Historical Communication in the Stories of Bony Thomas

Remyamol G 
Dr. Bennichen Scaria

(Article No: 222, issue No: 29, June 2022, Page no: 77-84)

Abstract

Postmodernism is a creation of different biological experience. Post modern short stories re-read and revalue the thoughts that was deep rooted in modernism and provide new insights. It travels beyond the history and questions the written text and exhorts for the deconstruction of the encrypted history. The stories of Bony Thomas focus the need remoulding history.

Key words: history, lesson, territorialising, horthus malabaricus, colonization, post modernism, deconstruction, new historicism.

References

Thomas Bony, Dog Space, DC Books, Kottayam - 2017
Ravikumar K.S. Dr., Kadhayam Bhavakathwa Parinamavum, Sahithya Pravarthaka Sahakarana Sangam, Kottayam - 2012.
 Raj Dileep, Navacharitravadam, D.C. Books, Kottayam - 2000
 Sudhakaran C.B, Utharadhunikatha, D.C. Books, Kottayam - 1999
 Prasannarajan, Utharadunika charchaka, Sahithya Pravarthaka Sahakarana Sangam, Kottayam - 2011
 Wilde Oscar, The Critic as Artist pt. 1, 1891
Remyamol G 
Research scholar
Govt. College Kattappana
Pin:685515 
India
email: remyag18@gmail.com
Mob: +91 .9526468941
&
Dr. Bennichen Scaria
Associate Professor and Research Guide
Govt. College Kattappana
Pin: 685515
India
email: frbennop@gmail.com
Mob: +91 9447916868

ചരിത്രവിനിമയം ബോണി തോമസിന്‍റെ കഥകളില്‍

രമ്യാമോള്‍ ജി
ഡോ. ബെന്നിച്ചന്‍ സ്കറിയ

പ്രബന്ധസംഗ്രഹം:
വൈവിധ്യമാര്‍ന്ന ജൈവികാനുഭവത്തിന്‍റെ സൃഷ്ടിയാണ് ഉത്തരാധുനിക സാഹിത്യം. ആധുനികതയില്‍ മേല്‍ക്കൈ നേടിയ ചിന്താധാരകളെ പുനര്‍വായനക്കും പുനര്‍മൂല്യവിചാരത്തിനും വിധേയമാക്കി നവഭാവുകത്വവ്യതിയാനം പ്രകടമാക്കുന്നതായിരുന്നു ഉത്തരാധുനിക ചെറുകഥകള്‍. ചരിത്രത്തിന്‍റെ ഏടുകള്‍ക്കപ്പുറത്തേക്കുള്ള സഞ്ചാരമായിരുന്നു അതിലൊന്ന്. ലിഖിതപാഠങ്ങളെ ചോദ്യം ചെയ്ത് നിഗൂഢവത്കരിക്കപ്പെട്ട ചരിത്രവ്യവഹാരങ്ങളുടെ പുനര്‍നിര്‍മ്മാണത്തിന്‍റെ/ ബദല്‍ ചരിത്രനിര്‍മ്മാണത്തിന്‍റെ ആവശ്യകതയെ ബോധ്യപ്പെടുത്തുന്നതാണ് ബോണി തോമസിന്‍റെ കഥകള്‍.
താക്കോല്‍ വാക്കുകള്‍: ചരിത്രം, പാഠം, പാഠാന്തരം, ബദല്‍ ചരിത്രം, ഹോര്‍ത്തൂസ് മലബാറിക്കൂസ്, അധിനിവേശം, കോളനിവത്കരണം, ഉത്തരാധുനികത, അപനിര്‍മ്മാണം, നവചരിത്രവാദം.
