Identity and History: A reading of the novels, 'Chuvanna Thiramalakal' and 'Pantharangadi' by Koduvally Abdulkhader
Dr. G. Ushakumari
(Article No: 217, issue No: 29, June 2022, Page no: 09-21)
Abstract:
This is an intriguition to how the novels of Koduvally Abdulkhader, ‘Chuvanna Thiramalakal’ and ‘Pantharangadi’ narrated the history of Malabar struggle The study analyze the peculiarities of representation of identity of the poor peasant from Muslim community. The study asks how these novels were invisible in the mainstream canons of literary historiography, as realistic narratives and themes on the most common Muslim lives. Through the narratives mingled with reality and history, the credibility and authenticity of identity is being asserted. Besides, by depicting the religious day-to-day lives of Muslims, these novels block the alienations of communal identity also. While we view on these novels, we must consider the issues of making the novelist a literary hero and literary icon. That too get entangled with the ethnic prejudices by which these novels are highly ignored. The awareness that Malabar struggle was taken place through many ages and many places of Malabar area, asserts the plurality and historicity of it.
Key words: Malabar struggle, Anthaman Novels, communal identity
Reference:
Abdulkhader koduvally, Pantharangadi, poonkavanam Books, Kozhikkode, 2012(3rd edition)
സ്വത്വവും ചരിത്രവും: കൊടുവള്ളി അബ്ദുള്‍ഖാദറിന്‍റെ ചുവന്ന തിരമാലകള്‍, പന്താരങ്ങാടി എന്നീ നോവലുകളെ മുന്‍നിര്‍ത്തിയുള്ള വായന
ഡോ.ജി. ഉഷാകുമാരി
സംഗ്രഹം:
കൊടുവള്ളി അബ്ദുള്‍ ഖാദറിന്‍റെ ചുവന്ന തിരമാലകള്‍, പന്താരങ്ങാടി എന്നീ നോവലുകളെ മുന്‍നിര്‍ത്തി മലബാര്‍സമരവുമായി ബന്ധപ്പെട്ട ചരിത്രം എങ്ങനെ ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നു എന്നു അന്വേഷിക്കുന്നു. സമരത്തിലുള്‍പ്പെട്ട ദരിദ്രരും കര്‍ഷകരുമായ മുസ്ലിങ്ങളുടെ സ്വത്വപ്രതിനിധാനത്തിന്‍റെ സവിശേഷതകള്‍ വിശകലനം ചെയ്യുന്നു. സാഹിത്യചരിത്രങ്ങളുടെ പീഠവല്‍ക്കരണങ്ങളില്‍ യഥാതഥാഖ്യാനങ്ങളെന്ന നിലയ്ക്കും ദരിദ്രരും അതിസാധാരണക്കാരുമായ മുസ്ലിം ജീവിതപ്രമേയങ്ങളെന്ന നിലയ്ക്കും ഈ കൃതികള്‍ തമസ്കരിക്കപ്പെട്ടതെങ്ങനെയെന്ന് ആരായുന്നു. യാഥാര്‍ത്ഥ്യവും ചരിത്രവും ഇടകലരുന്ന ആഖ്യാനങ്ങളിലൂടെ സ്വത്വത്തിന്‍റെ വിശ്വാസ്യതയെ ആധികാരികതയെ സമര്‍ത്ഥിച്ചെടുക്കുന്നു. കൂടാതെ മുസ്ലിങ്ങളുടെ മതപരമായ ദൈനംദിനജീവിതത്തെ ചിത്രീകരിക്കുന്നതിലൂടെ ഈ നോവലുകള്‍ സാമുദായികസ്വത്വത്തെ സംബന്ധിച്ച അന്യവല്‍ക്കരണങ്ങള്‍ക്കു തടയിടുന്നു. നോവലിനെ നോക്കിക്കാണുന്നതില്‍ നോവലിസ്റ്റിന്‍റെ പ്രതിഭയെ നായകലല്‍ക്കരിച്ചും ബിംബവല്‍ക്കരിച്ചും കാണുന്നതിന്‍റെ പ്രശനങ്ങളെക്കൂടി പരിഗണിക്കേണ്ടതുണ്ടെന്നു വാദിക്കുന്നു. അതുതന്നെ വംശിയമായ മുന്‍വിധികളുമായി അബോധത്തില്‍ കെടുപിണയുന്നതിന്‍റെ ഭാഗം കൂടുയായാണ് ഈ നോവലുകള്‍ തമസ്കരിക്കപ്പെട്ടത്. മലബാല്‍ സമരം എന്നത് പല കാലങ്ങളുലും പല ഇടങ്ങളുലും അധിനിവേശത്തിനെതിരായി നടന്നതാണെന്ന തിരിച്ചറിവ് ഈ പ്രക്ഷോഭത്തിന്‍റെ ബഹുസ്വരതയെയും ചരിത്ര പരതയെയും ഉറപ്പുക്കുന്നു.
താക്കോല്‍ വാക്കുകള്‍: മലബാര്‍സമരം, ആന്തമാന്‍ നോവലുകള്‍, സാമുദായികസ്വത്വം
മലബാര്‍സമരത്തിന്‍റെ ഒരു നൂറ്റാണ്ടു പിന്നിടുന്ന വേളയില്‍ സമരവുമായി ബന്ധപ്പെട്ട സാഹിതീയമായ ആവിഷ്കാരങ്ങളെ പുനര്‍വായിക്കുക എന്ന സമകാലിക അനിവാര്യത അതിന്‍റെ സാംസ്കാരികരാഷ്ട്രീയത്തിന്‍റെ നിര്‍ണയനത്തിനും അത്യാവശ്യമാണ്. മലയാളനോവലിന്‍റെ ഒന്നേകാല്‍ നൂറ്റാണ്ടിലധികം വരുന്ന നാള്‍വഴികളും മലബാര്‍സമരത്തിന്‍റെ ഒരു നൂറ്റാണ്ടു പിന്നിടുന്ന ചരിത്രവഴികളും ചേര്‍ത്തുവെച്ചുള്ള ആലോചനകള്‍ പല നിലയ്ക്കു പ്രസക്തമാണ്. മലബാര്‍സമരത്തിന്‍റെ സാഹിത്യപ്രത്യക്ഷങ്ങളായ പാട്ടുകളും നാടകങ്ങളും സ്മരണകളും എന്ന പോലെതന്നെ നോവലുകളും ഒരു സവിശേഷകാലത്തിന്‍റെ അടയാളമാണ്. മലയാളനോവല്‍സാഹിത്യത്തിലെ അതികായര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരുകൂട്ടം എഴുത്തുകാരെ ചുറ്റിപ്പറ്റി രൂപപ്പെടുന്ന ഒരു ഭാവുകത്വപരിസരമുണ്ട്. അവരുടെ സാഹിത്യപ്രതിഭയെ കേന്ദ്രമാക്കിയുള്ള വിലയിരുത്തലുകളില്‍ എക്കാലത്തെയും മികച്ചനോവലുകള്‍ എന്നു കരുതപ്പെടുന്ന ചില കൃതികളുമുണ്ട്. 'ഒരു ദേശത്തിന്‍റെ കഥ'യും 'സുന്ദരികളും സുന്ദരന്മാരും' 'ഖസാക്കും' 'ആള്‍ക്കൂട്ട'വും 'ദല്‍ഹി'യും 'മഞ്ഞും' 'സ്മാരകശിലകളും' പോലുള്ളവ. ഈ കൃതികളൊക്കെയും നോവലിസ്റ്റിന്‍റെ പ്രതിഭ/നായകത്വവുമായി ചേര്‍ത്തുവെച്ചാണ് പരിഗണിക്കപ്പെടുന്നത്. മുഖ്യധാരാസാഹിത്യാസ്വാദനങ്ങളില്‍ ഈ 'ഒന്നാംകിട' എഴുത്തുകാര്‍ സൃഷ്ടിക്കുന്ന സവിശേഷവ്യവഹാരങ്ങളാണ് ശ്രേഷഠഭാവുകത്വമായി പ്രതിഷ്ഠനേടുന്നത്. നിരൂപകര്‍, വിപണി, പുരസ്കാരങ്ങള്‍ ഇവയെല്ലാം ഇതില്‍ പലകാലങ്ങളിലായി പങ്കുവഹിക്കുന്നുണ്ട്.
