Forays and Fathoms – Lives of Malayali Women 
in K.R. Meera’s Stories

Dr. Nimmi A.P

Modern thought, which divided the world order into  public and private spheres,  has forcefully confined women's lives to the fathoms of the latter , making her the cornerstone of the Family  Structure  and prevented her  from entering the public sphere. Contemporary Social  environments amply present  glimpses of tectonic shifts where these estranged Feminine Lives repudiated from both  Public and Political sustenance and  confined to the family Conundrum of the Private Sphere, seen Seizing boundless Openings of the Public Scape. The Vast and vivacious  world of social media, gifted  by the spread of information technology, threw  light on the abysses  of the family system and showed  way for women   to the forays of political life that defines  the public sphere.  Contemporary Keralite Social life is passing through a historical context where the boundaries of public and Private spheres have narrowed down and the family   itself has transcended to be part of the public sphere. Prominent among the pioneering post-modern Malayalam Authors, K R Meera reigns a literary World that subtly represents   this unique historical Progression. This dissertation attempts to analyze the elements of democracy and equality visualized in light of the neoteric life awareness   presented by  social media, into the darkrooms of Kerala family life,  based on K.R. Meera's story world.

Keywords: Family, Public Sphere, Social Media, Media Culture,  Literature

Reference:

Devika J., kulasthreeyum chandapennumundaya thengane, Kerala sasthra sahithya Parishath, Thrissur, 2015
Devika J., Pennorumbettal Lokam Marunnu: Linkaneethiyude viplavangal, Readme Books, Thiruvananthapuram, 2011
Meera K. R., Kathakal, D.C. Books, Kottayam, 2015
Raveendran N. K., Pennezhuthunna Jeevitham, Mathrubhoomi Books, kozhikode, 2010
Sheeba K. M., Adukkalayil Ninnu Arangathekkum Thirichum: Adhunika Malayali Sthreeyude kudumbinee Roopanirmmithikal, Malayaliyude Adrusya Sancharangal, Bineesh Puthuppanam (Ed.), Vidyarthi Publications , Kozhikode, 2016
Sunil P. Elayidam, keraleeya Navothanam chila veendu vijarangal, Malayaliyude Adrusya Sancharangal, Bineesh Puthuppanam (Ed.), vidhyarthi Publications, Kozhikode, 2016

Dr. Nimmi A.P

Assistant Professor

Department of Malayalam

Govt. Arts & Science College

Kozhikode 

Pin: 673 018

Indian

Ph: +91 9947712437

email: nimmijiji@gmail.com

ORCID: 0000-0003-0417-3315


പൊതുവഴികളും ഇരുളകങ്ങളും: മലയാളി സ്ത്രീയുടെ ജീവിതം കെ ആര്‍ മീരയുടെ കഥകളില്‍

ഡോ. നിമ്മി എ.പി

പൊതുമണ്ഡലമെന്നും  സ്വകാര്യമണ്ഡലമെന്നും ആധുനികചിന്തയാല്‍ വിഭജിക്കപ്പെട്ട ലോകക്രമം സ്ത്രീജീവിതത്തെ സ്വകാര്യമണ്ഡലത്തിന്‍റെ അടിപ്പടവായ കുടുംബജീവിതത്തില്‍ തളച്ചിടുകയും  പൊതുമണ്ഡലത്തിലേക്കുള്ള പ്രവേശനങ്ങള്‍ക്ക് തടയിടുകയും ചെയ്തു. രാഷ്ട്രീയജീവിതവും പൊതുജീവിതവും അന്യമായി കുടുംബമെന്ന സ്വകാര്യമണ്ഡല സംവിധാനത്തില്‍ പരിമിതരാക്കപ്പെട്ട സ്ത്രീജീവിതങ്ങള്‍ പൊതുമണ്ഡലത്തിന്‍റെ തുറസ്സുകള്‍ പിടിച്ചെടുക്കുന്നതിന്‍റെ ചിത്രങ്ങള്‍ സമകാലിക ജീവിതപരിസരങ്ങളില്‍ കാണാം. വിവരസാങ്കേതികവിദ്യയുടെ വ്യാപനം സാധ്യമാക്കിയ സാമൂഹികമാധ്യമങ്ങളുടെ വിശാലലോകം കുടുംബസംവിധാനത്തിന്‍റെ ഇരുളകങ്ങളിലേക്ക് വെളിച്ചമെത്തിക്കുകയും പൊതുമണ്ഡലത്തിന്‍റ ഭാഗമായ രാഷ്ട്രീയജീവിതത്തിലേക്ക് സ്ത്രീകള്‍ക്ക് വഴിതുറക്കുകയും ചെയ്തു. സ്വകാര്യ/പൊതുമണ്ഡലങ്ങളുടെ അതിരുകള്‍ അപ്രസക്തമാവുകയും കുടുംബം പൊതുമണ്ഡലത്തിന്‍റെ ഭാഗമായി മാറുകയും ചെയ്യുന്ന ചരിത്രസന്ദര്‍ഭത്തിലൂടെയാണ് സമകാലിക കേരളീയജീവിതം കടന്നുപോകുന്നത്. സവിശേഷമായ ഈ ചരിത്രഘട്ടത്തെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന കഥാലോകമാണ് ആധുനികാനന്തര മലയാളകഥാകൃത്തുക്കളില്‍ പ്രധാനിയായ കെ.ആര്‍. മീരയുടേത്. സാമൂഹ്യമാധ്യമങ്ങള്‍ സാധ്യമാക്കിയ നവജീവിതാവബോധം കേരളീയ കുടുംബജീവിതത്തിന്‍റെ അടഞ്ഞ ജാലകങ്ങള്‍ക്കകത്തേക്ക് ജനാധിപത്യത്തിന്‍റെയും തുല്യതയുടെയും പ്രകാശം പരത്തുന്നതിന്‍റെ അടയാളങ്ങള്‍ കെ.ആര്‍. മീരയുടെ കഥാലോകത്തെ അടിസ്ഥാനമാക്കി പഠിക്കുകയാണ് പ്രബന്ധം ലക്ഷ്യമിടുന്നത്.