കഴിഞ്ഞുപോയ ഓരോ നിമിഷവും ചരിത്രത്തിന്‍റെ ഭാഗമാണ്. വാമൊഴി, വരമൊഴി എന്നീ രൂപപ്പെടലുകള്‍ക്കപ്പുറം ചില നിമിഷങ്ങള്‍ ബോധപൂര്‍വ്വമോ അബോധപൂര്‍വ്വമോ ആയി ചരിത്രത്തില്‍ സ്ഥാനമില്ലാതെ മാഞ്ഞുപോകുന്നു അല്ലെങ്കില്‍ മായ്ച്ചുകളയപ്പെടുന്നു. ആധുനികത തീര്‍ത്ത ചരിത്രാത്മകതയുടെ അക്ഷരവടിവുകള്‍ക്കപ്പുറത്തേക്കുള്ള സഞ്ചാരമായിരുന്നു ഉത്തരാധുനികതയുടേത്. മുഖ്യധാരസാഹിത്യത്തെ നിയന്ത്രിച്ചിരുന്ന വരേണ്യ, പുരുഷാധീശ, ദേശീയ, ശാസ്ത്രീയ പ്രത്യയശാസ്ത്രങ്ങളെ നിരാകരിച്ച് പ്രാദേശിക, ദളിത്, ലിംഗ, വര്‍ണ്ണ, വര്‍ഗ വ്യവസ്ഥകളുടെ ബദല്‍ ആവിഷ്കാരങ്ങളായിരുന്നു ഉത്തരാധുനികചരിത്രത്തെ മുന്നോട്ടു നയിച്ചത്. എഴുതപ്പെട്ട ചരിത്രത്തിന്‍റെ പുറന്തോട് പൊട്ടിച്ച് എഴുതപ്പെടാത്ത ചരിത്രത്തെ മനനം ചെയ്യുകയാണ് കാര്‍ട്ടൂണിസ്റ്റും കഥാകൃത്തുമായ ബോണി  തോമസ്. സവിശേഷമായ ഒരു കാലഘട്ടത്തില്‍ നടന്ന സംഭവങ്ങളെ വര്‍ത്തമാനകാല പ്രത്യയശാസ്ത്രവെളിച്ചത്തില്‍ നോക്കിക്കാണുന്ന അദ്ദേഹത്തിന്‍റെ കഥകളാണ് 'അരയന്നത്തൂവല്‍', 'ഹോര്‍ത്തൂസ് മലബാറിക്കൂസ്' എന്നിവ. സുവര്‍ണ്ണ ലിപികളില്‍ രേഖപ്പെടുത്തിയ ചരിത്രവിജയങ്ങള്‍ക്കപ്പുറം പ്രാന്തവത്കരിക്കപ്പെട്ട അലിഖിതപാഠങ്ങള്‍ കൂടിയുണ്ട് എന്ന വസ്തുത ഈ കഥകള്‍ ഓര്‍മ്മിപ്പിക്കുന്നു. അധികാരത്തിന്‍റെയും അധീശത്വത്തിന്‍റെയും കീഴില്‍ അപ്രസക്തമായി പോയ ചരിത്രത്തെ പുനര്‍ നിര്‍മ്മിക്കുകയാണ് ബോണി തോമസ്. 
എന്താണ് ചരിത്രം?, ചരിത്രരചനയുടെ അടിസ്ഥാനഘടകങ്ങള്‍ ഏവ?, അതിന്‍റെ ലക്ഷ്യമെന്ത്?, രചനാവേളയില്‍ സംഭവങ്ങളുടെ സ്വീകാര്യതിരസ്കാര മാനദണ്ഡങ്ങള്‍ എന്ത്?, ചരിത്രം സാഹിത്യമാണോ സാഹിത്യം ചരിത്രമാണോ? എന്നിങ്ങനെ ആധുനികതയുടെ ചരിത്രമാനങ്ങള്‍ ഉത്തരാധുനികതയില്‍ ചോദ്യം ചെയ്യപ്പെട്ടു. സത്യം, യാഥാര്‍ത്ഥ്യം, വസ്തുനിഷ്ഠത എന്നിവയാണ് ചരിത്രരചനയുടെ അടിസ്ഥാനമെന്ന പൊതുധാരണ തിരുത്തപ്പെട്ടു. അധികാര, സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക വ്യവസ്ഥകള്‍, എഴുത്തുകാരന്‍റെ താത്പര്യങ്ങള്‍ എന്നിവയെല്ലാം വ്യക്തമായോ പരോക്ഷമായോ ചരിത്രരചനയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ് എന്ന വാദം പ്രബലമായി. അപ്പോള്‍ ചില വസ്തുതകള്‍ക്ക് പ്രാധാന്യം കൈവരികയും ചിലത് തിരസ്കരിക്കപ്പെടുകയും ചെയ്യും.  എഴുതപ്പെട്ട ചരിത്രനിമിഷത്തില്‍ അപ്രസക്തരായി പോയ രണ്ടു വ്യക്തികളുടെ ചരിത്രപ്രാധാന്യത്തെ പുനര്‍നിര്‍മ്മിക്കുകയാണ് ബോണി തോമസ്. 'അരയന്നത്തൂവല്‍' എന്ന കഥയില്‍ പേരില്ലാത്ത (ഷഹാബുദിന്‍ അഹമ്മദ് ഇബനു മജീദ്) അറബി നാവികനും 'ഹോര്‍ത്തൂസ് മലബാറിക്കൂസ്' എന്ന കഥയില്‍ ഇട്ടി അച്യുതന്‍ എന്ന ഈഴവ വൈദ്യനും കേന്ദ്രകഥാപാത്രങ്ങളാകുന്നു. അപനിഗൂഡവത്കരിക്കപ്പെട്ടവരുടെ ചരിത്രത്തെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന രീതി നവചരിത്രദര്‍ശനമാണ്. 
