The beginning of Detective stories: 
The ideological discourse of consent

Dr. Ajitha Chemban

The Early Malayalam detective stories have been considered as imitations of foreign works. Such works that deal with crime and retribution can also be considered as cultural representation of the time on which they were produced. Its purpose is not merely to give pleasure; it also intends to put forward a hegemonic ideology. Some of the stories written in the early period seem to have taken over the cultural mission of relating the ideas of colonial modernity. The present work is an assessment of the impact of cultural invasion on the genre of short stories, taking into consideration   the early short stories of investigative nature. It seeks to explore the cultural politics in the stories created in the backdrop of colonial modernity, characterised by scientific wisdom, rationality and the ideaof nation building. The study focuses on the works of early Malayalam storytellers Kesari Vengayil  Kunjiraman Nayanar, MRKC, Ambadi  Narayana  pothuval and others whose works are central in investigative genre. 

Key words: Hegemony, Modernity, Ideology, Cultural politics, Dominance, Genre, Discourse

Reference:

Aju. K. Narayanan, (Ed.), 2017,Thakkol Vaakkukal:Vicharamathrukakal Keraleeya nottangal, Vidwan P G Nair  Memorial Research  Centre, Aluva
Anil  K M (Dr.), 2017, Samskara nirmithi, Progress Books, Kozhikkode
Narendran K M, 2019, Aadhunikatha Navodhanam Parambaryam: Saradaye mun nirthi vayikkumbol, Santhosh kumar  N (Ed.), Bhavanayute  kolanikal, Chintha Publishers, Thiruvananthapuram
Panikkar K N (Dr.),2010, Samskaravum Deseeyathayum, Current Books, Thrissur
Basheer M M (Dr.),2014,Aadyakaala kadhakalum Aadya niroopanavum, Lipi Publications, Kozhikkode
Malayala patana Sangam, 2011, Samskara Patanam Charithram Sidhantham Prayogam,Vallatholvidyapeetam,Sukapuram
Murali Krishna (Dr.),2007, Kuttaanweshanam Noottandukaliloote, Mathrubhumi Books , Kozhikode.
Ravikumar KS (Dr.), 1999, Cherukatha vakkum vazhiyum, Current Books, Kottayam
Rajasekharan P K (Dr.), 2012,Utkandayute Gatikaarangal, Sir Arthur Conan Doyle, Sherlock Holmes  Kathakal (volume 2), DC Books, Kottayam
Rajasree R, 2018, Apasarppakaakhyanangal : Bhavanayum Rashtriyavum,  Logos Books, Kozhikode
Valsalan Vathussery(Dr.), 2004, Kathayum Fantasiyum,Current Books, Kottayam
Vijayan Kodanchery (Ed.), 2006, Malayalathile Aadyakala Kathakal, Dronacharya Publications, Kozhikode.
Shaji Jacob (Ed.), 2014,Samskarika Vimarsanavum  Malayala Bhavanayum, Kerala Bhasha Institute, Thiruvananthapuram.
Sudheesh S, 2016, Charithravum Bhavanayum Novel kalayil, Kerala Bhasha Institute, Thiruvananthapuram. 
Hameed, 2015, Apasarppaka novelukal Malayalathil, Kerala Sahitya Academi  Thrissur.
Dr. Ajitha  Chemban
Asso.Professor
Dept.of Malayalam
Govt.Brennen  College, Dharmadam
Thalassery
Pin: 670106 
India
E mail: 1973ajitha@gmail.com
Ph: +91 9995566803
ORCID: 0000-0002-2247-7411  


കുറ്റാന്വേഷണ കഥകളുടെ പ്രാരംഭം: സമ്മതിയുടെ പ്രത്യയശാസ്ത്ര വ്യവഹാരം

ഡോ. അജിത ചേമ്പന്‍

മലയാളത്തിലെ ആദ്യകാല കഥകളില്‍ പ്രത്യക്ഷപ്പെടുന്ന കുറ്റാന്വേഷണ സ്വഭാവമുള്ള രചനകള്‍ വൈദേശികകൃതികളുടെ അനുകരണങ്ങളാണെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്.കുറ്റവും ശിക്ഷയും അവയെക്കുറിച്ചുള്ള വിശദമായ അന്വേഷണവും നടത്തുന്ന കൃതികള്‍ അത് സൃഷ്ടിക്കപ്പെട്ട കാലഘട്ടത്തിന്‍റെ സാംസ്കാരിക പ്രതിനിധാനങ്ങള്‍ കൂടിയായിരിക്കും.കേവലം ആനന്ദിപ്പിക്കുക എന്ന ലക്ഷ്യത്തിനപ്പുറം ഇവ മുന്നോട്ടു വെച്ചത് അധീശത്വ പ്രത്യയശാസ്ത്രം കൂടിയാണ്.കൊളോണിയല്‍ ആധുനികതയുടെ ആശയങ്ങള്‍ വിനിമയംചെയ്യുക എന്ന സാംസ്കാരിക ദൗത്യം കൂടി ആദ്യകാലകഥകള്‍ ഏറ്റെടുത്തതായി കാണാം.ആദ്യകാല ചെറുകഥകളില്‍ കുറ്റാന്വേഷണ സ്വഭാവമുള്ളവയെ മുന്‍നിര്‍ത്തി അധിനിവേശസംസ്കാരം ചെറുകഥകള്‍ എന്ന ജനുസ്സിനെ എങ്ങനെ നിര്‍ണ്ണയിച്ചു എന്നു വിലയിരുത്തുകയാണിവിടെ.യുക്തിബോധവും ശാസ്ത്രജ്ഞാനവും രാഷ്ട്രനിര്‍മാണ സങ്കല്പങ്ങളും ആധുനികതയുടെ പിന്‍ബലത്തില്‍ പ്രയോഗക്ഷമമായ ഒരു സമൂഹത്തിന്‍റെ സൃഷ്ടികളായ കഥകളുടെ സാംസ്കാരിക രാഷ്ട്രീയത്തെക്കുറിച്ചുള്ള അന്വേഷണമാണിതിലൂടെ ഉദ്ദേശിക്കുന്നത്.

താക്കോല്‍ വാക്കുകള്‍: അധീശത്വം, ആധുനികത, പ്രത്യയശാസ്ത്രം, സാംസ്കാരികരാഷ്ട്രീയം, അധിനിവേശം, ജനുസ്സ്, വ്യവഹാരം 

പാശ്ചാത്യവും തദ്ദേശീയവും ആയ നവോത്ഥാനബോധങ്ങള്‍ രൂപപ്പെടുത്തിയ കേരളീയ സമൂഹത്തിലേക്കാണ് നോവല്‍, ചെറുകഥ തുടങ്ങിയ ഗദ്യമാതൃകകള്‍ കടന്നുവന്നത്. ജനസാമാന്യത്തിന്‍റെ ജീവിതക്രമത്തില്‍ സംജാതമായ പരിണാമപ്രക്രിയകളെ ഈ ഗദ്യകൃതികള്‍ സൂക്ഷ്മമായി അടയാളപ്പെടുത്തുന്നു.പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്‍റെ ആരംഭത്തിലും രചിക്കപ്പെട്ട ചെറുകഥകള്‍ പ്രാരംഭമാതൃകകള്‍ എന്ന നിലയില്‍ പല ന്യൂനതകളും ഉള്‍ക്കൊള്ളുന്നവയാണ്.  രസകരവും വിനോദാത്മകവുമായ ഒരു കഥ പറയുക എന്ന ഉദ്ദേശ്യത്തെ മുന്‍നിര്‍ത്തി സാമാന്യവായനക്കാരെ ആകര്‍ഷിക്കാന്‍ പര്യാപ്തമായ പ്രമേയങ്ങളാണ് കഥാകാരന്മാര്‍ സ്വീകരിച്ചത്.അതുകൊണ്ടുതന്നെ അപസര്‍പ്പകകഥകള്‍, നാട്ടുകഥകള്‍, അനുരാഗകഥകള്‍, വിനോദകഥകള്‍ എന്നിങ്ങനെ ഉപരിപ്ലവമായ ചില വിഷയങ്ങളില്‍ അവരുടെ കഥാതാത്പര്യം ഒതുങ്ങി നിന്നു (ഡോ. വത്സലന്‍ വാതുശ്ശേരി, 2004:44). വിവരണാത്മകത, അരസികത്വം, ഏകാഗ്രതക്കുറവ് എന്നിങ്ങനെ പല പരിമിതികളും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ടെങ്കിലും ആദ്യകാല ചെറുകഥകള്‍ക്ക് സാഹിത്യചരിത്രത്തില്‍ നിര്‍ണ്ണായക സ്ഥാനമാണുള്ളത്. അതുകൊണ്ട് തന്നെ അവ സവിശേഷ പഠനം അര്‍ഹിക്കുന്നു.നോവല്‍ ആഖ്യാനവുമായി ബന്ധപ്പെട്ട് കോളനീകരണ പ്രക്രിയയെക്കുറിച്ച് നിരവധി പഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതേ കാലഘട്ടത്തില്‍ ഉണ്ടായ ചെറുകഥകളിലും ഇതു പ്രകടമാണ്.കോളനിവല്‍ക്കരണം ആധുനീകരണപ്രക്രിയക്ക് ഗതിവേഗം നല്‍കിയത് പത്തൊമ്പതാം നൂറ്റാണ്ടിലാണ്.അധിനിവേശശക്തികള്‍ ആധുനീകരണ പ്രക്രിയയുടെ വെളിച്ചത്തില്‍ തദ്ദേശീയമായ സംസ്കൃതിയെ പാടേ തുടച്ചുനീക്കുകയായിരുന്നു.വിദ്യാഭ്യാസം, ശാസ്ത്രം, ചികിത്സാപദ്ധതി, നിയമം, സംസ്കാരം, വീക്ഷണം, ആചാരക്രമങ്ങള്‍ എന്നിവയില്‍ ഇതോടെ കൊളോണിയലായ ഒരു പുതുകാഴ്ചപ്പാട് അധിനിവേശരാജ്യങ്ങളില്‍ ഉരുത്തിരിഞ്ഞുവന്നു (എന്‍.സന്തോഷ് കുമാര്‍, 2019:270).  ഈ സാമൂഹ്യപരിണാമങ്ങള്‍ സാഹിത്യത്തെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക  പങ്കുവഹിച്ചിട്ടുണ്ട്.ഗദ്യശാഖയില്‍ നോവലുകള്‍ പോലെ തന്നെ പ്രധാനമായ ജനുസ്സുകളിലൊന്നായ ചെറുകഥകളും സാംസ്കാരിക പരിണാമത്തിന്‍റെ പ്രതിനിധാനങ്ങളാണ്. 