താക്കോല്‍വാക്കുകള്‍: കുടുംബം, പൊതുമണ്ഡലം, സാമൂഹികമാധ്യമങ്ങള്‍, മാധ്യമസംസ്കാരം,  സാഹിത്യം

ജാതി, മതം, വര്‍ഷം, ലിംഗപദവി തുടങ്ങിയ സാമൂഹിക നിര്‍മ്മിതികള്‍ രൂപപ്പെടുത്തിയ ഭേദങ്ങള്‍ക്കപ്പുറം മനുഷ്യര്‍ക്ക് ഒന്നിച്ചിരുന്ന് വിമര്‍ശിക്കാന്‍ കഴിയുന്ന ഒരു ജനാധിപത്യ അന്തരീക്ഷം രൂപംകൊള്ളുന്ന ഇടമാണ് പൊതുമണ്ഡലം. ഒരു ജനാധിപത്യസമൂഹത്തിന്‍റെ ആത്മപരിശോധനകളും സ്വയംഭരണവും അടക്കം പല പ്രക്രിയകളുടെയും സങ്കലനം കൂടിയാണത്. എന്നാല്‍ പുരുഷപ്രത്യയശാസ്ത്ര താല്പര്യങ്ങളെ സംരക്ഷിക്കുന്ന സമൂഹം പൊതുമണ്ഡലത്തെയും ഒരു ആണ്‍കോയ്മാ ഇടമായിട്ടാണ് പരിഗണിക്കുന്നത്.

ആധുനികചിന്ത സ്വകാര്യമണ്ഡലം, പൊതുമണ്ഡലം എന്നിങ്ങനെ കര്‍ക്കശമായ വേര്‍തിരിവുകളില്‍ ജീവിതലോകങ്ങളെ ക്രമപ്പെടുത്തിയപ്പോള്‍ ഭരണം, സംസ്കാരം, ഉത്പാദനം തുടങ്ങിയ മേഖലകളെ ഉള്‍ക്കൊണ്ട പൊതുമണ്ഡലം പുരുഷന്‍റേതായി മാറി. പ്രത്യുല്‍പാദനത്തിന്‍റെ ഇടമായ വീടും കുടുംബവും സ്വകാര്യമണ്ഡലത്തിന്‍റേതാവുകയും സത്രീകള്‍ അതില്‍ നിര്‍ണ്ണായക പങ്കുവഹിക്കേണ്ടവരായി കുടിയിരുത്തപ്പെടുകയും ചെയ്തു എന്ന് ഷീബ കെ.എം. നിരീക്ഷിക്കുന്നുണ്ട് (2016:13). കുടുംബത്തെ സ്വകാര്യതയുടെ ഇടമായി പരിഗണിക്കുന്നതിലൂടെ രാഷ്ട്രീയത്തില്‍ നിന്നും വിപണിയില്‍ നിന്നും പൊതുകാര്യചര്‍ച്ചകളില്‍ നിന്നും കുടുംബം മാറ്റി നിര്‍ത്തപ്പെട്ടു. കൃത്യമായ അകം/പുറം വിഭജനം ഇവിടെ രൂപപ്പെടുന്നു. പൊതു ഇടവും സ്വകാര്യയിടവും തമ്മിലുള്ള വേര്‍തിരിവ് (ജൃശ്മലേ) യൂറോപ്യന്‍ ചിന്തയില്‍ സാര്‍വ്വത്രികമാണെന്ന് ഫെമിനിസ്റ്റ് ചിന്തകര്‍ വാദിക്കുന്നുണ്ടെന്നും കുടുംബത്തെ അപ്രധാനവും അപ്രത്യക്ഷമായി കാണുന്ന രീതിയുടെ വേരുകള്‍ ഈ വേര്‍തിരിവിലാണെന്ന് അവര്‍ അവകാശപ്പെടുന്നുണ്ടെന്നും ജെ. ദേവിക ചൂണ്ടിക്കാണിക്കുന്നു (2017:124).

