പോലും  അറിയാതെ  എസ്.കെയില്‍ പ്രവര്‍ത്തിക്കുന്നത് ഒരു യൂറോപ്യന്‍ ചരിത്രകാരനാണെന്ന് ഭാഷാപ്രയോഗങ്ങള്‍ ബോധ്യപ്പെടുത്തുന്നുണ്ട്. ഇത്തരം ഭാഷാ പ്രയോഗത്തിന് മറ്റൊരുദാഹരണമാണ് "റൊഡേഷ്യയിലെ ആദിവാസികള്‍ 'ബുഷ്മെന്‍' എന്നറിയപ്പെടുന്ന  കാട്ടാളരായിരുന്നു. ഇന്ന് റൊഡേഷ്യയിലെ പല പ്രാചീന ഗുഹകളിലും ഭിത്തികളിലും ആ പുരാതന വര്‍ഗ്ഗം വരച്ചുവച്ച ചിത്രങ്ങളും മറ്റും കാണാം" (1998:25). ഗുഹാമനുഷ്യര്‍, ശിലായുഗമനുഷ്യര്‍ എന്നൊക്കെ  നിര്‍വചിക്കുന്നിടത്താണ് ആഫ്രിക്കയിലെ ആദിമ മനുഷ്യരെ 'കാട്ടാളര്‍' എന്നു വിശേഷിപ്പിച്ചിരിക്കുന്നത്. യൂറോപ്യന്‍റെ കണ്ണിലെ കാടത്തത്തിലൂടെയാണ് ഈ വാക്കും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. മസിംബയില്‍ കാടുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ വേണ്ടിയെത്തുന്നവരെ എസ്.കെ നോക്കിക്കാണുന്നത് യൂറോകേന്ദ്രിതമായ ഒരു വീക്ഷണത്തിലാണ്. "ഒരു കഷ്ണം കറുപ്പു തുണികൊണ്ട് കഷ്ടിച്ച് നഗ്നത മറച്ച വൃത്തികെട്ട കാപ്പിരികള്‍ ആ ഷാപ്പില്‍ കൂട്ടത്തോടെ വന്നു കയറും" (1998: 39). ആഫ്രിക്കന്‍ കാടുകളില്‍ ജീവിതം കുടുങ്ങിപ്പോയ മനുഷ്യന്‍റെ ദയനീയമായ ജീവിതത്തെ അറപ്പോടെ നോക്കിക്കാ ണാന്‍ എസ് കെയില്‍ പ്രവര്‍ത്തിക്കുന്നത് കൊളോണിയല്‍ കാഴ്ചപ്പാടാണ്. 