ഈ ഒരു പശ്ചാത്തലത്തില്‍ നോക്കിയാല്‍ അപ്രശസ്തരായ, ജനപ്രിയ നോവലിസ്റ്റുകള്‍ ഈ രംഗത്തു വലിയ വെല്ലുവിളി നേരിടുന്നുണ്ട്. അവരുടെ വിരലിലെണ്ണാവുന്ന കൃതികളുടെ ആയുസ്സു പലപ്പോഴും ഏറെ നീണ്ടുനില്ക്കാറില്ല. പക്ഷേ ചരിത്രബദ്ധമായ പ്രമേയങ്ങള്‍ കടന്നു വരുന്ന കൃതികള്‍ അത്തരമൊരു പ്രാധാന്യം കൊണ്ടുതന്നെ വീണ്ടെടുത്തു വായിക്കേണ്ടതായുണ്ട്. മലബാര്‍സമരത്തിന്‍റെ ചരിത്രത്തെ സമൃദ്ധമായിത്തന്നെ നോവല്‍ ഭാവനയില്‍ എടുത്തുപയോഗിച്ചു മൂന്നു കൃതികള്‍ എഴുതിയ കൊടുവള്ളി അബ്ദുള്‍ഖാദര്‍ ഈയര്‍ത്ഥത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നു. കുണ്ടനി മുഹമ്മദ്, ജി.സി.കാരയ്ക്കല്‍, സി.കെ.വിജയന്‍ മടപ്പള്ളി, കെ.എം.അബൂബക്കര്‍, സുകുമാര്‍ കക്കാട്, ബഷീര്‍ ചുങ്കത്തറ, ഒമര്‍, ഹബീബ് എന്നിങ്ങനെ വേറെയും എഴുത്തുകാരുണ്ട്. ഹരിഹരന്‍ പരമാരയെപ്പോലെയുള്ള ക്രൈം നോവലിസ്റ്റുകളുമുണ്ട്. ഇതിലെല്ലാം ഉപരിയായി മലബാര്‍സമരത്തിന്‍റെ അനുഭവചിത്രങ്ങള്‍ മുഖ്യകഥാഖ്യാനത്തിന്‍റെ പശ്ചാത്തലമായി കടന്നു വരുന്ന നോവലുകളുമുണ്ട്. എസ്.കെ.പൊറ്റെക്കാടിന്‍റെ ഒരു ദേശത്തിന്‍റെ കഥ, ഉറൂബിന്‍റെ സുന്ദരികളും സുന്ദരന്മാരും, മേനോന്‍ മാരാത്തിന്‍റെ വസന്തത്തിന്‍റെ മുറിവ്, പി.വല്‍സലയുടെ വിലാപം തുടങ്ങിയ നോവലുകള്‍ അക്കൂട്ടത്തില്‍ പെടുന്നു. മറഞ്ഞു കിടക്കുന്ന ഒരു ചരിത്രത്തെ വീണ്ടെടുക്കുന്നു എന്നതാണ് ഇത്തരം നോവലുകളുടെ പ്രസക്തി.
സമകാലികതയും ചരിത്രവും
എന്താണ് സമകാലികതയും ചരിത്രവും തമ്മിലുള്ള ബന്ധം? ഉത്തരം പറയാന്‍ എളുപ്പമല്ല ആ ചോദ്യത്തിന്. ഓസിപ്പ് മാന്‍ഡല്‍സ്താമിന്‍റെ നൂറ്റാണ്ട് എന്ന കവിതയില്‍ പറയുന്നതു പോലെ രണ്ടു നൂറ്റാണ്ടിന്‍റേതായ കശേരുക്കളെ സ്വന്തം രക്തം കൊണ്ട് ഉരുക്കി യോജിപ്പിക്കുകയാണ് ചരിത്രം ചെയ്യുന്നത്. സമകാലികതയുടെ അര്‍ത്ഥങ്ങളെ നിര്‍വചിക്കുകയും പുനര്‍നിര്‍വചിക്കുകയും ചെയ്യുന്നതില്‍ ചരിത്രത്തിനുള്ള പങ്ക് വലുതാണ്. സാഹിത്യം എന്നതു സാമാന്യമായ പരിഗണനകള്‍ മുന്‍നിര്‍ത്തി വകയിരുത്തിയിരുന്ന കാലത്തില്‍ നിന്നു സവിശേഷതകളും വ്യത്യാസങ്ങളും അടയാളപ്പെടുത്തുന്നതായി തിരിച്ചറിയപ്പെട്ടു തുടങ്ങിയ പുതുകാലത്തേക്കു എത്തുമ്പോള്‍ സമകാലികതയുടെ സ്ഥാപിതമായ അര്‍ത്ഥമൂല്യങ്ങളും എന്തിന്, സാഹിതീയത എന്ന മൂല്യം തന്നെ ഇളക്കപ്പെടുന്നുണ്ട്.