സമകാലിക പൊതുമണ്ഡലം മേല്‍പ്പറഞ്ഞ കുടുംബം/പൊതുമണ്ഡലം (സ്വകാര്യ/പൊതു) എന്നീ ദ്വന്ദ്വങ്ങളുടെ അതിരുകളെ അപ്രസക്തമാക്കുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളുടെ ഇടപെടലാണ് അകപുറം വേര്‍തിരിവിന്‍റെ അതിരുകളെ ഇല്ലാതാക്കാന്‍ വഴിതെളിച്ചത്. സ്വകാര്യമണ്ഡലത്തിന്‍റെ അതിര്‍ത്തികള്‍ക്കുള്ളില്‍ അസ്വതന്ത്രരായിരുന്ന സ്ത്രീകള്‍ക്ക് സാമൂഹികമാധ്യമങ്ങള്‍ സാധ്യമാക്കിയ പൊതുമണ്ഡലത്തിലൂടെ ദൈനംദിന ജീവിതത്തെ വിമര്‍ശനാത്മകമായി പരിശോധിക്കാനും രാഷ്ട്രീയ ഇടപെടലുകള്‍ നടത്താനും അഭിപ്രായങ്ങള്‍ തുറന്നുപറയാനുമുള്ള അന്തരീക്ഷം രൂപപ്പെട്ടു. സ്വകാര്യ/പൊതുമണ്ഡലങ്ങള്‍ തമ്മിലുള്ള വിടവുകള്‍ ഇല്ലാതാവുകയും കുടുംബത്തിനകത്തേക്ക് പൊതുമണ്ഡലത്തിന് പ്രവേശനം സാധ്യമാവുകയും ചെയ്തു. ഈ അനുഭവപരിസരത്തെ സക്രിയമായി അടയാളപ്പെടുത്തുന്നവയാണ്. കെ.ആര്‍. മീരയുടെ കഥകള്‍. ആഗോളീകരണം സൃഷ്ടിക്കുന്ന പുതിയ ലോകവീക്ഷണത്തെയും ജീവിതാവബോധത്തേയും അവ സാമൂഹികജീവിതത്തില്‍ ഉണ്ടാക്കുന്ന ആഘാതങ്ങളെയും പ്രതികരണങ്ങളെയും നവമാധ്യമസംസ്കാരത്തിന്‍റെ ഇടങ്ങളില്‍ നിന്ന് ആഖ്യാനം ചെയ്തെടുക്കുന്നുണ്ട് മീരയുടെ കഥാലോകം.

പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാന ദശകത്തോടെയാണ് കേരളത്തില്‍ ആധുനിക പൊതുമണ്ഡലം വികസിച്ചു തുടങ്ങിയത്. പത്രമാസികകള്‍, ചര്‍ച്ചാവേദികള്‍ വായന സംഘങ്ങള്‍ എന്നിവ ചേരുന്ന സമൂഹത്തിന്‍റെ പൊതുപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പൊതു ഇടം കേരളത്തില്‍ രൂപപ്പെട്ടു. വ്യാപാരപ്രമുഖര്‍, വ്യവസായികള്‍, അദ്ധ്യാപകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയ കൂട്ടരടങ്ങിയ ജനവിഭാഗമാണ് ഈ പൊതുമണ്ഡലത്തില്‍ ഇടം നേടിയത്. (ദേവിക ജെ. 2015:70) ഈ സാമൂഹികയിടത്തിന്‍റെ ആന്തരികഘടനയില്‍ അകം/പുറം വിഭജനം കൃത്യമായി പാലിക്കപ്പെട്ടിരുന്നു. പുരുഷന് മേല്‍ക്കോയ്മയുണ്ടായിരുന്ന ഗാര്‍ഹികയിടങ്ങള്‍ പൊതുയിടമായും സ്ത്രീ ഉള്‍പ്പെടുന്ന ഗാര്‍ഹികമേഖലകള്‍ സ്വകാര്യയിടമായും കരുതിപ്പോന്നു. ആ കാലത്തുണ്ടായ വനിതാമാസികകള്‍ പോലും സ്ത്രീകളുടെ യഥാര്‍ത്ഥ താത്പര്യങ്ങള്‍, കടമകള്‍ തുടങ്ങിയവയെക്കുറിച്ച് അവരെത്തന്നെ ബോധവത്കരിക്കാനുള്ള പ്രസിദ്ധീകരണങ്ങള്‍ എന്ന വിധമാണ് നിലകൊണ്ടിരുന്നത്.

ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യദശകത്തോടെ സ്ഥാപനവത്ക്കരിക്കപ്പെട്ടുകൊണ്ടിരുന്ന പൊതു/ സ്വകാര്യയിടം തിരിക്കലിന്‍റെ നിയമങ്ങളെ ചോദ്യം ചെയ്യുന്ന ഇടപെടലുകള്‍ ഉണ്ടായി വന്നു. അന്നാചാണ്ടിയെപ്പോലുള്ളവരുടെ ഇടപെടലുകള്‍ പൊതുമണ്ഡലത്തിലേക്കുള്ള സ്ത്രീ പ്രവേശത്തിന്‍റെ സാധ്യതകളെ ആരായുന്നവയാണെങ്കിലും ഒറ്റപ്പെട്ട സ്വരങ്ങളായി അത്തരം ആഹ്വാനങ്ങള്‍ മാറുന്നതാണ് പിന്നീടുള്ള കേരളീയ പൊതുമണ്ഡലചരിത്രം. പൊതു ഇടവും സ്വകാര്യ ഇടവും അന്യോന്യം ചേര്‍ക്കപ്പെടാതെ തന്നെ നിലകൊണ്ടു.

ആധുനികാനന്തര പൊതുമണ്ഡലത്തിന്‍റെ ആവിര്‍ഭാവത്തോടെയാണ് പൊതു സ്വകാര്യ ഇടങ്ങളുടെ വേര്‍തിരിവുകള്‍ ക്രമേണ ഇല്ലാതെയാവുന്നത്. സ്നേഹം, കരുതല്‍ എന്നിവയാല്‍ മാത്രം പുലരുന്നതായി കരുതുന്ന കുടുംബത്തിനും അതിനകത്തെ സ്ത്രീക്കും പൊതുകാര്യ ചര്‍ച്ചകളിലും സംവാദങ്ങളിലും ഏര്‍പ്പെടാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന തിരിച്ചറിവ് സാമൂഹ്യ മാധ്യമങ്ങള്‍ വഴി രൂപപ്പെട്ട ആധുനികാനന്തരപൊതുമണ്ഡലം നല്‍കി. ഇത്തരം തിരിച്ചറിവ് ലഭിച്ചവളാണ് കെ.ആര്‍. മീരയുടെ 'ശൂര്‍പ്പണഖ'യിലെ പി.പി.അനഘ.

അധ്യാപികയായി ജോലിയില്‍ ചേര്‍ന്ന അന്ന് തന്നെ അവള്‍ക്ക് നേരിടേണ്ടി വന്ന ചോദ്യം څമിസ് ഒരു ഫെമിനിസ്റ്റല്ലേچ എന്നതാണ്. ആണധികാരത്തിന്‍റെ പ്രത്യയശാസ്ത്ര ധര്‍മ്മങ്ങള്‍ കൈയ്യടക്കി വെച്ചിരിക്കുന്ന പൊതു ഇടങ്ങളിലേക്ക് സ്ത്രീകള്‍ പ്രവേശിക്കുമ്പോള്‍ പൊതുസമൂഹത്തിനുണ്ടാകുന്ന സംഘര്‍ഷത്തില്‍ നിന്നുണ്ടാകുന്ന ചോദ്യമാണത്. ഈ ചോദ്യത്തെ അനഘ നേരിട്ടവിധത്തെ കഥാകാരി അവതരിപ്പിക്കുന്നത് ഇപ്രകാരമാണ്, "അനഘ അപ്പോള്‍ തന്നെ അവനെ ഗെറ്റൗട്ടടിച്ചു. തിരിച്ചെടുക്കാന്‍ വിസമ്മതിച്ചപ്പോള്‍ സമരം വന്നു. വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതിരുന്നപ്പോള്‍ സമരം ശക്തമായി... കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു. വലിയ മാറിടമുള്ള കോലങ്ങള്‍ക്കും ചുവരെഴുത്തുകള്‍ക്കും ഇടയിലൂടെ പതറാതെ നടന്നപ്പോള്‍ സഹപ്രവര്‍ത്തകരും പി.പി. അനഘയെ ശൂര്‍പ്പണഖ എന്നു വിളിച്ചു. അനഘ തളര്‍ന്നില്ല". (2015:68)

പൊതു ഇടങ്ങള്‍ സ്ത്രീക്കും കൂടി അവകാശപ്പെട്ടതാണെന്നും സ്ത്രീ നേരിടുന്ന വെല്ലുവിളികള്‍ പൊതുയിടങ്ങളില്‍ അവതരിപ്പിക്കേണ്ടതുണ്ടെന്നും അനഘ വിശ്വസിക്കുന്നുണ്ട്. ആധുനികാനന്തര പൊതുമണ്ഡലം നല്‍കിയ അനുഭവജ്ഞാനങ്ങളാണ് അത്തരം വിശ്വാസങ്ങളിലേക്ക് അനഘയെ പോലുള്ളവരെ നയിക്കുന്നത്. 