സമുദ്രസഞ്ചാരവും അധിനിവേശവും കോളനിവത്കരണവും അരികെ നില്‍ക്കുന്ന കാലം, ശാസ്ത്രങ്ങളാല്‍ മനുഷ്യന്‍ പ്രകൃതിയില്‍ ആധിപത്യം നേടുന്നതിനു മുമ്പുള്ള കാലം, ഈശ്വരനും പ്രകൃതി ശക്തികളും നിര്‍ണ്ണായകമായി ജീവിതക്രമത്തെ സ്വാധീനിച്ച ഘട്ടം, യഥാക്രമം 15-ാം നൂറ്റാണ്ടും 17-ാം നൂറ്റാണ്ടുമാണ് കഥാകാലം. സമുദ്രപ്രയാണത്താല്‍ പോര്‍ച്ചുഗീസുകാരനായ ഗാമ സൃഷ്ടിച്ച ഒരു ചരിത്രവും, ഔഷധസസ്യങ്ങളുടെ പുസ്തകമായ ഹോര്‍ത്തൂസ് മലബാറിക്കൂസിന്‍റെ നിര്‍മ്മിതിയിലൂടെ ഡച്ചുകാരനായ ഹെന്‍റി വാന്‍റീഡ് തീര്‍ത്ത മറ്റൊരു ചരിത്രവും. ചരിത്രത്തിന്‍റെ ഏകാത്മകമായ സഞ്ചാരത്തില്‍ ഈ രണ്ടു സംഭവങ്ങളും രണ്ട് വ്യക്തികളുടെ ചരിത്രമായി അടയാളപ്പെടുത്തിയപ്പോള്‍ അപ്രാധാന്യമായി പോയ പ്രാദേശിക വസ്തുതകളും വ്യക്തികളുമാണ് കഥകളുടെ പ്രമേയം.
ڇഠവല ീില റൗ്യേ ംല ീംല ീേ വശീൃ്യെേ ശെ ീേ ൃലംൃശലേ ശേڈ എന്ന ഓസ്കാര്‍ വൈല്‍ഡിന്‍റെ (ഛരെമൃ ണശഹറല, 1891:23) അഭിപ്രായത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് ബോണിയുടെ ചരിത്രാഖ്യാനങ്ങള്‍. നമ്മുടെ ചരിത്രരചനകള്‍ പരിശോധിച്ചാല്‍ ഭൂരിഭാഗവും പാശ്ചാത്യ കേന്ദ്രീകൃതമാണെന്ന് ബോധ്യപ്പെടും, ആധുനികോത്തരതയില്‍ ഈ നിലപാട് വിമര്‍ശിക്കപ്പെട്ടു. വ്യവസ്ഥാപിതചരിത്രത്തെ ചോദ്യം ചെയ്യുകയും കൊളൊണിയലിസം അടിച്ചേല്പിച്ച ചരിത്രപാഠങ്ങളെ തള്ളിക്കളഞ്ഞ് നവീനമായ കാഴ്ചപ്പാടില്‍ നോക്കിക്കാണാനും പുനരാലോചനകളിലേക്ക് നയിക്കുന്നതിനും പര്യാപ്തമായിരുന്നു നവചരിത്രാശയങ്ങള്‍. റോബര്‍ട്ട് യുങിന്‍റെ വാക്കുകളില്‍ "20-ാം നൂറ്റാണ്ടിന്‍റെ അന്ത്യത്തില്‍ ചരിത്രം ആധുനികോത്തരത്തിനു വഴിമാറികൊടുക്കുമ്പോള്‍ നാം ദര്‍ശിക്കുന്നത് പാശ്ചാത്യം എന്നതിന്‍റെ വിലയനവും രംഗതിരോധാനവുമാണ്" (ദിലീപ് രാജ്, 2000:43)
പാഠവും (ലേഃേ) പരിസരവും (രീിലേഃേ) തമ്മിലുള്ള ബന്ധത്തിന്‍റെയടിസ്ഥാനത്തില്‍ ചരിത്രവും സാഹിത്യവും ഇഴയടുത്തു. "യഥാര്‍ത്ഥ ചരിത്രാസ്ഥിത്വത്തിന്‍റെ ഭാവാത്മക പ്രതിനിധാനങ്ങളാണ് (പ്രത്യയശാസ്ത്രനിര്‍മ്മിതികളാണ്) കലാസൃഷ്ടികള്‍. നവചരിത്രവാദികളില്‍ പ്രമുഖനായ ലൂയി മണ്‍ട്രോസ് ഈ പരിണാമത്തെ പാഠങ്ങളുടെ ചരിത്രപരതയും ചരിത്രത്തിന്‍റെ പാഠപരതയും എന്ന് സംഗ്രഹിക്കുന്നു. പാഠം ഒരേസമയം ചരിത്രോത്പന്നവും ചരിത്രനിര്‍മ്മാതാവുമാണെന്നാണിതിനര്‍ത്ഥം" (ദിലീപ് രാജ്, 2000: 35). ഇതോടെ ചരിത്ര സാഹിത്യകൃതികളെ പുതിയ പരിപ്രേക്ഷ്യത്തില്‍ നോക്കിക്കാണാന്‍ തുടങ്ങി. മലയാളചെറുകഥാസാഹിത്യത്തില്‍ ചരിത്രത്തോടുള്ള ആഭിമുഖ്യം എന്‍.