Kaavi - An anti-discourse of Athman and Autobiography

Dr. Naushad S

(Article No: 218, issue No: 29, June 2022, Page no: 22-33)

Abstract

A study based on VKN’s Kaavi. The work belongs to the genre of Anti novel in Malayalam which begins with Parangodiparinayam. In addition to being a parody of Ardhaviraama, the autobiography of Amartyananda is an exposition of VKN’s preposition that there is a rise in spiritual groups under the patronage of financial capitalism that destabilizes the existence of nation states. The thesis also searches the question of distorted reading related to Kaavi 

Keywords: Anti-novel-Induleka - Kizhakkeppattu Ramankutti Menon, Parangodi Parinayam, VKN, Kaavi - Amarthyananda,  Ardhaviramam,  S. Sudheesh 

Reference:

Amarthyananda, Ardhaviramam, Current Books, Thrissur,1991
George Irumbayam (Dr.), (Ed.),Nalu Novelukal, Kerala Sahitya Academy, Thrissur,1985
Mohenraj, A.T., charithrathinte santhwanam, Left Books, Calicut university, 1997
Natsume Soseki, The Miner, Gallic Books, 2016
Reghunathan,K., Mukthakandam VKN, Logos Books, 2019
Sudheesh,S., Charithravum bhavanayum novel kalayil, Kerala bhasha institute, 2010
V.K.N., Kavi, Current Books Thrissur,1999
Dr. Naushad S
Assistant Professor
Department of Kerala Studies
University of Kerala
Kariavattom
Pin: 695881
India   
Ph: +91 9446370168
email: nishadhan@yahoo.com


കാവി: ആത്മന്‍റെയും ആത്മകഥയുടെയും പ്രതിവ്യവഹാരം

നൗഷാദ് എസ്

ആമുഖം

സകലജീവിതവ്യവഹാരങ്ങളെയും നിശ്ചിതസാംസ്കാരികരൂപങ്ങളാക്കി ഭാവന ചെയ്യലാണ് സാഹിത്യമെങ്കില്‍, ആ സാംസ്കാരികരൂപങ്ങളുടെ അഴിച്ചുപണിയലില്‍ നിന്നാണ് ആന്‍റി-നോവല്‍ നിര്‍മ്മിതമാകുന്നത്. മലയാളത്തില്‍ ആ പ്രയോഗം കടന്നുവരുന്നത് വി കെ എന്നിന്‍റെ കാവിയോടൊപ്പമാണ്. ആത്മീയതയുടെ നിശിതവിമര്‍ശനം നിര്‍വ്വഹിച്ച ആ കൃതി ദേശാഭിമാനി വാരികയില്‍ ഖണ്ഡശ്ശയായി പ്രകാശിതമാകുന്നത് (1990 ഡിസംബര്‍ 16-22) ആന്‍റി-നോവല്‍ എന്ന വിശേഷണത്തോടൊപ്പമായിരുന്നു. പുസ്തകരൂപത്തിലുള്ള ആദ്യപതിപ്പിലും (കലാക്ഷേത്രം പബ്ലിഷിംഗ് : 1994) ആന്‍റി-നോവല്‍ പ്രയോഗം നിലനിന്നെങ്കിലും കറന്‍റ് ബുക്സ് 1996-ല്‍ പുറത്തിറക്കിയ പതിപ്പില്‍ നിന്ന് അത് പിന്‍വലിക്കപ്പെട്ടു. നടപ്പുരീതികളുടെ ലംഘനമെന്ന് വി കെ എന്‍ സാഹിത്യത്തെ, സാമാന്യമായി നിര്‍വ്വചിക്കാമെന്നിരിക്കേ, കാവിക്ക് മാത്രമായി എന്തുകൊണ്ട് ആ വിശേഷണം, എന്ന ചോദ്യം നോവലിന്‍റെ പാഠവല്‍ക്കരണത്തെ സക്രിയമാക്കുകയും ചരിത്രവല്‍ക്കരിക്കുകയും ചെയ്യും. അത്, കാവിയുടെ അപവായനകളെ തിരിച്ചറിയാനുള്ള ഉപായമായും  മാറും.

താക്കോല്‍വാക്കുകള്‍: ആന്‍റി നോവല്‍ - വി കെ എന്‍ - കാവി - അമര്‍ത്യാനന്ദ - അര്‍ദ്ധവിരാമം -  സിദ്ധാര്‍ത്ഥ - ഹെര്‍മ്മന്‍ ഹെസ്സേ - ഇന്ദുലേഖ - പറങ്ങൊടീപരിണയം - ആത്മീയതാവിമര്‍ശനം.

ആന്‍റി നോവല്‍ - ചരിത്രവും നിര്‍വ്വചനവും

വൈവിധ്യങ്ങളും വൈരുധ്യങ്ങളും നിറഞ്ഞ മഹാലോകത്തെയാണ് നോവല്‍ പ്രതിനിധാനം ചെയ്യുന്നത്. പക്ഷേ നോവലടക്കമുള്ള സാംസ്കാരികരൂപങ്ങളാണ് ആന്‍റി-നോവലിന്‍റെ അസംസ്കൃതവിഭവം. അത് ഒന്നിന്‍റെയും ബദലല്ല. മറിച്ച്, ആഘോഷിക്കപ്പെടുന്നവയും സ്ഥാപനവല്‍ക്കരിക്കപ്പെടുന്നവയും എത്ര അശ്ലീലവും അപഹാസ്യവുമാണ് എന്ന് സമര്‍ത്ഥിക്കുന്ന പ്രതിക്രിയയാണത്. പരുവപ്പെട്ട കഥയെയും കഥാപാത്രങ്ങലെയും കഥാഘടനയെയുമൊക്കെ റദ്ദു ചെയ്തുകൊണ്ട് എഴുത്തിന്‍റെ (ജീവിതത്തിന്‍റെയും) വാസ്തവസ്വഭാവത്തെ ആരായുന്ന ആഖ്യാനരീതിയാണ് ആന്‍റി-നോവലിലേത്.

മലയാളത്തില്‍ ഈ പ്രയോഗത്തിന് അധികം പ്രചാരം ലഭ്യമായിട്ടില്ലെങ്കിലും യൂറോപ്യന്‍ സാഹിത്യത്തില്‍ ആന്‍റി-നോവലിന് സുദീര്‍ഘമായ പാരമ്പര്യമുണ്ട്. നോവല്‍സാഹിത്യം തന്നെയും ആന്‍റിനോവലായാണ് രൂപംകൊണ്ടത് എന്ന്, ഡോണ്‍ക്വിക്സോട്ടിനെക്കുറിച്ചുള്ള പഠനങ്ങളില്‍ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പതിനേഴാം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ ജീവിച്ചിരുന്ന ചാള്‍സ് സോറലാണ് മിശേ ിീ്ലഹ എന്ന പ്രയോഗത്തിന്‍റെ ഉപജ്ഞാതാവെങ്കിലും (സോറലിന്‍റെ തന്നെ ഗദ്യആഖ്യായികയായ ഠവല ഋഃൃമ്മേഴലിേ ടവലുവലൃറ ന്‍റെ വികടസ്വഭാവത്തെ വ്യക്തമാക്കാന്‍ അദ്ദേഹം തന്നെ ഉപയോഗിക്കുന്ന സംജ്ഞ) സാര്‍ത്രാണ് ഈ സംജ്ഞയെ ആധുനികസാഹിത്യവ്യവഹാരങ്ങളിലേക്കാനയിക്കുന്നത് - നതാലിയ സറാട്ടിന്‍റെ ജീൃൃമേശേ ീള മ ങമി ഡിസിീംി എന്ന നോവലിന്‍റെ ആമുഖപഠനത്തില്‍. നിശ്ചിത ഇതിവൃത്തത്തിന്‍റെ അഭാവം, കാലത്തിന്‍റെ പൂര്‍വ്വാപരക്രമമോ കാര്യകാരണയുക്തികളോ പാലിക്കാത്ത സംഭവങ്ങള്‍, ഭാഷയുടെ വിചിത്രകേളികള്‍ തുടങ്ങിയവയിലൂടെ നോവല്‍ആഖ്യാനത്തിന്‍റെ നടപ്പുരീതികളെ ബോധപൂര്‍വ്വം ലംഘിക്കുക എന്നതാണ് ആന്‍റി-നോവലിന്‍റെ രീതിശാസ്ത്രം. പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഐറിഷ് സാഹിത്യകാരന്‍ ലോറന്‍സ് സ്റ്റെയിനിന്‍റെ ട്രിസ്റ്റം ഷാന്‍ഡി , ആന്‍റി നോവലിന്‍റെ ആദ്യകാല മാതൃകയായി പരിഗണിക്കപ്പെടുന്നുണ്ട്. സംഭവങ്ങളുടെ പൂര്‍വ്വാപരക്രമം പാലിക്കാത്ത ആ നോവലില്‍ വായനക്കാര്‍ക്കിടപെടാന്‍ വേണ്ടിത്തന്നെ ഏറെ ഒഴിഞ്ഞപുറങ്ങളും ചിത്രപ്പുറങ്ങളും നോവലിസ്റ്റ് ഒരുക്കിവച്ചിരുന്നു.

പ്രകാശനകാലത്ത് ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ജാപ്പനീസ് ആന്‍റി-നോവലാണ് നറ്റ്സുമേ സുസേക്കിയുടെ ഠവല ങശിീൃ (1908). സ്വദേശത്ത് നിന്ന് പൈന്‍കാട്ടിലേക്ക് പലായനം ചെയ്യുന്ന നായകനെ അവതരിപ്പിച്ചുകൊണ്ടാരംഭിക്കുന്ന ആദ്യ അദ്ധ്യായത്തെ, യഥാതഥമായ കഥാപാത്രസങ്കല്‍പ്പനങ്ങള്‍ ഉപയോഗിച്ചുള്ള നോവല്‍രചന, ദൈവത്തിന് പോലും അസാധ്യമാണെന്ന് സമര്‍ത്ഥിക്കുന്ന ഉപന്യാസമായും വായിച്ചെടുക്കാവുന്നതാണ്.

പ്രതി-നോവല്‍ മലയാളത്തില്‍

മലയാളനോവല്‍സാഹിത്യത്തിന്‍റെ ആരംഭഘട്ടത്തില്‍ത്തന്നെ നോവല്‍ആഖ്യാനരീതികളില്‍ പരീക്ഷണങ്ങളുണ്ടാകുന്നുണ്ട്. കൊളോണിയല്‍ നന്മകളെ ആഘോഷിക്കുന്ന ഇന്ദുലേഖയുടെ (1888) പ്രതി-വായനയായിരുന്നു കിഴക്കേപ്പാട്ട് രാമന്‍കുട്ടി മേനോന്‍റെ പറങ്ങോടീപരിണയം (1892). ലക്ഷണമൊത്തെ ആദ്യനോവല്‍, നായികാനായകരാകാന്‍ സര്‍വ്വഥാ യോഗ്യരായ കുലവ്യക്തിത്വങ്ങള്‍, അവരുടെ പ്രണയവും പരിഹാരസാധ്യതയുള്ള പ്രതിബന്ധങ്ങളും തുടങ്ങി ഇന്ദുലേഖ മുന്നോട്ടുവച്ച അഭിജാതസൗന്ദര്യസങ്കല്പനങ്ങള്‍ക്ക് ലഭിച്ച ബൗദ്ധികമായ ആഘാതമായിരുന്നു, പറങ്ങോടീപരിണയം. ഇന്ദുലേഖയെ മഹാഖ്യാനമാക്കി സ്ഥാപിക്കാന്‍ ചന്തുമേനോന്‍ ഉപയോഗിച്ച 'ഒരു സംഭാഷണം' എന്ന 18-ാം അധ്യായത്തെ രാമന്‍കുട്ടി മേനോന്‍ ഉപഹസിച്ചത് തന്‍റെ നോവലിന്‍റെ പത്താമധ്യായത്തിന് ഒരു 'സംഭാഷണം അല്ലെങ്കില്‍ 18-ാം അധ്യായം' എന്ന് പേരിട്ടുകൊണ്ടാണ്.

വ്യാജഗൗരവത്തിന്‍റെ തലത്തില്‍ നിന്നുകൊണ്ട് ഇന്ദുലേഖ അവതരിപ്പിക്കുന്ന ഉപരിവര്‍ഗ്ഗകാല്‍പ്പനികതയെ ഭാഷകൊണ്ടും ഭാവംകൊണ്ടും ബാഷ്പീകരിക്കുന്ന രാമന്‍കുട്ടി മേനോന്‍റെ കലാവിദ്യ, ആധുനിക എഴുത്തുകാരനായ വി കെ എന്നിന്‍റെ ഭാഷാകൗശലങ്ങളെ അനുസ്മരിപ്പിക്കുന്നുവെന്ന്, എസ്.സുധീഷ് എഴുതുമ്പോള്‍ (2016:11) ഒട്ടുമേ അതിശയോക്തിപരമല്ല ആ പ്രസ്താവന എന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഇന്ദുലേഖയെയും ലക്ഷണമൊത്ത നോവല്‍സങ്കല്‍പ്പത്തെയും പുനര്‍വായിച്ച പറങ്ങോടീപരിണയവും അതിനും ഒരു നൂറ്റാണ്ടിനിപ്പുറമിറങ്ങിയ കാവിയും ബന്ധിതമാകുന്നത് അവയുടെ പ്രമേയപരവും ഘടനാപരവുമായ സവിശേഷതകള്‍ കൊണ്ടുതന്നെയാണ്. ആഘോഷിക്കപ്പെട്ടതിനെയൊക്കെ നിര്‍ദ്ദയം ദണ്ഡിക്കുന്ന മലയാളത്തിന്‍റെ ഹാസ്യസാഹിത്യപാരമ്പര്യത്തില്‍, തോലനിലും കുഞ്ചനിലും ആരംഭിക്കുന്ന പ്രതി-രചനാപാരമ്പര്യത്തില്‍ രാമന്‍കുട്ടി മേനോനും വി കെ എന്നും കണ്ണി ചേര്‍ക്കപ്പെടുന്നുണ്ട് എന്ന് പറങ്ങോടീപരിണയവും കാവിയും ബോധ്യപ്പെടുത്തുന്നുണ്ട്.

