Kerala Muslim Aikya Sangham: Discources with the Renaissance
Anjali Mohan M R
(Article No: 223, issue No: 29, June 2022, Page no: 85-99)
Abstract
This study analyzes the discourses of ‘ Kerala Muslim Aikya sangham’, arguably the first properly organised and established Muslim Alliance of Kerala, founded in Kodungallur; the alliance’s interactions and discourses with the paradigms of Kerala Renaissance are analysed here from a Post - secular perspective. Renaissance is considered to be the transformation that influenced the social sciences that emerged in Europe in the 14th century and existed in the fifteenth and sixteenth centuries. The concept of renaissance as marginalization within the Renaissance is also the subject of much debate. Here we are analyzing the non-monolithic discourses of the Muslim community on the concept of renaissance, which has always been in harmony with nationalism. The meaning of the Renaissance is often social. In it, religion always stands out. In fact, it can be seen that religious reform was reduced to the idea of renaissance. “The Kerala Muslim Aikya sangam’ has clashed with the general perspective of the Renaissance and its ideology still clashes with the politics of this marginalization.
Key Words: Kerala Muslim Aikya sangham, renaissance, nationalism, Discources
Reference:
Althaf K M,(2015), Navodhana Samskrtithiyude Speaker Seethi Sahib, Olive Publications, Kozhikode.
Ahammed A.P, (2017), Muslim Navodhanam chila Keraleeya chithrangal, Kairali Books, Kannur.
Ahammed kutty E.K, (2010), Kerala Muslim Navodhanam Vimarshanangalum vasthuthakalum, Yuvatha Books, Kozhikode.
Bakkar Methala, (2016), Manappatt Kunjahammed Haji, KSICL, Thiruvananthapuram.
Kathiyalam Aboobakkar,(2020), Keraleeya Navodhanavum Manappadanum, Keralabasha Institute, Thiruvananthapuram.
Kathiyalam Ahammed A.P, (2017), Muslim Navodhanam Chila keraleeya Chithrangal, Kairali Books, Kannur.
Muhammed Abdul Karim K. K, (2012), Makti Thangalude Sampoorna Krithikal, Vachanam Books, Kozhikode.
Muhammed T, (2009), Islamile Navodhana Prasthanangal, IPH, Kozhikode.
Muhammed T, (2013), Mapplila Samudhayam Charithram Samskaram, IPH, Kozhikode.
Moidu Moulavi, (1985), Moulaviyude Athmakatha, SPCS, Kottayam.
Roland E.Miller,The Mappila Muslims of Kerala: A study in Islamic Trends, Translator:Thomas karthikapuram, Mappila muslimkal, (2017), Other books, Kozhikode.
കേരള മുസ്ലീം ഐക്യസംഘം: നവോത്ഥാനത്തോടുള്ള സംവാദങ്ങള്‍
അഞ്ജലി മോഹന്‍. എം.ആര്‍
ചരിത്രത്തിലെ സുസംഘടിതവും വ്യവസ്ഥാപിതവുമായ ആദ്യത്തെ സംരഭമായി കൊടുങ്ങല്ലൂര്‍ കേന്ദ്രീകരിച്ച് രൂപം കൊണ്ട മുസ്ലീം കൂട്ടായ്മയായ 'കേരള മുസ്ലീം ഐക്യസംഘം' നവോത്ഥാനത്തിന്‍റെ പൊതുപരിപ്രേക്ഷ്യത്തോടു നടത്തിയ സംവാദങ്ങളെ മതേതരാനന്തര വീക്ഷണത്തില്‍ വിശകലനം ചെയ്യുകയാണ് ഈ പഠനം.
താക്കോല്‍ വാക്കുകള്‍: മുസ്ലിം ഐക്യസംഘം: നവോത്ഥാനം, ദേശീയത, സംവാദം.
ആമുഖം : 14-ാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ ആവിര്‍ഭവിക്കുകയും പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളില്‍ നിലനില്‍ക്കുകയും ചെയ്ത സാമൂഹിക വൈജ്ഞാനിക മണ്ഡലങ്ങളെ സ്വാധീനിച്ച പരിവര്‍ത്തനമാണ് 'നവോത്ഥാനം' എന്ന് വിലയിരുത്തപ്പെടുന്നത്. നവോത്ഥാനം എന്ന സങ്കല്പവും നവോത്ഥാനത്തിനുള്ളിലെ പാര്‍ശ്വവല്‍കരണവുമെല്ലാം നിരവധി ചര്‍ച്ചകള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. കേരളീയ നവോത്ഥാനചരിത്രത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട മുദ്രാവാക്യം 'അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്' എന്നതായിരുന്നു. എന്നാല്‍ ഈ മുദ്രാവാക്യത്തില്‍ ദളിത്-മുസ്ലിം സ്ത്രീകള്‍ എവിടെ നില്‍ക്കുന്നു എന്നത് ചിന്തിക്കേണ്ട വസ്തുതയാണ്. 'കാണുന്നീലൊരക്ഷരവും എന്‍റെ വംശത്തെ പറ്റി കാണുന്നുണ്ടനേക വംശത്തിന്‍റെ ചരിത്രം' എന്ന പൊയ്കയില്‍ അപ്പച്ചന്‍റെ വരികള്‍ നവോത്ഥാന ചരിത്രത്തോടുള്ള വലിയ കലഹമാണ് പ്രകടിപ്പിക്കുന്നത്. ചരിത്രത്തിലെ സുസംഘടിതവും വ്യവസ്ഥാപിതവുമായ ആദ്യത്തെ സംരഭമായി കൊടുങ്ങല്ലൂര്‍ കേന്ദ്രീകരിച്ച് രൂപംകൊണ്ട മുസ്ലിം കൂട്ടായ്മയായ 'കേരള മുസ്ലിം ഐക്യസംഘം' നവോത്ഥാനത്തിന്‍റെ പൊതുപരിപ്രേക്ഷ്യത്തോടു നടത്തിയ സംവാദങ്ങളെ സംബന്ധിച്ച മതേരാനന്തര വീക്ഷണത്തിലൂന്നിയ പഠനമാണിത്. എല്ലായ്പോഴും ദേശീയതയുമായി സമരസപ്പെട്ടു നില്‍ക്കുന്ന നവോത്ഥാന സങ്കല്പത്തോടുള്ള മുസ്ലിം സമുദായികതയുടെ ഏകശിലാത്മകമല്ലാത്ത സംവാദങ്ങളെ വിശകലനം ചെയ്യുകയാണിവിടെ.
കേരളീയ നവോത്ഥാനവും ഇതര നവോത്ഥാന സംരംഭങ്ങളും
അധികാരം എല്ലായിപ്പോഴും സവര്‍ണ്ണ വിഭാഗങ്ങളുടെ കൈപ്പിടിയിലൊതുക്കുന്നതിന്‍റെ ഭാഗമായി ഒരു വിഭാഗം ജനത എല്ലായ്പോഴും അസ്പൃശ്യരാക്കപ്പെട്ടു. ന്യൂനപക്ഷ സമൂഹം വിദ്യാഭ്യാസപരമായും സാമൂഹികപരമായും ഉയര്‍ച്ച കൈവരിച്ചാല്‍ അവര്‍ മുഖ്യധാരയിലേക്ക് വളരെ വേഗത്തില്‍ എത്തിച്ചേരുമെന്നും അത് തങ്ങളുടെ നിലനില്പിനെ തന്നെ ഇല്ലാതാക്കുമെന്നും സവര്‍ണ്ണ സമൂഹം ഭയന്നു. ആ ഭീതിയില്‍ നിന്നാണ് എല്ലാതലത്തിലുമുള്ള അടിച്ചമര്‍ത്തലുകള്‍ ആരംഭിക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടു. ഇത്തരം നീതി നിഷേധങ്ങള്‍ തുടര്‍ക്കഥയായപ്പോള്‍ വരേണ്യരല്ലാത്ത ജനത അജ്ഞരായിത്തീരുകയും ചെയ്തു. സാമൂഹിക സംഭവവികാസങ്ങളെ സംബന്ധിച്ചോ, സാമൂഹിക പ്രസ്ഥാനങ്ങളെ സംബന്ധിച്ചോ, സാമൂഹിക പരിണാമങ്ങളെ സംബന്ധിച്ചോ യാതൊരു ധാരണയും അവര്‍ക്കുണ്ടായിരുന്നില്ല. ഇത്തരത്തില്‍ അടിസ്ഥാന വിഭാഗങ്ങളുടെ അവകാശങ്ങളെ നിഷേധിക്കുകയും അവരെ വളരാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന തന്ത്രമാണ് നൂറ്റാണ്ടുകളായി സവര്‍ണ്ണ വിഭാഗം പ്രയോഗിച്ചു വരുന്നത്.