ഭാരതത്തിലും സമാനമായി കേരളത്തിലും പൊതുസമൂഹത്തില്‍ സംഭവിച്ച സാംസ്കാരികപരിണാമങ്ങള്‍ കൊളോണിയല്‍ പ്രത്യശാസ്ത്രനിര്‍മ്മിതി കൂടിയാണ്. സംസ്കാരവും പ്രത്യശാസ്ത്രവും തമ്മിലുള്ള സംഘര്‍ഷം എന്നത് ചിന്താശേഷിയുള്ള ജനതയ്ക്കിടയില്‍ എല്ലാകാലത്തും നിലനിന്നു പോരുന്ന ഒന്നാണ്. കാലഘട്ടത്തിന്‍റെ സാംസ്കാരിക രാഷ്ട്രീയ സാഹചര്യങ്ങളാണ് ഇതിന് അടിത്തറ. ഇത് ഏറ്റവും പ്രകടമായി നിലനിന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യപാദങ്ങളിലുമായിരുന്നു. സാമ്രാജ്യത്വ ഇന്ത്യയില്‍ അതിനെ അനുകൂലിക്കുന്നവരും  പ്രതികൂലിക്കുന്നവരും രൂപപ്പെട്ടുവന്ന  ഈ കാലഘട്ടം സംസ്കാരപ്രത്യയശാസ്ത്രസംഘര്‍ഷത്തെ കേന്ദ്രീകരിച്ചുള്ള ബൗദ്ധികമണ്ഡലത്തെയാണ് സൃഷ്ടിച്ചത്. അവര്‍ക്കാകട്ടെ ഒരേ സമയം പാരമ്പര്യത്തിന്‍റെ അപരിഷ്കൃതാവസ്ഥകളോടും സാമ്രാജ്യത്വത്തിന്‍റെ അധീശത്വത്തോടും ഒരുപോലെ വിയോജിപ്പുണ്ടായിരുന്നു (കെ.എന്‍. പണിക്കര്‍, 2010:9). ഇവ  രണ്ടിനോടും ചേര്‍ന്നു നില്‍ക്കാന്‍ ആവാത്തതും അവയെ പൂര്‍ണമായും നിരാകരിക്കാന്‍ ആകാത്തതുമായ അവസ്ഥ ബൗദ്ധികമണ്ഡലത്തില്‍ നിറഞ്ഞുനില്‍ക്കുന്നതായി കാണാം. കൊളോണിയല്‍ ആധുനികത സൃഷ്ടിച്ചെടുത്ത ബുദ്ധിജീവി സമൂഹവും അതിനെ ചോദ്യം ചെയ്തുകൊണ്ട് ഉയര്‍ന്നുവന്ന തദ്ദേശീയ ആധുനികസമൂഹവും സംജാതമാക്കിയ അന്തരീക്ഷത്തിന്‍റെ പ്രതിനിധാനങ്ങളായി വിലയിരുത്താനാവുന്നതാണ് മലയാളത്തിലെ ആദ്യകാല ചെറുകഥകള്‍. പ്രണയം, കോടതിവ്യവഹാരങ്ങള്‍, അപസര്‍പ്പണം, സാഹസികോദ്യമങ്ങള്‍ എന്നിങ്ങനെ കഥകളില്‍ തെളിഞ്ഞുകണ്ട പ്രമേയങ്ങളൊക്കെ പുതിയതായി സംക്രമിച്ചെത്തിയ ഭാവുകത്വത്തിന്‍റെയും മാറിവന്ന സാമൂഹികാവസ്ഥയുടെയും ഉത്പന്നമായിരുന്നു(എസ്..സുധീഷ്, 2016:152). കേരളത്തെ സംബന്ധിച്ചിടത്തോളം കൊളോണിയല്‍ ആധുനികതയുടെ വക്താക്കളായ നവസാക്ഷരസമൂഹവും തദ്ദേശീയ ജ്ഞാനമണ്ഡലത്തില്‍ നിലയുറപ്പിച്ചുകൊണ്ട് മാനവപുരോഗതിക്കായി പ്രവര്‍ത്തിക്കുന്നവരും ഒരേ രീതിയില്‍ നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിരുന്നു. തദ്ദേശീയ ആധുനികതയേക്കാള്‍ കൊളോണിയല്‍ ആധുനികതയുടെ പ്രത്യയശാസ്ത്രമാണ് ആദ്യകാല ചെറുകഥകളില്‍ പ്രകടമാകുന്നത്. ആ കാലത്തുണ്ടായ കുറ്റാന്വേഷണകഥകളും അധിനിവേശ പ്രത്യയശാസ്ത്ര നിര്‍മ്മിതി തന്നെയാണ്.

കൊലപാതകം,മോഷണം,വഞ്ചന തുടങ്ങിയ പ്രമേയങ്ങളെ കേന്ദ്രമാക്കികൊണ്ടുള്ള കഥകള്‍ ആദ്യകാലത്തു തന്നെ ഉണ്ടായിട്ടുണ്ട്.കൊലപാതകമോ, മോഷണമോ ഏതു സംഭവമായാലും അതിനെ പിന്തുടര്‍ന്നുണ്ടാകുന്ന അന്വേഷണവും രഹസ്യത്തിന്‍റെ ചുരുളഴിക്കലും വിശ്വസനീയമായി അവതരിപ്പിക്കുന്നവയാണ് ഇത്തരം കഥകള്‍.കേസരി വേങ്ങയില്‍ കുഞ്ഞിരാമന്‍നായനാരുടെ 'വാസനാവികൃതി' (1891) 'മേനോക്കിയെ കൊന്നതാരാണ്?' (1893) കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍റെ 'ഒരു നാര്‍ത്തമരിക്കന്‍ ഇന്‍ഡ്യനും മോഷ്ടിക്കപ്പെട്ട മാംസവും' സി.എസ്. ഗോപാലപ്പണിക്കരുടെ 'മേല്‍വിലാസം മാറി'(1901), 'ഒരു നീളം കുറഞ്ഞ കത്ത്'(1903), അമ്പാടി നാരായണപൊതുവാളിന്‍റെ 'ഉളിപിടിച്ചകയ്യ്'(1906), എം.ആര്‍.കെ.സി. എന്ന് അറിയപ്പെടുന്ന ചെങ്കുളത്ത് ചെറിയകുഞ്ഞിരാമമേനോന്‍റെ 'കണ്ണിപറമ്പിലെ കൊലപാതകന്‍'(1912) തുടങ്ങിയവ അതില്‍ ചിലതാണ്. വാസനാവികൃതി, ഒരു നാര്‍ത്തമരിക്കന്‍ ഇന്‍ഡ്യനും മോഷ്ടിക്കപ്പെട്ട മാംസവും, ഒരു നീളം കുറഞ്ഞ കത്ത് എന്നിവ കളവിനെ കേന്ദ്രസ്ഥാനത്തവതരിപ്പിക്കുന്നു. മറ്റുള്ളവയില്‍ കൊലപാതകം ചുരുളഴിക്കപ്പെടുകയും ചെയ്യുന്നു.  