കാവിയുടെ നിര്‍മ്മാണഹേതുവും അപവായനകളും

കാവി ആദ്യം പ്രകാശിപ്പിക്കപ്പെട്ടത് ദേശാഭിമാനി വാരികയില്‍ ഖണ്ഡശഃ രൂപത്തിലായിരുന്നുവെന്നും അത് 1990 ലായിരുന്നുവെന്നും ഈ പ്രബന്ധത്തിന്‍റെ തുടക്കത്തില്‍ സൂചിപ്പിച്ചതാണ്. നോവല്‍, പുസ്തകരൂപത്തിലായത്, 1994-ലും, കാവി എന്ന നോവല്‍നാമം, ആത്മീയതയെ വിമര്‍ശിക്കുന്ന പ്രമേയം എന്നിവയൊക്കെ മുന്‍നിര്‍ത്തി കാവിയുടെ കാലം 1994 ആണെന്നും അത് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്‍റെ പ്രേരണയാല്‍ എഴുതിയ കൃതിയാണെന്നൊക്കെയുള്ള ഉറപ്പിക്കലുകള്‍ മലയാളത്തിലുണ്ടായിട്ടുണ്ട്. ആസുരകാലത്തിന്‍റെ പുരുഷാര്‍ത്ഥങ്ങള്‍ എന്ന പഠനത്തില്‍ എം.വി.നാരായണന്‍ എഴുതുന്നതിങ്ങനെ: 'തൊണ്ണൂറുകളുടെ മദ്ധ്യത്തില്‍, കാഷായഫാസിസ്റ്റുകളുടെയും ഹൈന്ദവസംഘപരിവാരത്തിന്‍റെയും കാവിപ്പട ദിനംപ്രതി ശക്തിയാര്‍ജ്ജിച്ചു വന്ന ഒരു കാലത്താണ് ഇത് (കാവി) എഴുതപ്പെട്ടത്' (സമകാല മലയാളം: 2006 ഡിസംബര്‍ 25). വി കെ എന്നിന്‍റെ ജീവചരിത്രകാരന്‍ കെ.രഘുനാഥന്‍ എഴുതുന്നത് നോക്കുക: '1992 ഡിസംബര്‍ 6-ന് 1528-ല്‍ നിര്‍മ്മിച്ച അയോധ്യയിലെ ബാബറി മസ്ജിദ് ഹിന്ദു കര്‍സേവകര്‍ തകര്‍ത്തത് സ്വതന്ത്ര ഇന്ത്യ മഹാസംഭവങ്ങളിലൊന്നായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് കാവിയില്‍ നേരിട്ടുള്ള പ്രമേയമല്ലെങ്കിലും ഈ പശ്ചാത്തലത്തിലാണ് 1994-ല്‍ നോവലിറങ്ങുന്നത്' (2019:240). കാവി, തൊണ്ണൂറുകളുടെ മധ്യത്തിലെഴുതപ്പെട്ട കൃതിയല്ല; തൊണ്ണൂറുകളുടെ ആദ്യം എഴുതപ്പെട്ട കൃതിയാണ്. കാവിയുടെ പ്രമേയം ആത്മീയതയുടെ വിമര്‍ശനമാണെങ്കിലും, അത് നിര്‍വ്വഹിക്കപ്പെട്ടത് ബാബറി മസ്ജിദ് പ്രശ്നത്തിന് ശേഷമല്ല, മുമ്പാണ്. എന്തുകൊണ്ടാവാം കാവിയുടെ പഠനവും വി കെ എന്നിന്‍റെ ജീവചരിത്രവുമൊക്കെ ഇങ്ങനെ ആധികാരിക അബദ്ധങ്ങളായിത്തീരുന്നത്? ഇവിടെയാണ് ആന്‍റി നോവല്‍ എന്ന പ്രയോഗം പ്രസക്തമാകുന്നത്. അത് കാവിയുടെ നിര്‍മ്മാണകാരണത്തെ വെളിപ്പെടുത്തുന്ന താക്കോല്‍വാക്കായാണ് ദേശാഭിമാനിവാരിക പരിചയപ്പെടുത്തിയത്. കാവിയുടെ പില്‍ക്കാലപതിപ്പുകളില്‍ നിന്ന് ആ പ്രയോഗം അപ്രത്യക്ഷമായപ്പോള്‍, മാഞ്ഞുപോയത് ആ കൃതിയുടെ യഥാര്‍ത്ഥ നിര്‍മ്മാണകാരണവും യഥാര്‍ത്ഥകാലവുമായിരുന്നു; സംഭവിച്ചത് ആ കൃതിയുടെ അപവായനകളായിരുന്നു.

ആത്മീയതാവിമര്‍ശനം കാവിയുടെ സാമാന്യലക്ഷ്യമായിരിക്കെത്തന്നെ, അതിന് സവിശേഷമായൊരു ലക്ഷ്യവേദിയുമുണ്ടായിരുന്നു. അത് അമര്‍ത്യാനന്ദയുടെ 'അര്‍ദ്ധവിരാമം' എന്ന ആത്മകഥയാണ്.