ബ്രാഹ്മണരൂം ക്ഷത്രിയരും വൈശ്യരും അധികാരമേഖലകളെല്ലാം കൈയ്യടക്കി. കേരളത്തിലെ രാജാക്കന്മാര്‍ വരെ ബ്രാഹ്മണര്‍ക്ക് കീഴ്പ്പെട്ടു ജീവിച്ചവരായതിനാല്‍ സാമ്പത്തികവും സാമൂഹികവും ഭരണപരവുമായ അധികാരം ബ്രാഹ്മണരില്‍ നിക്ഷിപ്തമായി കേരളത്തിനു പുറത്തുനിന്ന് ഉന്നത വിദ്യാഭ്യാസം നേടിയ അവര്‍ണനായ വ്യക്തിക്ക് യോഗ്യതയ്ക്കനുസരിച്ചുള്ള ജോലി ലഭ്യമായില്ല. വരേണ്യ വിഭാഗങ്ങള്‍ നിയമാവലികള്‍ തയ്യാറാക്കുകയും അതുമാത്രമാണ് ശരിയായ ധര്‍മ്മമെന്ന് അടിസ്ഥാന വര്‍ഗ്ഗത്തെ വിശ്വസിപ്പിക്കുകയും ചെയ്തു. സവര്‍ണ്ണ കേന്ദ്രീകൃതമായ അധികാര വ്യവസ്ഥയുടെ പരിണിതഫലമായ അയിത്തം, അനാചാരം തുടങ്ങിയവയ്ക്കെതിരെ ശക്തമായ പ്രതിരോധം സൃഷ്ടിച്ചുകൊണ്ടാണ് സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങള്‍ രൂപംകൊണ്ടത്. 1970കളുടെ ആദ്യത്തിലാണ് 'നവോത്ഥാനം' എന്ന വാക്കിന് പ്രചാരം സിദ്ധിക്കുന്നത്. യൂറോപ്പിലും അമേരിക്കയുടെ പലഭാഗങ്ങളിലും ക്രിസ്തീയ പൗരോഹിത്യത്തിനെതിരെയുണ്ടായ പ്രൊട്ടസ്റ്റന്‍റ് ഗ്രൂപ്പുകളുടെ കലാപത്തോട് സമീകരിച്ചുകൊണ്ട് കനേഡിയന്‍ മിഷണറിയായ റോളണ്ട് മില്ലര്‍ ആണ് 'ഞലളീൃാ' എന്ന പദത്തിന് പകരമായി 'നവോത്ഥാനം' എന്ന വാക്ക് ഉപയോഗിച്ചത്. ബ്രിട്ടീഷുകാരുടെ ആക്രമണം സൃഷ്ടിച്ച മാനസികവും ശാരീരികവുമായ പ്രയാസങ്ങളില്‍ നിന്നുള്ള മോചനം എന്ന നിലയിലാണ് മതനവീകരണ പ്രസ്ഥാനങ്ങള്‍ രൂപംകൊള്ളുന്നത്.
19-ാം നൂറ്റാണ്ടിന്‍റെ അന്ത്യത്തിലും 20-ാം നൂറ്റാണ്ടിന്‍റെ ആദ്യത്തിലും അറബ് ലോകത്ത് ഉയര്‍ന്നുവന്ന ഇസ്ലാമിക പരിഷ്കരണ പ്രസ്ഥാനങ്ങളില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് കേരളത്തില്‍ മുസ്ലിം നവോത്ഥാനം സംഭവിക്കുന്നതെന്ന് ചരിത്രരേഖകള്‍ ഭൂരിഭാഗവും പറയുന്നു. കേരളത്തിന്‍റെ സമുദ്രവ്യാപാരമെന്നത് ഒരുകാലത്ത് മുസ്ലിം സമുദായത്തിന്‍റെ കുത്തകയായിരുന്നു. കാര്‍ഷികമേഖലയിലും ഉള്‍നാടന്‍ മുസ്ലിംങ്ങള്‍ ശോഭിച്ചു. പോര്‍ച്ചുഗീസുകാരുടെയും ബ്രിട്ടീഷുകാരുടെയും വരവോടുകൂടി കേരളത്തിലെ മുസ്ലിങ്ങള്‍ക്ക് ഉണ്ടായിരുന്ന സമുദ്രവ്യാപാരക്കുത്തക അവസാനിച്ചു. വ്യാപാര രംഗത്തുനിന്നു മാറി കാര്‍ഷിക ജോലിയിലേക്ക് പ്രവേശിപ്പിച്ചപ്പോള്‍ ജന്മിമാരുടെ കൊടിയ പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നു. ബ്രിട്ടീഷുകാരും ജന്മിമാരും ഒറ്റക്കെട്ടായി നിന്ന് മുസ്ലിംകളെ അടിച്ചമര്‍ത്തുന്ന നിയമങ്ങള്‍ നടപ്പിലാക്കി. ഈ നിയമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധം നൂറ്റാണ്ടുകളോളം നിലനിന്നു. പോര്‍ച്ചുഗീസുകാരോടും ബ്രിട്ടീഷുകാരോടുമുള്ള വിദ്വേഷം അവരുടെ വൈജ്ഞാനിക സാംസ്കാരികരംഗത്തോടുമുള്ള വിരോധമായി മാറി. തത്ഫലമായി ഇംഗ്ലീഷ് ഭാഷയെ നിഷിദ്ധമായി മുസ്ലിംകള്‍ കണക്കാക്കി. 16-ാം നൂറ്റാണ്ടു മുതല്‍ 20-ാം നൂറ്റാണ്ടിന്‍റെ ആദ്യദശകങ്ങള്‍ വരെ കേരള മുസ്ലിംകള്‍ രാഷ്ട്രീയമായും സാമ്പത്തികമായും സാംസ്കാരികമായും വിദ്യാഭ്യാസപരമായും പിന്നോക്കാവസ്ഥയിലായിരുന്നു. മൊല്ലമാര്‍ നടത്തുന്ന ഓത്തുപള്ളികളും പള്ളിദര്‍സുകളും മാത്രമായിരുന്നു പഠനസ്ഥാപനങ്ങള്‍. 20-ാം നൂറ്റാണ്ടിന്‍റെ ആദ്യദശകങ്ങളില്‍ മുസ്ലിം സമൂഹത്തിനിടയില്‍ നിലനിന്ന ഈ പരിതോവസ്ഥയിലാണ് സാമുദായിക പരിഷ്കരണത്തിന്‍റെ ആദ്യശ്രമങ്ങള്‍ നടക്കുന്നത്. മക്തി തങ്ങള്‍, ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി, ഹമദാനി തങ്ങള്‍, വക്കം അബ്ദുല്‍ ഖാദര്‍ മൗലവി, മണപ്പാട്ട് കുഞ്ഞഹമ്മദ് ഹാജി, മുഹമ്മദ് അബ്ദുറഹ്മാന്‍, വി.പി. മുഹമ്മദ് അലി, വി.കെ.എം ഇസ്സുദ്ദീന്‍ മൗലവി, അബുസ്സബാഹ് മൗലവി, വെട്ടം അബ്ദുല്ല ഹാജി, അലവി മൗലവി എടവണ്ണ, മുഹമ്മദ് ശറുല്‍, കെ.സി. അബ്ദുള്ള മൗലവി, പി.കെ. മൂസാ മൗലവി, വരക്കല്‍ മുല്ലക്കോയ തങ്ങള്‍, പാറോല്‍ ഹുസൈന്‍ മൗലവി, അബ്ദുല്‍ അസീസ് മുസ്ലിയാര്‍, പരപ്പനങ്ങാടി ബാപ്പു മുസ്ലിയാര്‍, സ്വദഖതുല്ലാ മൗലവി, അഹമ്മദ് മുസ്ലിയാര്‍ കണ്ണിയത്ത്, എന്‍.വി. അബ്ദുസ്സലാം മൗലവി, കെ.പി. മുഹമ്മദ് ബിന്‍ അഹ്മദ്, പി.പി. ഉണ്ണി മൊയ്തീന്‍ കുട്ടി മൗലവി, ശൈഖ് മുഹമ്മദ് മൗലവി, എ.കെ. അബ്ദുല്‍ ഖാദിര്‍ തുടങ്ങി നിരവധി നേതാക്കള്‍ സാമുദായിക രംഗത്തെ സമഗ്രമായി പരിഷ്കരിക്കുന്നതിനായി മുന്നോട്ടു വന്നു. കേരളത്തില്‍ സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങള്‍ എന്നു വിളിക്കുന്ന പലതും പണ്ട് മതപരിഷ്കരണ പ്രസ്ഥാനങ്ങളായിരുന്നു.