മലയാളത്തിലെ ആദ്യകാല അപസര്‍പ്പക കൃതികള്‍ രചിച്ചത് ആധുനിക വിദ്യാഭ്യാസം നേടിയവരാണ്. ലോകസാഹിത്യവുമായുള്ള ബന്ധം ഇതിന് അവരെ സഹായിക്കുകയും ചെയ്തു.  അപ്പു നെടുങ്ങാടിയുടെ കുന്ദലത എന്ന നോവലിലൂടെ അപസര്‍പ്പകപരമായ പാരമ്പര്യം വളര്‍ന്നു. അപ്പന്‍ തമ്പുരാന്‍,  എം.ആര്‍.കെ.സി തുടങ്ങിയ വിദ്യാസമ്പന്നരുടെ രചനകളിലൂടെ അപസര്‍പ്പക നോവലുകള്‍ കൂടുതല്‍ പ്രചാരം  നേടുകയും ചെയ്തു. പാശ്ചാത്യ സാഹിത്യത്തെ അനുകരിക്കുന്ന പ്രവണത തന്നെയാണ് ഇവര്‍ പിന്തുടരുന്നത് (ഹമീദ്, 2015:35). ചെറുകഥയുടെ അവസ്ഥയും വ്യത്യസ്തമല്ല. വിദ്യാഭ്യാസം, തൊഴില്‍, സമ്പത്ത്, മതജാതിബോധങ്ങള്‍ തുടങ്ങിയ സാംസ്കാരിക സാമ്പത്തിക ഘടകങ്ങളെല്ലാം പരിവര്‍ത്തിതമായിക്കൊണ്ടിരിക്കുന്ന ജീവിതാവസ്ഥയുടെ പ്രതിനിധാനങ്ങളായി വരുന്ന ചെറുകഥകളില്‍ പ്രത്യേകിച്ചും കുറ്റാന്വേഷണകഥകളെ ഒരു ജനുസ് എന്ന നിലയില്‍ വിലയിരുത്തുമ്പോള്‍ പോരായ്മകള്‍ പലതും കണ്ടെത്താനാവുമെങ്കിലും കുറ്റകൃത്യങ്ങളും ശിക്ഷാനടപടികളും സംബന്ധിച്ച് സമൂഹത്തില്‍ രൂപപ്പെട്ട പുതുധാരണകളെയാണ് കഥകള്‍ മുന്നോട്ട് വെക്കുന്നത്. ആര്‍തര്‍ കോനന്‍ ഡോയലിന്‍റെയും മറ്റും കൃതികളെ അനുകരിച്ചുകൊണ്ട് എഴുതപ്പെട്ടവയാണ് ഈ കഥകള്‍ എന്നാണ് പൊതുവെ വിലയിരുത്തപ്പെട്ടിട്ടുള്ളത്. നോര്‍വുഡ് ബില്‍ഡര്‍ (ഷെര്‍ലക് ഹോംസ് കഥകള്‍) എന്ന കഥയുടെ ചുവടു പിടിച്ച് എഴുതിയതാണ് അമ്പാടി നാരായണ പൊതുവാളിന്‍റെ'ഉളിപിടിച്ച കൈ'. ഇത് ഏറെ വായിക്കപ്പെട്ട കഥയുമാണ് എന്ന വിലയിരുത്തലും ഉണ്ടായിട്ടുണ്ട് (ഡോ. കെ.എസ്. രവികുമാര്‍ 1999:58). ആദ്യകാല കഥകളില്‍ അനുകരണരചനകള്‍ എന്ന വിലയിരുത്തലിനപ്പുറത്തുള്ള പ്രാധാന്യം ഇവയ്ക്കൊന്നും ലഭിച്ചിരുന്നില്ല. വൈദേശിക അപസര്‍പ്പകാഖ്യാനങ്ങളുടെ അനുകരണമെന്ന് കരുതുന്ന കൃതികളില്‍ ആധുനിക  കേരളത്തിന്‍റെ സാംസ്കാരികസ്വത്വം ശക്തമായിത്തന്നെ പ്രകടമാകുന്നുണ്ട്. ഒരു ജനുസ്സിന്‍റെ പ്രാരംഭമാതൃകകള്‍ എന്ന പരിമിതികള്‍ നിലനില്‍ക്കെതന്നെ അവ സാംസ്കാരിക ചിഹ്നങ്ങളായി അടയാളപ്പെടുത്തേണ്ടവ തന്നെയാണ്.

യുക്തിഭദ്രമായ അന്വേഷണം

ചരിത്രദൃഷ്ട്യാ നോക്കിയാല്‍ ഫ്യൂഡല്‍ കേരളത്തിലേക്ക് കടന്നുവന്ന ആദ്യത്തെ കൊളോണിയല്‍ സ്ഥാപനവും വ്യവഹാരവും തൊഴിലും ഒക്കെയായിരുന്നു ബ്രട്ടീഷ് നിയമവ്യവസ്ഥ. ആ ലോകമായിരുന്നു കേരളത്തിലെ ആദ്യത്തെ ആധുനിക വരേണ്യലോകം(എം.നരേന്ദ്രന്‍,2019:182). അവരിലൂടെ നടപ്പാക്കപ്പെടുന്ന നീതിവ്യവസ്ഥയെ ബലപ്പെടുത്തുന്നവയാണ് കഥകളില്‍ ഭൂരിപക്ഷവും.  ആധുനിക സംസ്കാരനിര്‍മ്മിതിയില്‍ നിയമവ്യവസ്ഥയ്ക്കും പോലീസ്സംവിധാനത്തിനും സ്ഥാനമുണ്ട്.  എല്ലാകഥകളിലും അന്വേഷകരായി വരുന്നത് കുറ്റാന്വേഷണം ഉപജീവനമാക്കിയവരല്ല മറിച്ച് നിയമപാലനവുമായി ബന്ധപ്പെട്ടവരോ നവസാക്ഷരരോ ആണ്. അവരുടെ അന്വേഷണപാടവം വൈദേശിക കുറ്റാന്വേഷകരെ പലരീതിയിലും അനുസ്മരിപ്പിക്കുന്നുണ്ട്. കുറ്റാന്വേഷണ കഥകളില്‍ അവയുടെ നിഗൂഢതകള്‍ വെളിപ്പെടുത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അന്വേഷകന്‍റെ കൂര്‍മ്മബുദ്ധിയും വിശകലന പാടവവും നിരീക്ഷണത്തിലെ സൂക്ഷ്മതയും അന്വേഷണത്തെയും അനന്തരഫലത്തെയും വിശ്വസനീയമാക്കുന്നു. കേരളവര്‍മ്മയുടെ 'ഒരു നാര്‍ത്തമരിക്കന്‍ ഇന്‍ഡ്യനും മോഷ്ടിക്കപ്പെട്ട മാംസവും' എന്നതില്‍ മോഷണസ്ഥലത്തു നിന്നുള്ള സൂചനകളെ വെച്ച് അയാള്‍ കുറ്റവാളിയെ ഊഹിച്ചെടുക്കുന്നു. ഷെര്‍ലക് ഹോംസിന്‍റെ വിശകലന ബുദ്ധിയുടെ അനുകരണമായി ഈ ഊഹാപോഹത്തെ കാണാവുന്നതാണ്.  താന്‍ എന്തിന്‍റെ അടിസ്ഥാനത്തില്‍ ഊഹം നടത്തി എന്നതും ഷെര്‍ലക് ഹോംസിനെ പോലെ നാര്‍ത്തമരിക്കന്‍ ഇന്‍ഡ്യനും വ്യക്തമാക്കുന്നുണ്ട്.  ഇത് അന്വേഷകനിലുള്ള വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നു. 'വാസനാവികൃതി'യില്‍ കുറ്റവാളി എത്രതന്നെ രക്ഷപ്പെടാന്‍ ശ്രമിച്ചാലും അയാളുടെ ചില വീഴ്ചകള്‍ അന്വേഷണത്തിന് ബലമായി തീരുന്നു എന്ന് വെളിപ്പെടുത്തുന്നുണ്ട്. എത്ര ദേശങ്ങള്‍ കടന്ന് ഒളിച്ച് പാര്‍ത്താലും അവരവര്‍ തന്നെ അവശേഷിപ്പിക്കുന്ന തെളിവുകളില്‍ നിന്ന് പിടിക്കപ്പെടാനുള്ള സാധ്യത തുറന്നു കിട്ടുമെന്ന് വിശ്വസനീയമായ വിധത്തില്‍ പറഞ്ഞുറപ്പിക്കുന്നു. തെളിവുകളും സാക്ഷിമൊഴികളും അടിസ്ഥാനമാക്കിത്തന്നെയാണ് കൃഷ്ണമേനോക്കി എന്ന സാള്‍ട്ട് ഇന്‍സ്പെക്ടര്‍ എളയാട്ടിന് സമീപം മരിച്ചു കിടന്നത് ഇടിവെട്ടേറ്റിട്ടാണ് എന്ന് തീരുമാനിക്കുന്നത്. മേല്‍വിലാസം മാറിയെഴുതിയ കത്ത് കൊലപാതക പരമ്പര തെളിയിക്കുന്നതും കത്തിലെ സമ്മതപത്രത്തിന്‍റെ ഒരു ഭാഗം മുറിച്ചു മാറ്റിയതിലൂടെയുണ്ടാക്കിയെടുത്ത ദുര്‍വ്യാഖ്യാനം കോടതിവ്യവഹാരത്തിലൂടെ പരിഹരിക്കുന്നതും വായനക്കാരന്‍റെ ഉദ്വേഗത്തെ തൃപ്തിപ്പെടുത്തുന്നുണ്ട്. അപ്പുക്കുട്ടിമേനവന്‍റെ ധീരതയും അന്വേഷണബുദ്ധിയുമാണ് താച്ചുനായരുടെ  കുറ്റകൃത്യം തെളിയിക്കാന്‍ സഹായിക്കുന്നത്. ഉക്കണ്ടക്കുറുപ്പിന്‍റെ കുറ്റാന്വേഷക ബുദ്ധികൊണ്ടാണ് അകത്തൊളിച്ചിരിക്കുന്ന പറങ്ങോടനെ പിടിക്കാന്‍ സാധിച്ചത്. ഇവിടെ ഒരിടത്തും സംശയങ്ങളോ മറുചോദ്യങ്ങളോ പ്രസക്തമാകുന്നില്ല.  