ആത്മനെ അന്വേഷിച്ചിറങ്ങുകയും അന്വേഷണത്തിന് അര്‍ദ്ധവിരാമമിട്ടുകൊണ്ട് ഗാര്‍ഹസ്ഥ്യത്തിലേക്ക് മടങ്ങുകയും ചെയ്ത അമര്‍ത്യാനന്ദ, തന്‍റെ സന്യാസകാലജീവിതവും താന്‍ സന്യാസം ഉപേക്ഷിക്കാനിടയാക്കിയ സാഹചര്യവും വിവരിക്കുന്ന കൃതിയാണ് അര്‍ദ്ധവിരാമം. കല്‍ക്കത്തയിലെ രാമകൃഷ്ണമിഷന്‍റെ പ്രവര്‍ത്തനരീതികളും മിഷന്‍റെ ആശ്രമങ്ങളിലെ കഠിനചര്യകളുമൊക്കെ കൃതിയില്‍ വിശദമായി പ്രതിപാദിക്കുന്നു. എം ടി വാസുദേവന്‍നായരുടെ പത്രാധിപക്കുറിപ്പോടെ 1990 ജൂണ്‍ മാസം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശ ആരംഭിച്ച അര്‍ദ്ധവിരാമം, 1990 ഡിസംബറില്‍ അവസാനിച്ചു. തൊട്ടടുത്ത ആഴ്ച തന്നെ അര്‍ദ്ധവിരാമത്തിന്‍റെ പ്രമേയത്തെയും അതിലെ കഥാപാത്രങ്ങളെയും കളിയാക്കിക്കൊണ്ട് ദേശാഭിമാനി വാരികയില്‍ കാവി പ്രസിദ്ധീകരിച്ചുതുടങ്ങി. അതായത് അര്‍ദ്ധവിരാമത്തിന്‍റെ വിരാമത്തിനും കാവിയുടെ ആരംഭത്തിനും ഒട്ടും കാലവിളംബമുണ്ടായില്ലെന്നര്‍ത്ഥം. ആത്മീയത എന്ന ഇതിഹാസമാനമുള്ള അര്‍ദ്ധവിരാമപ്രമേയത്തെയും ആത്മനെ അന്വേഷിക്കുന്ന ആത്മകഥയുടെ ഘടനയെയും ഹിംസിച്ചുകൊണ്ട് ആന്‍റി നോവലായി മാറുന്ന കാവിയെ, അര്‍ദ്ധവിരാമത്തിന്‍റെ പ്രതി-വായനയെന്ന നിലയില്‍ ചിലരെങ്കിലും തിരിച്ചറിയാതിരുന്നില്ല. ദേശാഭിമാനിയില്‍ വായനക്കാരുടെ പംക്തിയിലും (ദേശാഭിമാനി വാരിക, 1991 ജനുവരി 27) ആദ്യപതിപ്പിന്‍റെ പിന്‍ചട്ടക്കുറിപ്പിലും വ്യംഗ്യരൂപത്തിലുള്ള സൂചനകളുണ്ട്. എം ടി മോഹന്‍രാജ് എന്ന നിരൂപകന്‍ ഇക്കാര്യം വാച്യമായിത്തന്നെ രേഖപ്പെടുത്തി (1997:52).

അര്‍ദ്ധവിരാമവും കാവിയും: ആത്മകഥയും പ്രതി-വായനയും

അര്‍ദ്ധവിരാമത്തിന്‍റെ ഘടന ഉപയോഗിക്കുന്നു എന്നതുകൊണ്ട് തന്നെ സുഘടിതമായ ഇതിവൃത്തം കാവിയിലുണ്ടാകുന്നില്ല. പ്രതി-വായന എന്ന നിലയില്‍ അത്തരമൊരു സുഘടിതത്വം കാവി അഭിലഷിക്കുന്നുമില്ല.

ആത്മകഥയിലെന്ന പോലെ തന്നെ ഉത്തമപുരുഷനിലാണ് നോവലിലും ആഖ്യാനം.

റവറ് മരം ടാപ്പ് ചെയ്ത് ധാരാളം പണം മോഷ്ടിച്ചു പണക്കാരനായ, വിഭാര്യനായ ടാപ്പര്‍ രാമന്‍ പറഞ്ഞത് കേട്ട് സന്യാസത്തില്‍ തല്‍പരനായ ആഖ്യാതാവ് ഭാര്യയെയും രണ്ടു കുട്ടികളെയും ഉപേക്ഷിച്ച് ആത്മനെ അന്വേഷിച്ച് പുറപ്പെടുന്നു. കാറളമണ്ണയ്ക്ക് പോവുകയാണെന്ന് പറഞ്ഞ് നാട്ടുകാരെയും വീട്ടുകാരെയും തെറ്റിദ്ധരിപ്പിച്ചാണ് അയാള്‍ ഹിമാലയത്തില്‍ ഷാമിയാര്‍ മിഷന്‍ ആശ്രമത്തില്‍ ചെന്നുചേരുന്നത്. അവിടെ അയാള്‍ പരമാനന്ദന്‍, പൂജ്യാനന്ദന്‍, സുജയാനന്ദന്‍ തുടങ്ങിയ സന്യാസിമാരെ പരിചയപ്പെടുന്നു. വൈശ്രവണാനന്ദനില്‍ നിന്ന് മന്ത്രം സ്വീകരിച്ച് അയാള്‍ സന്യാസിയാകുന്നു. കള്ളവാറ്റ്, പിമ്പ് പണി, കഞ്ചാവ് വിതരണം, സ്വാമിമാര്‍ക്ക് കോഴിസൂപ്പുണ്ടാക്കല്‍ ഇവയാണ് അവിടത്തെ മുഖ്യപണി.

പിന്നീടിയാള്‍ ഷാമിയാര്‍ മിഷന്‍ വിട്ട് വിദ്യാവതി ആശ്രമത്തിലെത്തുന്നു. ഇവിടെ വച്ച് സദാനന്ദസ്വാമി എന്ന പേര് സ്വീകരിക്കുന്നു. ആശ്രമപ്രസിദ്ധീകരണമായ മഞ്ഞക്കിളി മാസികയുടെ സ്ഥാപത്രാധിപസ്ഥാനം ഏറ്റെടുക്കുന്നു. പഞ്ചലോക വിഗ്രഹക്കടത്താണ് അവിടെ പ്രധാന കച്ചവടം. അമേരിക്കന്‍ പര്യടനത്തിന് ലഭിച്ച അവസരം (സ്വതന്ത്രമായ ലൈംഗികവേഴ്ചയാണ് അമേരിക്കന്‍ പര്യടനത്തിന്‍റെ പ്രലോഭനം) ആശ്രമാധിപന്‍ സ്വാമി തട്ടിയെടുത്തതില്‍ പ്രതിഷേധിച്ച് സദാനന്ദ സ്വാമി വിദ്യാവതി ആശ്രമം ഉപേക്ഷിക്കാന്‍ തീരുമാനിക്കുന്നു.

വിദ്യാവതി വിട്ട സദാനന്ദസ്വാമിയെ പോലീസ് അറസ്റ്റുചെയ്തു. പൂര്‍വ്വാശ്രമത്തിലെ സുഹൃത്ത് ദാമോദരന്‍ മുതലാളി കൊടുത്ത ചെക്കുകേസിലാണ് അറസ്റ്റ് (അറസ്റ്റല്ല, നിര്‍ബന്ധമായി പിടിച്ചുകൊണ്ട് പോകുന്നുവെന്ന് പോലീസ്. കാരണം, പ്രതി 'സ്വാമി'യാണ്). പോലീസ് സദാനന്ദസ്വാമിയെ ദാമോദരന്‍ മുതലാളിയുടെ അടുത്തെത്തിക്കുന്നു. ബിസ്സിനസ്സാവശ്യത്തിനായി നിരവധി സന്യാസിമാരെ സംരക്ഷിക്കുന്നയാളാണ് ദാമോദരന്‍മുതലാളി. കേസ് ഒത്തുതീര്‍പ്പാക്കി സദാനന്ദസ്വാമി, ഭാര്യ കാര്‍ത്ത്യായനിയുടെ അടുത്തെത്തുമ്പോള്‍ കുട്ടികള്‍ക്ക് അയാള്‍ 'പഴയച്ഛനാ'ണ്. 'പുതിയച്ഛന്‍' ടാപ്പര്‍ രാമന്‍. ടാപ്പര്‍ രാമന്‍ തന്നെ വഞ്ചിച്ചെന്ന് സ്വാമിയും ദാമോദരന്‍മുതലാളി തന്നെ രക്ഷിച്ചെന്ന് ഭാര്യയും പറയുന്നിടത്ത് നോവലവസാനിക്കുന്നു.