ബ്ളാന്‍ടയറില്‍ നിന്ന് ഡൊഡോമയിലേക്കുള്ള യാത്രാമധ്യേ ചാമക്കാല എന്നൊരു ഗ്രാമത്തില്‍ തങ്ങേണ്ടിവന്ന ഗ്രന്ഥകാരന്‍റെ വിവരണം നോക്കുക; "സന്ധ്യയായപ്പോള്‍ ചുമലില്‍ മഴു തൂക്കിയിട്ട് ചില കറുത്തസത്വങ്ങള്‍ കാട്ടിനുള്ളില്‍ നിന്ന് കുടിലുകളുടെ നേര്‍ക്ക് വന്നു തുടങ്ങി"  (1998: 62). ഗ്രന്ഥകാരന്‍ ഭയത്തോടെ നോക്കിയ അവര്‍ ഒറ്റ കുടുംബമായ ആ ഗ്രാമത്തിലെ ഗ്രാമത്തലവന്‍ കച്ചാസു വിന്‍റെ മക്കളാണെന്നും അവര്‍ അകലെയുള്ള പുനം കൃഷിക്കാട്ടില്‍ നിന്ന് വേലയും കഴിഞ്ഞ് വരികയാണെന്നും ദ്വിഭാഷിയില്‍ നിന്നും മനസ്സിലാക്കിയിട്ടും ഗ്രന്ഥകാരന്‍റെ ഭയം മാറുന്നില്ല. അതിനുകാരണം മുകളില്‍ പ്രസ്താവിച്ച വാക്കുകള്‍ തന്നെയാണ്-"ചുമലില്‍ മഴു തൂക്കിയിട്ട ചില കറുത്ത സത്വങ്ങള്‍". ഇവിടെ നീഗ്രോയും കാപ്പിരിയും കറുത്തവര്‍ഗ്ഗവും എല്ലാംപോയി പകരം അവര്‍ വെറും കറുത്തസത്വങ്ങള്‍ മാത്രമായി. ഈ പദപ്രയോഗത്തിന്‍റെ മനുഷ്യത്വമി ല്ലായ്മ പിറ്റേന്ന് രാവിലെ പരിസരം ചുറ്റിക്കാണാന്‍ പോയതിന്‍റെ വിശദീകരണം കൂടി ഇതിനോട് ചേര്‍ത്തു വായിക്കുമ്പോഴേ ഗ്രന്ഥകാ രനില്‍ പ്രവര്‍ത്തിക്കുന്ന യൂറോപ്യന്‍വീക്ഷണത്തിന്‍റെയും സൗന്ദര്യ ശാസ്ത്രത്തിന്‍റെയും ഭീകരത മനസ്സിലാകൂ. "അവിടെ ഒന്നും തന്നെ കാണാനില്ല, എങ്ങും ഉണങ്ങിയ ശൂന്യത............................ ഇടയ്ക്ക് ഒരു കൂറ്റന്‍ ചിതല്‍പ്പുറ്റ്, ഒരു കുറിയ പന, അഴകുള്ള ഒരു കഴുകന്‍....." (1998:63). മനുഷ്യനെ കറുത്തസത്വം എന്നു വിശേഷിപ്പിച്ചിടത്താണ് അഴകുള്ള കഴുകന്‍ എന്നു വിവരിക്കുന്നത്. ബ്രിട്ടീഷാധിപത്യത്തില്‍ നിന്നും ഇന്ത്യ വിമോചനം നേടിയെങ്കിലും ബോധത്തിന്‍റെയും അബോധത്തിന്‍റെയും തലങ്ങളില്‍ യൂറോകേന്ദ്രിതവീക്ഷണം നിലനില്‍ക്കുന്നു എന്ന വസ്തുതയാണ് ഗ്രന്ഥകാരന്‍റെ ഭാഷയിലൂടെ ഈ കൃതിയില്‍ കാണാന്‍ കഴിയുന്നത്.