സാമൂഹികപ്രതിബദ്ധത പുരുഷന്‍റേത് മാത്രമല്ലായെന്നും സ്ത്രിക്കും ഉത്തരവാദിത്വമുണ്ടെന്ന് അനഘ തെളിയിക്കുന്നു. അതുകൊണ്ടാണ് പ്രസവം കഴിഞ്ഞ് പതിനൊന്നാം ദിവസം അനഘ തൊടുപുഴ പീഡനകേസ്സില്‍ പോലീസ്സ്റ്റേഷന്‍ ധര്‍ണ്ണക്കു പോയത്. ഭര്‍ത്താവായ രാംമോഹന് ഇതംഗീകരിക്കാനാകുന്നില്ല. അയാളടങ്ങുന്ന പുരുഷാധിപത്യ പൊതുബോധം ഇത്തരം സാമൂഹിക ധര്‍മ്മങ്ങള്‍ സ്ത്രീ നിറവേറ്റണ്ടതായി കരുതുന്നില്ല. മുലയൂട്ടുന്നതിനേക്കാള്‍ വലിയ സാമൂഹികധര്‍മ്മമൊന്നും സ്ത്രീക്കില്ലെന്ന് വിശ്വസിക്കുന്നവനാണ് രാംമോഹന്‍. അരാഷ്ട്രീയതയുടെയും വ്യക്തിപരമായ സ്വകാര്യതയുടെയും വിശ്രമത്തിന്‍റെയും ഇടമായാണ് പുരുഷലോകം വീടിനെ നോക്കിക്കാണുന്നത്. സാമൂഹികപ്രശ്നങ്ങള്‍ അവിടെ ചര്‍ച്ച ചെയ്യേണ്ടതില്ല. ഈ പൊതുബോധത്തെയാണ് അനഘ വെല്ലുവിളിക്കുന്നത്. നിരോധനങ്ങളുടെയും അവസാനിക്കാത്ത അധ്വാനത്തിന്‍റെ ഇടമായ വീടും പൊതുയിടവും സമാന്തരമായി കൊണ്ടു പോകേണ്ടതുണ്ടെന്നും സ്ത്രീയനുഭവിക്കുന്ന പ്രശ്നങ്ങള്‍ വീടിനകത്തായാലും പുറത്തായാലും പൊതുചര്‍ച്ചയില്‍ വിഷയമാകേണ്ടതുണ്ടെന്നും പൊതു/സ്വകാര്യ ഇടങ്ങളുടെ അതിരുകള്‍ മായ്ക്കപ്പെടേണ്ടവയാണെന്നുമുള്ള സൂചനകള്‍ കഥ മുന്നോട്ടു വെക്കുന്നു. 

ജനാധിപത്യപരമായ സവിശേഷമൂല്യങ്ങളെയും വിശ്വാസങ്ങളെയും നിര്‍ണ്ണയിക്കുന്നതിന് സഹായിക്കുന്ന പൊതുമണ്ഡലങ്ങളിലേക്കുള്ള സ്ത്രീ പ്രവേശനങ്ങള്‍ പുരുഷാധിപത്യ സമൂഹത്തിന് അംഗീകരിക്കാനാവില്ല. പുരുഷാധിപത്യത്തിന്‍റെ അത്തരം പ്രത്യയശാസ്ത്രങ്ങളെ തിരിച്ചറിഞ്ഞ കഥാപാത്രമാണ് 'ഓര്‍മ്മയുടെ ഞെരമ്പി'ലെ വൃദ്ധ. സുനില്‍ പി. ഇളയിടം നിരീക്ഷിക്കുന്നത് നോക്കുക, 'നവോത്ഥാനം ജന്മം നല്‍കിയ മാതൃകാസ്ത്രീസങ്കല്പം കുലീനയായ ഗൃഹനായികയുടെതായിരുന്നു. ഫ്യൂഡല്‍ സദാചാരബന്ധങ്ങളോടും കുടുംബസംവിധാനങ്ങളോടും പ്രത്യേകിച്ച് നായര്‍-നമ്പൂതിരി വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന സംബന്ധ വിവാഹത്തോട് എതിരിടുന്ന വേളയില്‍ ഇത് പുരോഗമനപരമായ ഒന്നായി അനുഭവപ്പെട്ടിരിക്കാമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഈ ഗൃഹനായികാമാതൃക സ്ത്രീജീവിതത്തെ രണ്ട് വിധത്തില്‍ നിഷേധാത്മകമായി ബാധിക്കുകയുണ്ടായി. ഒരു രംഗത്ത് ആധുനികമായ പൊതുജീവിതത്തില്‍ സ്ത്രീയുടെ പദവി വീട്ടമ്മയുടെത് മാത്രമായി പരിമിതപ്പെടുത്താന്‍ അതിന് സാധിച്ചു. സാമൂഹ്യാധികാരത്തില്‍ പങ്കാളിത്തമില്ലാത്ത രണ്ടാം തരം പൗരത്വമായി സ്ത്രീയുടെ പദവി മാറി (2016:137) പൊതുമണ്ഡലത്തില്‍ ഉറച്ചു പോയ ഇത്തരം ബോധങ്ങളോടാണ് ഓര്‍മ്മയുടെ ഞരമ്പിലെ വൃദ്ധ ഏറ്റുമുട്ടുന്നത്.