പ്രമേയം ആവശ്യപ്പെടുന്ന വൈകാരികസംഘര്‍ഷങ്ങളോ നാടകീയമുഹൂര്‍ത്തങ്ങളോ കൃതിയിലില്ല. അര്‍ദ്ധവിരാമത്തിലെ സംഭവങ്ങളുടെയും കഥാപാത്രങ്ങളുടെയും വിപര്യയം കൊണ്ടുള്ള അന്തരീക്ഷസൃഷ്ടിയാണ് നോവലിന്‍റെ ആന്തരികഘടന.

അര്‍ദ്ധവിരാമത്തില്‍ പരാമര്‍ശിതമാകുന്ന വ്യക്തിനാമങ്ങള്‍, പ്രസ്ഥാനങ്ങള്‍, സംഭവങ്ങള്‍ എന്നിവ മാത്രമല്ല ചരിത്രപുരുഷന്മാരെയും ചരിത്രസംഭവങ്ങളെയും കാവി തലതിരിച്ചു വായിക്കുന്നുണ്ട്. രാമകൃഷ്ണമിഷന്‍ 'ഷാമിയാര്‍ മിഷനും' ശ്രീരാമകൃഷ്ണ പരമഹംസന്‍ 'ഹംസ'വുമാകുന്നു. അമര്‍ത്യാനന്ദ ഉപയോഗിക്കുന്ന ആത്മന്‍ എന്ന പദത്തെ അതേ രൂപത്തിലാവര്‍ത്തിച്ച്  കളിയാക്കുന്നു. 'സ്വാമി' എന്ന പദത്തിന് ചാമി, സാമ്യാര്, ചാമ്യേന്‍, ചാമ്യേട്ട, ചാമിക്കുട്ടന്‍, ചാമിക്കുട്ടി, അച്ചന്‍ചാമി, ചാമിയച്ചന്‍ എന്നിങ്ങനെ രൂപമാറ്റം വരുത്തി അതിന്‍റെ രൂഢാര്‍ത്ഥത്തെ ന്യൂനീകരിക്കുന്നു.

ആത്മനെ അന്വേഷിച്ചിറങ്ങുകയും അത് സാധ്യമാകാതെ പരാജിതനായി മടങ്ങുകയും ചെയ്ത ഒരു സാധാരണ മനുഷ്യന്‍റെ കഥ എന്ന നിലയിലാണ് അര്‍ദ്ധവിരാമം അവതരിപ്പിക്കപ്പെട്ടത്. ആത്മീയമായ സന്ദിഗ്ദ്ധതകളും സംഘര്‍ഷങ്ങളും കൊണ്ട് സങ്കീര്‍ണ്ണമായ ജീവിതത്തെയാണ് കൃതി വിവരിച്ചത്. ആത്മീയതയുടെ വിശുദ്ധാര്‍ത്ഥങ്ങളെയായിരുന്നു അര്‍ദ്ധവിരാമം പ്രക്ഷേപിച്ചത്. എന്നാല്‍ ഈ വിശുദ്ധാര്‍ത്ഥങ്ങള്‍ എത്ര ഹിംസാത്മകമാണ് എന്നാണ് കാവി വായിച്ചെടുത്തത്. അവ എങ്ങനെയാണ് മനുഷ്യനെ അപമാനവികനാക്കുന്നതെന്ന് അര്‍ദ്ധവിരാമത്തിലെ സംഭവങ്ങളുപയോഗിച്ചു തന്നെ വി കെ എന്‍ വായിച്ചു. ഒരര്‍ത്ഥത്തില്‍ മനുഷ്യനെ അടിമവല്‍ക്കരിക്കുന്ന ആത്മീയതയുടെ പുനര്‍മൂല്യവിചാരം കൂടിയായിത്തീരുന്നു, കാവി.

അര്‍ദ്ധവിരാമത്തിലെ സന്ദര്‍ഭങ്ങളെ കാവി എപ്രകാരമാണ് പുനര്‍വായിക്കുന്നതെന്ന് ചില ഉദാഹരണങ്ങളിലൂടെ വിശദമാക്കാം.

1. നിത്യവും ഉരുവിടാന്‍ ഗുരു ഉപദേശിക്കുന്ന മന്ത്രങ്ങളെക്കുറിച്ച് അമര്‍ത്യാനന്ദയുടെ നിലപാട് ഇതാണ്: 'ഈ മന്ത്രങ്ങളുടെ അര്‍ത്ഥം സത്യത്തില്‍ എനിക്കറിയില്ല. പക്ഷേ അവ അര്‍ത്ഥവത്താണെന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു' (1991:36).                 

ഈ വിചാരത്തെ വി കെ എന്‍ അപഹസിക്കുന്നതിങ്ങനെ-

കഥാനായകന് അതെന്ന് പ്രഥമയ്ക്കര്‍ത്ഥം എന്ന മന്ത്രം കിട്ടുന്നു. ആശ്രമത്തില്‍ തടി കീറി മടുത്ത അയാള്‍ മന്ത്രത്തെ പുച്ഛിക്കുന്നു- 'അതെന്ന് പ്രഥമയ്ക്കര്‍ത്ഥം. ഒരര്‍ത്ഥോ? രണ്ടര്‍ത്ഥോ? നാനാര്‍ത്ഥോ? അനര്‍ത്ഥോ? ഗുരുവിനെ സമീപിക്കുമ്പോള്‍ ഗുരു പറയുന്നതിതാണ് - എനിക്കും കിട്ടിയത് ഇതേ മന്ത്രം. ഉദാരനിമിത്തം ബഹുകൃതവേഷക്കാരാണ് ചാമിമാര്‍. ഒരേ മന്ത്രം തന്നെ പത്താള്‍ക്കുപദേശിക്കും' (1999:48).

അധിനിവേശ ആശയങ്ങളെ മഹത്വവല്‍ക്കരിക്കാനുള്ള പലവിധ ഉപായങ്ങളിലൊന്നാണ് അവയെ നിഗൂഢമാക്കി അവതരിപ്പിക്കുക എന്നത്. നിഗൂഢമായവ മഹത്തരമായിരിക്കും എന്ന മുന്‍വിധിയോടെ അര്‍ത്ഥമറിയാത്ത മന്ത്രങ്ങളെ ആരാധിക്കുന്ന അര്‍ദ്ധവിരാമആഖ്യാതാവിന്‍റെ അന്ധവിശ്വാസം എത്ര അപഹാസ്യമാണ് എന്നാണ് അതെന്ന് പ്രഥമയ്ക്കര്‍ത്ഥം എന്ന ബാലപ്രബോധനപ്രകരണത്തിലൂടെ വി കെ എന്‍ വെളിപ്പെടുത്തുന്നത്.