കുറ്റാന്വേഷണകഥകള്‍ എന്ന നിലയില്‍ വിലയിരുത്തുമ്പോള്‍ വായനക്കാരുടെ ആകാംക്ഷയെ പൂര്‍ത്തീകരിക്കാനുള്ള ശ്രമം ഇവയിലെല്ലാമുണ്ട്. എങ്കിലും കുറ്റം തെളിയിക്കപ്പെടുന്നത് ഏതു വിധം എന്നതിനേക്കാള്‍ കുറ്റം ചെയ്യുന്നതിന്‍റെ അനന്തരഫലമെന്ത് എന്നതിനാണ് കൂടുതല്‍ പ്രാധാന്യമുണ്ടായത്. തെറ്റു ചെയ്യുന്നവരെ ശിക്ഷിക്കാനുള്ള ആധുനിക വ്യവസ്ഥകളോടുള്ള സമ്മതിയുടെ പ്രത്യയശാസ്ത്രമാണ് കഥകളിലെല്ലാമുള്ളത്. കൊളോണിയല്‍ ആധുനികതയിലൂടെ കടന്നുവന്നവയാണ് പോലീസും അഞ്ചലും വക്കീലും കോടതിയും എല്ലാം. അവ സാമൂഹിക നവീകരണത്തിന്‍റെ സംസ്കാര രൂപങ്ങളായാണ് അവതരിപ്പിക്കപ്പെട്ടത്.

കൊളോണിയല്‍ നീതിന്യായവ്യവസ്ഥയുടെ വക്താക്കളാകുന്ന നവസാക്ഷരസമൂഹം

ചെറുകഥ എന്ന സാഹിത്യജനുസ് തന്നെയും ആധുനികതയുടെ അടയാളമാണ്. കേരളീയ സാമൂഹിക ജീവിതത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പരിവര്‍ത്തനങ്ങളുടെ പ്രതിനിധാനങ്ങളാണ് ഈ കഥകളെല്ലാം തന്നെ. ആധുനികതയുടെ പ്രതിഫലനമായി കാണുന്നത് സാക്ഷരസമൂഹത്തിന്‍റെ രൂപപ്പെടലാണ്. അവര്‍ ഉന്നതമായ സ്ഥാനമാനങ്ങള്‍ കരസ്ഥമാക്കുന്നതും ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ ശുഷ്കാന്തി കാണിക്കുന്നതും ഏറ്റെടുത്ത ചുമതലകള്‍ ഭംഗിയായി നിര്‍വഹിക്കുന്നതുമെല്ലാം പുതുതായി രൂപപ്പെടുന്ന ജീവിതാവസ്ഥയുടെ ഭാഗമായിരുന്നു. പോലീസുകാരും വക്കീലന്മാരും കോത്തുവാളും കാര്യക്കാരും എല്ലാ നീതിനിര്‍വഹണത്തെ സുഗമമാക്കുന്നവരാണ്. കേരളത്തിലെ ഇടത്തരക്കാരാണ് ദ്രുതഗതിയില്‍ സാക്ഷരസമൂഹമായി മാറിയത്. അവരുടെ പ്രതിനിധാനങ്ങളായ സാള്‍ട്ട് ഇന്‍സ്പെക്ടറായ കൃഷ്ണമേനോക്കി(മേനോക്കിയെ കൊന്നതാരാണ്?), ഇന്‍സ്പെക്ടര്‍ കോമന്‍നായര്‍, ഉത്തമപുരുഷ ആഖ്യാതാവ്(മേല്‍വിലാസം മാറി), ഉത്തമപുരുഷ ആഖ്യാതാവായി വരുന്ന വക്കീല്‍ ആനപ്പറമ്പ് കൃഷ്ണമേനോന്‍ (ഒരു നീളം കുറഞ്ഞ കത്ത്),കോഴിക്കോട് അരിക്കച്ചവടം നടത്തുന്ന അപ്പുക്കുട്ടന്‍ മേനോന്‍(കണ്ണിപ്പറമ്പിലെ കൊലപാതകന്‍), ഉക്കണ്ടക്കുറുപ്പുകാര്യക്കാര്‍(ഉളിപിടിച്ച കയ്യ്) ഇവരെല്ലാംതന്നെ വിദ്യാഭ്യാസം നേടിയവരും ശുഷ്കാന്തിയോടെ കര്‍ത്തവ്യ നിര്‍വ്വഹണം നടത്തുന്നവരും ആണ്.  ഇവരെല്ലാവരും അധീശത്വ പ്രത്യയശാസ്ത്രത്തിന്‍റെ ഭാഗമായ നീതിന്യായവ്യവസ്ഥയെയും കോടതി വ്യവഹാരങ്ങളെയും ശിക്ഷാനടപടികളെയും അംഗീകരിക്കുന്നവരും മാനവപുരോഗതിക്ക് ഇത് അനിവാര്യമാണെന്ന് കരുതുന്നവരുമാണ്.

കഥകളിലെല്ലാം പ്രതിനായകസ്ഥാനത്ത് അവതരിപ്പിക്കപ്പെടുന്നവര്‍ - കൊലപാതകത്തിന്‍റെയോ കളവിന്‍റേയോ പേരില്‍ പിടിക്കപ്പെടുന്നവര്‍ - സാമൂഹികപദവിയിലും വിദ്യാഭ്യാസത്തിലും അധമര്‍ണ്യമുള്ളവരുമാണ്. ഇക്കണ്ടക്കുറുപ്പ്(വാസനവികൃതി), കുറ്റം ചെയ്തില്ലെങ്കിലും പിടിക്കപ്പെടുന്ന ചന്തന്‍, റാക്ക് വാറ്റുകാരന്‍ മാലിങ്കന്‍ (മേനോക്കിയെ കൊന്നതാരാണ്?), കാര്യസ്ഥന്‍ കുഞ്ചുകുട്ടിമേനോന്‍ (മേല്‍വിലാസം മാറി), ആടലോടകത്ത് കുഞ്ഞുണ്ണിമേനോന്‍ (ഒരു നീളം കുറഞ്ഞ കത്ത്), പറങ്ങോടന്‍ (ഉളിപിടിച്ച കയ്യ്) എന്നിവരെയെല്ലാം ഈ ഗണത്തില്‍ പെടുത്താവുന്നതാണ്. ജന്മിയും കാര്യസ്ഥനും, വിദ്യാസമ്പന്നനും നിരക്ഷരനും, സുന്ദരനും വിരൂപനും ഇങ്ങനെ ദ്വന്ദ്വങ്ങളുടെ ഇഴപിരിയല്‍ ഈ കഥകളിലെല്ലാം പ്രകടമാണ്.  മോഷ്ടാവ്/കൊലപാതകി എന്നത് കാര്യസ്ഥനോ, ആശ്രിതനോ, താഴെതട്ടിലുള്ള മറ്റേതെങ്കിലുമൊരു ഗണത്തില്‍ പെടുന്നവരോ ആണ്. നിരക്ഷരരും രൂപസൗശീല്യങ്ങളില്ലാത്തവരും പഴഞ്ചന്‍ ചിന്താഗതിക്കാരുമാണ് പ്രതിനായകന്മാരെല്ലാം. സുന്ദരന്‍, നന്മനിറഞ്ഞവന്‍, കാര്യപ്രാപ്തിയുള്ളവന്‍ എന്നിവയൊക്കെ അന്വേഷകന്‍റെ വ്യക്തിത്വത്തിന്‍റെ ഭാഗമാണ്. തറവാടിത്തം, സമ്പത്ത് തുടങ്ങിയവയൊക്കെ അന്വേഷകവ്യക്തിത്വത്തിന് അടിത്തറയാകുന്നുണ്ട്. തറവാടിത്തത്തേക്കാള്‍ പ്രാമുഖ്യം സമ്പത്തിന് വന്നുചേരുന്നുമുണ്ട്. അരിക്കച്ചവടം കൊണ്ട് സമ്പന്നതയില്‍ നിന്ന് കൂടുതല്‍ ഔന്നത്യം പ്രാപിക്കുന്ന അപ്പുക്കുട്ടിമേനോന്‍ നായകനാകുമ്പോള്‍ പാരമ്പര്യ തറവാട്ടുകാരനും മന്ത്രവാദിയും താളിയോല ഗ്രന്ഥങ്ങളുടെ സൂക്ഷിപ്പുകാരനുമായ താച്ചുനായര്‍ ദുഷ്ടമൂര്‍ത്തിയാകുന്നതും അതുകൊണ്ടാണ്. ആധുനികമായി രൂപപ്പെടുന്ന പൗരബോധത്തിന്‍റെ ഭാഗമായാണ് സാക്ഷരസമൂഹത്തെ കഥകളില്‍ അവതരിപ്പിച്ചത്. നീതി ലഭിച്ച മന്ദാട്ട്നാരായണ വലിയച്ചനെ പോലെയുള്ളവരിലൂടെയാണ് പുതിയ രാഷ്ട്രസങ്കല്പം സ്ഥാപിക്കപ്പെടുന്നത്. ശിക്ഷാനിര്‍വഹണത്തില്‍ രാജേച്ഛകള്‍ക്കുപരിയായി പൊതുജനങ്ങള്‍ക്ക് പ്രാപ്യമാകുന്ന ഒന്നായി കോടതിയും പോലീസ്സ്റ്റേഷനും പരിണമിക്കുന്നതിന്‍റെ വ്യവഹാരമായി ഈ കഥകള്‍ മാറുന്നു.