ഇന്ത്യന്‍ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട അംഗീകൃത ചരിത്രാഖ്യാനങ്ങളിലൊന്നും തന്നെ വസ്തുനിഷ്ഠമായി രേഖപ്പെടുത്താതെ പോയ ഒട്ടേറെ അടരുകള്‍ മലബാര്‍സമരത്തിനുണ്ട്. പല തരം അനുഭവകഥനങ്ങളും പ്രാദേശികമായ ചെറുത്തുനില്‍പ്പുകളും പ്രത്യയശാസ്ത്രധാരകളും ഈ സമരത്തില്‍ കണ്ടെടുക്കപ്പെടേണ്ടതായുണ്ട്. മലബാര്‍ സമരത്തിന്‍റെ സര്‍ഗാത്മകമായ വീണ്ടെടുപ്പുകള്‍ എന്ന നിലയില്‍ പ്രസക്തമായ ഒട്ടേറെ കൃതികളെക്കുറിച്ചു നാമിന്നു ചര്‍ച്ച ചെയ്യുന്നുണ്ട്. നോവലുകള്‍ എന്ന രൂപത്തില്‍ പത്തും പതിനഞ്ചും എണ്ണം വരുന്ന കൃതികള്‍ ഉണ്ട്. മലയാള നോവല്‍ചരിത്രത്തിന്‍റെ പല ഘട്ടങ്ങളിലൊന്നില്‍ പോലും നാമമാത്രമായ പരാമര്‍ശം പോലുമില്ലാത്തവയാണ് അവയില്‍ പലതും എന്നത് ഞെട്ടിപ്പിക്കുന്ന വാസ്തവമാണ്. എന്താണ് ഈ യാഥാര്‍ത്ഥ്യത്തിനു പിന്നിലെ കാരണങ്ങള്‍? പ്രസാധനവും വായനയും ആസ്വാദനവും വിമര്‍ശനവും മറ്റുമായി മലയാളനോവല്‍ രംഗം മോശമല്ലാത്ത രീതിയില്‍ പുഷ്കലമാണ് ഇന്ന്. എന്നിട്ടും ഈ കൃതികള്‍ അദൃശ്യമാക്കപ്പെടുന്നതെന്തുകൊണ്ട്? ഈ നോവലുകള്‍ മുന്നോട്ടുവെയ്ക്കുന്ന ജീവിതാവസ്ഥകളും അവയുടെ പ്രാദേശികമായ ജീവിതസ്ഥലികളും മലയാളിയുടെ സാഹിത്യബോധത്തില്‍ ചരിത്രപരമായി മുമ്പുതന്നെ സൃഷ്ടിച്ചുവെച്ച അപകൃഷ്ടമനോഭാവമാണോ എന്നത് ചിന്തിക്കേണ്ടതുണ്ട്. 'സാഹിത്യഗുണം' എന്ന പേരില്‍ കൊണ്ടാടപ്പെടുന്നത് ചില വരേണ്യതകള്‍ മാത്രമാകുന്നതിലെ അധാര്‍മികതയെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും യഥാര്‍ത്ഥത്തില്‍ വേണ്ടത്രയുണ്ടോ? അതോടൊപ്പം ചരിത്രം എന്ന പ്രമേയത്തെ ഈ നോവലുകളെല്ലാം എഴുതപ്പെട്ട കാലത്തുനിന്നും വ്യത്യസ്തമായി പുതിയ ഒരു രാഷ്ട്രീയസംവേദനത്തോടെ രണ്ടാമതും കണ്ടെടുക്കാന്‍ നമുക്കു കഴിയേണ്ടതാണ്. പ്രത്യേകിച്ചും ഈ 'രണ്ടാമത്തെ കണ്ടത്തല്‍' ആഭ്യന്തരമായ ആധിപത്യശക്തികള്‍ പല ചരിത്രങ്ങളിലും തോന്നുംപോലെ വെള്ളയും കരിയും വാരിപ്പൂശുന്ന സമകാലികതയില്‍ അത് അനിവാര്യമാണ്!
മലബാര്‍സമരം പ്രമേയമായ 'ചുവന്ന തിരമാലകള്‍', 'പന്താരങ്ങാടി' എന്ന രണ്ടു നോവലുകളാണ് ഇവിടെ നാം ചര്‍ച്ചചെയ്യുന്നത്. കൊടുവള്ളി അബ്ദുള്‍ഖാദറിന്‍റെ രചനകളാണ് ഇവ രണ്ടും. ചരിത്രാദ്ധ്യാപകനായ നോവലിസ്റ്റ് ഇവയെ ചരിത്രനോവല്‍ എന്ന ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മലയാളത്തിലെ ചരിത്രനോവല്‍ എന്ന ജനുസ്സില്‍പ്പെട്ട പല കൃതികളും രാമരാജബഹദൂര്‍ ഉള്‍പ്പടെയുള്ള സി.വി കൃതികളുമൊക്കെത്തന്നെ, പ്രബലവായനകളില്‍ ഉന്നതമായ സാഹിത്യഗുണത്തെ പ്രതിഫലിപ്പിക്കുന്നവയായാണ് കരുതപ്പെടുന്നത്. പക്ഷേ നോക്കൂ, സ്വാതന്ത്ര്യസമരകാലത്തെയും കമ്യൂണിസ്റ്റ് പോരാട്ടചരിത്രത്തെയും ചരിത്രപരമായി ഉള്‍ച്ചേര്‍ത്ത നോവലുകള്‍ ഒക്കെത്തന്നെയും സാഹിത്യമെന്ന പരിഗണനയ്ക്കകത്തു തന്നെയാണ് വകയിരുത്തപ്പെട്ടത്. എന്നാല്‍ മുമ്പു സൂചിപ്പിച്ച നോവലുകള്‍ പലതും- ബ്രിട്ടീഷ് സൈക്കിള്‍, ചുവന്ന തിരമാലകള്‍, പന്താരങ്ങാടി, കടലിലെ ചെകുത്താന്‍, കാലവും കാലാപാനിയും കടന്ന്, നെരിപ്പോട്, ഉണ്ണിക്കൗസു, കലാപം കനല്‍ വിതച്ച മണ്ണ്, കാലാപാനി: അധിനിവേശത്തിന്‍റെ നാള്‍വഴികള്‍, ഖിലാഫത്ത്, ഒരു മലപ്രങ്കഥ മുതലായവ- പലരീതിയില്‍ തമസ്കരണങ്ങള്‍ നേരിട്ടവയാണ്. സി.വി നോവലുകളിലെ ആഖ്യാനത്തിലും പ്രമേയത്തിലുമെല്ലാം വീരചരിത്രപരിവേഷം സര്‍വ്വഥാ ചാര്‍ത്തിക്കിട്ടിയിരുന്നുവെന്നു നമുക്കറിയാം. എന്നാല്‍ ഇന്ത്യയുടെ തന്നെ, ഒരുപക്ഷേ ലോകചരിത്രത്തിലെ തന്നെ സുപ്രധാനമായ വീരേതിഹാസങ്ങളിലൊന്നായ മലബാര്‍സമരത്തെ വിസ്തരിച്ച് ആഖ്യാനം ചെയ്യുന്ന ഈ നോവലുകള്‍ എന്തുകൊണ്ടോ ചര്‍ച്ചയില്‍ കടന്നു വന്നിട്ടില്ല. എഴുത്തിന്‍റെയും എഴുത്തുകാരുടെയും നായകത്വത്തെ, നിര്‍ണയിക്കുന്നതില്‍ പ്രവര്‍ത്തിക്കുന്ന പല തരം ബലതന്ത്രങ്ങള്‍ ഇതില്‍ പങ്കു വഹിച്ചിരിക്കാം. ചുവന്ന തിരമാലകള്‍, പന്താരങ്ങാടി എന്നീ നോവലുകളെ മുന്‍നിര്‍ത്തിയുള്ള ഈ വായനയില്‍ അവയെക്കുറിച്ചും കൂടി അന്വേഷിക്കാമെന്നു കരുതുന്നു.