ബ്രിട്ടീഷ് സംസ്കാരാധിനിവേശം മതസമൂഹങ്ങളെ ആകമാനം ഇകഴ്ത്തിക്കാണിക്കുന്ന സാഹചര്യത്തില്‍ അതിനെ പ്രതിരോധിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് 19-ാം നൂറ്റാണ്ടില്‍ പല ഭാഗങ്ങളിലും മതനവീകരണ പ്രസ്ഥാനങ്ങളാരംഭിക്കുന്നത്. തങ്ങളുടെ സമുദായത്തിനുള്ളിലെ പ്രശ്നങ്ങളെ മനസ്സിലാക്കുകയും വിലയിരുത്തുകയും ചെയ്തുകൊണ്ട് അതിനെ മറകടക്കാനുള്ള ആലോചനകള്‍ക്കും സംവാദങ്ങള്‍ക്കുമുള്ള വേദി എന്ന നിലയിലാണ് കേരളത്തിലെ പല ജാതി-മത നവീകരണ പ്രസ്ഥാനങ്ങളും ഉടലെടുത്തത്. ബ്രിട്ടീഷുകാരുടെ സാംസ്കാരിക വെല്ലുവിളികളെ നേരിടുകയെന്നതും ഈ സംഘങ്ങളുടെ പ്രധാന ഉദ്ദേശമായിരുന്നു. മക്തിതങ്ങള്‍, വക്കം അബ്ദുള്‍ഖാദര്‍ മൗലവി, ഹമദാനി തങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ മുസ്ലിം സാമുദായിക സംഘടനകള്‍ രൂപംകൊണ്ടു. എന്നാല്‍ ഇവയെല്ലാം തികച്ചും പ്രാദേശികവും ചെറിയ ഉദ്ദേശ്യലക്ഷ്യങ്ങള്‍ മാത്രമുള്ളതുമായ ലഘുസംഘടനകളായിരുന്നു. ഈ സംഘടനകളുടെ ഉദ്ദേശലക്ഷ്യങ്ങളെയും ആശയങ്ങളെയുമെല്ലാം പരിപോഷിപ്പിച്ച് കേരളസംസ്ഥാനത്തെയൊട്ടൊകെ ഉള്‍ക്കൊള്ളുന്ന നിലയിലേക്ക് വികസിപ്പിക്കാനുള്ള ശ്രമമായാണ് 'കേരള മുസ്ലിം ഐക്യസംഘ'ത്തിന്‍റെ രൂപീകരണത്തെ കാണേണ്ടത്.
മുസ്ലിം ഐക്യസംഘത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍
1922ല്‍ കൊടുങ്ങല്ലൂരിനടുത്ത് എറിയാട് രൂപംകൊണ്ട കേരള മുസ്ലിംങ്ങളുടെ ഐക്യവേദിയാണ് കേരളാടിസ്ഥാനത്തിലുള്ള ആദ്യത്തെ മുസ്ലിം കൂട്ടായ്മയായി കണക്കാക്കപ്പെടുന്നത്. കേരളത്തിലെ പ്രമുഖ മുസ്ലിം സമര നേതാക്കള്‍ക്കെല്ലാം തന്നെ കൊടുങ്ങല്ലൂരിലെ അഴീക്കോട്, എറിയാട്, കോട്ടപ്പുറം, മാടവന എന്നിവിടങ്ങളില്‍ അനുയായികളുണ്ടായിരുന്നു. കൊടുങ്ങല്ലൂരിന്‍റെ സാമൂഹികാന്തരീക്ഷം സജീവമാക്കി നിലനിര്‍ത്തിയിരുന്ന അന്നത്തെ സ്ഥാപനങ്ങളായിരുന്നു മഊനതുല്‍ ഇസ്ലാം സഭ, കൊച്ചിന്‍ മുസ്ലിം എജ്യുക്കേഷന്‍ കോണ്‍ഫറന്‍സ്, ലതുല്‍ ഹമദാനിയ്യ (അഴീക്കോട്), ലതുല്‍ ഇസ്ലാം സംഘം (എറിയാട്) എന്നിവ. മക്തി തങ്ങളുടെ സന്ദേശങ്ങളുടെ സ്വാധീനം ഹമദാനി ശൈഖിന്‍റെ ഇല്‍ഫതുല്‍ ഇസ്ലാം പാകപ്പെടുത്തിയ സാമൂഹിക പരിസരം, മലബാര്‍ സമരത്തെ തുടര്‍ന്ന് കൊടുങ്ങല്ലൂരിലെത്തിയ കെ.എം. മൗലവിയുടെയും മറ്റു പണ്ഡിതന്മാരുടെയും സംഘടനാപാടവം, വക്കംമൗലവിയുടെ അനുഗ്രഹാശിസ്സുകള്‍, സാമ്പത്തിക ഭദ്രതയും സാമൂഹിക പ്രതിബദ്ധതയുമുള്ള ഉത്പതിഷ്ണുക്കളായ പൗരപ്രമുഖരുടെ (മണപ്പാട്ട് കുഞ്ഞഹമ്മദ് ഹാജി, സീതി മുഹമ്മദ് സാഹിബ് തുടങ്ങിയവര്‍) സഹകരണം മാറ്റത്തിനു കൊതിക്കുന്ന മുസ്ലിം മനസ്സ് മുതലായ ഘടകങ്ങള്‍ മുസ്ലിം ഐക്യസംഘത്തിനും തദ്വാരാ സമഗ്രവും പ്രാദേശികപരിമിതികള്‍ക്കതീതവുമായ മുസ്ലിം പരിഷ്കരണത്തിനും കളമൊരുക്കിയതായി ഇസ്ലാമിക വിജ്ഞാനകോശത്തില്‍ രേഖപ്പെടുത്തുന്നു. മുസ്ലിം ഐക്യസംഘത്തിന്‍റെ സ്ഥാപകനായി വക്കം മൗലവിയെയാണ് ചരിത്രാഖ്യാനങ്ങള്‍ രേഖപ്പെടുത്തുന്നത്. എന്നാല്‍ കേരള മുസ്ലിം ഐക്യസംഘത്തിന്‍റെ അണിയറശില്പി മണപ്പാട്ട് കുഞ്ഞഹമ്മദ് ഹാജിയാണെന്ന് സാധൂകരിക്കുന്ന അഭിപ്രായങ്ങള്‍ കാതിയാളം അബൂബക്കറിന്‍റെ 'കേരളീയ നവോത്ഥാനവും മണപ്പാടനും' എന്ന ഗ്രന്ഥത്തില്‍ കാണാം. :"അധ്യാപകര്‍, നവോത്ഥാന പ്രസ്ഥാനങ്ങളെയും അതിന്‍റെ സ്ഥാപകരെയും കുറിച്ച് പഠിപ്പിക്കുമ്പോള്‍ ഐക്യസംഘത്തിന്‍റെ സ്ഥാപകനായി വക്കംമൗലവി എന്നാണ് എഴുതികൊടുക്കുന്നത്. സത്യവിരുദ്ധമായ ചരിത്രമാണ് അപ്പോഴും നമ്മള്‍ കുട്ടികളെ പഠിപ്പിക്കുന്നത്. അവിടെയും ക്ലാസിനു പുറത്തു നില്‍ക്കാന്‍ തന്നെയാണ് മണപ്പാടന്‍റെ വിധി." എന്ന് അദ്ദേഹം കുറിക്കുന്നു. പുതിയ പ്രചരണ തന്ത്രങ്ങള്‍ ആവിഷ്കരിച്ചും അതിനുവേണ്ടി അഹോരാത്രം പ്രയത്നിച്ചും മണപ്പാട്ട് കുഞ്ഞഹമ്മദ് ഹാജി സംഘത്തിന് ശക്തിയും പ്രചോദനവുമായി നിലകൊണ്ടു.
നിഷ്പക്ഷസംഘം' എന്ന പേരിലാണ് ഐക്യസംഘം ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്. പടിയത്തു തറവാടിന്‍റെ താവഴി പരമ്പരയില്‍ പെടുന്ന പുത്തന്‍കാട്ടുകാരും മണപ്പാട്ടുകാരും തമ്മില്‍ നിലനിന്നിരുന്ന കുടുംബ വഴക്കുകള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ആദ്യമായി എറിയാട് ഒരു യോഗം വിളിച്ചു ചേര്‍ക്കുന്നത്. ആ യോഗത്തിന്‍റെ അദ്ധ്യക്ഷത വഹിച്ച് ഹമദാനി ശൈഖ് ആണ്. ഈ കുടുംബവഴക്കില്‍ നിഷ്പക്ഷത പാലിച്ചവരായിരുന്നു സീതിസാഹിബും മണപ്പാട്ട് കുഞ്ഞഹമ്മദ് ഹാജിയും. കെ.എം. മൗലവി, ഇ.കെ. മൗലവി എന്നിവരുടെ പിന്‍ബലത്തോടുകൂടി സീതിസാഹിബ് പ്രസിഡന്‍റും മണപ്പാട്ട് കുഞ്ഞുമുഹമ്മദ് ഹാജി സെക്രട്ടറിയുമായി നിഷ്പക്ഷസംഘം രൂപീകരിക്കപ്പെട്ടു. വിവിധയിടങ്ങളിലെ മുസ്ലീംങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് തീര്‍പ്പു കല്പിക്കുന്ന വേദിയായി നിഷ്പക്ഷസംഘം മാറി. മുസ്ലീം ഐക്യം, മതവിദ്യാഭ്യാസം, ബോധവല്‍ക്കരണം, മതപരിഷ്കരണം എന്നീ ഉദ്ദേശങ്ങളില്‍ ആരംഭിച്ച നിഷ്പക്ഷ സംഘത്തിന് കാലക്രമേണ വലിയ പ്രചാരം ലഭിക്കുകയുണ്ടായി. സംഘത്തിനെതിരെ വിമര്‍ശനവുമായി മുന്നോട്ട് വന്നവരും കുറവായിരുന്നില്ല.