അധീശത്വത്തെക്കുറിച്ച് ചര്‍ച്ചചെയ്യുമ്പോള്‍ വെളുത്തവര്‍ഗ്ഗക്കാരന്‍റെ സംസ്കാരം  കറുത്തവര്‍ഗക്കാരനെ പലപ്പോഴും അപ്രധാനമാക്കുന്നുണ്ടെന്ന് കാണാം.  കേരളത്തിന്‍റെ സാഹചര്യത്തില്‍ അധീശത്വം എന്നത് വര്‍ണ്ണപരമല്ലെന്നും ജാതിപരമോ മതപരമോ ആണെന്നുള്ളതും യാഥാര്‍ത്ഥ്യമാണ്.  അപസര്‍പ്പക/കുറ്റാന്വേഷക കഥകളില്‍ പ്രത്യക്ഷത്തില്‍ തന്നെ അത്തരമൊരു വിവേചനം നിലനില്‍ക്കുന്നു.  ജാതി, സമ്പത്ത്, വിദ്യാഭ്യാസം, തറവാടിത്തം ഇവയൊക്കെയും കഥാപാത്രസ്വഭാവ നിര്‍മ്മിതിയില്‍ ഘടകങ്ങളാകുന്നുണ്ട്.  

കുറ്റകൃത്യങ്ങള്‍ സമ്പത്തിനുവേണ്ടി 

കുറ്റം ചെയ്യാനുള്ള വാസനകള്‍ ജന്മസിദ്ധമാണെന്നാണ് മനഃശാസ്ത്രപരമായുള്ള വിലയിരുത്തല്‍. അനുഭവവും പരിസരവും മനോനിലയും ഒത്തുചേരുമ്പോള്‍ ഒരു കുറ്റവാളി ജനിക്കുന്നു. ഈ മൂന്ന് ഘടകങ്ങളില്‍ സുപ്രധാന രണ്ടിന്‍റെയും ഉറവിടം അവന്‍ ജീവിക്കുന്ന സമൂഹം തന്നെയാണ് (ഹമീദ്, 2015:15). വാസനാവികൃതി എന്ന കഥയിലെ നായകന്‍റെ ചിന്താഗതികളിലൂടെ കേസരി ഇത് പ്രകടമാക്കുന്നതായി കാണാം. അമര്യാദത്താവഴിയിലാണ് ഇക്കണ്ടക്കുറുപ്പിന്‍റെ ജനനം എന്നും അതിനാല്‍ കള്ളനാവാനുള്ള  യോഗവും വാസനയും ശക്തമാണെന്നും അതിനാല്‍ താന്‍ മോഷ്ടാവായി തീര്‍ന്നു എന്നും അയാള്‍ ചിന്തിക്കുമ്പോള്‍ കുറ്റവാസന ജന്മസിദ്ധമാണെന്ന സൂചനയാണ് നല്‍കുന്നത്. വാസനാബലം കൊണ്ട്  താന്‍ ആ വഴിയില്‍ തന്നെ എത്തി എന്നാണ് അയാള്‍ പറയുന്നത് (2006:71). കൊളോണിയല്‍ അധീശത്വത്തിനുമുമ്പ് സാന്മാര്‍ഗികത, ധര്‍മ്മം, നീതി തുടങ്ങിയ പലതുമായിരുന്നു ജീവിതത്തില്‍ പരമപ്രധാനമായിരുന്നത്. എന്നാല്‍ കൊളോണിയല്‍ കാലം വ്യത്യസ്തമായ സാമ്പത്തിക വ്യവസ്ഥയിലേക്കും ചിന്താഗതിയിലേക്കും നയിച്ചു എന്നത് വാസ്തവമാണ്. ധനത്തോടുള്ള അമിതതാല്പര്യം, സ്വത്തിനോടുള്ള ആര്‍ത്തി ഇവയൊക്കെ വര്‍ദ്ധിക്കുകയും ഇവ കുറ്റകൃത്യത്തിലേക്ക് നയിക്കുകയും ചെയ്തിട്ടുണ്ട്. കഥകളില്‍ ഭൂരിപക്ഷവും ധനാര്‍ജ്ജനത്തിനോ സ്വത്ത് തട്ടിയെടുക്കാനോ വേണ്ടിയുള്ള കുറ്റകൃത്യങ്ങളെക്കുറിച്ചുള്ളതാണ്. എന്നാല്‍ അന്യായമായി സമ്പന്നരാകുക എന്നത് ന്യായീകരിക്കാവുന്നതുമല്ല. ആദ്യകഥയായ വാസനാവികൃതി തന്നെ ഇത്തരമൊരു പ്രത്യയശാസ്ത്രത്തെ അടിവരയിടുന്നു. കുറ്റവാളി ശിക്ഷിക്കപ്പെടുക തന്നെ ചെയ്യണം എന്ന നിലപാട് 'വാസനാവികൃതി'യില്‍ തന്നെ കാണാം. 

പല കഥകളിലും കൊലപാതകങ്ങളുടെ പരമ്പര തന്നെ നടക്കുന്നുമുണ്ട്. കണ്ണിപ്പറമ്പിലെ കൊലപാതകന്‍, മേല്‍വിലാസം മാറി എന്നിവയില്‍ നടക്കുന്ന  കൊലപാതകങ്ങളെല്ലാം തന്നെ സമ്പത്തിനുവേണ്ടിയുള്ളതാണ്. മേല്‍വിലാസം മാറി എന്ന കഥയില്‍ പുളിക്കലെവീട്ടില്‍ രാമച്ചനാരും അമ്പവാരിയത്ത് കൃഷ്ണവാര്യരും തലയ്ക്കു വെട്ടേറ്റ് കൊല്ലപ്പെടുന്നത് മ.രാ.രാ മുടവങ്കോട്ട് ശേഖരികൂര്‍മ്മന്‍ എന്ന സ്ഥാനപ്പേരുള്ള മന്ദാട്ട് നാരായണ വലിയച്ചനെ ഭയപ്പെടുത്താനായിട്ടാണ്. അവരുമായി കുറ്റവാളിക്ക് നേരിട്ട് വിദ്വേഷമുള്ളതായി പറയുന്നുമില്ല. എങ്കിലും തനിക്ക് ലഭിക്കുന്ന കത്തുകള്‍ക്കകത്ത് സൂചിപ്പിക്കുന്നത് പോലെ കൊലകള്‍ നടക്കുന്നു എന്നത് ഏതു ധീരനേയും ഭീതിയിലാഴ്ത്തും. അതിനായി കിളിമംഗലത്ത് അമ്മതുസെയ്തിനെ  കുഞ്ചിക്കുട്ടിമേനോന്‍ കൂട്ടുപിടിക്കുന്നു. കൊലപാതകിയുടെ ആദ്യഭാര്യയെയും കൊലപ്പെടുത്തിയത് ആസൂത്രിതമായി തന്നെയാണ്. എല്ലാ കുറ്റങ്ങളും ഒന്നിച്ചാണ് തെളിയിക്കപ്പെട്ടത്.  കുറ്റവാളിയെ പോലീസ്സ്റ്റേഷനില്‍ കൊണ്ടുപോയി ' സ്വകാര്യമായി ചെയ്യുന്ന ചില പ്രയോഗങ്ങളെല്ലാം ചെയ്തപ്പോള്‍' (2006:117) ആണ് സത്യം സമ്മതിച്ചത്.നീതി നടപ്പിലാക്കുന്നതിന്  ബലപ്രയോഗവും നടത്തിയിരുന്നു എന്ന് ഇതിലൂടെ വ്യക്തമാക്കപ്പെടുന്നു.