മുസ്ലിം ജീവിതപരിസരങ്ങള്‍
തികച്ചും മുസ്ലിം ജീവിതപരിസരത്തുനിന്നു കൊണ്ടാണ് ഈ നോവലുകള്‍ എഴുതപ്പെട്ടത്. മുസ്ലിം ജീവിതപരിസരങ്ങളെ മുന്‍നിര്‍ത്തി മുസ്ലിമിതര സമൂഹത്തില്‍ പെടുന്നവര്‍ എഴുതുന്ന ധാരാളം നോവലുകള്‍ മലയാളത്തിലുണ്ട്. ചെറുകാടിന്‍റെ പ്രമാണി, ഉറൂബിന്‍റെ ഉമ്മാച്ചു പോലുള്ള അനേകം കൃതികള്‍ ഉണ്ട്. എന്നാല്‍ ബഷീര്‍, പുനത്തില്‍, എന്‍.പി.മുഹമ്മദ്, ഖദീജ മുംതാസ് തുടങ്ങിയവരെ പോലെയുള്ള എഴുത്തുകാരുടെ കൃതികളിലെ ആഖ്യാനത്തിലുള്ള സഹജമായ ആധികാരികതയും ആര്‍ജ്ജവവും മേല്‍പ്പറഞ്ഞ കൃതികളില്‍ ദൃശ്യമല്ല. 'അന്യ'ത്തോടും 'അപര'ത്തോടുമുള്ള അകല്‍ച്ച കലര്‍ന്ന കരുതല്‍ അവിടെ ഉണ്ട്. സാമുദായികസ്വത്വത്തിലുള്ള സ്വാത്മ/അപരം സംബന്ധിച്ച സന്ദിഗ്ദ്ധതകളെയും സംഘര്‍ഷങ്ങളെയും ഒട്ടും തന്നെ ഉണര്‍ത്താതെ 'സാമാന്യ'വും 'സാര്‍വജനീന'വുമായി എഴുതുന്ന കേവലസാമൂഹിക ജീവിതമല്ല കൊടുവള്ളിയുടെ നോവലുകളിലേത്. സത്യത്തില്‍ കുടുംബം എന്ന ഘടന തന്നെയാണ് ഈ കൃതിയിലെ സാമൂഹികതയെ ചലിപ്പിക്കുന്നതു തന്നെ. നട്ടപ്പാതിരയ്ക്കു പള്ളിയില്‍ നിന്നും നകാര മുട്ടുന്നതു കേട്ടുണര്‍ന്നു ഗര്‍ഭിണിയായ ഭാര്യക്കും വൃദ്ധയായ അമ്മയ്ക്കുമിടയില്‍ നിന്നും സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിലേക്കു ഇറങ്ങിച്ചെല്ലുന്ന കുഞ്ഞലവിയുടെ കഥയാണ് ചുവന്ന തിരമാലകള്‍. പോത്തുവണ്ടിയില്‍ കോഴിക്കോട്ടെ അങ്ങാടിയിലേക്ക് ചരക്കുമായി പോയ മകന്‍ അലവിക്കുട്ടിയെ കാത്തിരിക്കുന്ന കര്‍ഷകനായ കുഞ്ഞാപ്പു ഹാജിയുടെയും കുടുംബത്തിന്‍റെയും കഥയാണ് പന്താരങ്ങാടി. അകങ്ങളിലൂടെ വികസിക്കുന്ന പുറം ലോകത്തിലെ സാമൂഹികനീതിയുടെ ഈ ഘടന സാമുദായികതയുടെ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നുണ്ട്. ചുവന്ന തിരമാലകളുടെ സാമൂഹികമാനത്തെ നിര്‍ണയിക്കുന്നതില്‍ ഒരു ഭാഗം മലബാര്‍സമരം തന്നെയാണ്. സമരത്തില്‍ പങ്കെടുത്തവരെ കുറ്റവാളികളാക്കി നാടുകടത്തി ആന്തമാനിലേക്കു നാടുകടത്തപ്പെടുന്നതും ജയിലില്‍ തടവുകാര്‍ അനുഭവിക്കുന്ന യാതനകളും കൂടി ചേര്‍ന്ന് അതു പൂര്‍ണമാകുന്നു. ആന്തമാനിന്‍റെ മുഖച്ഛായ മാറി വരുന്നതും പുതിയ നഗരം, വഴികള്‍, കെട്ടിടങ്ങള്‍ ഒക്കെ ഉയരുന്നതും മറ്റും ഈ നോവലിന്‍റെ സാമൂഹികമാനത്തെ നിര്‍ണയിക്കുന്നുണ്ട്.
മറവി
രണ്ടാം ലോകമഹായുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ നടക്കുന്ന രാഷ്ട്രീയസംഭവങ്ങള്‍ ചുവന്ന തിരമാലകള്‍ എന്ന നോവലിന്‍റെ അവസാനഭാഗങ്ങള്‍ക്കു പശ്ചാത്തലമാകുന്നുണ്ട്. ആന്തമാനില്‍ ജപ്പാന്‍കാര്‍ തടവുകാരെ പീഡിപ്പിക്കുന്നതിന്‍റെ വിവരണങ്ങള്‍ കടന്നു വരുന്നുണ്ട്. കടലിലെറിഞ്ഞും മലഞ്ചെരുവില്‍ കൊണ്ടു പോയി വെടിവെച്ചു വീഴ്ത്തിയും മറ്റും നടത്തുന്ന കൊലപാതകങ്ങള്‍ വരെ അവയിലുള്‍പ്പെടുന്നു. ജപ്പാന്‍ കാര്‍ക്കു ശേഷം ബ്രിട്ടീഷുകാര്‍ അധികാരമാളുമ്പോഴും സ്ഥിതി ഏറെയൊന്നും വ്യത്യസ്തമല്ല. സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിന്‍റെ രാഷ്ട്രീയം എന്ന നിലപാട് ഈ രണ്ടു കൊടുവള്ളി നോവലുകളുടെയും ആഖ്യാനത്തില്‍ ഉടനീളം ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരവുമായി മലബാര്‍ സമരത്തിനുള്ള നാഭീനാളബന്ധം ചുവന്ന തിരമാലകളിലെ കുഞ്ഞലവി തന്‍റെ മകനോടു നടത്തുന്ന സംഭാഷണത്തില്‍ കാണാം. "ബാപ്പാ, വെള്ളക്കാര്‍ കെട്ടു കെട്ടാന്‍ പോവുന്നു."
ആ സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് 1921 ല്‍ സമരത്തിന്നിറങ്ങിയത്. ആ സമരം ഇവിടം വരെ എത്തിച്ചു. ഒരായുഷ്കാലം മുഴുവന്‍ അതിന്നു വേണ്ടി അര്‍പ്പിക്കപ്പെട്ടു. ഇപ്പോള്‍ വൃദ്ധനായി, രോഗിയായി, വയസ്സ് അമ്പത്തിയാറ് കഴിഞ്ഞതേയുള്ളു. എങ്കിലും എണ്‍പതുകാരന്‍റെ അവസ്ഥ. (പുറം 114, 115). നോവലിന്‍റെ ആഖ്യാനത്തിനകത്തു കഥാഗതിക്കിണങ്ങുന്ന സ്വാഭാവികമായ സന്ദര്‍ഭത്തെയാണ് ഈ ഭാഗം പ്രതിനിധീകരിക്കുന്നത്. എങ്കിലും സൂക്ഷ്മമായ ഒരു രാഷ്ട്രീയവിച്ഛേദത്തിന്‍റെ സൂചനകള്‍ നാമിവിടെ കാണുന്നുണ്ട്. സ്വാതന്ത്ര്യാനന്തരമുണ്ടായ മതേതരത്വസങ്കല്പനങ്ങളിലും ദേശരാഷ്ട്രഭാവനയുടെ അടിത്തറയിലും പതുക്കെ പതുക്കെയെങ്കിലും മലബാര്‍സമരപ്പോരാളികളും പോരാട്ടവും അതിന്‍റെ സാമ്രാജ്യത്വവിരുദ്ധമായ ആശയാസ്പദങ്ങളും മാഞ്ഞുപോകുമെന്ന ദുര്‍ബ്ബലമെങ്കിലും വിശ്വസ്തമായ സൂചനയാണിത്. തന്‍റെ മകനോടും കൂട്ടുകാരോടും പുതുതലമുറയിലെ പൗരരോടും സംവദിക്കാനാവാതെ മൗനത്തിലേക്കു പൂണ്ടുതാഴുന്ന കുഞ്ഞലവി സ്വയം ഒരു പ്രതീകമായി മാറുന്നുണ്ട്. സാംസ്കാരികമായ മറവിയുടെയും മൗനത്തിന്‍റെയും പ്രതീകം. പുതിയ തമസ്കരണങ്ങള്‍ പ്രതിരോധിക്കാനാവാതെ, നിസ്സഹായമായി അതിനുള്ള ഭാഷ തേടുന്ന കുഞ്ഞലവിമാരെ കോറിയിടുന്നു എന്നതാണ് ഇത്തരം നോവലുകളുടെ പ്രാധാന്യം.