സാഹിബിന്‍റെ പള്ളി, മണത്തലപ്പള്ളി എന്നിവിടങ്ങളിലെ ചന്ദനക്കുടം നേര്‍ച്ചയും കൊടികുത്തുമെല്ലാം നിര്‍ത്തലാക്കാനുള്ള സംഘത്തിന്‍റെ ശ്രമങ്ങളെ ഉള്‍ക്കൊള്ളാന്‍ യാഥാസ്ഥിതിക മുസ്ലീംങ്ങള്‍ക്കായിരുന്നില്ല. അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍നിന്നും മുസ്ലീം ജനതയെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി അല്‍ ഇര്‍ശാദ്, മുസ്ലീം ഐക്യം, അല്‍ ഇസ്വലാഹ്, എന്നീ ആനുകാലികങ്ങള്‍ സംഘത്തിന്‍റെ നേതൃത്വത്തില്‍ അച്ചടിക്കപ്പെട്ടു. ആലുവയില്‍ കോളേജ് തുടങ്ങാനായി ഗവണ്‍മെന്‍റിനു നല്‍കേണ്ട പതിനായിരം രൂപ സ്വരൂപിക്കാന്‍ സംഘത്തിന് സാധിച്ചു. ഇതിന് നേതൃത്വം നല്‍കിയത് ഹമദാനി തങ്ങളാണ്. കേരള ജംഇയ്യത്തുല്‍ ഉലമയുടെ സ്ഥാപനവും ഇക്കാലത്താണ് നടന്നത്. മണപ്പാട്ട് കുഞ്ഞഹമ്മദ്ഹാജി ഐക്യസംഘത്തിന്‍റെ ജനറല്‍ സെക്രട്ടറി പദവി അലങ്കരിച്ചു. സീതിസാഹിബ് സംഘത്തിന്‍റെ വളര്‍ച്ചയ്ക്കായി സജീവമായി പ്രവര്‍ത്തിച്ചു. ചന്ദനക്കുടം നേര്‍ച്ച, കൊടികുത്ത് തുടങ്ങിയവയെ നിശിതമായി എതിര്‍ത്ത സംഘത്തിനെതിരെ ഒരു വിഭാഗം മുസ്ലീംങ്ങള്‍ വിമര്‍ശനങ്ങളഴിച്ചുവിട്ടു. ജനകീയതയും ജനവിദ്വേഷവും ഏറ്റെടുത്തും പരിഹരിച്ചും നിഷ്പക്ഷ സംഘം മുന്നോട്ട് നീങ്ങി. നിഷ്പക്ഷ സംഘത്തിന്‍റെ ഒന്നാം വാര്‍ഷികത്തിനു മുമ്പുതന്നെ അതിന്‍റെ പേര് മുസ്ലീം ഐക്യസംഘം എന്നാക്കി മാറ്റിയിരുന്നു. 1923 ല്‍ എറിയാട് ചേര്‍ന്ന മുസ്ലീം ഐക്യസംഘത്തിന്‍റെ ഒന്നാം വാര്‍ഷിക സമ്മേളനത്തിന്‍റെ അദ്ധ്യക്ഷന്‍ വക്കം മൗലവിയായിരുന്നു. ഐക്യസംഘത്തിന്‍റെ പ്രവര്‍ത്തന മണ്ഡലങ്ങളെ കേരളീയാടിസ്ഥാനത്തില്‍ വ്യാപിക്കുകയെന്ന തീരുമാനമെടുത്തത് ഒന്നാം സമ്മേളനത്തിലാണ്. സമുദായത്തിന്‍റെ പൊതുനന്മ കണക്കിലെടുത്ത് അഭ്യന്തര പ്രശ്നങ്ങള്‍ പരിഹരിച്ച് ഒറ്റക്കെട്ടായി നില്‍ക്കുക. പുസ്തകങ്ങള്‍, ലഘുലേഖകള്‍, പ്രസംഗങ്ങള്‍ എന്നിവയിലൂടെ പുരോഗമനാത്മക കാഴ്ചപ്പാടുകള്‍ സമുദായത്തിലേക്ക് എത്തിക്കുക, പരിഹരിക്കപ്പെടാത്ത തര്‍ക്കങ്ങള്‍, തെരഞ്ഞെടുക്കപ്പെട്ട സാമുദായിക നേതാക്കളുടെ നേതൃത്വത്തില്‍ ഒത്തുതീര്‍പ്പിലാക്കുക, തര്‍ക്കങ്ങളില്‍ നിന്നു പിന്തിരിയുന്നതിനായി അവര്‍ക്ക് പ്രേരണ നല്‍കുക, മുസ്ലീം പണ്ഡിതന്മാരെ ഉള്‍പ്പെടുത്തി ഒരു സംഘടന രൂപീകരിയ്ക്കുക, മുസ്ലീംങ്ങളുടെ സാമുദായികവും സാമ്പത്തികവുമായ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുക, തുടങ്ങിയവയെല്ലാം ഐക്യസംഘത്തിന്‍റെ ലക്ഷ്യങ്ങളായിരുന്നു. പണ്ഡിതസഭക്കായി അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചത് ഒന്നാം വാര്‍ഷിക സമ്മേളനത്തിലാണ്.
1924 മെയ് 10 മുതല്‍ 12 വരെ നീണ്ടുനിന്ന ഐക്യസംഘത്തിന്‍റെ രണ്ടാം വാര്‍ഷിക സമ്മേളനം ആലുവയില്‍ വെച്ചാണ് നടക്കുന്നത്. അഹ്ലുസ്സുന്നതി വല്‍ജമാഅത് പണ്ഡിതനായ അബ്ദുല്‍ ജബ്ബാര്‍ ഹദ്റതാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. ഈ സമ്മേളനത്തിലാണ് ഉലാമാ സംഘടന രൂപം കൊണ്ടത്. ഉലമാ സമ്മേളനത്തില്‍ 500-ഓളം പേര്‍ പങ്കെടുത്തു. ആലുവയില്‍ ഒരു അറബിക് കോളേജ് സ്ഥാപിക്കുന്നതിനായി അതിനായി ധനസമാഹരണം നടത്തുക, ഇസ്ലാമിനെതിരെ നിരന്തരം കുപ്രചരണങ്ങള്‍ നടത്തുന്ന ക്രിസ്ത്യന്‍, ആര്യസമാജങ്ങളോട് ചെറുത്തുനില്‍ക്കുക, അനിസ്ലാമിക പ്രവണതകളില്‍ നിന്നും മാറിനില്‍ക്കുക, അയിത്തബോധം, അന്ധവിശ്വാസം, അനാചാരങ്ങള്‍ തുടങ്ങിയവയില്‍ നിന്നും ഇസ്ലാം മതത്തെ വിമുക്തമാക്കാന്‍ ശ്രമിക്കുക, സ്ത്രീ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുക, മലബാര്‍ സമരത്തില്‍ ആക്രമിക്കപ്പെട്ടവരെ സഹായിക്കുക, മറ്റു സമുദായാംഗങ്ങള്‍ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്തുക തുടങ്ങി സാമുദായിക രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തീരുമാനങ്ങള്‍ കൈക്കൊണ്ടാണ് രണ്ടാം വാര്‍ഷിക സമ്മേളനം അവസാനിക്കുന്നത്.
മൂന്നാം വാര്‍ഷികത്തിനു മുന്‍പേ തന്നെ ഇശാ അത് സംഘങ്ങള്‍ രൂപീകരിക്കുകയും രാഷ്ട്രീയ തെരഞ്ഞെടുപ്പ് മത്സരങ്ങളിലേക്ക് മണപ്പാടനും സീതി മുഹമ്മദ് സാഹിബും ഉള്‍പ്പെടെയുള്ളവരെ സ്ഥാനാര്‍ത്ഥികളാക്കി വിജയിപ്പിക്കുവാനും ഐക്യസംഘത്തിനു കഴിഞ്ഞു.