'കണ്ണിപ്പറമ്പിലെ കൊലപാതകനി'ല്‍ താച്ചുനായര്‍ക്ക് സ്വന്തമായി ഉണ്ടായിരുന്ന കണ്ണിപറമ്പ്കുന്നും കളപ്പുരയും തറവാട് ക്ഷയിച്ചുപോയതോടെ മറ്റുപലരും വിലയ്ക്കെടുത്തു. പത്തായപ്പുര മാത്രം അവശേഷിച്ച തറവാട്ടു കാരണവര്‍ താച്ചുനായര്‍ കണ്ണിപറമ്പില്‍  വന്നു താമസിക്കുന്നവരെയെല്ലാം കൊന്നുകളയുകയാണ്. അതിനായി പത്തായപ്പുരയെയും തറവാടിനെയും ബന്ധിപ്പിക്കുന്ന ഒരു രഹസ്യ മാര്‍ഗവുമുണ്ട്. ഭൂതസഞ്ചാരം എന്ന രീതിയിലുള്ള ഭീതിതമായ അന്തരീക്ഷം വര്‍ണ്ണനയിലൂടെ സൃഷ്ടിക്കുന്നുണ്ട്.

സ്വത്തിന്‍റെ വിഭജനവും ക്ഷയോന്മുഖ തറവാടുകളും അതിന്‍റെ പേരില്‍ നടക്കുന്ന കോടതി വ്യവഹാരങ്ങളുമൊക്കെയാണ് കഥകളില്‍ പരാമര്‍ശവിധേയമാകുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാനദശയും ഇരുപതാം നൂറ്റാണ്ടിന്‍റെ പ്രാരംഭദശയും ഫ്യൂഡലിസത്തിന്‍റെ അപചയകാലമാണ്. ഈ സാമൂഹ്യസാഹചര്യത്തില്‍ തകര്‍ന്നടിയുന്ന തറവാടുകള്‍ കൂടുതല്‍ തകര്‍ച്ചയിലേക്ക് നയിക്കപ്പെടുകയും പുതിയ സമ്പന്നര്‍ (വിദ്യകൊണ്ടും ഔദ്യോഗികപദവി കൊണ്ടും) സമൂഹത്തില്‍ മേല്‍ക്കോയ്മ നേടുകയും ചെയ്യുന്നതിന്‍റെ അടയാളപ്പെടുത്തലായി ഈ കഥകള്‍ മാറുന്നു.  സാക്ഷരസമൂഹത്തെ സംബന്ധിച്ചിടത്തോളം കൂടുതല്‍ കെട്ടുറപ്പുള്ള രാഷ്ട്രസങ്കല്പമാണ് കോടതി, നിയമവ്യവസ്ഥ, പോലീസ് സമൂഹം തുടങ്ങിവയിലൂടെ സാധ്യമാകുന്നത്. രാജഭരണകാലത്തും നീതിനിര്‍വ്വഹണവും ശിക്ഷാനടപടികളും നിലനിന്നിരുന്നു. പക്ഷേ അത് ഒരിക്കലും ജനസാമാന്യത്തിനിടയില്‍ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമായിരുന്നില്ല. പലപ്പോഴും നീതിനടപ്പാക്കല്‍ എന്നത് ഏകാധിപത്യപരമായിരുന്നു. കോടതിയും പോലീസ് സ്റ്റേഷനുമൊക്കെ നീതിനിര്‍വ്വഹണത്തിനായുള്ള കൊളോണിയല്‍ ആധുനികതയുടെ സൃഷ്ടികളാണ്.  സാധാരണ ജനങ്ങള്‍ക്ക് കുറേക്കൂടി സ്വതന്ത്രമായി ഇടപെടാനുള്ള സാഹചര്യം കൈവരുന്നു എന്ന സന്ദേശം കഥകള്‍ വിനിമയം ചെയ്യുന്നു.

കഥകളെല്ലാം പോലീസും മജിസ്ട്രേറ്റും നിലനില്‍ക്കുന്ന ആധുനിക വ്യവസ്ഥയെ സ്ഥാപിച്ചെടുക്കുന്നവയാണ്. നീതിന്യായവ്യവസ്ഥയിലും നിയമപാലനത്തിലും ഉള്ള വിശ്വാസവും അവ നിലനിന്നുപോരണമെന്ന താല്‍പര്യവും ഈ കഥകളിലെല്ലാം പ്രകടമാണ്. കുറ്റാന്വേഷണം നടക്കുകയും അനന്തരം ശിക്ഷാവിധികള്‍ നടപ്പിലാക്കുകയും ചെയ്യുന്നതിന്‍റെ സംതൃപ്തി എല്ലാ കഥകളിലും ഉണ്ട്. ജന്മവാസനകൊണ്ട്  മോഷണം നടത്തിയതിന് ആറുമാസം തടവും പന്ത്രണ്ടടി ശിക്ഷയുമായി അനുഭവിച്ചതോടെ ഇക്കണ്ടക്കുറുപ്പിന് മനഃപരിവര്‍ത്തനം വന്നു. പാപമോചനത്തിനായി ഗംഗാസ്നാനവും വിശ്വനാഥദര്‍ശനവും ചെയ്യാനായി പുറപ്പെടുന്നതും അതുകൊണ്ടാണ്. മേനോക്കിയ കൊന്നതാരാണ് എന്ന കഥയില്‍ കുറ്റവാളികളെന്ന് സംശയിക്കുന്ന ചന്തനെയും മാലിങ്കനെയും അറസ്റ്റ് ചെയ്ത് മജിസ്ട്രേററിനു മുമ്പാകെ ഹാജരാക്കുന്നു. വിധിവൈപരീത്യം കൊണ്ട് മേനോക്കി ഇടിമിന്നലേറ്റ് മരിച്ചതിനാല്‍ ആരും ശിക്ഷിക്കപ്പെടുന്നില്ലെന്നുമാത്രം. څമേല്‍വിലാസം മാറിچ എന്നതില്‍ കൊലപാതകം ആസൂത്രണം ചെയ്ത കുഞ്ചുക്കുട്ടിമേനോനെയും കൂട്ടാളികളെയും തൂക്കി കൊല്ലുന്നു. മന്ദാട്ട്നാരായണ വലിയച്ചന്‍റെ സങ്കടം മൂന്ന് കൊലപാതകം ചെയ്തയാളെ മൂന്നുപ്രാവശ്യം തൂക്കി കൊന്നില്ലല്ലോ എന്നതു മാത്രമാണ്. രേഖകളില്‍ കൃത്രിമം കാണിച്ച ആടലോടകത്ത് കുഞ്ഞുണ്ണിമേനോനെ ചങ്ങല വെപ്പിച്ച് ജയിലിലടക്കുകയാണ് ചെയ്തത്. കുറ്റവാളികളെല്ലാം ഭരണകൂടത്തിന്‍റെ അനുശാസനയ്ക്ക് വിധേയരാകണമെന്ന് സൂചിതം.

ഏതൊരു ഭരണകൂടവും തങ്ങളുടെ നീതിന്യായവ്യവസ്ഥയേയും ഭരണകൂട സങ്കല്പങ്ങളെയും അധീശത്വം നേടിയ പ്രദേശത്തില്‍ സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കാറുണ്ട്. അതിന് പ്രധാന ഉപകരണമായി മാറുന്നത് സാക്ഷരസമൂഹമാണ്. നീതിന്യായവ്യവസ്ഥയില്‍ സാക്ഷരസമൂഹത്തിനുള്ള വിശ്വാസം ഉറപ്പിക്കുന്ന അനേകം കഥകളാണ് പത്തൊമ്പതാം നൂറ്റാണ്ടിലെ അവസാന പാദങ്ങളില്‍ എഴുതപ്പെട്ടത് (പി.എസ്. രാധാകൃഷ്ണന്‍, 2011:300). ഉളിപിടിച്ച കൈയ്യില്‍ ഇത്തരമൊരു വസ്തുത പരാമര്‍ശിക്കപ്പെടുന്നുമുണ്ട്. പോലീസും മജിസ്ട്രേറ്റും അക്കാലത്തില്ല. കയറും മുളവും കുറ്റം തുമ്പുണ്ടാക്കുവാനുള്ള ഉപകരണമാണെന്നാരും വിചാരിക്കുന്നതുമില്ല. കോട്ടിലേല്‍പ്പിക്കയും കൂട്ടില്‍ക്കേറി വിസ്തരിക്കലും അന്ന് തുടങ്ങിയിട്ടില്ല (2006:239) എന്നതിലൂടെ സാംസ്കാരിക പരിണാമത്തെ തന്നെയാണ് അടയാളപ്പെടുത്തുന്നത്. ഊടും ചോടും പിടിച്ചു കുറ്റം തുമ്പുണ്ടാകുന്നതിന് കയ്യൂക്കിനേക്കാള്‍ നല്ലത് നെഞ്ഞൂക്കും തന്മിടുക്കുമാണെ(239)ന്ന ഉക്കണ്ടക്കുറുപ്പിന്‍റെ പ്രതികരണം ഈ സാംസ്കാരിക പരിണാമത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പൊന്നുതമ്പുരാന്‍ നടപ്പിലാക്കുന്ന വിധിയില്‍ നിന്നും കൂട്ടില്‍ക്കേറി വിസ്തരിക്കുന്ന കാലത്തിലേക്കുള്ള പരിണതിയാണ് കഥകള്‍ പറയുന്നത്. കയ്യൂക്കിനും നെഞ്ഞൂക്കിനുമുപരി നയതന്ത്രജ്ഞതയുടെ  ലോകമാണ് കൊളോണിയല്‍ ആധുനികത നടപ്പിലാക്കുന്നത് എന്നതില്‍ അഭിമാനിക്കുന്ന നവസാക്ഷര സമൂഹമാണ് കഥകളിലുള്ളത്. രാജഭരണകാലത്തെ നീതനിര്‍വഹണത്തെ പ്രതിഫിലിപ്പിക്കുന്ന 'ഉളിപിടിച്ച കൈയ്യി'ല്‍ തിരുമുമ്പാകെ പ്രതിയെ ഹാജരാക്കാന്‍ പുറപ്പെടുന്നതോടെ കഥ സമാപിക്കുന്നു.  ശിക്ഷ വിധിക്കേണ്ടത് പൊന്നുതമ്പുരാനാണ്. നീതിനിര്‍വ്വഹണ കാര്യത്തില്‍ പൊന്നുതമ്പുരാനില്‍ നിന്നും ബ്യൂറോക്രസിയിലേക്കുള്ള പരിവര്‍ത്തനത്തെയാണ് ഈ കഥകള്‍ വെളിപ്പെടുത്തുന്നത്.കുറ്റാന്വേഷണത്തെക്കുറിച്ചുള്ള ഈ കഥകളെല്ലാം തന്നെ കൊളോണിയല്‍ നീതിന്യായ വ്യവസ്ഥയെ കുറിച്ചുള്ള വ്യവഹാരങ്ങള്‍ കൂടിയാണ് എന്നു കാണാം.

