എഡിറ്റോറിയല്‍

പാരിസ്ഥിതിക വിവേകം

ഡോ. ഷംഷാദ് ഹുസൈന്‍ കെ.ടി

(Article No: 216, issue No: 29, June 2022, Page no: 3-5)

പരിസ്ഥിതി ദിനം ആര്‍ക്കുവേണ്ടിയുള്ളതാണ്. പരിസ്ഥിതി യെ/പ്രകൃതിയെ സംരക്ഷിക്കുന്നതിനുവേണ്ടിയാണോ? അതോ മനുഷ്യന്‍റെ നിലനില്‍പ്പിന് വേണ്ടി തന്നെയാണോ?. പരിസ്ഥിതിയെ സംരക്ഷിക്കുക എന്നതിനകത്ത് മനുഷ്യന്‍റെ നിലനില്‍പ്പ് ഉള്ളടങ്ങി യിട്ടുണ്ട്. മനുഷ്യനെക്കുറിച്ചുള്ള ചിന്ത വിശാലമായ ഭൗമ സങ്കല്പ ത്തിലേക്ക് ബഷീറിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ അണ്ഡകടാഹത്തെ കുറിച്ചുള്ള ധാരണയിലേക്ക് വികസിപ്പിക്കാനായാല്‍ അത് പരിസ്ഥിതി അവബോധമാകുമോ? മനുഷ്യന്‍ എന്ന കേന്ദ്രത്തെ തകര്‍ത്തുകൊണ്ട് നമുക്ക് പരിസ്ഥിതി യെക്കുറിച്ച് ചിന്തിക്കാ നാവുമോ?. ഇങ്ങനെ ചിന്തിക്കുമ്പോള്‍ മനുഷ്യനും പരിസ്ഥിതിയും വിരുദ്ധ ദ്വന്ദ്വങ്ങളാണ് എന്ന് വരുന്നുണ്ടോ? ഇത്തരം കുറെ ചോദ്യ ങ്ങള്‍ ഓരോ പരിസ്ഥിതി ദിനവും അതിന്‍റെ ആഘോഷങ്ങളും അവശേഷിപ്പിക്കാറുണ്ട്.

എല്ലാവര്‍ക്കും ഭക്ഷണം വേണം. ആധുനിക സൗകര്യങ്ങള്‍ വേണം. ആരോഗ്യപരമായ ജീവിതവും വേണം. ഇത് എല്ലാവര്‍ക്കും ലഭ്യമാവുക എന്നത് തന്നെയാണ് പ്രധാന ദൗത്യം. പാരിസ്ഥിതിക വീക്ഷണത്തില്‍ ഇവയൊന്നുംതന്നെ ചേര്‍ന്നുപോകുന്ന കാര്യങ്ങ ളല്ല. വന്‍കിട ഉല്‍പാദനം ഭൂമിയുടെ അമിത ചൂഷണത്തിനും അതിലൂ ടെ അതിന്‍റെ പുനരുല്‍പാദനത്തെയും ബാധിക്കുന്നു കാര്യമാണ്. വികസന സങ്കല്പങ്ങള്‍ക്ക് അടിസ്ഥാനം ഒരിക്കലും പ്രകൃതി വിഭവങ്ങള്‍ ആകുന്നുമില്ല. ആരോഗ്യകരമായ ഭക്ഷണവും ജീവിതവും പാരമ്പര്യ രീതിയിലാണെങ്കില്‍ അതിനെ പരിഷ്കൃതി യുടെ സൂചനയില്‍ നമ്മള്‍ ഉള്‍പ്പെടുത്തുകയുമില്ല. അതേസമയം ന്യൂഡില്‍സിനോടൊപ്പം വിളമ്പിയാല്‍ കഞ്ഞി പരിഷ്ക്കാരത്തിന്‍റെ ഭാഗമാവും.