ഐക്യസംഘത്തിന്‍റെ മൂന്നാം വാര്‍ഷിക സമ്മേളനം പി.എം. ആറ്റക്കോയ തങ്ങളുടെ അദ്ധ്യക്ഷതയില്‍ കോഴിക്കോടാണ് ചേര്‍ന്നത്. ഏറെ സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിലാണ് മൂന്നാം സമ്മേളനം നടന്നത്. യാഥാസ്ഥിതിക വിഭാഗങ്ങളില്‍ നിന്നുണ്ടായ എതിര്‍പ്പുകളെ മറികടന്നുകൊണ്ട് നടത്തിയ ഈ യോഗത്തിലാണ് ഐക്യസംഘം കേരള മുസ്ലിം ഐക്യസംഘമായി പരിണമിച്ചത്. സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ അറബി അധ്യാപക നിയമനമെന്ന ആവശ്യം സര്‍ക്കാരിനുമുമ്പില്‍ അവതരിപ്പിച്ചതും ഈ വാര്‍ഷിക സമ്മേളനത്തിലാണ്. അതിനോടൊപ്പം തന്നെ മദ്റസതുല്‍ മുഹമ്മദിയ്യ:യുടെയും ഹിമായതുല്‍ ഇസ്ലാം സംഘത്തിന്‍റെയും നേതൃത്വത്തില്‍ ഒരു കോളേജ് സ്ഥാപിക്കുന്നതിനുള്ള സഹായങ്ങള്‍ വാഗ്ദാനം ചെയ്തു. സംഘത്തിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിലും പദ്ധതികള്‍ അവലംബിച്ചു. ശാഫിഈ, ഹനഫി, ഹന്‍ബലി, മാലികി, മദ്ഹബുകളില്‍ ഏതെങ്കിലുമൊന്ന് അനുവര്‍ത്തിക്കുന്നവര്‍ക്ക് സംഘങ്ങളില്‍ അംഗങ്ങളാകാം എന്ന തീരുമാനമെടുത്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മുസ്ലീംങ്ങള്‍ക്ക് പ്രത്യേക തെരഞ്ഞെടുപ്പധികാരം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം സമ്മേളനത്തില്‍ അവതരിപ്പിച്ചു. വിശാല മുസ്ലീം സമാജം എന്ന തത്വം പ്രാവര്‍ത്തികമാക്കുന്നതിന്‍റെ ഭാഗമായി റീഫ് മുസ്ലീംങ്ങളോട് (കടലോരവാസികളായ മുസ്ലീംങ്ങള്‍) ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. മാപ്പിളത്തടവുകാര്‍ അനുഭവിക്കുന്ന യാതനകള്‍ മനസ്സിലാക്കി അവരുടെ പ്രശ്നപരിഹാരത്തിനായി ഇടപെടണമെന്നും ഈ സമ്മേളനത്തില്‍ സംഘം തീരുമാനിച്ചു.
1926 മെയ് 15, 16 തിയ്യതികളിലായി തലശ്ശേരിയില്‍ വെച്ചാണ് ഐക്യസംഘത്തിന്‍റെ നാലാം വാര്‍ഷിക സമ്മേളനം നടന്നത്. സമുദായത്തില്‍ നിന്നു തന്നെ സംഘത്തിനെതിരായുള്ള പ്രക്ഷോഭങ്ങള്‍ ശക്തമായി നിലനില്‍ക്കുമ്പോള്‍ പോലും വമ്പിച്ച ജനാവലിയുടെ സാന്നിദ്ധ്യത്തിലായിരുന്നു നാലാം വാര്‍ഷികം നടന്നത്. ഖുര്‍ ആന്‍ പരിഭാഷകന്‍ മുഹമ്മദ് മര്‍മഡ്യൂക് പിക്താക്കളായിരുന്നു സമ്മേളനത്തിന്‍റെ ഉദ്ഘാടകന്‍. മതഭൗതിക വിദ്യാഭ്യാസത്തിന്‍റെ ആവശ്യകത, സ്ത്രീവിദ്യാഭ്യാസം, ശാസ്ത്ര പരിജ്ഞാനം കൃഷിയുടെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളിലുള്ള സാമുദായിക നവീകരണത്തെ കുറിച്ചാണ് പിക്താക്കള്‍ സംസാരിച്ചത്. പലിശരഹിത സഹായനിധികളിലൂടെ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കേണ്ട ആവശ്യകതയും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരള മുസ്ലീം ഐക്യസംഘത്തിന്‍റെ അഞ്ചാം വാര്‍ഷിക സമ്മേളനയോഗം നടന്നത് കണ്ണൂരിലാണ്. 1927 മെയ് 7, 8 തിയ്യതികളിലായി ആദംസേട്ടിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം ഉദ്ഘാടനം ചെയ്തത് മുഹമ്മദലി സാഹിബാണ്. പുതിയ പ്രമേയങ്ങളൊന്നും ഈ വാര്‍ഷികത്തില്‍ അവതരിപ്പിക്കപ്പെട്ടില്ലെങ്കിലും രാഷ്ട്രീയ-സാമൂഹിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഇടപെടലുകള്‍ നടത്താന്‍ സംഘത്തിന് സാധിച്ചത് ഈ കാലത്താണ്. കക്ഷി വഴക്കുകളെ മറികടന്ന് പ്രാദേശിക, ദേശീയ ജനായത്ത തെരഞ്ഞെടുപ്പുകളില്‍ പുലര്‍ത്തേണ്ട ഐക്യബോധത്തെ സംബന്ധിച്ച അവബോധമുണ്ടാക്കുന്നതില്‍ നേതാക്കള്‍ പരിശ്രമിച്ചു. കൊച്ചി ദിവാന്‍ മുസ്ലീം വിദ്യാര്‍ത്ഥിനികള്‍ക്ക് അനുവദിച്ചിരുന്ന സ്കോളര്‍ഷിപ്പില്‍ അട്ടിമറികള്‍ നടത്തിയ സാഹചര്യത്തില്‍ ഐക്യസംഘം നിവേദകസംഘത്തെ അയച്ചുകൊണ്ട് അതിന് പ്രതിവിധിയുണ്ടാക്കി. ജനാധിപത്യ ഭരണസമ്പ്രദായത്തിനു മുമ്പാണ് അറബി വിദ്യാഭ്യാസത്തിനുള്ള സൗകര്യം. മുസ്ലീം പെണ്‍കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പ്, പെണ്‍കുട്ടികള്‍ക്ക് തല മറയ്ക്കാനുള്ള സ്വാതന്ത്ര്യം, വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തില്‍ പങ്കെടുക്കാനായുള്ള ഉച്ചനേരത്തെ ലഘു ഇടവേള എന്നിവ രാജഭരണം അനുവദിച്ചു നല്‍കിയത്. സംഘത്തില്‍ നടക്കുന്നത് വഹാബിസമാണെന്ന തരത്തില്‍ പ്രതിഷേധങ്ങള്‍ ശക്തമായ ഈ കാലയളവിലും സാമുദായിക നവീകരണ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരുന്നു സംഘം നേതാക്കള്‍. സംഘത്തിന്‍റെ ആജീവനാന്ത സെക്രട്ടറിയായിരുന്ന മണപ്പാട്ട് കുഞ്ഞഹമ്മദ് ഹാജിയും സീതിസാഹിബും കെ.എം. മൗലവിയും മുഹമ്മക്ക് സിക്കന്ദര്‍ സാഹിബുമെല്ലാം മദ്റസയുടെ വളര്‍ച്ചയ്ക്കായി കേരളത്തിലുടനീളം പര്യടനം നടത്തി.
1928 ലാണ് ഐക്യസംഘം ആറാം സമ്മേളനം തിരൂരില്‍വെച്ച് നടക്കുന്നത്. മൊയ്തീന്‍കുട്ടി മുസ്ലിയാരും കൂട്ടരും നടത്തിയ എതിര്‍പ്പിനെ മറി കടക്കാന്‍ സംഘത്തിന് സാധിച്ചു. യോഗാദ്ധ്യക്ഷനായ ഡോ. അബ്ദുല്‍ഹഖ്, വിദ്യാഭ്യാസ മേഖലകളിലും തൊഴില്‍ മേഖലകളിലുമുള്ള മുസ്ലീം സമുദായത്തിന്‍റെ പിന്നോക്കാവസ്ഥ വിശകലനം ചെയ്തു. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബും മണപ്പാട്ട് കുഞ്ഞഹമ്മദ് ഹാജിയുമായുള്ള അസ്വാരസ്യങ്ങള്‍ അല്‍-അമീന്‍ ഉള്‍പ്പെടെയുള്ള ആനുകാലികങ്ങളിലൂടെ വെളിപ്പെട്ടു.