څസമ്മേളനത്തിനു കവിത വായിച്ച പെങ്കുട്ട്യേ ഇഷ്ടപ്പെട്ടൂന്ന് പറഞ്ഞതിന് ഇവിടെ വലിയ പുകിലായിരുന്നൂത്രേ. ശര്യല്ലേ? എന്തിനാ പാട്ടും കഥേം? അമ്മ പറഞ്ഞതുപോലെ പെണ്ണായാല്‍ ചോറും കറിം വയ്ക്കണം, പെറണംچ(2015:37). കഥയിലെ കേന്ദ്രകഥാപാത്രമായ വൃദ്ധയുടെ ഈ വാക്കുകള്‍ സ്ത്രീയുടെ ധര്‍മ്മങ്ങളെക്കുറിച്ച് സമൂഹത്തിനുള്ള പൊതുബോധത്തെയാണ് അടയാളപ്പെടുത്തുന്നത്. സമ്മേളനവും കവിത ചൊല്ലലും പാട്ടും കഥയും ഒന്നും സ്ത്രീയുടെ മേഖലകളല്ല, വീട്ടിനകത്തെ പണികളും അതിലെ അംഗങ്ങളുടെ പരിചരണവുമാണ് അവളുടെ കടമ. ധൈഷണിക വ്യാപാരങ്ങളോ, സര്‍ക്ഷാത്മക പ്രവര്‍ത്തനങ്ങളോ അല്ല സ്ത്രീയില്‍ നിന്നും സമൂഹം പ്രതീക്ഷിക്കുന്നത്.

സ്വകാര്യമണ്ഡലത്തില്‍ താന്‍ അനുഭവിക്കുന്ന അസ്വാതന്ത്ര്യങ്ങളെ വൃദ്ധ എഴുത്തിന്‍റെ, സര്‍ഗ്ഗാത്മകതയുടെ പൊതുമണ്ഡലത്തിലേക്ക് പരിവര്‍ത്തനം ചെയ്തു. അവരെഴുതിയ ആദ്യ കഥ സ്വാതന്ത്യസമരത്തിനു വേണ്ടി ജയിലില്‍ പോകുന്ന സ്ത്രീയെക്കുറിച്ചായിരുന്നു. ആ കഥ എഴുതുമ്പോഴുണ്ടായ അനുഭവത്തെ വൃദ്ധ വിവരിക്കുന്നത് നോക്കുക, 'രാമന്‍ കുട്ട്യുടെ പഴയ നോട്ട്ബുക്ക്, ഇവിടുത്തെ അമ്മ കാണാതെ രാത്രീല് ഈ മുറീടെ മൂലേ വിളക്കു കത്തിച്ച് വെച്ചിരുന്ന് എഴുത്യ കഥ. ഇവിടുത്തെ അമ്മയ്ക്ക് എഴുതണതും വായിക്കണതും കണ്ടാല്‍ കലിയിളകും. അതുകൊണ്ട് തറവാട്ടിലേക്ക് എന്താ പ്രയോജനമെന്ന് അമ്മ ചോദിക്കും'(2005:36). ഒരു സ്ത്രീയായതുകൊണ്ടു അനുഭവിക്കേണ്ടി വന്ന ഒരവസ്ഥയാണിത്. സ്വന്തം ജീവിതാവസ്ഥകളോട് മല്ലിട്ടുകൊണ്ടു മാത്രമെ ഒരു സ്ത്രീക്ക് സര്‍ഗ്ഗാത്മകരചനയിലേര്‍പ്പെടാനാവൂ.