ഉപസംഹാരം

ആഫ്രിക്കയിലെ തദ്ദേശീയജനതയുടെ സംസ്കാരത്തെ കണ്ടറിയുകയും യൂറോപ്യന്‍ അധിനിവേശം അതിനെ അപമാനവീ കരിക്കുകയും ഒരു സാംസ്കാരികാധിപത്യം എന്ന നിലയില്‍ നിലനില്‍ക്കുകയും ചെയ്യുന്നത് കാപ്പിരികളുടെ നാട്ടില്‍ എന്നതില്‍ നിന്ന് വായിച്ചെടുക്കാന്‍ ഈ പഠനത്തിന് കഴിയുന്നു. ദേശീയത, ഭാഷ, സാമ്പത്തികഘടനയില്‍ വന്ന മാറ്റം എന്നിവയെ അപഗ്രഥിക്കു ന്നതിലൂടെ കൊളോണിയലിസം ഒരു ജനതയ്ക്കുമേല്‍ ഏതെല്ലാം തരത്തില്‍ ആധിപത്യം ഉറപ്പിക്കുന്നു എന്നതിനുള്ള ഒരു പാഠപുസ്ത കമായി കാപ്പിരികളുടെ നാട്ടില്‍ ഈ പഠനത്തില്‍ മാറുന്നു. കൊളോ ണിയല്‍ വ്യവഹാരത്തിന്‍റെ തന്ത്രങ്ങള്‍, രാഷ്ട്രീയനിര്‍മ്മിതികള്‍, മൂലധനാധിഷ്ഠിതമായ ലക്ഷ്യങ്ങള്‍ ഇവയൊക്കെ ഏതു രീതിയി ലാണു പ്രവര്‍ത്തിക്കുന്നതെന്നും നടപ്പിലാക്കുന്നതെന്നും ഇതിലൂടെ തിരിച്ചറിയാന്‍ കഴിയുന്നു. തികഞ്ഞ കോളനിവിരുദ്ധമനോഭാവമാണ് എസ്.കെ സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചു രണ്ടുവര്‍ഷത്തിനു ശേഷമാണ് എസ്.കെ ആഫ്രിക്ക സന്ദര്‍ശിക്കു ന്നത്. കോളനിവാഴ്ചയുടെ എല്ലാ വശങ്ങളും മനസ്സിലാക്കിയ ഒരു വ്യക്തിയെയാണ് ഈ യാത്രാവിവരണത്തിലൂടെ കാണാന്‍ കഴിയുന്നത്. കൊളോണിയലിസം അബോധമായി തുടരുന്നു എന്ന യാഥാര്‍ത്ഥ്യം സൗന്ദര്യശാസ്ത്രാധിഷ്ഠിതമായ ചില കാഴ്ചപ്പാടു കളിലൂടെ എസ്.കെയിലും പ്രവര്‍ത്തിക്കുന്നത് തിരിച്ചറിയാന്‍ കഴിയുന്നു.

ഗ്രന്ഥസൂചി:

പണിക്കര്‍, കെ.എന്‍, ഡോ,(2008) കൊളോണിയലിസം സംസ്കാരം പാരമ്പര്യ ബുദ്ധിജീവികള്‍, ചിന്ത പബ്ലിക്കേഷന്‍.
പണിക്കര്‍, കെ.എന്‍, ഡോ,(2010) സംസ്കാരവും ദേശീയതയും, കറന്‍റ് ബുക്സ്, കോട്ടയം.
പൊറ്റക്കാട്, എസ്.കെ,(1998). കാപ്പിരികളുടെ നാട്ടില്‍, ഡി.സി ബുക്സ്, 
മുസാഫിര്‍ അഹമ്മദ്,(2013). എസ് കെ പൊറ്റക്കാട് സാംസ്കാരിക വിരുദ്ധനോ, മാതൃഭൂമി ആഴ്ചപ്പതിപ്പ്, പുസ്തകം 91, ലക്കം 5. 
രവീന്ദ്രന്‍, പി.പി, ഡോ,(1999) ആധുനികാനന്തരം വിചാരം വായന, കറന്‍റ് ബുക്സ്.
രവീന്ദ്രന്‍, പി.പി,(2006) ഡോ, വീണ്ടെടുപ്പുകള്‍ സാഹിത്യം സംസ്കാരം ആഗോളത, ഡി. സി ബുക്സ്.
രണ്‍ജിത്ത്, സി.കെ,(2014) കാപ്പിരികളുടെ നാട്ടില്‍ യൂറോകേന്ദ്രീയതയുടെ വിമര്‍ശനം, വിജ്ഞാന കൈരളി, വാല്യം 45, ലക്കം 2,
രാധിക, സി.നായര്‍,(2007) സമകാലിക സാഹിത്യ സിദ്ധാന്തം ഒരു പാഠപുസ്തകം, കറന്‍റ് ബുക്സ്.
ലീലാ ഗാന്ധി,(1998) പോസ്റ്റ് കൊളോണിയല്‍ തിയറി, കൊളംബിയ യൂണിവേഴ്സിറ്റി പ്രസ്സ്.
മായ കെ
ഗവേഷക
മലയാളവിഭാഗം
കേരളസര്‍വകലാശാല
കാര്യവട്ടം ക്യാമ്പസ്
തിരുവനന്തപുരം  695581
Ph: +01  9048054508
Email: mayachempakam07@gmail.com
ORCID: 0000-0001-5466-5727