പി. ചെല്ലപ്പന്‍ നായര്‍, എം. സുകുമാരന്‍, തകഴി, വി.കെ.എന്‍., ടി.കെ.സി. വടുതല തുടങ്ങിയവരിലൂടെ വികസിച്ച് ഫ്രാന്‍സിസ് നെറൊണ, എസ്. ഹരീഷ്, വിനോയ് തോമസ്, ബോണി തോമസ്, ഉണ്ണി ആര്‍. തുടങ്ങിയ ഉത്തരാധുനികരിലൂടെ എഴുത്തിലും വായനയിലും നവപരിപ്രേക്ഷ്യം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.
ലോകചരിത്രത്തില്‍ കൊളോണിയലിസം സൃഷ്ടിച്ച ബോധമണ്ഡലത്തില്‍ എന്നോ എഴുതപ്പെട്ട, അടിച്ചേല്‍പ്പിക്കപ്പെട്ട ചരിത്രത്തെ അപനിര്‍മ്മിക്കുകയാണ് ബോണി തോമസ്. രണ്ടു യാത്രകളാണ് പശ്ചാത്തലം. ഒന്നാമത്തേതില്‍ മിലിന്ദിയില്‍ നിന്ന് ഇന്ത്യാസമുദ്രം വഴി കോഴിക്കോട്ടേയ്ക്കുള്ള ഗാമയുടെ യാത്രയും രണ്ടാമത്തേതില്‍ ഇട്ടി അച്യുതന്‍റെ ലന്തയാത്രയുമാണ്. എഴുതപ്പെടാത്ത ചരിത്രയാത്രകളുടെ വിഭിന്നമായ പാഠാന്തരങ്ങളിലൂടെയാണ് കഥാകൃത്ത് വായനക്കാരെ നയിക്കുന്നത്. 
ഐതിഹാസിക യാത്രയിലെ അലിഖിതചരിത്രപാഠം
യാത്രകള്‍ എന്നും സാഹിത്യത്തിന് പ്രിയപ്പെട്ട മേഖലയാണ്. യൂറോപ്പില്‍ നിന്ന് ഇന്ത്യയിലേക്ക് വാണിജ്യമാര്‍ഗ്ഗം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ പുറപ്പെട്ട ഗാമ കിഴക്കന്‍ ആഫ്രിക്ക ചുറ്റി മൊസാംബിക്കിലും മെംബാസയിലും സഞ്ചരിച്ച് മിലിന്ദിയില്‍ എത്തി നില്‍ക്കുന്നു. സാവോ ഗബ്രിയേല്‍, സാവോ റാഫേല്‍, ബറിയോ എന്നീ പായ്ക്കപ്പലുകള്‍ ഇന്ത്യസമുദ്രസഞ്ചാരം എന്ന അനിശ്ചിതത്വത്തിനു മുമ്പില്‍ നങ്കൂരമിട്ടിരിക്കുന്നു. 
"വളരെ നീളമുള്ള കഥയാണ് - കെനിയയിലെ മിലിന്ദി മുതല്‍ കോഴിക്കോട് വരെ നീളം. അതായത് ആഫ്രിക്ക മുതല്‍ കേരളം വരെ നീണ്ട കഥ. നല്ല വീതിയുമുണ്ട്. കപ്പലുകളുടെ പായകളെ കവിയുന്ന കാറ്റിന്‍റെ വീതി. എന്നു മാത്രമല്ല കടല്‍പ്പുറ്റുകള്‍ മുതല്‍ നക്ഷത്രങ്ങള്‍ വരെ ഉയരവും. നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് കഥയ്ക്ക്" (ബോണി തോമസ്, 2017 :123). വിശാലമായ സ്ഥലരാശിയും കാലരാശിയും കഥ്യാഖ്യാന സവിശേഷതയാണ്. 