കുടുംബത്തില്‍ സ്ത്രീയുടെ ഉദ്യോഗം, തീരാത്ത വീട്ടുവേലയും കുടുംബാംഗങ്ങളുടെ പരിചരണങ്ങളുമാണ്. അവള്‍ക്ക് അവളുടെതായ വേളകളില്ല. കുടുംബത്തില്‍ ഏറ്റവുമാദ്യം ഉണരുന്നവളും ഒടുവില്‍ മാത്രം ഉറങ്ങുന്നവളുമാണ് കുടുംബിനി. അതിനാല്‍ സര്‍ഗ്ഗരചനക്ക് ഏകാന്തധ്യാനവും മൗനവുമെല്ലാം അപരിത്യാജ്യമാണെന്ന് കവികളും എഴുത്തുകാരന്‍മാരും മറ്റും ഉന്നയിക്കുന്ന അവകാശവാദങ്ങള്‍ കേവലം നിരര്‍ത്ഥകങ്ങളോ പൊള്ളയായ മേനിപറച്ചിലുകളോ ആയി മാത്രമേ എഴുത്തുകാരികള്‍ക്കു മനസ്സിലാക്കാനാവൂ (രവീന്ദ്രന്‍ എന്‍.കെ. 2010:56). വീടിനകം നല്‍കുന്ന ഇത്തരം അസ്വാതന്ത്ര്യങ്ങള്‍ക്കെതിരെയായിരുന്നു വൃദ്ധയുടെ ആദ്യ കഥ. സ്വകാര്യജീവിതത്തില്‍ തനിക്കു ലഭിക്കാതിരുന്ന സ്വാതന്ത്ര്യത്തിനായാണ് കഥയിലൂടെ അവര്‍ ശ്രമിച്ചത്. പ്രതിഷേധത്തിന്‍റെയും വിമര്‍ശനത്തിന്‍റെയും സ്വരങ്ങളെ സാഹിത്യപൊതുമണ്ഡലത്തിലൂടെ ഉയര്‍ത്തുകയാണ് അവര്‍.

ആദ്യ കഥയെഴുതുമ്പോള്‍ ഭര്‍ത്താവ് ജയിലിലായിരുന്നു എന്ന സൂചന വൃദ്ധ നല്‍കുന്നുണ്ട്. കമ്മ്യൂണിസ്റ്റുകാരെ കണ്ടാല്‍ അറസ്റ്റ് ചെയ്യുന്ന സമയമായിരുന്നു എന്നും പറയുന്നുണ്ട്. രണ്ടാമത്തെ കഥയെഴുതുമ്പോള്‍ അയാള്‍ എം.പി. ആയി ഡല്‍ഹിയിലാണ്. പുരുഷന്‍ എന്ന ലേബലില്‍ അയാള്‍ അനുഭവിക്കുന്ന പൊതുജീവിതത്തിന്‍റെ സ്വതന്ത്രയിടങ്ങള്‍ ഗൃഹത്തിനകത്തെ സ്ത്രീക്ക് ലഭിക്കുന്നില്ല. ഭൗതികജീവിതത്തില്‍ അവര്‍ക്ക് നിഷേധിക്കപ്പെട്ട സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അന്വേഷണം കൂടിയായി കഥയെഴുത്തിനെ മാറ്റുകയാണ് വൃദ്ധ. സ്ത്രീകളുടെ പൊതുജീവിതപങ്കാളിത്തം ഗാര്‍ഹികവത്കരണത്തില്‍ അധിഷ്ഠിതമായ പുരുഷാധിപത്യയുക്തികളില്‍ ബന്ധിതമാകുന്നതിനെ തിരെയുള്ള സര്‍ഗ്ഗാത്മക പ്രതികരണമായാണ് അവര്‍ സാഹിത്യലോകത്തെ കാണുന്നത്.

വീടിന്‍റെ സ്വകാര്യതകള്‍ നിഷേധിക്കുന്ന അസ്വാതന്ത്യത്തിന്‍റെ തുറസ്സുകളെ സാഹിത്യ പൊതുമണ്ഡലം സാക്ഷാത്കരിച്ചെടുക്കുന്നതെങ്ങനെ എന്ന് വൃദ്ധയുടെ ജീവിതാനുഭവങ്ങളിലൂടെ കഥാകാരി തെളിയിക്കുന്നു. എഴുത്തും വായനയും രാഷ്ട്രീയവും എല്ലാം ചേര്‍ന്ന ജനാധിപത്യവത്കരിക്കപ്പെട്ട, അകം/പുറം വിഭജനങ്ങള്‍ ഇല്ലാതെയുള്ള ഒരിടമായി കുടുംബം മാറേണ്ടതിന്‍റെ സൂചനകള്‍ څഓര്‍മ്മയുടെ ഞരമ്പിچല്‍ തെളിഞ്ഞു കാണുന്നു.