നമ്മുടെ പ്രാദേശിക സംസ്കൃതിയെയും ഉല്‍പാദന രീതികളെയും തന്നെയാണ് ഇവ ആത്യന്തികമായി ബാധിക്കുന്നത്. 2022 ജൂണ്‍മാസത്തില്‍ കേരളാ ഫിഷറീസ് വകുപ്പിന്‍റെ ഒരു മിന്നല്‍ പരിശോധന പൊന്നാനിയില്‍ നടന്നു. അനധികൃതമായി പിടിച്ച മത്സ്യക്കുഞ്ഞുങ്ങളെ തിരിച്ചു കടലിലേക്ക് ഇടുകയും കുഴിച്ചു മൂടുകയമാണവര്‍ ചെയ്തത്. ഒരുഘട്ടം വരെ നാട്ടിന്‍പുറങ്ങളില്‍ ഇത്തരത്തില്‍ മീന്‍പിടിത്തം ഉണ്ടാവാറില്ലായിരുന്നു. മീനുകളുടെ പ്രജനനകാലം, അവരുടെ വളര്‍ച്ച ഇവയെയൊക്കെ തിരിച്ചറിഞ്ഞ് അത്തരം ധാര്‍മികമൂല്യങ്ങളോടെ വിഭവങ്ങളെ സമീപിച്ച രീതി നമുക്ക് ഉണ്ടായിരുന്നു. പ്രകൃതി കോപം മാത്രമല്ല ഇത്തരം കാര്യങ്ങള്‍ കൂടി പരിഗണിച്ചാണ് മീന്‍പിടിക്കാന്‍ നമ്മുടെ മുക്കുവര്‍ സമയവും സ്ഥാനവും നിശ്ചയിച്ചിരുന്നത്. പക്ഷേ, ഇന്ന് മറ്റെല്ലാ പരിഗണനകള്‍ക്കുമപ്പുറം ലാഭം മാത്രം ലക്ഷ്യമാവുന്നു. പക്ഷെ, ഇതവര്‍ക്കുമാത്രം ഉണ്ടാകുന്ന മാറ്റവുമല്ല. മറ്റ് പരിതസ്ഥിതികള്‍ കൊണ്ട് പട്ടിണി മാറ്റാന്‍ പോലുമാവാം അവര്‍ ഇത്തരം ധാര്‍മിക രീതി സങ്കല്പങ്ങളെ കയ്യൊഴിഞ്ഞതു തന്നെ. മറ്റെല്ലാവരും ലാഭ ത്തിനുവേണ്ടി നിലകൊള്ളുമ്പോള്‍ അരയര്‍ക്കുമാത്രം ബാധകമാവേ ണ്ടതല്ല ധാര്‍മികബോധം. പക്ഷേ, ഒരു വ്യവസ്ഥയുമായി ബന്ധമില്ലാത്തവര്‍ക്കു മാത്രമല്ല അതിനകത്തു ജീവിക്കുന്നവര്‍ പോലും ഈ മൂല്യ ബോധം നഷ്ടമായിതുടങ്ങി എന്നതിന്‍റെ സൂചനയായി ഇതിനെ വായിക്കാം. ഇത്ര വലിയ അധികാര കേന്ദ്രങ്ങളോടും പൊരുതാനുള്ള ഒരു കരുത്ത് ഇന്ത്യയിലെ കര്‍ഷകര്‍ക്ക് ലഭിച്ചത് അവര്‍ക്ക് അവരുടെ ഉല്പാദന ശക്തിയിലുള്ള വിശ്വാസം കൊണ്ട് തന്നെയായിരുന്നു. ചെറിയ ലാഭങ്ങള്‍ക്ക് വേണ്ടി അവരത് അടിയറവെക്കാന്‍ തയ്യാറായില്ല എന്നതുകൊണ്ടാണ് അവരുടെ സമരം വലിയ വിജയമായത്. ഈ കരുത്താണ് പ്രാദേശിക സംസ്കൃതികള്‍ക്ക് നഷ്ടമാവുന്നത്. പരമ്പരാഗത മീന്‍പിടിത്തക്കാര്‍ ആവണമെന്നില്ല ഇങ്ങനെ ചെയ്തത്. അങ്ങനെ ആ വ്യവസ്ഥ തകര്‍ക്കുന്നതിന് ഭാഗമായുമാവാം ഈ മീന്‍പിടിത്ത വേട്ടകള്‍.

കഴിഞ്ഞദിവസം കേരളത്തിലെ പരപ്പനങ്ങാടി കടപ്പുറത്ത് പോയപ്പോള്‍ വളരെ സങ്കടം തോന്നിയ കാഴ്ച കണ്ടു. കടല്‍ കാണാനെത്തിയ ധാരാളംപേരുംണ്ടായിരുന്നു. അവരെ ചുറ്റിപറ്റി യുള്ള പ്രാദേശിക കച്ചവടക്കാരും. ഇതിനിടയില്‍ ചെറിയ ഒരുപയ്യന്‍ ഒരു ബക്കറ്റ് നിറയെ വേസ്റ്റ് കൊണ്ടുവന്ന് കടലില്‍ കമഴ്ത്തി. എത്രയോ ജനങ്ങള്‍ക്ക് മുന്നില്‍ വച്ച് വളരെ സ്വാഭാവികമായി അവനതുചെയ്തു. കടല്‍ എല്ലാറ്റിനെയും മായ്ച്ചുകളയും എന്ന ധൈര്യമാകാം അല്ലെങ്കില്‍ അവരെ സംബന്ധിച്ച് മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതിനാലാവാം അതുമല്ലെങ്കില്‍ കാലാകാലങ്ങളായി ചെയ്തുവരുന്ന പ്രവര്‍ത്തിയുമായതിനാലാവും. തീരപ്രദേശങ്ങള്‍ കുറേക്കൂടി വളര്‍ന്ന സാഹചര്യത്തില്‍ അതിനു ചുറ്റും ജീവിക്കുന്ന കുറച്ചു മനുഷ്യരുടെ ജീവിത ചുറ്റുപാടുകളും, അവര്‍ പുറന്തള്ളുന്ന കുറഞ്ഞ വേസ്റ്റുകളും മാത്രമല്ല ഇപ്പോഴുള്ളത്. പ്രാദേശിക ഭരണകൂടങ്ങളെല്ലാം കടലിനെ പരിപാലിക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. എങ്കിലും അതിനു ചുറ്റും ജീവിക്കുന്ന ജനങ്ങളെ ഉത്ബോധിപ്പിക്കാതെ സംരക്ഷണം പൂര്‍ണമാവില്ല. അതുകൊണ്ട് പരിസ്ഥിതി അവബോധം ഒരു വ്യക്തിക്ക് ഉണ്ടാവേണ്ട വിവേകം തന്നെയാണ്. കവികളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും ചുമതലയായല്ല ഇതിനെ കാണേണ്ടത്. വ്യക്തിഗതമായി നമ്മള്‍ ആര്‍ജിക്കേണ്ട തിരിച്ചറിവ് തന്നെയാണത്. 

എഡിറ്റര്‍
ഇശല്‍ പൈതൃകം

Dr. Shamshad Hussain KT
Professor
Department of Malayalam
Sree Sankaracharya University of Sanskrit
Regional Centre Tirur
Pin: 676301
India
Mob: +91  9400327514
editor@ishalpaithrkam.info