കത്തുകള്‍ വെളിപ്പെടുത്തുന്ന സത്യങ്ങള്‍  

കത്തെഴുത്ത് എന്നത് പാശ്ചാത്യവും പൗരസ്ത്യവുമായ ജീവിതക്രമത്തിന്‍റെ ഭാഗമായി നടപ്പിലുണ്ടായിരുന്നു. പക്ഷേ അതിന്‍റെ രീതികളില്‍ ചില വ്യത്യസ്തതകള്‍ പുലര്‍ത്തുന്നുണ്ട്. വാറോലകള്‍ക്ക്  പകരം ലക്കോട്ട്കളും കവറുകളും തപ്പാലാപ്പീസും ആധുനികതയുടെ ചിഹ്നങ്ങളായി കഥകളില്‍ പ്രത്യക്ഷപ്പെടുന്നു. 'വാസനാവികൃതിയില്‍' കഥ തന്നെയും കത്തെഴുത്തിന്‍റെ ഘടനയിലാണ് ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നത്. 'മേല്‍വിലാസം മാറി' എന്നതില്‍ കത്തുകളിലൂടെയാണ് കൊലനടക്കാനുള്ള സാധ്യത ഭീഷണിയായി കടന്നുവരുന്നതും അതനുസരിച്ച് കൊലകള്‍ നടക്കുന്നതും. ഒടുവില്‍ മേല്‍വിലാസം മാറിയെഴുതിയ കത്തുതന്നെയാണ് സത്യം തെളിയിക്കുന്നതും. 'ഒരു നീളം കുറഞ്ഞ കത്തി'ല്‍ സ്വത്തു വില്‍പ്പനയുമായുണ്ടായ എഴുത്തുകുത്തുകളില്‍ കൃത്രിമത്വം കാണിച്ചതിനെ പിന്‍പറ്റിയുള്ള കോടതി വ്യവഹാരമാണ് നടക്കുന്നത്. ഇത്തരത്തില്‍ കത്തുകള്‍ ചലനങ്ങള്‍ സൃഷ്ടിക്കുന്ന, പുതിയ സാമൂഹ്യബന്ധങ്ങള്‍ ഉറപ്പിക്കുന്ന സാസ്കാരികമണ്ഡലത്തെയാണ് കഥകള്‍ പ്രതിനിധാനം ചെയ്യുന്നത്. കത്ത് എന്നത് വൈകാരിക ബന്ധത്തേക്കാള്‍ സാമ്പത്തിക ക്രയവിക്രയങ്ങളുടെ അവസ്ഥയിലേക്ക് ചുവടുമാറുന്നു. എഴുത്തുകുത്തുകളും രേഖകളും പ്രമാണങ്ങളും ജീവിതഗതിയെ നിയന്ത്രിക്കുന്ന ബ്യുറോക്രസിയുടെ അധീശത്വത്തെ ഇവ അടയാളപ്പെടുത്തുന്നു.

പുരുഷന്മാരുടേതു മാത്രമായ ലോകം

സ്ത്രീകള്‍ക്ക് പൊതുഇടങ്ങളില്‍ പ്രവേശനം ഇല്ലാതിരുന്ന കാലഘട്ടത്തില്‍ പിറന്നവയാണ് മലയാളത്തിലെ പ്രാരംഭകാലകഥകള്‍. സ്ത്രീകള്‍ക്ക് അപ്രധാനമായ പങ്കുമാത്രമേ വിശകലന വിധേയമായ കഥകളില്‍ കാണുന്നുള്ളൂ. കാമിനിയും ഭാര്യയും സഹോദരിയുമായി അവര്‍ കടന്നുവരുന്നു എന്നുമാത്രം. കുറ്റകൃത്യവുമായോ കുറ്റാന്വേഷണവുമായോ അവര്‍ നേരിട്ട് ബന്ധപ്പെടുന്നതായി കാണുന്നില്ല. മേനോക്കിയെ കൊന്നതാരാണ്? എന്ന കഥയില്‍ മാത്രമാണ് പൊതുഇടവുമായി ബന്ധപ്പെടുന്ന സ്ത്രീയെ കാണാനാവുന്നത്. നെല്ലുചുമട്ടുകാരി കുളങ്ങരത്തി മാണി മേനോക്കിയെ കണ്ടതായി പറഞ്ഞത് സാക്ഷിമൊഴിയാക്കുന്നുണ്ട്. അന്വേഷകവേഷത്തിലോ കുറ്റവാളിയായോ സ്ത്രീകള്‍ കടന്നുവരുന്നില്ല.  കഥാകാരികളായുമില്ല. സ്ത്രീകളുടെ അസാന്നിധ്യം ചര്‍ച്ചചെയ്യേണ്ടതു തന്നെയാണ്. വിക്ടോറിയന്‍ സദാചാരബോധത്തില്‍ നിന്നും രൂപപ്പെട്ട സ്ത്രീനിര്‍മ്മിതിയുടെ ഭാഗമാണ് ഈ അസാന്നിധ്യം.  കുടുംബകാര്യങ്ങള്‍ നോക്കി നടത്തുന്നവരും അടക്കവും ഒതുക്കവുമുള്ളവരുമായ സ്ത്രീകള്‍ ശിശുപാലനം, ഗാര്‍ഹികവൃത്തികള്‍ തുടങ്ങിയ മേഖലയില്‍ മാത്രം ഒതുക്കി നിര്‍ത്തപ്പെട്ടവരാണ്. അതുകൊണ്ടുതന്നെ ബുദ്ധിയും യുക്തിയും പ്രയോഗിക്കേണ്ട കുറ്റകൃത്യലോകത്ത് നിന്ന് മാറ്റി നിര്‍ത്തുന്നതും വ്യാജ പ്രതിനിധാനത്തിന്‍റെ ഭാഗമായാണ്. കുറ്റാന്വേഷണം എന്നത് നയചാതുര്യവും ഊര്‍ജ്ജസ്വലതയും വിദ്യാഭ്യാസവുമുള്ള പുരുഷന്മാരാല്‍ നയിക്കപ്പെടുന്നതും നിര്‍ണയിക്കപ്പെടുന്നതുമായ ലോകമാണെന്നും സ്ത്രീകളുടെ പരിഷ്കാരം എന്നത് വിദ്യാവിനോദിനി പോലുള്ള പത്ര ആനുകാലികപ്രസിദ്ധീകരണ വായനയില്‍ (2006:112) ഒതുങ്ങേണ്ടതുമാണെന്ന് കണക്കാക്കുന്നു. ആധുനികതയോടെ രൂപപ്പെട്ടുവന്ന പുരുഷകേന്ദ്രിതമായ സമൂഹസൃഷ്ടിയുടെ പ്രതിനിധാനങ്ങളായി പ്രാരംഭകാല കുറ്റാന്വേഷണ കഥകള്‍ മാറുന്നു. ഇന്നും കുറ്റാന്വേഷണമെന്നത് പുരുഷലോകമാണെന്നുള്ള ധാരണയ്ക്ക് വലിയ രീതിയില്‍ മാറ്റം വന്നിട്ടുമില്ല.  