ചരിത്രത്തിലൊരിടത്തും കാണാനാവാത്ത ഈ കഥ അപരിഷ്കൃതമായ കടലിനും കാറ്റിനും ആകാശത്തിനുമറിയാം. പുതുചരിത്രം സൃഷ്ടിക്കാനായി പുറപ്പെട്ട ഗാമയ്ക്കു മുമ്പില്‍ അറബികള്‍ക്ക് മേല്‍ക്കോയ്മയുള്ള ഇന്ത്യാസമുദ്രത്തിലൂടെയുള്ള യാത്ര പ്രതിബന്ധമായി തീര്‍ന്നിരിക്കുന്നു. ഇനി മുന്നോട്ടു പോകണമെങ്കില്‍ കടലിനെ, കാറ്റിനെ, ആകാശത്തെ, പ്രകൃതിയെ അറിയുന്ന സമുദ്രസഞ്ചാരത്തില്‍ പ്രഗത്ഭനായ ഒരു നാവികന്‍റെ സഹായം ആവശ്യമായി വന്നിരിക്കുന്നു. എന്‍റെ നാവികപ്രാവീണ്യം കേട്ടറിഞ്ഞ ഗാമ എന്‍റെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നു. അതുകൊണ്ട് ഈ കഥയിലെ നായകന്‍ ചരിത്രപുരുഷനായ ഗാമ അല്ല ഞാനാണ്.
'കഥ പറയുന്നത് ഞാന്‍, ഞാനാണ് കഥാനായകന്‍' ചരിത്രത്തിലപ്രസക്തനായി   പോയ വ്യക്തി തന്‍റെ കഥ വിളിച്ചു പറയുന്ന ആഖ്യാനരീതി ഉത്തരാധുനികമാണ്. വെളുത്ത വര്‍ഗ്ഗക്കാരനായ, അന്യമത വിദ്വേഷിയായ ഗാമ ഇതാ കറുത്തവര്‍ഗക്കാരനായ എന്‍റെ മുന്നില്‍ സഹായമഭ്യര്‍ത്ഥിച്ചു നില്‍ക്കുന്നു. 
"മിലിന്ദിയില്‍ നിന്നു മലബാറിലേക്ക് ഇന്ത്യാസമുദ്രം മുറിച്ചുകടക്കുന്നതിന് കപ്പലുകളെ വഴികാട്ടുമോ?" (ബോണി തോമസ്, 2017:127) എന്നാല്‍ ചോദ്യത്തിനുത്തരമായി താന്‍ നല്‍കിയ മൂര്‍ച്ചയേറിയ ചിരി ഗാമയെ അസ്വസ്ഥനാക്കുന്നു. അധികാര വ്യവസ്ഥയോടും വരേണ്യപ്രത്യയശാസ്ത്രങ്ങളോടും കലഹിക്കുന്നതായിരുന്നു ആ ചിരി. വൈദേശിക അധിനിവേശക്രമം, ക്രൈസ്തവ, ഇസ്ലാം മതവിശ്വാസവും അതിന്‍റെ പേരിലുണ്ടായ കുരിശുയുദ്ധങ്ങളും ജിഹാദുകളും മുസ്ലിം ആധിപത്യ സമുദ്രഭാഗമായ ഇന്ത്യാസമുദ്രത്തിന്‍റെ അധികാരം പിടിച്ചെടുക്കാനുള്ള യുദ്ധക്കോപ്പുകളുമായുള്ള വെളുമ്പന്മാരുടെ വരവും ആക്രമണവും കേരളത്തില്‍ അറബികള്‍ നേടിയ വാണിജ്യവ്യാപാര കുത്തക കൈക്കലാക്കുക എന്നിങ്ങനെയുള്ള ചരിത്രസംഭവങ്ങള്‍ ആ ചിരിയുടെ അന്തര്‍ധാരയായി വര്‍ത്തിക്കുന്നുക യാത്രയിലൂടെ ഗാമ കൈവരിക്കാന്‍ പോകുന്ന 'ചരിത്രപുരുഷന്‍' എന്ന സ്ഥാനത്തോടുള്ള ശക്തമായ പരിഹാസവും ആ ചിരിയിലുണ്ട്.