1929-ല്‍ എറണാകുളത്തുവെച്ചാണ് സംഘത്തിന്‍റെ ഏഴാം വാര്‍ഷികം നടക്കുന്നത്. ഖാന്‍ ബഹാദൂര്‍ ടി.എം. മൊയ്തു സാഹിബാണ് സമ്മേളനത്തിന് നേതൃത്വം നല്‍കിയത്. കേരള മുസ്ലീം യൂത്ത് ഓര്‍ഗനൈസേഷന്‍റെ യോഗം ചേരുകയും, കേരള മുസ്ലീം യംഗ് മെന്‍സ് അസോസിയേഷനെയും കേരള മുസ്ലിം യൂത്ത് ഓര്‍ഗനൈസേഷനെയും പുനരുജ്ജീവിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. പലിശരഹിത സഹായനിധി എന്ന ആശയം മുസ്ലീം ബാങ്കായി പരിവര്‍ത്തിപ്പിക്കുന്നതിനുള്ള നടപടികളാരംഭിച്ചത് ഈ സമ്മേളനത്തോടെയാണ്. പലിശയില്ലാതെ ഒരു ബാങ്ക് മുന്നോട്ട് കൊണ്ടുപോകാന്‍ പ്രയാസമാണെന്നും പലിശ മുസ്ലീംങ്ങള്‍ക്ക് ഹറാമായതിനാല്‍ കടമെടുക്കുന്നവര്‍ സാമൂഹിക നന്മയെ കരുതിയെങ്കിലും കുറച്ച് തുക ബാങ്കിനു നല്‍കണമെന്ന് കെ.എം. മൗലവി രിസാലതുന്‍ ഫില്‍ബേങ്ക് എന്ന ലേഖനത്തില്‍ എഴുതി. എന്നാല്‍ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബും ഇ. മൊയ്തു മൗലവിയും ബാങ്കിംഗിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നു. അല്‍ അമീന്‍ മാസികയിലൂടെയും മറ്റും നിരന്തരമായി ഇത്തരം പ്രതിഷേധപ്രചരണങ്ങള്‍ കടന്നുവന്നതോടെ മുസ്ലിം ബാങ്ക് എന്ന സ്വപ്നം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. ഹുണ്ടി കച്ചവടക്കാരും സ്വകാര്യധനകാര്യ സ്ഥാപനങ്ങളും ജനങ്ങളെ വളരെയധികം മുതലെടുക്കുന്ന സാഹചര്യത്തിലാണ് ജനങ്ങള്‍ക്ക് അധിക ബാധ്യത നല്‍കാതെ ബാങ്ക് രൂപീകരിക്കാനുമുള്ള തീരുമാനം അവര്‍ കൈക്കൊണ്ടത്. ഫീലത്തുല്‍ രിബ എന്ന ഫത്വയുടെ രചയിതാവ് കെ.എം. മൗലവിയായിരുന്നു. രിസാലത്തുന്‍ ഫില്‍ ബേങ്ക് എന്ന പേരില്‍ കെ.എം. മൗലവി രചിച്ച അറബി മലയാളകൃതി അന്ന് വളരെയധികം വിമര്‍ശനങ്ങള്‍ നേരിട്ടു. കെ.എം. മൗലവിയുടെ ഫത്വയ്ക്കെതിരെ ഏറ്റവും ശക്തമായ രീതിയില്‍ വിമര്‍ശനങ്ങളെഴുതിയത് എം.സി.സി. അബ്ദുറഹിമാന്‍ മൗലവിയാണ്. അബ്ദു റഹിമാന്‍ മൗലവിയുടെ എഴുത്തുകള്‍ക്ക് വലിയ രീതിയില്‍ പ്രചാരം ലഭിക്കുകയും ചെയ്തു. ഖുര്‍ആനും ഹദീസുമെല്ലാം എടുത്തുപയോഗിച്ചാണ് കെ.എം. മൗലവിയുടെ ഫത്വ അനിസ്ലാമികമാണെന്ന് അദ്ദേഹം സ്ഥാപിക്കാന്‍ ശ്രമിച്ചത്. ആ ശ്രമം വിജയം കാണുകയും ചെയ്തു. സാമുദായികാംഗങ്ങളില്‍ ഭൂരിഭാഗവും ഐക്യസംഘത്തിനെതിരെ തിരിഞ്ഞു. ഐക്യസംഘത്തിന് ബാങ്ക് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കേണ്ടതായി വന്നു.
1929ല്‍ തിരുവനന്തപുരത്താണ് ഐക്യസംഘത്തിന്‍റെ എട്ടാം വാര്‍ഷിക സമ്മേളനം നടന്നത്. മദിരാശി സര്‍ക്കാരിന്‍റെ വിദ്യാഭ്യാസവിഭാഗം ജോയിന്‍റ് ഡയറക്ടറായ ലഫ്. കേണല്‍ അബ്ദുല്‍ഹമീദ് സാഹിബായിരുന്നു ഉദ്ഘാടകന്‍. ഈ സമ്മേളനത്തില്‍ കാര്യമായ പദ്ധതികളൊന്നും തന്നെ ചര്‍ച്ച ചെയ്യപ്പെട്ടില്ല.
കേരള മുസ്ലീം ഐക്യസംഘത്തിന്‍റെ ഒമ്പതാം വാര്‍ഷിക സമ്മേളനം നടക്കുന്നത് 1931 ഒക്ടോബര്‍ 18 ന് മലപ്പുറത്ത് വെച്ചാണ്. അഖില കേരളാടിസ്ഥാനത്തില്‍ മുസ്ലീം സര്‍വ്വീസ് ലീഗ് ആരംഭിക്കണമെന്ന ആശയം സെഷന്‍സ് ജഡ്ജ് ഖാന്‍ ബഹാദൂര്‍ സൈനുദ്ദീന്‍ സാഹിബ് മുന്നോട്ട് വെച്ചു. മണപ്പാട്ട് കുഞ്ഞഹമ്മദ് ഹാജിയുടെ പ്രഭാഷണത്തിനു ശേഷം കാടേരി മുഹമ്മദ് മുസ്ലിയാര്‍ ഇങ്ങനെ പറഞ്ഞു. ഞാനും വളരെയധികം തെറ്റിദ്ധരിച്ചു പോയിരുന്നു. ഇപ്പോള്‍ അതെല്ലാം നീങ്ങിയിരിക്കുന്നു. ഞാനിപ്പോള്‍ സംഘത്തിന്‍റെ അനുഭാവിയായി മാറിയിരിക്കുന്നു. ഐക്യസംഘത്തിനെതിരെ നടന്ന സാമൂഹ്യബഹിഷ്കരണം ഒടുവില്‍ പിന്‍വലിക്കപ്പെട്ടു. ഒമ്പതാം സമ്മേളനത്തോടെ ഐക്യസംഘത്തിന് മലബാര്‍ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ നേടാന്‍ സാധിച്ചു.
1932ല്‍ കാസര്‍ഗോഡ് ചേര്‍ന്ന ഐക്യസംഘത്തിന്‍റെ പത്താം വാര്‍ഷിക സമ്മേളനം സലഫി പണ്ഡിതനായ മൗലാനാ അബ്ദുല്‍ വഹ്ഹാബ് ബുഖാരിയുടെ അധ്യക്ഷതയിലാണ് നടന്നത്. വടക്കന്‍ കേരളത്തിലെ മുസ്ലീം സാമുദായിക നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ സമ്മേളനം പ്രചോദനമായി. കേരള ജംഇയ്യത്തുല്‍ ഉലാമയുടെ വാര്‍ഷികം നടന്നതും ഈ കാലയളവിലാണ്. തങ്ങളുടെ സാമുദായിക അംഗങ്ങളില്‍ നിന്നുതന്നെ പല തരത്തിലുള്ള പ്രതിഷേധങ്ങള്‍ നേരിടേണ്ടിവന്നെങ്കിലും സംഘാംഗങ്ങളുടെ സന്ദര്‍ഭോചിതമായ ഇടപെടലുകളിലൂടെ ഈ പ്രശ്നങ്ങളെ മറികടക്കാന്‍ സാധിച്ചു.
മുസ്ലീം ഐക്യസംഘം പിറവി കൊണ്ട എറിയാട് വെച്ചാണ് സംഘത്തിന്‍റെ പതിനൊന്നാം വാര്‍ഷിക സമ്മേളനം നടന്നത്. 1933ല്‍ സംഘടിപ്പിച്ച വാര്‍ഷികത്തിന്‍റെ അദ്ധ്യക്ഷന്‍ മദിരാശി ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ ബി. പോക്കര്‍ സാഹിബായിരുന്നു. ഐക്യസംഘത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വരുന്ന സാമ്പത്തിക ചെലവുകള്‍ക്കാവശ്യമായ പണം ലഭിച്ചിരുന്നത് പ്രധാനമായും കര്‍ഷകരില്‍ നിന്നും ഭൂവുടമകളില്‍നിന്നുമാണ്. വിപുലമായ കാര്‍ഷിക പ്രദര്‍ശനം ഒരുക്കി സംഘാടകര്‍ സമ്മേളനം വ്യത്യസ്തമാക്കി. പതിനൊന്നാം വാര്‍ഷിക സമ്മേളനത്തോടെ കേരളത്തിലെ പ്രമുഖ മുസ്ലിം കേന്ദ്രങ്ങളിലെല്ലാം വാര്‍ഷിക സമ്മേളനം നടന്നുകഴിഞ്ഞിരുന്നു.