ഉപസംഹാരം

കൊളോണിയല്‍ ആധുനികതയുടെ പ്രതിനിധാനങ്ങളായി വിലയിരുത്താവുന്നവയാണ് പ്രാരംഭകാല കുറ്റാന്വേഷണകഥകള്‍. യുക്ത്യധിഷ്ഠിതമായി അന്വേഷണം നടത്തി സത്യം നടപ്പില്‍ വരുത്തുന്നവയാണ് ഈ കഥകളെല്ലാം തന്നെ. തറവാടിത്തത്തേക്കാള്‍ ധനാഭിമുഖ്യം വര്‍ദ്ധിച്ചുവരുന്ന കാലത്തിലേക്ക്, മുതലാളിത്തത്തിലേക്കുള്ള പരിണാമപ്രക്രിയയുടെ സാംസ്കാരിക സൂചനകള്‍ ഇവയില്‍ പ്രകടമാണ്. നീതിനിര്‍വഹണം, കോടതി, പോലീസ് സ്റ്റേഷന്‍ തുടങ്ങിയവയിലൂടെ രൂപപ്പെടുന്ന പൊതുസമൂഹത്തെ  ഇവ അടയാളപ്പെടുത്തുന്നു. ആധുനികതയുടെ പുരുഷകേന്ദ്രിതമുഖം കഥകളില്‍ വ്യക്തമാക്കപ്പെടുന്നു. ആകാംക്ഷയും ഉദ്വേഗവും പരിണാമഗുപ്തിയും സാക്ഷാത്കരിക്കുന്നവതന്നെയാണ് പ്രാരംഭകാലത്തെ കുറ്റാന്വേഷണ കഥകള്‍. നീതിന്യായ നിയമപരിപാലന ശിക്ഷാനടപടികളെക്കുറിച്ച് ഏകകണ്ഠമായ പ്രത്യയശാസ്ത്ര നിലപാട് അവതരിപ്പിക്കുന്നവയാണ് ഈ കൃതികള്‍ എന്നു കാണാനാവുന്നു.  കുറ്റാന്വേഷണത്തിന്‍റെ ഔത്സുക്യവും  ഉദ്വേഗവും അപ്രധാനമാകുന്നതും ഈ കാരണത്താലാണ്.

അധീശത്വമാണ് കൊളോണിയല്‍ പ്രതിനിധാനങ്ങളുടെ ആധാരം. സമ്മതിയിലൂടെയും ബലപ്രയോഗത്തിലൂടെയും അധീശത്വം നേടാവുന്നതാണ്. അധീശ പ്രത്യയശാസ്ത്രം ആധിപത്യം നേടുന്നതില്‍ സാമ്പത്തികതലം കൂടി പ്രവര്‍ത്തിക്കുന്നുണ്ട്. സമൂഹത്തില്‍ രൂപപ്പെട്ട നവസാക്ഷര സമൂഹം ഔദ്യോഗികമായ സ്ഥാനലബ്ധിയിലൂടെ കൂടുതല്‍ സാമ്പത്തിക ഉയര്‍ച്ച നേടുകയും ഇത് ബ്യൂറോക്രാറ്റിക് മധ്യവര്‍ഗത്തിന്‍റെ രൂപപ്പെടലിന് ഇടയാവുകയും ചെയ്തു. ജാതി,മതങ്ങള്‍ക്കുപരി രൂപപ്പെട്ട ബൗദ്ധിക മണ്ഡലം സമ്മതിയുടേതായ പ്രത്യയശാസ്ത്രത്തെയാണ് മുന്നോട്ടുവെച്ചത്. കഥാകാരന്മാരെ സംബന്ധിച്ചിടത്തോളം കോടതി, പോലീസ്വ്യവസ്ഥ, നിയമനടപടികള്‍ തുടങ്ങിയവ പ്രമേയമാക്കിയതിലൂടെ പുതുതായി രൂപപ്പെട്ടുവരുന്ന ഭരണകൂട സ്ഥാപനങ്ങളോടുള്ള ആദരവും സ്വീകര്യതയുമാണ് വ്യക്തമാക്കിയത്. സമ്പത്ത് ആര്‍ജ്ജിക്കുന്നതിനായി നടക്കുന്ന കുറ്റകൃത്യങ്ങളും നീതിനിര്‍വ്വഹണ ശ്രമങ്ങളും അവയ്ക്ക് കരുത്തുപകരാനായി രൂപപ്പെട്ടുവന്ന തടവറകളും കോടതികളും പോലീസ് സംവിധാനങ്ങളും രൂപപ്പെടുത്തിയ ആധുനിക ജീവിതക്രമത്തെയാണ് ഈ കഥകള്‍ പ്രതിഫലിപ്പിക്കുന്നത്. കൊളോണിയല്‍ ആധുനികതയുടെ വക്താക്കളായി  കഥാകാരന്മാര്‍ നിലകൊള്ളുന്നു എന്ന് ഈ കഥകള്‍ വ്യക്തമാക്കുന്നു. ഭരണകൂടത്തിന്‍റെ ജനാധിപത്യപരമായ ഇത്തരം വ്യവസ്ഥകള്‍ ഇന്നും നിലനില്‍ക്കുന്നു എന്ന വസ്തുത തിരിച്ചറിയുമ്പോഴാണ് പ്രാരംഭകഥകള്‍ നിര്‍വ്വഹിച്ച സാംസ്കാരിക ദൗത്യത്തിന്‍റെ വ്യാപ്തി ബോധ്യപ്പെടുന്നത്.

ഗ്രന്ഥസൂചി:

അജു.കെ.നാരായണന്‍(എഡി.),2017, താക്കോല്‍ വാക്കുകള്‍: വിചാരമാതൃകകള്‍ കേരളീയ നോട്ടങ്ങള്‍, വിദ്വാന്‍ പി.ജി. നായര്‍ മെമ്മോറിയല്‍ റിസര്‍ച്ച് സെന്‍റര്‍, ആലുവ.
അനില്‍.കെ.എം(ഡോ.), 2017, സംസ്കാരനിര്‍മ്മിതി, പ്രോഗ്രസ് ബുക്സ്, കോഴിക്കോട്.
നരേന്ദ്രന്‍.കെ.എം, 2019, ആധുനികത നവോത്ഥാനം പാരമ്പര്യം: ശാരദയെ മുന്‍നിര്‍ത്തി വായിക്കുമ്പോള്‍, സന്തോഷ് കുമാര്‍.എന്‍(എഡി.), ഭാവനയുടെ കോളനികള്‍, ചിന്ത പബ്ലിഷേര്‍സ്, തിരുവനന്തപുരം.
പണിക്കര്‍.കെ.എന്‍(ഡോ.), 2010, സംസ്കാരവും ദേശീയതയും, കറന്‍റ് ബുക്സ്, തൃശൂര്‍.
ബഷീര്‍.എം.എം(ഡോ.), 2014, ആദ്യകാല കഥകളും ആദ്യനിരൂപണവും, ലിപി പബ്ലിക്കേഷന്‍സ്, കോഴിക്കോട്.
മലയാള പഠനസംഘം, 2011, സംസ്കാരപഠനം ചരിത്രം സിദ്ധാന്തം പ്രയോഗം, വള്ളത്തോള്‍ വിദ്യാപീഠം, ശുകപുരം.
മുരളീകൃഷ്ണ(ഡോ.), 2007, കുറ്റാന്വേഷണം നൂറ്റാണ്ടുകളിലൂടെ, മാതൃഭൂമി ബുക്സ്, കോഴിക്കോട്.
രവികുമാര്‍ കെ.എസ്.(ഡോ.),1999, ചെറുകഥ വാക്കും വഴിയും, കറന്‍റ് ബുക്സ്, കോട്ടയം.
രാജശേഖരന്‍.പി.കെ(ഡോ.), 2012, 'ഉത്കണ്ഠയുടെ ഘടികാരങ്ങള്‍', സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍, ഷെര്‍ലക് ഹോംസ് കഥകള്‍ (വാള്യം 2) , ഡി സി ബുക്സ്, കോട്ടയം
രാജശ്രീ.ആര്‍, 2018, അപസര്‍പ്പകാഖ്യാനങ്ങള്‍: ഭാവനയും രാഷ്ട്രീയവും, ലോഗോസ് ബുക്സ്, കോഴിക്കോട്.
വത്സലന്‍ വാതുശ്ശേരി (ഡോ.), 2004, കഥയും ഫാന്‍റസിയും, കറന്‍റ് ബുക്സ്, കോട്ടയം.
വിജയന്‍ കോടഞ്ചേരി (എഡി.), 2006, മലയാളത്തിലെ ആദ്യകാല കഥകള്‍, ദ്രോണാചാര്യ പബ്ലിക്കേഷന്‍സ്, കോഴിക്കോട്.
ഷാജി ജേക്കബ്(എഡി.), 2014, സാംസ്കാരിക വിമര്‍ശവും മലയാള ഭാവനയും, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.
സുധീഷ്.എസ്, 2016, ചരിത്രവും ഭാവനയും നോവല്‍ കലയില്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.
ഹമീദ്, 2015, അപസര്‍പ്പക നോവലുകള്‍ മലയാളത്തില്‍, കേരള സാഹിത്യ അക്കാദമി, തൃശൂര്‍.

ഡോ. അജിത ചേമ്പന്‍
അസോ. പ്രൊഫസര്‍
മലയാളം വിഭാഗം
ഗവ. ബ്രണ്ണന്‍ കോളേജ്
ധര്‍മ്മടം
തലശ്ശേരി
Pin: 670106
Ph:  +91 9995566803
ORCID: 0000-0002-2247-7411