"ഈ ഭൂമേഖലയ്ക്കും ഇവിടെയുള്ളവര്‍ക്കും നിനക്കും എനിക്കും എന്തൊക്കെയോ സംഭവിക്കാന്‍ പോകുന്നു, തീര്‍ച്ച" (ബോണി തോമസ്, 2017 :131) എന്ന നാവികന്‍റെ തിരിച്ചറിവ് വരാന്‍ പോകുന്ന വൈദേശികാധിപത്യത്തിന്‍റെയും അടിമത്തത്തിന്‍റേതുമാണ്. തന്‍റെ പ്രിയപ്പെട്ടവളായ കറുമ്പിയുടെ മുന്നറിയിപ്പുകളെ മറികടന്ന് തന്നില്‍ ഈശ്വരനിശ്ചിതമായ ദൗത്യത്തിന്, ഗാമയുടെ ചരിത്രദൗത്യത്തിന് വഴികാട്ടാനായി പുറപ്പെടുന്നു. കാരണം വഴി കാട്ടിയാലും ഇല്ലെങ്കിലും ഗാമയുടെ തോക്കിന് മുന്നില്‍ തന്‍റെ ജീവന്‍ നഷ്ടപ്പെടുമെന്ന തിരിച്ചറിവാണ് പാരമ്പര്യമായി ലഭിച്ചതും താന്‍ അനുഭവത്തിലൂടെ നേടിയതുമായ കടലറിവുകള്‍ പകര്‍ന്നുകൊടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്. ഗാമയുടെ ചരിത്രനേട്ടത്തിനപ്പുറം വരുന്ന തലമുറകള്‍ക്ക് വേണ്ടി കൂടിയാണത്.
"സാവോ ഗബ്രിയേലിന്‍റെ പായകള്‍ വിരിഞ്ഞു നങ്കൂരമെടുത്തു. കാറ്റും വെള്ളവും വലിവുമുള്ള നേരം. കപ്പല്‍ ആടി മുന്നോട്ട് നീങ്ങി. കൂട്ടുകപ്പലുകളും മുന്നോട്ട് നീങ്ങുകയാണ്. ചരിത്രത്തിലേക്ക് കടല്‍ വിളിയാണ് എനിക്ക് എല്ലാം നഷ്ടമാകുന്ന കടല്‍ വിളി" (ബോണി തോമസ്, 2017 :135) പുതിയ സൂര്യോദയം ചരിത്രമാണ്. ഗാമ മഹാനാകുന്നു. എനിക്കറിയാം യൂറോപ്പില്‍ നിന്നും കോഴിക്കോട്ടേക്ക് വാസ്കോഡ ഗാമ കടല്‍ വഴി കണ്ടുപിടിച്ചു എന്ന ചരിത്രവിവരണത്തില്‍ ഞാന്‍ ഉണ്ടാവില്ല. ഞാന്‍ ചരിത്രത്തില്‍ ഇല്ലാത്ത നായകന്‍. ഈ കഥയിലെ മാത്രം നായകന്‍. 
അധികാരബോധം അടിച്ചമര്‍ത്തിയ ചരിത്രപാഠം
കോളനിവത്കരണവും ഡച്ചധിനിവേശവും ലോകത്തിന് നല്‍കിയ സംഭാവനയായിട്ടാണ് ഹോര്‍ത്തൂസ് മലബാറിക്കൂസിന്‍റെ രചനയെ ചരിത്രപുസ്തകങ്ങള്‍ വിലയിരുത്തുന്നത്. എന്നാല്‍ യഥാര്‍ത്ഥ ചരിത്രമെന്ത്? അത് മായ്ച്ചു കളഞ്ഞതാര്? എന്ന അന്വേഷണമാണ് ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന കഥ. 
"ലോകമാകെ അറിയാന്‍ പോകുന്ന ഹോര്‍ത്തൂസ് മലബാറിക്കൂസ് പുസ്തകം വാന്‍റീഡിന്‍റേതോ കരപ്പുറത്തെ ഈഴവവൈദ്യനായ ഇട്ടി അച്യുതന്‍റെതോ?"(ബോണി തോമസ്, 2017 :79) ചരിത്രപരമായ ഉത്തരം ലളിതം വാന്‍റീഡിന്‍റേത്. പക്ഷേ ചരിത്രത്തിന്‍റെ പാഠാന്തരത്തില്‍ വാന്‍റീഡ് അപ്രസക്തനാവുകയും ഇട്ടി അച്യുതന് ചരിത്രമാനം കൈവരികയും ചെയ്യുകയാണ് ഈ കഥയില്‍. നാട്ടുവൈദ്യത്തില്‍ പ്രഗത്ഭനായ ഇട്ടി വൈദ്യരുടെ അഗാധപാണ്ഡിത്യത്തെ കൈക്കലാക്കുക, ചരിത്രരചനാ കര്‍തൃത്വം സ്വന്തമാക്കുക എന്ന ലക്ഷ്യമാണ് വാന്‍റീഡിനുള്ളത്. പ്രാദേശികമായ അറിവുകളെ അധികാരമുഷ്ടികൊണ്ട് കൈക്കലാക്കുക എന്ന ബലതന്ത്രം തന്നെയാണിവിടെ പ്രയോഗിക്കുന്നത്. രചനയ്ക്ക് സഹായിച്ചാലും ഇല്ലെങ്കിലും തന്‍റെ മരണം വാന്‍റീഡ് നിശ്ചയിച്ചു കഴിഞ്ഞിരിക്കുന്നു എന്ന തിരിച്ചറിവ് വൈദ്യരെ രചനയ്ക്കായി പ്രേരിപ്പിക്കുന്നു. 