ആഖ്യാനം
ഇവിടെ പരാമര്‍ശിക്കപ്പെടുന്ന രണ്ടു നോവലുകളും അവയുടെ ആഖ്യാനത്തില്‍ വളരെ യഥാതഥമായ ശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്. ചരിത്രനോവല്‍ എന്ന ഗണത്തില്‍ പെടുത്തുമ്പോഴും ചരിത്രപശ്ചാത്തലത്തിലുള്ള സാമൂഹികസൂചനകളോടെ കുടുംബകഥനമായാണ് ഈ രചനകള്‍ നിലനില്‍ക്കുന്നത്. നായകകേന്ദ്രിതമായി രേഖീയമായി കഥ പറയുന്ന അടിസ്ഥാനരീതിയാണ് ഈ നോവലുകളില്‍ നാം കാണുന്നത്. ലളിതവും ഋജുവുമായ പ്രതിപാദനം, തുടക്കം മുതല്‍ ഒടുക്കം വരെ സംഭവങ്ങളുടെ ആഖ്യാനം നടത്തുന്ന സ്വഭാവം വായനയെ വളരെ സുഖകരമാക്കുന്നു. ദൈര്‍ഘ്യം കുറഞ്ഞ ചെറിയ ചെറിയ അദ്ധ്യായങ്ങളിലൂടെയാണ് കഥ മുന്നോട്ടു നീങ്ങുന്നത്. കഥ പറച്ചില്‍ എന്നത് സംഭവകഥനത്തിന്‍റെ വസ്തുനിഷ്ഠമായ ആഖ്യാനഘടനയിലാണ് രണ്ടു നോവലുകളിലുമുള്ളത്. മലപ്പുറം നേര്‍ച്ചയില്‍ പങ്കു കൊള്ളാനായി കുഞ്ഞലവി തയ്യാറെടുക്കുന്നതും തിരൂരങ്ങാടി പള്ളി പട്ടാളം വളഞ്ഞതും വെടിപൊട്ടിയതും എല്ലാം വിവരണാത്മകമായി നോവലില്‍ എഴുതുന്നുണ്ട്.
നാടകീയവും ഉദ്വേഗജനകവുമായ തുടക്കങ്ങള്‍ ആണ് കൊടുവള്ളി നോവലുകളുടെ പ്രധാന സവിശേഷതകളിലൊന്ന്. നട്ടപ്പാതിരയ്ക്കു കേള്‍ക്കുന്ന 'നകാരമുട്ടലി'ന്‍റെ പരിഭ്രമം ചുവന്ന തിരമാലകളുടെ പ്രാരംഭത്തില്‍ ഉള്ളതു പോലെ എന്തോ അരുതാത്തത് സംഭവിക്കാന്‍ പോകുന്ന അന്തരീക്ഷത്തില്‍, ഉത്കണ്ഠയോടെ അടയ്ക്ക വില്‍ക്കാന്‍ പോയ മകന്‍ അലവിക്കുട്ടി വൈകുന്നതിനെക്കുറിച്ചു ചിന്തിച്ച്, അകാരണമായ ഭീതി നിറഞ്ഞ സായാഹ്നം കഴിച്ചു കൂട്ടി, പിന്നീട് അര്‍ദ്ധരാത്രിയില്‍ വെടിവെപ്പിന്‍റെ വിവരമറിഞ്ഞുണരുന്ന കുഞ്ഞാപ്പു ഹാജിയെ പന്താരങ്ങാടിയിലും കാണാം. ആസന്നമായ നാടകീയദുരന്തമുഖങ്ങളിലേക്കു വലിച്ചെറിയപ്പെടുന്ന കഥാപാത്രങ്ങളുടെ യാതനകളും പിടച്ചിലുകളുമാണ് കഥപറച്ചിലില്‍ നാം കാണുന്നത്. കഥാപാത്രങ്ങളുടെ സംഭാഷണത്തിലും നോവല്‍ വിവരണത്തിലുമെല്ലാം ചരിത്രപുരുഷന്മാരുടെ പേരുകള്‍ അതേപടി പരാമര്‍ശിക്കുന്നുണ്ട്. വാരിയംകുന്നത്ത് മൊയ്തീന്‍ കുട്ടി ഹാജി അദ്ദേഹത്തിന്‍റെ മകന്‍ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അദ്ദേഹത്തിന്‍റെ പിതാവിനെ നാടുകടത്തിയത് എന്നിങ്ങനെ വംശീയതയുടെ ചരിത്രം നേരിട്ടു കടന്നു വരുന്നു. ഈ കൃതിയില്‍ വാര്യംകുന്നന്‍ കപ്പലില്‍ സഞ്ചരിച്ച് ആളറിയാതെ മെക്കയില്‍ എത്തുന്നതും വിവരിക്കുന്നുണ്ട്. ആന്‍ഡമാനിലേക്ക് നാടുകടത്തപ്പെട്ട സ്വന്തം പിതാവിന് വേണ്ടി അദ്ദേഹം വെള്ളക്കാരോട് പൊരുതുവാന്‍ തീരുമാനിക്കുന്നു. പന്താരങ്ങാടിയില്‍ കച്ചവടത്തിന് പോയ മകനെ കാണാതിരുന്ന കുഞ്ഞാപ്പുഹാജി, സുഹൃത്തായ യൂസഫ് ഹാജിയുമായി സംസാരിക്കുന്ന ഭാഗത്തു ഭരണകൂടം നടത്തുന്ന വംശീയമായ അടിച്ചമര്‍ത്തലിനെക്കുറിച്ചുള്ള പൊതുബോധ ഭീതി അലയടിക്കുന്നതു കാണാം. ചരിത്രപരമായി കോണ്‍ഗ്രസ് പ്രസ്ഥാനവും ദേശീയസമരവും കൂടാതെ കര്‍ഷകരുടെ ജീവിതവുമാണ് മലബാര്‍സമരത്തിലേക്കു നയിച്ചതെന്ന സവിശേഷവീക്ഷണത്തെ ഊന്നലോടെ സ്ഥാപിക്കാനാണ് നോവലിസ്റ്റ് ശ്രമിക്കുന്നത്. ജന്മിയുടെ ചൂഷണവും ക്രൂരതകളും കുഞ്ഞലവിയും മാധവനും ഉള്‍പ്പെടുന്ന ദരിദ്രരായ കുടിയാന്മാരെ തളര്‍ത്തുന്നതിനെക്കുറിച്ചുള്ള വിവരണം നോവലില്‍ അവതരിപ്പിക്കുന്നുണ്ട്.