2. ആശ്രമത്തിലെ കഠിനജോലികള്‍ സന്യാസിമാര്‍ ചെയ്യേണ്ടതുണ്ടോ എന്ന ചോദ്യത്തിന് അമര്‍ത്യാനന്ദയുടെ ഗുരു നല്‍കുന്ന മറുപടി ഇതാണ്: 'അര്‍പ്പണബുദ്ധിയോടെയാണ് ജോലി ചെയ്യുന്നതെങ്കില്‍ ആ ജോലി തന്നെ പൂജയാണ്' (1991:25). അര്‍ദ്ധവിരാമകാരന്‍റെ ഈ ഉപദേശത്തെ വി കെ എന്‍ വായിക്കുന്നതിപ്രകാരം - 'കൂലി ഇല്ലാതെയാണ് ജോലി ചെയ്യുന്നതെങ്കില്‍ അതുതന്നെയാണ് കൂലി' (1999:37). ആത്മീയത ഉപദേശിക്കുന്ന കര്‍മ്മയോഗം ഉല്‍പ്പാദിക്കുന്നത്, ചൂഷണത്തിന്‍റെ പ്രത്യയശാസ്ത്രത്തെത്തന്നെയാണ് എന്നതാണ് കാവിയുടെ അകപ്പൊരുള്‍.

2. മായാവതി ആശ്രമത്തിലെ ഒരു ബ്രഹ്മചാരിയില്‍ സ്ത്രീവിഷയസംബന്ധമായ സ്വഭാവദൂഷ്യമുണ്ടായെന്നും അധികാരികള്‍ ഇടപെട്ട് അതൊതുക്കിത്തീര്‍ത്തെന്നും അമര്‍ത്യാനന്ദ എഴുതുന്നുണ്ട്. ഒപ്പം ഇങ്ങനെ കൂട്ടിച്ചേര്‍ക്കുന്നു: 'അസുഖകരമായ ഇത്തരം പരാമര്‍ശം മിഷനെ കരിതേച്ചുകാണിക്കാനുള്ള ശ്രമമായ ആരും കാണരുതെന്ന് ആത്മാര്‍ത്ഥമായ അപേക്ഷയുണ്ട്' (1991:86).

കാവിയില്‍ ഇതിനു സമാനമായ സന്ദര്‍ഭം സൃഷ്ടിച്ചുകൊണ്ട് വി കെ എന്‍   കുറിക്കുന്നതിങ്ങനെയാണ്: 'ദുഷിച്ച വികാരോദ്ദീപകങ്ങളായ ഇത്തരം സംഭവങ്ങള്‍ ഇവിടെ വിസ്തരിക്കുന്നത് വേദാന്തസംഹിതയെ കരിതേച്ചുകാണിക്കാനല്ല. മറിച്ച്, വെള്ളപൂശി നിലനിര്‍ത്താനാണെന്ന് സദാനന്ദ മഹാരാജാവായ നാം അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു' (1999:82).

വമ്പന്‍ സ്ഥാപനങ്ങള്‍ക്കുള്ളിലെ സാമൂഹികവിരുദ്ധപ്രവര്‍ത്തനങ്ങളെ ഒതുക്കാനും ന്യായീകരിക്കാനും ഉപയോഗിക്കുന്ന ശൈലീയുക്തികളെ സമാനമായ ഭാഷാവ്യവഹാരം കൊണ്ടാണ് വി കെ എന്‍  പൊളിച്ചുകളയുന്നത്.

4. ദേഷ്യം ഒരു ചണ്ഡാലനാണെന്നും ദേഷ്യമുള്ളയാളിനെ താന്‍ തൊടില്ലെന്നുമുള്ള ശ്രീരാമകൃഷ്ണപരമഹംസവചനത്തെ അമര്‍ത്യാനന്ദ ആദരവോടെ ഉദ്ധരിക്കുന്നുണ്ട് (1991:44). ഈ വചനം അമാനവികമാണെന്ന് വി കെ എന്‍ സമര്‍ത്ഥിക്കുന്നത് ഇപ്രകാരമാണ് - 'കോപം, മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞ ഒരു ജാതിയാണെന്നും സാക്ഷാല്‍ 'ഹംസം' തന്നെ ഉത്തരവായിട്ടുണ്ട്: കോപമുള്ളവനായാലും ഇല്ലേലും പട്ടികജാതി-പട്ടികവര്‍ഗ്ഗത്തെ താന്‍ സ്പര്‍ശിക്കില്ലെന്നും' (1999:57).

5. ഗുരു വിരജാനന്ദയുടെ വിയോഗം വികാരനിര്‍ഭരമായാണ് അര്‍ദ്ധവിരാമത്തില്‍ ആവിഷ്കൃതമാകുന്നത്. ദുഃഖിതനായ അമര്‍ത്യാനന്ദയുടെ അരികിലേക്ക് വന്ന് ഗുരു ഇപ്രകാരം പറയുന്നതായി അദ്ദേഹത്തിന് തോന്നുന്നു: '...നീ എന്തിനാണിങ്ങനെ കരയുന്നത്? വാസ്തവത്തില്‍ ഞാന്‍ മരിച്ചോ? ഞാനെന്നും നിന്നോടൊപ്പമുണ്ടാവില്ലേ? (1991:56).

ഈ സന്ദര്‍ഭത്തെ കാവി കൈകാര്യം ചെയ്യുന്നത് ഈ വിധം -

'എന്‍റെ ദേഹം രണ്ടായി പിളരുന്നു. അഥവാ ഞാന്‍ ഡബിള്‍റോള്‍ അഭിനയിക്കുന്നു. ജീവാത്മന്‍ - പരമാത്മന്‍ ബിസിനസ്സ്. ഇവര്‍ തമ്മില്‍ ഡയലോഗ്.

നിനക്ക് ഭയമാണല്ലോ?
അതെ.
എന്തിനെ?
മരണത്തെ.
നീ ഒരു പച്ചമനുഷ്യനാകുന്നു. നിന്‍റെ വര്‍ഗ്ഗം വാഴട്ടെ' (199:64).