കുലീനത, അനുസരണ, വിധേയത്വം, ക്ഷമ തുടങ്ങിയ സ്ത്രൈണ ഗുണങ്ങള്‍ മാത്രമല്ല സ്ത്രീക്കു വേണ്ടതെന്നും സ്വതന്ത്രമായി ചിന്തിക്കാനുള്ള ശേഷിയും തന്‍റേടവും വേണമെന്ന് തിരിച്ചറിഞ്ഞവളാണ് മീരയുടെ څപശ്യേ പ്രിയേ കൊങ്കണچയിലെ സതി. കുടുംബത്തിന്‍റെ സ്വകാര്യ ലോകത്ത് സ്ത്രീയെ ബന്ധിതമാക്കാനുള്ള ശ്രമങ്ങളെ മറികടന്ന് സ്വന്തം താല്പര്യങ്ങളെ സ്വീകരിക്കുന്നവളാണ് സതി. അതുകൊണ്ടാണ് കുടുംബത്തിലെ അധികാര കേന്ദ്രമായ ഭര്‍ത്താവിനെ നിഷേധിച്ചുകൊണ്ട് സ്വന്തമായി തീരുമാനമെടുത്ത് കാമുകനായ ദിവാകരനൊപ്പം അവള്‍ പുറപ്പെട്ടുപോയത്. ആധുനികാനന്തര പൊതുമണ്ഡലം നല്‍കുന്ന ഉറപ്പുകളാണ് അത്തരം തീരുമാനങ്ങളെടുക്കാന്‍ സതിയെ പോലുള്ളവരെ പ്രാപ്തരാക്കുന്നത്.

ഗാര്‍ഹികമണ്ഡലത്തില്‍ അസ്വതന്ത്രത അനുഭവിക്കുന്ന സ്തീകള്‍ക്ക് ദൈനംദിന ജീവിതത്തെ വിമര്‍ശനാത്മകമായി പരിശോധിക്കാനും നിഷേധിക്കപ്പെടുന്ന സ്വാതന്ത്ര്യങ്ങളെ വീണ്ടെടുക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്താനും ആധുനികാനന്തര പൊതുമണ്ഡലം ഇടമൊരുക്കി. വ്യവസ്ഥാപിത സമൂഹം കെട്ടിപ്പൊക്കിയ അധികാരപ്രത്യയശാസ്ത്രങ്ങളെയും തന്ത്രങ്ങളെയും മറികടക്കാനും വിമര്‍ശിക്കാനും സ്ത്രീകള്‍ക്ക് സന്ദര്‍ഭങ്ങള്‍ ഏറെയുണ്ടായി. പൊതുമണ്ഡലത്തില്‍ നടന്ന അത്തരം അനുഭവങ്ങളെ കുടുംബത്തിന്‍റെ പൊതുമണ്ഡല പ്രവേശത്തെ മറയില്ലാതെ തെളിച്ചപ്പെടുത്തുന്നുണ്ട് കെ.ആര്‍. മീരയുടെ കഥകള്‍. കുടുംബവും പൊതുമണ്ഡലവും തമ്മിലുള്ള പരസ്പര വിനിമയങ്ങള്‍ ആധുനികാനന്തരകാലം സുതാര്യമാക്കുന്നതിന്‍റെ അടയാളങ്ങള്‍ മീരയുടെ കഥകള്‍ നല്‍കുന്നു.

ഗ്രന്ഥസൂചി:

ദേവിക ജെ.(2015), കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, തൃശൂര്‍.
ദേവിക ജെ. (2011), പെണ്ണൊരുമ്പെട്ടാല്‍ ലോകം മാറുന്നു: ലിംഗനീതിയുടെ വിപ്ലവങ്ങള്‍, റീഡ്മി ബുക്സ്, തിരുവനന്തപുരം.
മീര കെ. ആര്‍.(2015), കഥകള്‍, ഡി.സി, ബുക്സ്, കോട്ടയം.
രവീന്ദ്രന്‍ എന്‍.കെ.(2010), പെണ്ണെഴുതുന്ന ജീവിതം, മാതൃഭൂമി ബുക്സ്, കോഴിക്കോട്.
ഷീബ കെ. എം.(2016), അടുക്കളയില്‍ നിന്ന് അരങ്ങത്തേയ്ക്കും തിരിച്ചും: ആധുനിക മലയാളി സ്ത്രീയുടെ കുടുംബിനീ രൂപനിര്‍മ്മിതികള്‍, മലയാളിയുടെ അദൃശ്യ സഞ്ചാരങ്ങള്‍, ബിനീഷ് പുതുപ്പണം (എഡി.), വിദ്യാര്‍ത്ഥി പബ്ലിക്കേഷന്‍സ്, കോഴിക്കോട്.
സുനില്‍ പി. ഇളയിടം, (2016), കേരളീയ നവോത്ഥാനം ചില വീണ്ടുവിചാരങ്ങള്‍, മലയാളിയുടെ അദൃശ്യ സഞ്ചാരങ്ങള്‍, ബിനീഷ് പുതുപ്പണം (എഡി.), വിദ്യാര്‍ത്ഥി പബ്ലിക്കേഷന്‍സ്, കോഴിക്കോട്.
ഡോ. നിമ്മി എ.പി
അസിസ്റ്റന്‍റ് പ്രൊഫസര്‍
മലയാളവിഭാഗം
ഗവ. ആര്‍ട്സ് & സയന്‍സ് കോളേജ്
കോഴിക്കോട്
പിന്‍: 673018
ഫോണ്‍: +91 9947712437
email: nimmijiji@gmail.com
ORCID: 0000-0003-0417-3315