ദേശഭാവന
ലഹളയും പ്രതിരോധങ്ങളും സജീവമായതിനെ തുടര്‍ന്ന് ഭര്‍തൃഗൃഹത്തില്‍ നിന്നും ഗര്‍ഭിണിയായ മറിയക്കുട്ടി തന്‍റെ വീട്ടിലേക്കു പോകാന്‍ നിര്‍ബന്ധിതയാവുന്നു. കുഞ്ഞലവി പാട്ടത്തിനെടുത്ത നെല്‍വയല്‍ ജന്മി തിരിച്ചെടുത്തു. ജന്മിമാരും ഗുണ്ടകളും ചേര്‍ന്ന് നാടു വിറപ്പിക്കുകയാണ്. ഉറ്റസുഹൃത്തായ മാധവന്‍ ജന്മിയുടെ ഭീഷണിയില്‍ അകന്നു പോയതോടെ കുഞ്ഞലവി ഒറ്റപ്പെട്ടു പോകുകയാണ്. കുഞ്ഞലവിയുടെ വീടുതന്നെ ജന്മി കത്തിച്ചുകളയുന്നു. ഒളിവില്‍ നിന്നു കുഞ്ഞലവിയെ പിടിച്ചു കൊടുക്കുന്നവര്‍ക്കു ഇനാം പ്രഖ്യാപിച്ചുകൊണ്ടുള്ള വാര്‍ത്തകള്‍ വന്നു. ഇതിനിടെ രഹസ്യമായി മറിയക്കുട്ടിയെയും നവജാതശിശുവിനെയും കാണാനെത്തിയ അലവിക്കുട്ടി പോലീസിന്‍റെ പിടിയില്‍ പെടുന്നു. മറിയക്കുട്ടി കുഞ്ഞിനെ അച്ഛനമ്മമാരെ ഏല്‍പ്പിച്ച് ആന്തമാനിലേക്കു നാടുകടത്തപ്പെട്ട കുഞ്ഞലവിക്കൊപ്പം പോകുന്നു. ആന്തമാനിലെത്തിയ ശേഷം അനുഭവിക്കുന്ന ദുരിതങ്ങളും അതിജീവനവുമാണ് നോവലിന്‍റെ അവസാന പകുതി. ആ നിലയ്ക്ക് ഇതും ഒരു ആന്തമാന്‍ നോവലാണെന്നു പറയാം. 'കാലവും കാലാപാനിയും കടന്ന്', 'കാലാപാനി: അധിനിവേശത്തിന്‍റെ നാള്‍വഴികള്‍' മുതലായ നോവലുകളിലെന്ന പോലെ ആന്തമാന്‍കുടിയേറ്റത്തിന്‍റെ അനുഭവങ്ങള്‍ ഇതില്‍ തീവ്രമായി വിവരിക്കുന്നുണ്ട്. കുടിയേറ്റത്തിന്‍റെ ദുരനുഭവങ്ങളും ഉദ്വിഗ്നതകളും അതിന്‍റെ അതിജീവനങ്ങളും ദമ്പതികളെ തളര്‍ത്തി. ചതുപ്പുനിലത്തു കുടില്‍ കെട്ടി, മലമ്പനിയും കൊതുകും ജവറകളോടുള്ള ഭീതിയുമായി വേദനിച്ചു കഴിയുന്ന ഒരു പറ്റം മനുഷ്യര്‍! തങ്ങള്‍ വിട്ടു പോന്ന സ്വദേശത്തിന്‍റെ ഓര്‍മയെ പുന:സൃഷ്ടിക്കാന്‍ ഒരു ഗ്രാമം സൃഷ്ടിച്ചെടുത്ത് പൂക്കോട്ടൂരെന്നു പേരിട്ടു കഴിയുന്നു. ദേശഭാവന അക്ഷരാര്‍ത്ഥത്തില്‍ അതിജീവനത്തിനു ഉതകുകയാണ് ഇവിടെ!!
'ഇന്ദുലേഖ'യില്‍ പതിനെട്ടാം അദ്ധ്യായമെന്നപോലെ 'ചുവന്ന തിരമാലകളി'ല്‍ പതിനാറാം അദ്ധ്യായം സുപ്രധാനമാണ്. നൂറ്റാണ്ടുകളായി പഞ്ചാബിലും സിന്ധിലും ഇന്ത്യയുടെ മറ്റു പ്രദേശങ്ങളിലും ഒക്കെയായി സ്വാതന്ത്ര്യമെന്ന ആശയത്തിനായി പോരാടിയ മുസ്ലിംകളുടെ കഥകള്‍ ചര്‍ച്ച ചെയ്യുന്നതിനാല്‍ ഈ അദ്ധ്യായം കൃതിയുടെ ചരിത്രപരതയെ നിര്‍മിച്ചെടുക്കുന്നതില്‍ സുപ്രധാനപങ്കു വഹിക്കുന്നു. ജയിലില്‍ വെച്ചു പരിചയമായ മലയാളികളല്ലാത്ത തടവുകാരില്‍ നിന്നും താനേശ്വരിയെക്കുറിച്ചും മൗലവി നൂറുദ്ദീനെക്കുറിച്ചും കുഞ്ഞലവി അറിയാനിടവരുന്നു. മതപണ്ഡിതരും വൃദ്ധരുമായ നിരവധിപേര്‍ പീഡനത്തിനും മരണത്തിനുമിരയായി. മുഗള്‍ ചക്രവര്‍ത്തിമാരുള്‍പ്പടെ അനേകം പേര്‍ വെള്ളക്കാരുടെ ക്രൂരതയക്കിരയായതിന്‍റെ വിശദമായ ചിത്രം കുഞ്ഞലവിക്കു കിട്ടി.
ആദ്യത്തെ കുഞ്ഞിനെ വീട്ടില്‍ ഉമ്മായെ ഏല്‍പ്പിച്ചു ആന്തമാനിലേക്കു തിരിച്ച മറിയക്കുട്ടിക്കു വീണ്ടും ഒരു കുഞ്ഞു കൂടി പിറന്നു. 1942 കാലമാകുമ്പോഴേക്കും ആന്തമാനില്‍ ബ്രിട്ടീഷ് ഭരണം മാറി, പകരം ജപ്പാന്‍ ഭരണം വന്നു. തുടര്‍ന്ന് ലോകമഹായുദ്ധത്തിന്‍റെ കെടുതികളില്‍ പെട്ട് ജനത നട്ടം തിരിഞ്ഞു. ഭക്ഷ്യക്ഷാമം അവരെ വല്ലാതെ തകര്‍ത്തു. പലരും കാട്ടിലേക്കോടി. അവരില്‍ പലരും തിരിച്ചുവന്നില്ല. പട്ടിണികിടന്നു ജോലി ചെയ്ത പലരും തളര്‍ന്നു വീണു. അവരെ മര്‍ദ്ദിച്ചു പണിയെടുപ്പിക്കാന്‍ നോക്കി. അതില്‍ പലരും മരണപ്പെട്ടു! നാലകത്തു സുലൈമാനും യുസൂഫും അങ്ങനെ മരണപ്പെട്ടവരാണ്. സ്വാതന്ത്ര്യത്തിനായി പൊരുതിയവര്‍ പലരെയും ബോട്ടില്‍ കയറ്റി കൊണ്ടുപോയി. കടലിനു നടുവില്‍ നിന്ന ബോട്ടില്‍ നിന്നും കടലിന്‍റെ ആഴങ്ങളിലേക്ക് അവരെ വലിച്ചെറിഞ്ഞു കൊല്ലുന്നു!! പിന്നെ വെള്ളക്കാരന്‍റെ ഭരണത്തിന്‍ കീഴിലും ദുരിതം തന്നെ. അപ്പോഴേക്കും ആരോഗ്യം തകര്‍ന്ന കുഞ്ഞലവി തന്‍റെ നിരാശകളുമായി പൊരുത്തപ്പെട്ടിരുന്നു. യുവാവായ മകന് ബിസിനസ് ചെയ്യാനാണ് മോഹം. നാട്ടില്‍ ഇട്ടു പോന്ന മകളെക്കുറിച്ചോര്‍ത്തു