പ്രിയജനവിയോഗത്തിലുള്ള ദുഃഖം, മരണത്തിന്‍റെ ഓര്‍മ്മയുണ്ടാക്കുന്ന ഭയം കൂടിയാണ്. 'ആത്മനാണ് മുഖ്യം, ശരീരം ആത്മനെപ്പൊതിയുന്ന വസ്ത്രം മാത്രമാണ്' എന്ന വിചാരത്തോടെ ആത്മാന്വേഷണത്തിനിറങ്ങിയ അമര്‍ത്യാനന്ദയാണ് ഗുരുവിന്‍റെ വിയോഗത്തില്‍ ദുഃഖിതനാകുന്നത്.  ആത്മാവ് അനശ്വരമാണ് എന്ന വേദാന്തചിന്തയ്ക്കപ്പുറം ജീവിതത്തെയും മരണത്തെയും കുറിക്കുന്ന ആധികളാണ് പച്ചമനുഷ്യനെ നിര്‍മ്മിക്കുന്നത് എന്ന് വി കെ എന്‍  ഇവിടെ രേഖപ്പെടുത്തുന്നു. വേദനിക്കുകയും നിലവിളിക്കുകയും കോപിക്കുകയും ഭയപ്പെടുകയും ചെയ്യുന്ന പച്ചമനുഷ്യന്‍റെ വികാരങ്ങള്‍ക്കൊപ്പം നിന്നുകൊണ്ടാണ് അധഃസ്ഥിതശരീരത്തെ അശുദ്ധമാക്കി അകറ്റിനിര്‍ത്തുന്ന ബ്രാഹ്മണമതമൂല്യങ്ങളെ കാവി ചെറുക്കുന്നത്. 'ഉദരരോഗം വന്നപ്പോള്‍ കട്ടബൊമ്മന്‍ എന്ന അത്ഭുതമഹര്‍ഷിക്ക് വരാത്ത വേദന നാണുഗുരുവിന് വരാന്‍ കാരണം അദ്ദേഹം മനുഷ്യനായതുകൊണ്ട്, മനുഷ്യസ്നേഹിയായതുകൊണ്ട്' (1999:10) എന്ന് കാവിയില്‍ മറ്റൊരു പ്രകരണത്തില്‍ പറയുന്നുണ്ട്. അത്ഭുത സന്യാസിമാര്‍ക്കും ചൂഷണാധിഷ്ഠിത ആത്മീയതയ്ക്കും പ്രതിവ്യവഹാരം എന്ന നിലയിലാണ് പ്രിയജനവിയോഗത്തിലും ഉദരരോഗത്തിലും വേദനിക്കുന്ന പച്ചമനുഷ്യനെയും നാണുഗുരുവിനെയും കാവി മുന്നോട്ടുവയ്ക്കുന്നത്.

കാവിയുടെ ചരിത്രവും പ്രതി-ചരിത്രവും

അര്‍ദ്ധവിരാമത്തിലെ മാത്രമല്ല, എല്ലാ സത്യാന്വേഷണകഥകളിലെയും അതിഭാവുകത്വം കാവിയുടെ പൂര്‍വ്വപക്ഷമായി തീരുന്നുണ്ട്. ജന്മനാരാജത്വപദവി ലഭിച്ച യുവാവ് അര്‍ദ്ധരാത്രിയില്‍ ഭാര്യയെയും കുട്ടികളെയും ഉപേക്ഷിച്ച് തെരുവിലേക്കിറങ്ങി എന്ന ഗൗതമബുദ്ധകഥ ഇന്ത്യന്‍ ആത്മീയചരിത്രത്തിലെ അതിഭാവുകത്വസ്വഭാവമുള്ള ഇതിവൃത്തമാണ് - സ്വത്വസംഘര്‍ഷികളായ ഉപരിവര്‍ഗ്ഗകുമാരന്മാരെ          ഉള്‍പ്പുളകിതരാക്കുന്ന രാക്കിനാവ്. വിപ്ലവകാരിക്ക് വിട്ടിറങ്ങാന്‍ ഒരു കൊട്ടാരം അനിവാര്യമാണെന്നുറപ്പിക്കുന്ന ഈ ഉപരിവര്‍ഗ്ഗമോഹചിന്തയെയും വി കെ എന്‍ വെറുതെ വിടുന്നില്ല. ആത്മനെ അന്വേഷിച്ചിറങ്ങുന്ന കാവിയിലെ കഥാനായകന്‍റെ വിചാരഗതി ഇങ്ങനെയാണരംഭിക്കുന്നത്. 'സന്യാസം വഴി ആത്മനെ കാണാനുള്ള യാത്ര ശകലം അത്ഭുതത്തിന്‍റെ കത്തിവേഷത്തോടെ വേണമെന്ന് എനിക്ക് തോന്നി. ബുദ്ധന്‍റെ മാതൃകയില്‍  ഒരു ബൗദ്ധനായിട്ട്. അതുകൊണ്ട് രാത്രി എന്‍റെ പെണ്ണും കുട്ടികളും ഉറങ്ങിക്കിടന്ന തക്കത്തില്‍ ഞാന്‍ വീടുവിട്ടിറങ്ങി' (1999:17). സിദ്ധാര്‍ത്ഥകുമാരന്‍റെ അസ്തിത്വസംഘര്‍ഷം പ്രമേയമാകുന്ന സിദ്ധാര്‍ത്ഥയിലും (ഹെസ്സെ) ആത്മന്‍ തന്നെയാണ് അന്വേഷണലക്ഷ്യം. അങ്ങനെ സിദ്ധാര്‍ത്ഥയും കാവിയുടെ പാഠാന്തരബന്ധമായിത്തീരുന്നു. 

ബാബറി മസ്ജിദ് തകര്‍ക്കലിന് മുമ്പാണ് കാവിയുടെ രചനയെങ്കിലും അതും കാവിയില്‍ പരാമര്‍ശിതമാകുന്നുണ്ട്. നോവലന്ത്യത്തില്‍, സദാനന്ദസ്വാമിയെ കൊണ്ടുപോകാന്‍ വരുന്ന പോലീസ് സ്വാമിക്ക് നല്‍കുന്ന ഉറപ്പിതാണ് - ഒപ്പം പോകാന്‍ സമ്മതിച്ചാല്‍ സ്വാമിയെ, രാമകൃഷ്ണജന്മസ്ഥാനത്തെ മാതിരി സര്‍ക്കാര്‍ പൊന്നും വിലക്കെടുക്കും; എന്നിട്ട് സ്വാമിയെ ഭരിക്കാന്‍ ജില്ലാ കളക്ടറെ നിയോഗിക്കും' (1999:92).  