കേരള മുസ്ലീം ഐക്യസംഘത്തിന്‍റെ പന്ത്രണ്ടാമത്തേതും അവസാനത്തേതുമായ വാര്‍ഷിക സമ്മേളനം നടക്കുന്നത് അറയ്ക്കല്‍ കൊട്ടാരത്തില്‍ വെച്ചാണ്. മദിരാശിയിലെ അബ്ദുള്‍ ഹമീദ് ഖാനാണ് അധ്യക്ഷത വഹിച്ചത്. അതേ ദിവസം അതേ സ്ഥലത്തു വെച്ചു തന്നെ മുസ്ലീം മജ്ലിസിന്‍റെ മൂന്നാം വാര്‍ഷിക സമ്മേളനവും നടക്കുകയുണ്ടായി. മുസ്ലീം ഐക്യസംഘത്തെ കോണ്‍ഗ്രസ്സ് ആഭിമുഖ്യം പുലര്‍ത്തുന്ന മുസ്ലീം മജ്ലിസില്‍ ലയിപ്പിച്ചു കൊണ്ടാണ് പന്ത്രണ്ടാം വാര്‍ഷിക സമ്മേളനം അവസാനിക്കുന്നത്. തുടര്‍ന്ന് ഐക്യസംഘത്തിന്‍റെ സ്വത്ത് നിയന്ത്രണാവകാശം ഫാറൂഖ് കോളേജിന് കൈമാറി. മണപ്പാട്ട് കുഞ്ഞഹമ്മദ് ഹാജിയെ പോലുള്ള പുരോഗമന നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന കേരള മുസ്ലീം ഐക്യസംഘത്തിന്‍റെ ആശ്രാന്ത പരിശ്രമഫലമായി മാപ്പിളമാരുടെ സാമൂഹിക സാംസ്കാരിക സാമ്പത്തിക രാഷ്ട്രീയ മേഖലകളിലെല്ലാം വിപ്ലവകരമായ മാറ്റങ്ങളുണ്ടായി. കേരള മുസ്ലീങ്ങളുടെ ധൈഷണികവികാസത്തിന്‍റെ ചരിത്രം ഐക്യസംഘത്തിന്‍റെ ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു.
നവോത്ഥാനത്തിന്‍റെ പൊതുപരിപ്രേക്ഷ്യത്തോടുള്ള സംവാദങ്ങള്‍
ഇംഗ്ലീഷിനെ നരകഭാഷയായി കല്പിക്കുകയും അതിനെ വെറുക്കുകയും ചെയ്തതുകൊണ്ടാണ് മുസ്ലീം സമുദായത്തില്‍ പരിഷ്ക്കരണം വന്നുചേരാത്തത് എന്ന ആരോപണമാണ് നവോത്ഥാന നേതാക്കളില്‍ നിന്നും മാപ്പിളമാര്‍ ഏറ്റവുമധികം നേരിട്ടത് എന്ന് മനസ്സിലാക്കാം. ബ്രിട്ടീഷുകാര്‍ അവരുടെ സംസ്കാരമാണ് മഹത്തരമെന്ന് പഠിപ്പിക്കാനും അവര്‍ക്ക് വേണ്ടി നിലകൊള്ളുന്ന ഭക്തന്മാരെ സൃഷ്ടിക്കാനും തയ്യാറെടുത്തപ്പോള്‍ ആ അടിച്ചേല്‍പ്പിക്കലിനെ അവര്‍ നേരിട്ടത് അറബി ഭാഷ മാത്രം പഠിച്ചുകൊണ്ടാണ്. ബ്രിട്ടീഷ് സ്വേച്ഛാധിപത്യത്തിനും സംസ്ക്കാരത്തിലേക്കുള്ള കടന്നുകയറ്റത്തിനുമെതിരെയുള്ള മാപ്പിളമാരുടെ രാഷ്ട്രീയ സമരമുറയായിരുന്നു ഇംഗ്ലീഷ് വര്‍ജ്ജനം. അത് ഭാഷയോടുള്ള വെറുപ്പായിരുന്നില്ല. എന്നാല്‍ ഇന്ന് ഏറ്റവും കൂടുതല്‍ മുസ്ലീംങ്ങള്‍ ഇംഗ്ലീഷ് പഠിക്കുന്നത് മലബാറിലാണെന്നു കാണാം. അത് നവോത്ഥാനത്തിന്‍റെ ഫലമല്ല മറിച്ച് രാഷ്ട്രീയ സാഹചര്യത്തില്‍ മാറ്റം സംഭവിച്ചതിന്‍റെ പ്രതിഫലനമാണ്.
"ഭാഷാപരമായി മാപ്പിളമാര്‍ പിറകിലായിരുന്നുവെന്നത് ആരോപണം മാത്രമാണ്. അറിയുന്ന അറബി കൊണ്ട് മലയാളം എഴുതിവായിച്ച് ഗ്രന്ഥരചനകള്‍ നടത്തുമ്പോള്‍ മലയാളം തമിഴില്‍ നിന്ന് രക്ഷപ്പെട്ടുവരുന്നതേ ഉണ്ടായിരുന്നുള്ളൂ. ഖാസി മുഹമ്മദ്, മുഹിയുദ്ദീന്‍ മാല രചിക്കുമ്പോഴാണ് എഴുത്തച്ഛന്‍ കിളിപ്പാട്ടെഴുതുന്നത്. ലക്ഷണമൊത്ത നോവല്‍ ചന്തുമേനോന്‍ എഴുതുന്നതിനു ഒമ്പതുവര്‍ഷം മുമ്പ് ചാര്‍ദര്‍വേശെന്ന പേര്‍ഷ്യന്‍ കൃതി മലയാളത്തില്‍ വായിക്കാന്‍ തുടങ്ങിയിട്ടുണ്ട്. മലയാളത്തില്‍ ശൃംഗാര സാഹിത്യം കാല്‍പ്പനിക കഥകളും വെണ്‍മണി സാഹിത്യം പോലെ ഇക്കിളികളും മാപ്പിളമാര്‍ എഴുതിയിട്ടുണ്ടാവില്ല. കഴുത്തിനു നേരെ വീഴാനൊരുങ്ങുന്ന വാളും നെഞ്ചിനു നേരെ ഏതു നേരത്തും ഉതിരാവുന്ന വെടിയുണ്ടയും പ്രതീക്ഷിച്ചു ജീവിച്ച മാപ്പിളയ്ക്കും ശൃംഗാരമെഴുതാന്‍ സമയം കിട്ടിയില്ല എന്നതാണിതിനു കാരണം. പക്ഷെ, പടയ്ക്കു ചോദനയായ പടപ്പാട്ടെഴുതുക മാത്രമല്ല, അതൊക്കെ പാടി അവന്‍റെ സമരാഗ്നിയെ ഊതിക്കത്തിക്കുകയായിരുന്നു. അത് അവനുവേണ്ടി മാത്രമായിരുന്നില്ല ഒരു നാടിനും ഒരു ജനതയ്ക്കും നിര്‍ഭയരായി ജീവിക്കാന്‍. അതുകൊണ്ടാണല്ലോ മാപ്പിള എഴുതിയ പാട്ടുകള്‍ ബ്രിട്ടന്‍ പാടേ നിരോധിച്ചത്. അക്കാലത്ത് പോരില്‍ മരിച്ചുവീണ പോരാളികളുടെ കൈയില്‍ കരവാള്‍ മാത്രമല്ല, ഉടുപ്പിനകത്ത് മാപ്പിള ഭാഷയിലെഴുതിയ പടപ്പാട്ടും കൂടി കണ്ടെടുത്തിരുന്നു. അതുകൊണ്ടൊക്കെ കൂടിയാണ് മാപ്പിളവര്‍ഗ്ഗം ചിലര്‍ കരുതിയപോലെ പരിഷ്കാരിയല്ലാത്ത ക്രൂരമുഹമ്മദനുമൊക്കെയായി ചിത്രീകരിക്കപ്പെട്ടത്". (കേരള നവോത്ഥാനവും മുസ്ലിംകളും - സി. അബ്ദുള്‍ ഹമീദ്).