വെന്തു നീറി അമ്മ മറിയക്കുട്ടിയും വിട ചൊല്ലിയതോടെ കുഞ്ഞലവി തികച്ചും ഒറ്റപ്പെട്ടു പോകുന്നു. മകനുമായുള്ള തലമുറവിടവ് അദ്ദേഹം തിരിച്ചറിയുന്നു. ഇതിനിടയില്‍ സ്വാതന്ത്ര്യാനന്തരം നാട്ടിലേക്കു പോയ സുഹൃത്തു വഴി കുടുംബക്കാരുള്‍പ്പെടെയുള്ള ഏറനാട്ടിലെ വിവരങ്ങള്‍ അറിഞ്ഞ് കുഞ്ഞലവി തളര്‍ന്നു പോകുന്നുണ്ട്. പുതിയ തലമുറയക്ക് അന്യമായ പഴയ പോരാട്ടത്തിന്‍റെ ആദര്‍ശാത്മകത അവര്‍ക്കു ഭാരവുമാണ് എന്നു പതിയെ കുഞ്ഞലവി ഉള്‍ക്കൊണ്ടു തുടങ്ങി. അതിലേറെ സ്വന്തം ഉമ്മ മരിച്ചു പോയതറിഞ്ഞ് അയാള്‍ ദു:ഖഭാരത്തിലാവുന്നു. മകളെക്കുറിച്ചും വിവരമൊന്നുമില്ല. സ്വന്തമെന്നു കരുതിയത് എല്ലാം നഷ്ടപ്പെട്ടതിന്‍റെ വേദനയും ജീവിതത്തിന്‍റെ വ്യര്‍ത്ഥതയും അയാളെ തകര്‍ത്തു. തന്‍റെ നാട്ടിലെ വഴികളും സ്ഥലങ്ങളും പള്ളികളും ആളുകളുമെല്ലാം തിരിച്ചുകിട്ടാന്‍ കഴിയാത്തവിധം മാറുകയോ നഷ്ടപ്പെടുകയോ ചെയ്തുവെന്ന ബോധം താങ്ങാന്‍ കുഞ്ഞലവിക്കു കഴിയുമായിരുന്നില്ല! ബിസിനസ് പുരോഗമിച്ചതോടെ ജനിച്ച വീട് വിട്ടു പുതിയ വീട് പണിതുയര്‍ത്തുവാന്‍ മകന്‍ അബ്ദുള്‍ മജീദ് ആഗ്രഹിക്കുമ്പോള്‍ അതിനൊപ്പം ചലിക്കുവാന്‍ കുഞ്ഞലവിക്കു കഴിയുന്നില്ല. മകളുടെ മകന്‍ അയച്ച കത്തു വായിച്ചു എന്തെന്നില്ലാത്ത വികാരഭേദങ്ങളിലൂടെ അയാള്‍ കടന്നു പോയി. ചരിത്രം സൃഷ്ടിച്ചവര്‍ ചരിത്രത്തില്‍ അനാവശ്യമായി മാറിയോ എന്ന ആശങ്ക അയാളെ മരണക്കിടക്കയിലും ഭരിച്ചു. അതേ വിഹ്വലതകളോടെ വിഭ്രമത്തോടെ കുഞ്ഞലവി എന്ന ചരിത്രനായകന്‍ മരണക്കിടക്കയില്‍ നിന്നും ജീവിതത്തോടു വിട പറയുന്നതോടെ നോവല്‍ അവസാനിക്കുന്നു. തികച്ചും നായകകേന്ദ്രിതമായ നോവലെന്നും ഈ കൃതിയെ വിശേഷിപ്പിക്കാം. തിളച്ചു മറിയുന്ന ചരിത്രമുഹൂര്‍ത്തങ്ങള്‍ക്കു വിധേയമായി തൂത്തെറിയപ്പെട്ട കുഞ്ഞലവിയന്ന നായകന്‍റെയും നിസ്സഹായമായ മനുഷ്യജീവിതങ്ങളുടെ കഥ പറയുന്ന ചുവന്ന തിരമാലകള്‍ രേഖീയമായി പറയുന്ന കഥാതന്തുവിനപ്പുറം മറ്റു പലതും മുന്നോട്ടുവെയ്ക്കുന്നുണ്ട്; നോവല്‍ചരിത്രത്തോടും നമ്മുടെ രാഷ്ട്രീയചരിത്രത്തോടും ചോദിക്കാനുള്ള ഒട്ടനേകം ചോദ്യങ്ങള്‍...
സമരം എന്ന ആഖ്യാനം
മലബാര്‍സമരം എന്ന ആശയത്തെ സുവ്യക്തമായി വിസ്തൃതമായി സജീവമായി അവതരിപ്പിക്കാന്‍ നോവലുകള്‍ക്കു കഴിയുന്നത് ചെറു സ്ഥലങ്ങളില്‍ നടന്ന പോരാട്ടങ്ങള്‍ വിശദീകരിച്ച് അവതരിപ്പിക്കുന്നതിലൂടെയാണ്. പ്രാദേശികമായി നടന്ന ചെറു ചെറു പ്രതിരോധങ്ങളിലൂടെയാണ് മലബാര്‍സമരം നടന്നത് എന്നും സമരമല്ല, മറിച്ച് സമരങ്ങളാണ് എന്നും ഇത് പറയുന്നു. മണ്ണാര്‍ക്കാട് സമരം, അങ്ങാടിപ്പുറത്തെ പ്രക്ഷോഭം ഒക്കെ വെവ്വേറെയായി വേറെ വേറെ പ്രാദേശികസാഹചര്യങ്ങള്‍ക്കകത്ത് നിര്‍വഹിക്കപ്പെടുന്നു. സ്ഥലങ്ങള്‍, വ്യക്തികള്‍ എന്നിവയുടെ സവിശേഷമായ പ്രതിപാദനത്തിലൂടെ ആണ് ഇതു സാദ്ധ്യമാക്കുന്നത്. സമരത്തിന്‍റെ ജനകീയവും പ്രാദേശികവുമായ മുഖം ഇതോടെ വ്യക്തമാകുന്നുണ്ട്. 1884ല്‍ മണ്ണാര്‍ക്കാട് യുദ്ധം നടന്നതിനെക്കുറിച്ചും 1797ല്‍ മഞ്ചേരി യുദ്ധം നടന്നതിനെക്കുറിച്ചും പറയുന്നുണ്ട്. രക്തസാക്ഷികളായവരെ വിശദമായിത്തന്നെ ചിത്രീകരിക്കുന്നുണ്ട്. ചരിത്രപുരുഷന്‍മാരുടെ പേരുകള്‍ അതേപടി ഉപയോഗിച്ചിരിക്കുന്നു. ജയിലില്‍ അടയ്ക്കപ്പെട്ട മൂന്ന് തടവുകാര്‍ ഉണ്ടായിരുന്നതിനെപ്പറ്റി പറയുന്നുണ്ട്. വാരിയംകുന്നന്‍, എരിക്കുന്നന്‍, പുന്നക്കാടന്‍ ഇങ്ങനെ മൂന്നു പേരെ കുറിച്ചാണ് കാര്യമായിട്ട് തടവുകാരായും രക്തസാക്ഷികളായും അവതരിപ്പിക്കുന്നത്. ചരിത്രവും ഭാവനയും തമ്മിലുള്ള അതിര്‍വരമ്പുകള്‍, ചരിത്രപുരുഷന്‍മാരുടെ പേരുകള്‍ ഒക്കെ യഥാതഥമായി തന്നെ കടന്നുവരുന്നു. സംഭവങ്ങളും ചരിത്രത്തിന്‍റെ വസ്തുനിഷ്ഠതയോടെ ഈ നോവലുകളില്‍ ആഖ്യാനം ചെയ്യപ്പെടുന്നു. ആന്തമാന്‍ ദ്വീപിലേക്കു രാഷ്ട്രീയത്തടവുകാരായി കുടിയേറിയതിനെക്കുറിച്ചുള്ള പരാമര്‍ശവും ഈ കൃതിയിലും ഉണ്ട്.