മതേതരഭരണകൂടങ്ങള്‍ക്ക് സ്വാമിമാരെ പേടിക്കേണ്ടിവരുന്ന, മതസ്ഥാപനങ്ങള്‍ ഭരണകൂടത്തിന്‍റെ സംഘര്‍ഷങ്ങളായിത്തീരുന്ന വര്‍ത്തമാനകാല ഇന്ത്യയെക്കുറിച്ചാണ് കാവി സംസാരിക്കുന്നത്. മതേതരഭരണകൂടങ്ങളെ സംഘര്‍ഷമാക്കും വിധം വളര്‍ന്ന കാവിവസ്ത്രധാരികളുടെ ചരിത്രത്തെയും കാവി ആഖ്യാനം ചെയ്യുന്നുണ്ട്. അത് വി കെ എന്‍ നിര്‍മ്മിക്കുന്ന ചരിത്രമാണ്. അത് ഐതിഹാസസമാനമുള്ള ഇന്ത്യന്‍ ആത്മീയചരിത്രത്തിന്‍റെ പ്രതി-വായനയുമാണ്. ആത്മന്‍ കളഞ്ഞുപോയത് തിരയുകയാണെന്ന നാട്യത്തില്‍ ഏതു രാജ്യത്തും എക്കാലത്തും അലഞ്ഞുതിരിയുന്ന പരുന്നഭുക്കുകളുടെ സംഘങ്ങളുണ്ടെന്ന് വി കെ എന്‍ ചരിത്രഭാഷയില്‍ എഴുതുന്നു. അവരുടെ അലഞ്ഞുതിരിയലില്‍ താടിമീശ വളരുകയും വസ്ത്രം മണ്‍നിറമാകുകയും ചെയ്തു. അഴുക്ക് പിടിച്ച ദുര്‍ഗന്ധം വമിക്കുന്ന ഉടുമുണ്ടിന്‍റെ നിറം പിന്നീട് ആത്മീയതയുടെ അടയാളമായി മാറി; അതുടുത്തവര്‍ ദൈവത്തിന്‍റെ അംശം അധികാരികളായി. സംഘം കൂണുപോലെ പെരുകി. തീറ്റയ്ക്ക് ഊക്ക് വര്‍ദ്ധിച്ചു. മുഷിഞ്ഞ മുണ്ടുടുത്തവര്‍ പിച്ചക്കാരും കാവിക്കാര്‍ പിച്ചാംദേഹികളുമായി. വര്‍ഗ്ഗം രണ്ടെങ്കിലും പണി ഒന്നുതന്നെ. എരക്കലും തിന്നലും (1999:17). മുതലാളിത്തത്തിന്‍റെ കാലത്ത് ഇവര്‍ മുതലാളിമാരുടെ ആശ്രിതരായി. ബിസ്സിനസ്സാവശ്യത്തിന് ദാമോദരന്‍ മുതലാളി നിരവധി സന്യാസിമാരെ സംരക്ഷിക്കുന്നു. മുതലാളിക്ക് പെര്‍മിറ്റ് -ലൈസന്‍സിന് വേണ്ടി വ്യവസായ വാണിജ്യ മന്ത്രാലയത്തില്‍ പ്രഭാഷണം നടത്തിയത് സ്വാമി ശാന്താനന്ദമഹാരാജാവാണ്. മുതലാളിത്തകാല ഭരണകൂടങ്ങള്‍ക്കും സന്യാസിമാര്‍ വിലയേറിയ ഇനങ്ങളാണ്. പൊന്നുംവില കൊടുത്താണ് അവരിവരെ വാങ്ങുന്നത് (1999:106).

നിരാസക്തിയുടെയും നിരാഹാരത്തിന്‍റെയും ശുദ്ധിയുടെയും തിരുരൂപങ്ങളായി വാഴ്ത്തപ്പെട്ട സന്യാസചരിത്രങ്ങളെയാണ് അഴുക്കിന്‍റെയും ആര്‍ത്തിയുടെയും പാന്നഭോജനത്തിന്‍റെയും ചരിത്രമായി വി കെ എന്‍ വായിക്കുന്നത്. നിലവിലിരിക്കുന്ന മൂല്യവ്യവസ്ഥയില്‍ വൈകല്യമുണ്ട് എന്നല്ല, വ്യവസ്ഥ തന്നെ വികലമാണ് എന്നാണ് വി കെ എന്‍ എഴുതുന്നത്. മുതലാളിത്തത്തിനും മുതലാളിത്തഭരണകൂടങ്ങള്‍ക്കും അനിവാര്യരായിത്തീരുന്ന സന്യാസസംഘങ്ങളുടെ ചരിത്രം, ആര്‍ത്തിയുടെയും അശുദ്ധിയുടെയും ദുര്‍ഗന്ധത്തിന്‍റെയും അധ്വാനരാഹിത്യത്തിന്‍റെയും ചരിത്രമാണ് എന്നുപറയാനാണ്, ധനകാര്യമുതലാളിത്തത്തിന്‍റെ ആശ്രിതത്വത്തില്‍ വളരുന്ന ആത്മീയസംഘങ്ങള്‍ ദേശരാഷ്ട്രങ്ങളെ അപായപ്പെടുത്തുംവിധം പെരുകിയിരിക്കുന്നു എന്നു പറയാനാണ് വി കെ എന്‍ കാവി രചിക്കുന്നത്. അര്‍ദ്ധവിരാമം അതിനൊരു ഉപാധി മാത്രമായിരുന്നു. കാവി നോവലല്ല, ചരിത്രമാണ് എന്നു വ്യക്തമാക്കാന്‍ കൃതിയുടെ ഘടനയെയും വി കെ എന്‍ ഉപയോഗിക്കുന്നുണ്ട്. 'ഈ അദ്ധ്യായം അവസാനിക്കാറായി; ദാമോദരന്‍ മുതലാളിയുടെ കഥ അടുത്തഭാഗം മുതല്‍ സമാരംഭിക്കുകയായി' (1999:94) എന്നും 'അദ്ദേഹത്തിന്‍റെ ജീവചരിത്രക്കുറിപ്പുള്ള ഈ നോവലിലെ കഴിഞ്ഞ അദ്ധ്യായം നാം ടിയാന് വായിക്കാന്‍ കൊടുത്തു' (1999:109) എന്നുമൊക്കെ വസ്തുസ്ഥിതികഥനഭാഷയില്‍ വി കെ എന്‍ രേഖപ്പെടുത്തുന്നു. ഇത് ആന്‍റി-നോവലിന്‍റെ സവിശേഷതയുമാണ്.

ഗ്രന്ഥസൂചി

അമര്‍ത്യാനന്ദ, അര്‍ദ്ധവിരാമം, കറന്‍റ് ബുക്സ്, തൃശൂര്‍, 1991
എസ്.സുധീഷ്, ചരിത്രവും ഭാവനയും - നോവല്‍കലയില്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, 2016
എം.ടി.മോഹന്‍രാജ്, ചരിത്രത്തിന്‍റെ സാന്ത്വനം, ലെഫ്റ്റ് ബുക്സ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി, 1997
കെ.രഘുനാഥന്‍, മുക്തകണ്ഠം വി കെ എന്‍, ലോഗോസ് ബുക്സ്, 2019
ജോര്‍ജ്ജ് ഇരുമ്പയം, ഡോ. (എഡിറ്റര്‍), നാലു നോവലുകള്‍, കേരള സാഹിത്യ അക്കാഡമി, 1985.
വി കെ എന്‍, കാവി, കറന്‍റ് ബുക്സ്, തൃശ്ശൂര്‍, 1999
Natsume Soseki, The Miner, Gallic Books, 2016 
നൗഷാദ് എസ്
അസിസ്റ്റന്‍റ് പ്രൊഫസര്‍ (മലയാളം)
കേരളപഠനവിഭാഗം
കേരളസര്‍വ്വകലാശാല
കാര്യവട്ടം