കുത്തുറാത്തീബ് പോലുള്ള കാര്യങ്ങള്‍ അന്ധവിശ്വാസമാണെന്ന് മുസ്ലീങ്ങള്‍ പറയുന്നതിലെ യുക്തി, അത് ഇസ്ലാമിക വിരുദ്ധമാണ് എന്ന നിലയിലാണ്. എന്നാല്‍ ഇന്ത്യ എന്നൊരു രാഷ്ട്രം രൂപപ്പെടുന്നതോടുകൂടി ഇതെല്ലാം ദേശീയതയ്ക്കെതിരായ കാര്യമായി മാറുന്നു. ദേശീയതയ്ക്കുവേണ്ടി സംസാരിക്കുന്നവര്‍ പുരോഗമനകാരികളാവുകയും അല്ലാത്തവര്‍ സമൂഹത്തില്‍ അപരവല്‍ക്കരിക്കപ്പെടുകയും അവര്‍ ഇന്ത്യാ വിരുദ്ധരാവുകയും ചെയ്യുന്നു. ലീഗുകാരനായി ജീവിക്കുക എന്നത് ഒരു കാലത്ത് ഏറ്റവും വലിയ ദുസ്സഹമായ കാര്യമായിരുന്നു. ഏറ്റവും വൈവിധ്യമായ ആലോചനകളും ജീവിത രീതികളും പിന്തുടര്‍ന്നവരാണ് മുസ്ലീങ്ങള്‍ എന്ന് കൊടുങ്ങല്ലൂരിലെ മുസ്ലീം സാമുദായിക സംവാങ്ങളെ കേന്ദ്രീകരിച്ചുതന്നെ മനസ്സിലാക്കാവുന്നതാണ്. സീതിസാഹിബ്, മണപ്പാട്ട് കുഞ്ഞുമുഹമ്മദ് ഹാജി, അബ്ദുറഹിമാന്‍ സാഹിബ് തുടങ്ങിയവരെ കുറിച്ച് പറയുമ്പോഴൊക്കെ മതത്തെ പരാമര്‍ശിക്കാതെ പോകുന്നത് കാണാം. കേരള മുസ്ലീം ഐക്യസംഘത്തിന്‍റെ രൂപീകരണവും അതിനകത്തും പുറത്തും നടന്ന സംവാദങ്ങളും വിശകലനം ചെയ്താല്‍ തന്നെ മുസ്ലീം സാമുദായികത എന്നത് എല്ലാ സമയവും ഒരേ സ്വഭാവം പ്രകടിപ്പിക്കുന്ന ഒന്നല്ല എന്നു മനസ്സിലാക്കാം. ബ്രിട്ടീഷുകാര്‍ക്ക് അനുകൂലമായും പ്രതികൂലമായും നിലകൊണ്ടവര്‍, അതിനെ പരിഗണിക്കുകപോലും ചെയ്യാത്തവര്‍ എന്നിങ്ങനെ ദേശീയതയോടും ബ്രിട്ടീഷ് ഭരണത്തോടും ബഹുവിധസമീപനം പുലര്‍ത്തിയ മുസ്ലീം സാമുദായികതയെ നിശ്ചിതമായ ഒരു കാലഘട്ടത്തെ മുന്‍നിര്‍ത്തി നിര്‍വ്വചിക്കുക സാധ്യമല്ല.
നിഗമനം : കേരളത്തിന്‍റെ സാമൂഹിക നവോത്ഥാനം എല്ലായ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നത് നിശ്ചിത വിഭാഗത്തെ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ടാണ്. കൊച്ചി, തിരുവിതാംകൂര്‍ മേഖലകളില്‍ നടന്ന സാമൂഹികവും സാമുദായികവുമായ പരിഷ്കരണങ്ങളാണ് പ്രധാനമായും നവോത്ഥാനത്തിന്‍റെ പരിധിയില്‍ വരുന്നത്. കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച സ്വാതന്ത്ര്യസമരസേനാനികളുടെ പട്ടികയില്‍ നിന്ന് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ല്യാര്‍ തുടങ്ങിയ സമരനേതാക്കള്‍ നീക്കം ചെയ്യപ്പെടുകയുണ്ടായി. ഈ തിരുത്തലുകളുടെ ചരിത്രമന്വേഷിച്ചിറങ്ങിയാല്‍ 1711-ാം നമ്പര്‍ വാഗണില്‍ ശ്വാസം കിട്ടാതെ മരിച്ചവരെയും ആന്തമാനിലേക്ക് നാടുകടത്തപ്പെട്ടവരെയും കുഞ്ഞാലിമാരേയുമെല്ലാം കാണാം. നവോത്ഥാന പൊതുബോധസങ്കല്പങ്ങള്‍ അരികുവത്കരിച്ച ഈ ചരിത്രത്തെ കൂടി ചേര്‍ത്തുവെയ്ക്കുമ്പോള്‍ മാത്രമാണ് സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വൈജ്ഞാനിക തലങ്ങളിലെ അസുലഭമാറ്റങ്ങളുടെ ചരിത്രത്തെ ശരിയായ രീതിയില്‍ അടയാളപ്പെടുത്താന്‍ സാധിക്കുന്നത്. സ്വത്വപ്രതിസന്ധിയെ മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോഴാണ് നവോത്ഥാനچത്തിന്‍റെ വിള്ളലുകളെ സംബന്ധിച്ച് വ്യക്തത കൈവരുന്നത്. മലയാളത്തിനുവേണ്ടി മാനകഭാഷ രൂപപ്പെടുത്തിയതു പോലെ നവോത്ഥാനം എന്ന ആശയം രൂപപ്പെടുത്തിയത് സവര്‍ണ്ണ വിഭാഗത്തെ കേന്ദ്രകരിച്ചല്ലേ എന്ന സംശയമുദിക്കുന്നത് അപ്പോഴാണ്. നവോത്ഥാനത്തിന്‍റെ അര്‍ത്ഥം പലപ്പോഴും സാമൂഹികമാണ്. അതില്‍ മതം എല്ലായിപ്പോഴും പുറത്തു നില്‍ക്കുന്നു. വാസ്തവത്തില്‍ മത നവീകരണത്തെ നവോത്ഥാനമെന്ന ആശയത്തിലേയ്ക്ക് ചുരുക്കുകയാണ് ചെയ്തതെന്ന് മനസ്സിലാക്കാം. ڇകേരള മുസ്ലിം ഐക്യസംഘം' നവോത്ഥാനത്തിന്‍റെ പൊതുപരിപ്രേക്ഷ്യത്തോട് ഏറ്റുമുട്ടിയതും അതിന്‍റെ ആശയങ്ങള്‍ ഇന്നും ഏറ്റുമുട്ടുന്നതും ഈ അരികുവത്കരണത്തിന്‍റെ രാഷ്ട്രീയത്തോടാണ്. ഇ.കെ മൗലവിയുടെ അല്‍-ഇര്‍ഷാദ് മൊയ്ത് മൗലവിയുടെ അല്‍-ഇസ്ലാഹ്, മണപ്പാട്ട് കുഞ്ഞുമുഹമ്മദ് ഹാജിയുടെ څമുസ്ലിം ഐക്യം', കെ.എം സീതി സാഹിബിന്‍റെ څഐക്യം', മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്‍റെ څഅല്‍-അമീന്‍چ എന്നീ മാധ്യമങ്ങളിലൂടെ പ്രചരിച്ച ഐക്യസംഘത്തിന്‍റെ വ്യത്യസ്തമായ ആശയങ്ങളെ ഉള്‍ക്കൊള്ളുവാനുള്ള വ്യാപ്തി ദേശിയതയ്ക്കോ ദേശീയതയിലധിഷ്ഠിതമായ നവോത്ഥാന പ്രത്യയശാസ്ത്രത്തിനോ ഇല്ല എന്നു തന്നെ മനസ്സിലാക്കേണ്ടിയിരിക്കുന്നു.
ഗ്രന്ഥസൂചി:
അല്‍ത്താഫ് കെ.എം., (2015), നവോത്ഥാന സംസ്കൃതിയുടെ സ്പീക്കര്‍ സീതിസാഹിബ്, olive publications, കോഴിക്കോട്.
അഹമ്മദ് എ.പി., (2017), മുസ്ലീം നവോത്ഥാനം ചില കേരളീയ ചിത്രങ്ങള്‍, കൈരളി ബുക്സ്, കണ്ണൂര്‍.
അഹമ്മദ് കുട്ടി. ഇ.കെ., (2010), കേരള മുസ്ലീം നവോത്ഥാനം വിമര്‍ശനങ്ങളും വസ്തുതകളും, യുവത ബുക്സ്, കോഴിക്കോട്.
കാതിയാളം അഹമ്മദ് എ.പി., (2017), മുസ്ലീം നവോത്ഥാനം ചില കേരളീയ ചിത്രങ്ങള്‍, കൈരളി ബുക്സ്, കണ്ണൂര്‍.
കാതിയാളം അബൂബക്കര്‍, (2020), കേരളീയ നവോത്ഥാനവും മണപ്പാടനുംകേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവന്തപുരം.
ബക്കര്‍ മേത്തല, (2016), മണപ്പാട്ട് കുഞ്ഞഹമ്മദ് ഹാജി, KSICL, തിരുവന്തപുരം.
മുഹമ്മദ് അബ്ദുള്‍കരീം, കെ.കെ., (2012), മക്തിതങ്ങളുടെ സമ്പൂര്‍ണ്ണകൃതികള്‍, വചനം ബുക്സ്, കോഴിക്കോട്.
മുഹമ്മദ് ടി., (2019), ഇസ്ലാമിലെ നവോത്ഥാന പ്രസ്ഥാനങ്ങള്‍, iph, കോഴിക്കോട്.
മുഹമ്മദ്.ടി., (2013), മാപ്പിള സമുദായം ചരിത്രം സംസ്കാരം, ips, കോഴിക്കോട്.
മൊയ്തു മൗലവി, (1985), മൗലവിയുടെ ആത്മകഥ, എസ്.പി.സി.എസ്., കോട്ടയം.