ലോകത്തെവിടെയുമുണ്ട് രോഗങ്ങള്‍ ലോകത്തെവിടെയും മരുന്നുകളുണ്ടാകട്ടെ എന്ന വിശ്വദര്‍ശനം വാന്‍റീഡ് തീര്‍ക്കാന്‍ പോകുന്ന ചരിത്രത്തിന്‍റെ അക്ഷരവടിവുകളെ  നിലം പരിസാക്കുന്നതാണ്. തലമുറകളായി കൈമാറിവന്ന അറിവുകള്‍ തന്‍റെ മരണത്തോടെ അന്യംനിന്നുപോകരുത് എന്ന ചിന്ത വൈദ്യരെ രചനയ്ക്കായി പ്രേരിപ്പിക്കുന്നു. എന്നാല്‍ വാന്‍റീഡ് പുസ്തകത്തിന് നിശ്ചയിച്ചിരിക്കുന്ന പേര് ഹോര്‍ത്തുസ് ഇന്‍ഡിക്കസ് മലബാറിക്കൂസ് - ഇന്ത്യയിലെ മലബാറിലെ ഉദ്യാനം എന്നാണ് എന്ന് കേട്ട വൈദ്യര്‍ അമ്പരക്കുന്നു. 
"പുസ്തകങ്ങളില്‍ താജ്മഹലാണ് ഹോര്‍ത്തൂസ് മലബാറിക്കൂസ്" താജ്മഹല്‍ പണിതത് മുഗള്‍ചക്രവര്‍ത്തിയോ ശില്പ്പിയോ? (ബോണി തോമസ്, 2017 :79). എന്നിങ്ങനെ കര്‍ണ്ണീരോപറങ്കി പൊട്ടിച്ചിരിച്ചുകൊണ്ട് അധികാരത്തിന്‍റെ മുകളിലിരുന്നു ചോദിക്കുന്നു. അധികാരവും സമ്പത്തുമാണ് ചരിത്രത്തെ നിയന്ത്രിക്കുന്നതെന്ന് പരോക്ഷമായി കര്‍ണ്ണീരോപറങ്കി സൂചിപ്പിക്കുന്നു. നൂറ്റാണ്ടുകളായി ചരിത്രം രചിക്കപ്പെടുന്നത് ഇങ്ങനെയാണ്, വരേണ്യതയുടെയും അധികാരത്തിന്‍റെയും അടിച്ചമര്‍ത്തലിന്‍റെയും അധിനിവേശത്തിന്‍റെയും പാഠങ്ങളാണ്.
താജ്മഹല്‍ ഉദാത്തമായ പ്രണയത്തിന്‍റെ ചരിത്രാത്മകമായ പ്രതീകമെന്നാണ് പാഠം. എന്നാല്‍ അടിമകളാക്കപ്പെട്ട, ജീവന്‍ നഷ്ടപ്പെട്ട തൊഴിലാളികളുടെ, അധ്വാനത്തിന്‍റെ, സര്‍ഗാത്മകതയുടെ, അവഗണിക്കപ്പെട്ടതിന്‍റെ എഴുതപ്പെടാത്ത ചരിത്രം കൂടി ആ വെണ്മ നിറഞ്ഞ കൊട്ടാരത്തിന്‍റെ ശിലാഫലകങ്ങളില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. നിര്‍മ്മിതിയുടെ പൂര്‍ത്തീകരണം വരയെ ഇവര്‍ക്ക് സ്ഥാനമുള്ളു. അതിനപ്പുറം മാറ്റി നിര്‍ത്തപ്പെടേണ്ടവര്‍ തന്നെ എന്ന അധികാരബോധം ചരിത്രത്തെ സൃഷ്ടിക്കുന്നു.
വാന്‍റീഡ് ഹോര്‍ത്തൂസ് മലബാറിക്കൂസിലൂടെ പുതിയ ചരിത്രം രചിക്കുമ്പോള്‍ ഇട്ടി അച്യുതന്‍ മായ്ക്കപ്പെടുന്നു. 'അരയന്നത്തൂവലി'ലെ കറുമ്പിയുടെ മുന്നറിയിപ്പിനെ മറികടന്നു പോയതുപോലെ സഹായിയായ കിനാവന്‍റെ എതിര്‍പ്പുകളെയും സ്വപ്നദര്‍ശനങ്ങളെയും മറികടന്ന് വൈദ്യര്‍ ലന്തയ്ക്കു പുറപ്പെട്ടു. തന്നില്‍ നിക്ഷിപ്തമായിരിക്കുന്ന ദൗത്യം നിറവേറ്റാന്‍ പോയ വൈദ്യര്‍ തിരികെ വന്നിട്ടില്ല. ചരിത്രത്തിന്‍റെ എഴുതാപ്പുറങ്ങളില്‍ ഇന്നും വൈദ്യര്‍ മറഞ്ഞു നില്‍ക്കുകയാണ്; മാറ്റി നിര്‍ത്തപ്പെട്ടിരിക്കുകയാണ്. 
അധിനിവേശവും കോളനിവത്കരണവും എപ്രകാരമാണ് പ്രാദേശിക സംസ്കാരത്തെയും അറിവുകളെയും അന്യവത്കരിക്കുന്നതെന്ന് ഈ കഥകള്‍ സംവദിക്കുന്നു. അധിനിവേശ മഹത്വവത്കരണ ചരിത്രരചനാതത്വങ്ങളുടെ ഏകാത്മകമായ ആവിഷ്കാരത്തെ ചോദ്യം ചെയ്ത് വിഭിന്ന വ്യവഹാരപാഠങ്ങളുടെ ആവശ്യകതയെ ബോധ്യപ്പെടുത്തുകയാണ് കഥാകൃത്ത്. രണ്ടു കഥകളും എഴുതപ്പെട്ട ചരിത്രത്തിന്‍റെ ഇരകളുടേതാണ്; എഴുതപ്പെടാത്ത ചരിത്രത്തിലെ നായകന്മാരുടേതും. ലിഖിത വരേണ്യ ചരിത്രത്തിനപ്പുറം തിരസ്കൃതരുടെ അലിഖിതചരിത്രപാഠം കൂടിയുണ്ട് എന്ന് ഓര്‍മ്മിപ്പിക്കുമ്പോള്‍ അതുവരെ മേല്‍ക്കോയ്മ നേടിയ ചില വിഗ്രഹങ്ങള്‍ തകര്‍ക്കപ്പെട്ടേക്കാം. ചരിത്രത്തെ അപനിര്‍മ്മിച്ച് ഭാവാത്മകമായി ആവിഷ്ക്കരിക്കുന്നതിലൂടെ എഴുത്തിലും വായനയിലും പുതിയ ചരിത്രാനുഭവം പകര്‍ന്ന് നല്‍കുകയാണ് ഈ കഥകള്‍. സവിശേഷ കോണുകളില്‍ നിന്നുള്ള വീക്ഷണങ്ങള്‍ക്കപ്പുറം ചരിത്രത്തെ എങ്ങനെയാണ് സമീപിക്കേണ്ടത് എന്നും ചരിത്രത്തിലെ സമാന്തരസഞ്ചാരത്തിന്‍റെയും ബദല്‍ ചരിത്രരചനയുടെ ആവശ്യകതയെക്കുറിച്ചും ബോണി തോമസ് ഓര്‍മ്മിപ്പിക്കുന്നു.
ഗ്രന്ഥസൂചി

തോമസ് ബോണി., ഡോഗ് സ്പെയ്സ്, ഡി. സി. ബുക്സ്, കോട്ടയം - 2017.
രവികുമാര്‍ കെ. എസ്. ഡോ., കഥയും ഭാവുകത്വ പരിണാമവും, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം, കോട്ടയം - 2012
രാജ് ദിലീപ്.,നവചരിത്രവാദം, ഡി. സി. ബുക്സ്, കോട്ടയം-2000
സുധാകരന്‍ സി.ബി., ഉത്തരാധുനികത, ഡി. സി. ബുക്സ്, കോട്ടയം -1999
പ്രസന്നരാജന്‍., ഉത്തരാധുനികചര്‍ച്ചകള്‍, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം, കോട്ടയം -2011.
Wilde Oscar. , The Critic as Artist, Pt.1,1891
രമ്യാമോള്‍ ജി
ഗവേഷക
ഗവണ്‍മെന്‍റ് കോളേജ്, കട്ടപ്പന
ഫോണ്‍ :  9526468941
remyag18@gmail.com
ഡോ. ബെന്നിച്ചന്‍ സ്കറിയ
അസോസിയേറ്റ് പ്രൊഫസര്‍ & റിസേര്‍ച്ച് ഗൈഡ്
ഗവണ്‍മെന്‍റ് കോളേജ്, കട്ടപ്പന
ഫോണ്‍ :  9447916868
frbennop@gmail.com