വെടിവെപ്പില്‍ പരിഭ്രാന്തരായി നടുങ്ങിയ കാലം മുതല്ക്കുള്ള പഴയത് പലതും ഓര്‍ത്തെടുക്കുന്ന അലവിക്കുട്ടിയെ ചുവന്ന തിരമാലകളുടെ അവസാനം കാണാം. പന്താരങ്ങാടിയില്‍ കുഞ്ഞാപ്പുഹാജിയുടെ മകള്‍ കുഞ്ഞാറ്റയും കുടുംബവും ഭര്‍ത്താവ് കുഞ്ഞുമൊയ്തീനും തുടര്‍ന്ന് പട്ടാളത്തെ ഭയന്ന് കഴിയുന്നു. അലവിക്കുട്ടി എല്ലാം നിരീക്ഷിച്ച് കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുന്നു. അവിടെ കുഞ്ഞുമോനും ഒളിച്ചിരുന്നു ഇരുവരും ചേര്‍ന്ന് കുടുംബത്തെ രക്ഷപ്പെടുത്തുന്നു. സംഘര്‍ഷഭരിതമായ സമരങ്ങളുടെ പ്രായോഗിക മുറകളാണ് ഈ അദ്ധ്യായങ്ങളില്‍ ഏറെയുള്ളത് കല്ലേറും കത്തിക്കുത്തും വെടിവെപ്പും കത്തിക്കലും വാരിക്കുന്തം കൊണ്ടുള്ള ആക്രമണങ്ങളും ഒക്കെയുള്ള ജീവന്‍മരണപോരാട്ടം തന്നെ. അകത്തും പുറത്തുമായി മരിച്ചുവീഴുന്ന തദ്ദേശിയ ജനങ്ങള്‍, പട്ടാളക്കാര്‍, ആലിമുസ്ലിയാരുടെ കീടങ്ങല്‍ എല്ലാം ഏറെ ചലനാത്മകമായി ആഖ്യാനം ചെയ്തിട്ടുണ്ട്.
മതസാമുദായികതയുടെ ദൈനംദിനജീവിതം
രണ്ടു നോവലുകളിലും ധാര്‍മികതയും രാഷ്ട്രീയനിലപാടുകളും മതവിശ്വാസങ്ങളും വളരെ പ്രാധാന്യത്തോടെ ഇഴുകിച്ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു. പന്താരങ്ങാടിയുടെ തുടക്കത്തില്‍ വിസ്തരിച്ചു ആഖ്യാനം ചെയ്യുന്ന നിസ്കാരവും വഴിപാടും കഥാപാത്രങ്ങളുടെ വികാരവിചാരങ്ങളില്‍ ആത്മീയബോധത്തിനും സങ്കല്പങ്ങള്‍ക്കുമുള്ള പ്രാധാന്യം ന്യായീകരിക്കാന്‍ സഹായകമാകുന്നു. രണ്ടു കൃതികളിലും മതപരമായ വിശ്വാസചര്യകളിലൂടെ വൈകാരികമായ അതിജീവനത്തിനു ശ്രമിക്കുന്നതു കാണാം. ഈ കൃതികളില്‍ മലയാളസാഹിത്യത്തില്‍ പതിവില്ലാത്തതും എന്നാല്‍ മലയാളി മുസ്ലിം ജീവിതത്തില്‍ സ്വാഭാവികമായി നിലനില്‍ക്കുന്നതുമായ ഒട്ടേറെ പദങ്ങള്‍ കടന്നു വരുന്നുണ്ട്. ദുആ, ഇബാദത്ത്, നഫ്സ്, യാസീന്‍ ഓതല്‍, മഗ്രിബ്, ഇശാ നമസ്കാരം എന്നിങ്ങനെ മതപരമായ അനുഷ്ഠാനചര്യകളെ സൂചിപ്പിക്കുന്ന ഒട്ടേറെ പദങ്ങള്‍ കാണാം. ഇതൊക്കെ മലയാളസാഹിത്യത്തിന്‍റെ മുഖ്യാധാരാപാരമ്പര്യത്തില്‍ പൊതുവേ അന്യമാക്കപ്പെട്ട മേഖലകളാണ്. അവയെ സങ്കോചമോ അപകര്‍ഷതയോ ആദര്‍ശാത്മകതയോ ഇല്ലാതെ സ്വാഭാവികമായി സാധാരണീകരിക്കപ്പെട്ട രീതിയില്‍ എഴുതുകയാണ് ഈ നോവലുകളില്‍. അതിലൂടെ മതത്തിനകത്തെ മുസ്ലിംജീവിതത്തിന് സാധൂകരണം നല്‍കുകയും അതിലൂടെ മുസ്ലിംകര്‍തൃത്വം രൂപപ്പെടുത്തുകയും ചെയ്യുന്നു എന്നു കരുതാനും പ്രയാസമില്ല. ന്യൂനപക്ഷ മതവിഭാഗങ്ങളെ സംബന്ധിച്ച രാഷ്ട്രീയവും സാമൂഹികവുമായ അരക്ഷിതാവസ്ഥകള്‍ ഉന്നയിക്കപ്പെടുന്ന സമകാലികസാഹചര്യത്തില്‍ അത്തരം അടയാളങ്ങള്‍ സ്വത്വസമര്‍ത്ഥനത്തെ സാധൂകരിക്കുന്നവ കൂടിയാണ്. കാരണം മുസ്ലിം ജീവിതചര്യയെയും അതിന്‍റെ ആഖ്യാനത്തെയും സവിശേഷമായി കണ്ടുകൊണ്ട് ആത്മവിശ്വാസത്തോടെ മലയാളത്തില്‍ എഴുതുന്നു എന്നത് പ്രധാനമാണ്. സാമ്പത്തികമായി താഴ്ന്ന, അടിസ്ഥാനവിഭാഗങ്ങളിലെ മുസ്ലിം ജീവിതങ്ങളാണ് ഇവിടെ വരുന്നത് എന്നതും പ്രധാനം തന്നെ. റേഷനരിയും പരിപ്പും ഉണക്കമീനും കഴിക്കുന്ന, കൃഷിക്കാരായ, ഓലപ്പുരയില്‍ കഴിയുന്ന, മേല്‍ക്കൂര ഓടിട്ട ഒരു കൊച്ചുവീടു പോലും അഭിമാനമായി കരുതുന്ന അതിസാധാരണക്കാരായവരെ കഥാപാത്രങ്ങളാക്കി എഴുതപ്പെടുന്ന ഈ നോവലുകള്‍ക്കു ജനകീയമായ വിനിമയശേഷി ഏറുന്നു. ചട്ടയും മുണ്ടും കവിണിയും ധരിച്ചു പള്ളിയില്‍ പോകുന്ന ഇടത്തട്ടുകാരായ കൃസ്ത്യാനികളും, കോട്ടയത്തെ ഇടവഴികളും നാട്ടുവഴക്കങ്ങളും വാമൊഴികളും നിറഞ്ഞ മുട്ടത്തു വര്‍ക്കി നോവലുകളിലേതു പോലെ ദൈനംദിന ജീവിതത്തിന്‍റെ അതിസാധാരണമായ ആഖ്യാനങ്ങളിലൂടെ, സാമുദായികതയുടേതായ അന്യവല്‍ക്കരണത്തെ പതുക്കെ തുടച്ചു നീക്കി, അതിനെ തുറന്നിടുകയാണ് ഈ നോവലുകള്‍ ചെയ്യുന്നത്.
ഗ്രന്ഥസൂചി: