There is None Besides Him Who seeks The Truth
Dr. Sajilha Kizhinipurath
(Article No: 220, issue No: 29, June 2022, Page no: 49-59)
Abstract
Gandhian Philosophy has strongly influenced Malayalam Literature. The Gandhian influence on Women's Poetry in Malayalam is Studied here. Gandhiji appears as a symbol of love and virtue in the poems of the early Malayalam female Poets. Sister Mary Baninja, Muthukulam Parvathiyamma, Lalithambika Andarjanam, kadalhanattu Madhaviyamma, Balamaniyamma. All these Poems express the greatness of Gandhiji's Personality and Philosophy. Gandhian influence on Sugalhakumari's Poems on Social commitment, environmental awareness and feminist consciousness. Savithiri Rajeevan shares her grief over the situation in which Gandhiji's words are later quoted by any Adharmi. The poems of new poet's like Vineetha K, Hasna sherin, Karthika Sivaprasad prove that Gandhiji is meant to be enshrined in every Indian as a symbol of freedom and self respect.. Malayalam women writers have go sought to assimilate Gandhian Philosophy than critique of it.
Key words: Gandhian influence - Gandhian Philosophy - Satyagraha - Dharmamargam - Non violence - fasting - Sense of Justice - Mercy - Freedom Struggle - Women's Writing - Self Strongness Gender equality - Martyardom Social commitment - Femininity.
Reference
Karuna Chanana Ahammed Dr. (1996). ‘Sthreekalude Karthavyangalum Rastreeya Pangalithavum Gandhijiyude Veekshanathil, Sthreeneethi Dr. V.M. Rajalakshmi (ed.)
Lalithambika Andarjanam (2010) Andarjanathinte Sampoorna Kavithakal Kottayam: SPCS
Lalithambika Andarjanam (2015) Alhmakathaykku Oramukham. Kottayam: DC Books.
Mahadev Desai (2018). Day-to-Day with Gandhi. Varanasi: Sarva Seva Sangh Prakashan.
Mahatma Gandhi (2000). Sampoorna krithikal
Madhaviyamma, kadathanatt (2006). Kadathanatt Madhaviyammayude kavithakal
Mary Beninja, Sister (1997). Beninja Kavithakal (Complete works) Kottayam: DC Books.
Meena kandasamy (2012) Sparsham, Thiruvananthapuram: Chintha Publishers.
Parvathiyamma Muthukulam (2015). Muthukulam Parvathiyammayude Kavilhakal. Kottayam : DC Books.
Ramachandran Nair. K. (ed) (2006) Gandhijiyum Keralavum kozhikode: Mathruboomi Books.
Savithree Rajeevan (1993), Charivu, Pakshikootam Books.
Shaheed Ameen (2006). ‘Gandhiyum Mahathmayum: Gorakpur Jilla-1921-22’. Keezhalapadanangal Susi Thara, A. Sanjeev (eds.)
Sugathakumari (2006) Sugathakumariyade kavithakal (Sampoornam) kottayam: Dc Books
Vineetha K. (2015) Vineethayude kavithakal). Thiruvananthapuram: Chinth Publishers.
സത്യമാര്‍ഗാന്വേഷകന്‍ അവിടുന്നല്ലാതാരുണ്ട്
സജിത കിഴിനിപ്പുറത്ത്
മലയാള സാഹിത്യത്തില്‍ ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ ശക്തമായൊരു സ്വാധീനമായി നിലനിന്നിട്ടുണ്ട്. കവിതയിലാണ് ഈ സ്വാധീനം ഏറെ പ്രകടമാകുന്നത്. വള്ളത്തോളിന്‍റെ 'എന്‍റെ ഗുരുനാഥന്‍', എന്‍.വി. കൃഷ്ണവാരിയരുടെ 'ഗാന്ധിയും ഗോഡ്സേ'യും തുടങ്ങിയവ പ്രസിദ്ധമാണ്. എഴുത്തുകാരികളിലും സര്‍ഗാത്മക പ്രചോദനമായി ഗാന്ധിജി കടന്നുവരുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ സ്ത്രീകള്‍ എഴുത്തിലേക്ക് കടന്നുവരുന്നതിനുതന്നെ ഗാന്ധിയന്‍ ചിന്തകളും ദേശീയസമരവും വലിയ പങ്കുവഹിച്ചതായി കാണാം. മലയാള സ്ത്രീഭാവന ഗാന്ധിയന്‍ദര്‍ശനങ്ങള്‍ എങ്ങനെ സ്വാംശീകരിച്ചു എന്നത് പഠിക്കപ്പെടേണ്ടതാണ്.
ഇന്ത്യന്‍ സര്‍ഗാത്മക സാഹിത്യത്തില്‍ ഗാന്ധിയന്‍ പ്രഭാവം ഏറ്റവും കൂടുതല്‍ അനുഭവപ്പെട്ടത് 20-ാം നൂറ്റാണ്ടിന്‍റെ ആദ്യ പകുതിയിലാണെന്നു കാണാം. ഇക്കാലത്ത് സ്ത്രീ പുരുഷ ഭേദമെന്യേ ഇന്ത്യന്‍ എഴുത്തുകാരുടെ രചനകളിലെല്ലാം ഗാന്ധിജി നിറഞ്ഞു നിന്നു. കവിതകള്‍, കഥകള്‍, നോവലുകള്‍, നാടകങ്ങള്‍ എന്നു വേണ്ട അദ്ദേഹത്തെ ദൈവാവതാരമായി സങ്കല്പിച്ചുകൊണ്ട് സൃഷ്ടിക്കപ്പെട്ട നാടോടിക്കഥകള്‍ വരെ ഇന്ത്യയിലെ നാനാദേശങ്ങളില്‍ ഉണ്ടായി. ഗാന്ധിജി അത്ഭുത പ്രവൃത്തികള്‍ ചെയ്യാന്‍ പ്രാപ്തിയുള്ള സിദ്ധനാണെന്ന മട്ടിലുള്ള കഥകളായിരുന്നു ഗ്രാമങ്ങളില്‍ പ്രചരിച്ചവയിലേറെയും. 1921-22 കാലഘട്ടത്തില്‍ ഗോരഖ്പൂരിലെ കര്‍ഷകത്തൊഴിലാളികള്‍ക്കിടയില്‍ പ്രചരിച്ചിരുന്ന ഇത്തരം കഥകളെ പഠനവിധേയമാക്കുന്നുണ്ട് ഷഹീദ് അമീന്‍ അദ്ദേഹം ഉദ്ധരിച്ച ഒരു കഥ ഇങ്ങനെയാണ്. ڇരുദ്രപ്പൂര്‍ ഗ്രാമത്തിലെ എല്ലാവരും മഹാത്മാ ഗാന്ധിയുടെ മാര്‍ഗം പിന്തുടരാമെന്നു സമ്മതിച്ചു, എന്നാല്‍ ഒരുത്തന്‍ തന്‍റെ പഴയ ശീലം കൈവിടാതെ പുല്ലുവെട്ടാന്‍ പോയി. തിരിച്ചു വരവെ അയാള്‍ക്കു ഭ്രാന്തു പിടിച്ചു. അയാള്‍ ചുറ്റുപാടുമുള്ള വസ്തുക്കളെല്ലാം തച്ചുടച്ചു. മഹാത്മജിയുടെ പേരില്‍ അഞ്ചുരൂപ സമര്‍പ്പിക്കാമെന്നു വാക്കു നല്‍കിയപ്പോള്‍ അയാള്‍ക്കു ശാന്തത കൈവന്നു.ڈ (ഷഹീദ് അമീന്‍, 2006:76)
ഗാന്ധിജിയുടെ അഹിംസയില്‍ ഊന്നിക്കൊണ്ടുള്ള സമര രീതികളും ലളിതമായ വേഷവിധാനവും സാത്വികഭാവവും അദ്ദേഹത്തിലേക്ക് ജനങ്ങളെ പെട്ടെന്നു തന്നെ അടുപ്പിച്ചു. അദ്ദേഹത്തിന്‍റെ അണികളില്‍ വലിയൊരു വിഭാഗം സ്ത്രീകളായിരുന്നു. സത്രീകള്‍ക്കിടയില്‍ അദ്ദേഹത്തിനു ലഭിച്ച സ്വീകാര്യതയെക്കുറിച്ച് സെക്രട്ടറിയായ മഹാദേവ് ദേശായ് എഴുതിയ യാത്രാക്കുറിപ്പുകളില്‍ പലയിടത്തും പരാമര്‍ശിക്കുന്നുണ്ട്. ڇഞങ്ങളുടെ തീവണ്ടി എല്ലാ സ്റ്റേഷനുകളിലും നിര്‍ത്തുകയുണ്ടായി. നൂറുകണക്കിനാളുകള്‍ തടിച്ചു കൂടാത്ത ഒരൊറ്റ സ്റ്റേഷന്‍പോലുമുണ്ടായിരുന്നില്ല. ഒരിക്കലും തങ്ങളുടെ വീടിനുപുറത്തേക്കു കടക്കാത്ത സ്ത്രികള്‍ പോലും അദ്ദേഹത്തെ കാണാനും കേള്‍ക്കാനുമായെത്തി... ഒരു സ്ഥലത്ത് ഒരു സഹോദരി തന്‍റെ പവിഴ മാല ഊരിയിട്ട് അദ്ദേഹത്തോട് څഇതു ഞാന്‍ പ്രത്യേകമായി അങ്ങേക്കണിയാന്‍ നല്‍കുകയാണ്چ എന്നു പറഞ്ഞു.ڈ (ങമവമറല് ഉലമെശ, 1973:142)
സ്വാതന്ത്ര്യസമര കാലഘട്ടം പൊതുരംഗത്തേക്കുള്ള സ്ത്രീകളുടെ കടന്നുവരവിന്‍റെ ഘട്ടം കൂടിയാണ്. അതിന് ഗാന്ധിജിയുടെ നേതൃത്വം നല്‍കിയ പ്രചോദനം വളരെ വലുതായിരുന്നു. അദ്ദേഹത്തിന്‍റെ എഴുത്തും പ്രസംഗങ്ങളും പ്രവര്‍ത്തന ശൈലിയും വലിയ ആത്മവിശ്വാസം അവര്‍ക്കു നല്‍കി. അടിസ്ഥാനപരമായി ഗാന്ധിജി ഒരു പാരമ്പര്യ വിശ്വാസി ആയിരുന്നെങ്കിലും ശൈശവ വിവാഹം, പര്‍ദ്ദാ സമ്പ്രദായം, ദേവദാസി സമ്പ്രദായം, വ്യഭിചാരം, സ്ത്രീധനം തുടങ്ങി അന്ന് നിലനിന്നിരുന്ന ആചാരങ്ങളെ അദ്ദേഹം എതിര്‍ത്തിരുന്നു. സ്ത്രീക്കും പുരുഷനുമുള്ള തുല്യ നിയമാവകാശങ്ങളെ അംഗീകരിക്കുക, സ്ത്രീ അബലയല്ലെന്നും പുരുഷനെക്കാളും താഴ്ന്നവളല്ലെന്നും ആചാരങ്ങള്‍ സൃഷ്ടിച്ചവയാണ് അങ്ങനെയുള്ള ചിന്തകളെന്നും ദൃഢമായി പറയുക, സ്ത്രീയുടെ ശാരീരിക മാനസിക ശക്തികള്‍ പുരുഷന്‍റെ ശാരീരിക ശക്തിയേക്കാളും ശ്രേഷ്ഠമാണെന്നു സ്ഥാപിക്കുക മുതലായ വഴികളിലൂടെയാണ് ഗാന്ധിജി സ്ത്രീ സമത്വത്തിനുവേണ്ടി പ്രവര്‍ത്തിച്ചത്. കരുണ ചനാന അഹമ്മദ്, 1996:92) സ്ത്രീ വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ഗാന്ധിജി ബോധവാനായിരുന്നു. സ്ത്രീകള്‍ തങ്ങളുടെ ശക്തി വിദ്യാഭ്യാസത്തിലുടെ തിരിച്ചറിയുമ്പോള്‍ തങ്ങളുടെ അസമത്വങ്ങളെ സ്വാഭാവികമായി ചെറുക്കുക തന്നെ ചെയ്യും എന്നതായിരുന്നു അദ്ദേഹത്തിന്‍റെ നിലപാട്. സ്വാതന്ത്ര്യ സമരത്തെ സ്ത്രീകള്‍കൂടി ഇറങ്ങി പ്രവര്‍ത്തിക്കേണ്ട സാമൂഹ്യ സന്ദര്‍ഭമായാണ് അദ്ദേഹം കണ്ടത്. നവോത്ഥാനത്തിന്‍റെ ഭാഗമായുണ്ടായ സാമൂഹ്യ പരിഷ്ക്കരണ പ്രവര്‍ത്തനങ്ങളോടൊപ്പം ഗാന്ധിജിയുടെ ആഹ്വാനങ്ങളും പൊതുവേദികളിലേക്ക് ധൈര്യപൂര്‍വ്വം കടന്നു വരാന്‍ ഇന്ത്യന്‍ സ്ത്രീകളെ ഒരളവോളം പ്രാപ്തരാക്കി.
അഞ്ചു തവണയാണ് ഗാന്ധിജി കേരളം സന്ദര്‍ശിച്ചത്. ഈ സന്ദര്‍ഭങ്ങളില്‍ കൗമുദി ടീച്ചറെപ്പോലുള്ള അനേകം സ്ത്രീകള്‍ അദ്ദേഹത്തിന്‍റെ ശിഷ്യത്വം സ്വീകരിച്ചത് പ്രസിദ്ധമാണ്. പൊതു സേവന വ്യഗ്രരായ കേരളീയ സ്ത്രികളുടെ ആത്മാര്‍പ്പണപരമായ പ്രവര്‍ത്തനത്തെ പ്രശംസിക്കാന്‍ തന്‍റെ പ്രസംഗങ്ങളില്‍ ഗാന്ധിജി ശ്രദ്ധിച്ചിരുന്നു. ڇമലയാളി മഹിളകള്‍ക്ക് ഏറ്റവും ഭൂഷണമായി എനിക്കു തോന്നിയ ഒരു കാര്യം അവര്‍ക്ക് ലഘുജീവിതത്തോടുള്ള പ്രിയമാണ്. അവരോളം ലഘു ജീവിതം ഇഷ്ടപ്പെടുന്ന മഹിളകള്‍ ലോകത്ത് എന്‍റെ അറിവില്‍പെട്ടിടത്തോളം വേറെയില്ല.ڈ (രാമചന്ദ്രന്‍ നായര്‍, കെ: 2006:389) എന്ന് 1934-ല്‍ കോഴിക്കോട് നടന്ന സ്ത്രീകളുടെ ഒരു യോഗത്തിലദ്ദേഹം പ്രസംഗിക്കുകയുണ്ടായി. 'നൂല്‍നൂല്‍ക്കാറുണ്ടോ' എന്ന കവികളോടായുള്ള ഗാന്ധിയന്‍ ചോദ്യത്തെ ഉള്‍ക്കൊണ്ടു കൊണ്ടാണ് ശക്തരായ ഒരുകൂട്ടം എഴുത്തുകാരികള്‍ മലയാള കാവ്യരംഗത്തേക്ക് ഈ ഘട്ടത്തില്‍ കടന്നു വന്നത്. സത്യം, ധര്‍മം, അഹിംസ എന്നിവയില്‍ അടിയുറച്ച ഗാന്ധിജിയുടെ ചിന്താധാരകളെ ഈ എഴുത്തുകാരികള്‍ സ്വന്തം ജീവിതത്തിലും എഴുത്തിലും പകര്‍ത്തി.
'ഗാന്ധിജയന്തി' എന്ന പേരില്‍ മഹാകാവ്യമെഴുതിയ സിസ്റ്റര്‍ മേരി ബനീഞ്ഞ (മേരി ജോണ്‍ തോട്ടം 1899-1985), ഗാന്ധിജിയുടെ ശിഷ്യയായി ജീവിച്ച മുതുകുളം പാര്‍വ്വതിയമ്മ (1904-1977), څഅഭിനവപാര്‍ത്ഥസാരഥിچ എന്ന പേരില്‍ തന്‍റെ 14-ാമത്തെ വയസ്സില്‍ ഗാന്ധിജിയെക്കുറിച്ച് ലേഖനമെഴുതി എഴുത്തിന് ആരംഭം കുറിച്ച ലളിതാംബിക അന്തര്‍ജനം (1909-1987) അദ്ദേഹത്തിന്‍റെ ആഹ്വാനത്തില്‍ പ്രചോദിതയായി എഴുത്തിലേക്ക് കടന്നുവന്ന കടത്തനാട്ട് മാധവിയമ്മ (1909-1999), ഗാന്ധിയന്‍ ചിന്തയെ തന്‍റെ കാവ്യദര്‍ശനമാക്കി മാറ്റിയ ബാലാമണിയമ്മ (1909-2004) എന്നിവര്‍ മലയാള കവിതയെ ഗാന്ധി ചിന്തകളാല്‍ സമ്പന്നമാക്കിയവരാണ്. ഗാന്ധിജി ജീവിച്ചിരുന്ന കാലത്ത് ജീവിച്ചവര്‍, നേരിട്ടു കണ്ടവര്‍, പ്രസംഗം കേട്ടവര്‍, എഴുത്തുകള്‍ ആവേശത്തോടെ വായിച്ചവര്‍, ഗാന്ധിജിയുടെ ശക്തരായ അനുയായികള്‍ എന്നീ വിശേഷണങ്ങളെല്ലാം ഇവര്‍ക്കുചേരും. അക്കാലത്തെക്കുറിച്ച് ലളിതാംബിക അന്തര്‍ജനം ഇങ്ങനെ രേഖപ്പെടുത്തുന്നു. څڅപത്രമാസികകള്‍ വായിച്ചും ഗൃഹസദസ്സുകളിലെ ചൂടുള്ള വാദപ്രതിവാദങ്ങള്‍ കേട്ടും വളര്‍ന്നുവന്ന എന്നെപ്പോലുള്ള ചെറിയ പെണ്‍കിടാങ്ങള്‍ കൂടി കസവു വസ്ത്രങ്ങള്‍ വലിച്ചെറിഞ്ഞു ഖദറിനുവേണ്ടി കരയുകയും പനിനീര്‍ച്ചെടി വെട്ടിക്കളഞ്ഞ് പരുത്തി മരം നട്ടുപിടിപ്പിച്ച്, സ്വയം നൂലെടുത്ത് നെയ്യാന്‍ വഴിയില്ലാതെ കുഴങ്ങുകയും ചെയ്തിരുന്ന കാലം (ലളിതാംബിക അന്തര്‍ജ്ജനം: 2015:43) വെള്ള ഖദര്‍ വസ്ത്രം മാത്രം ധരിച്ചിരുന്ന മുതുകുളം പാര്‍വ്വതിയമ്മ ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിനു ശേഷം വെള്ളിയാഴ്ചകളില്‍ മൗന വ്രതം ആചരിക്കുകയും നിരാഹാരം അനുഷ്ഠിച്ച് പ്രാര്‍ത്ഥനയില്‍ മുഴുകുകയും ചെയ്തു. സ്നേഹത്തിന്‍റെയും ധര്‍മ്മത്തിന്‍റെയും കാരുണ്യത്തിന്‍റെയും ആള്‍രൂപമായി ഇവരുടെ കവിതകളില്‍ ഗാന്ധിജി നിറയുന്നുണ്ട്.
വിജ്ഞന്‍ യതിവരനെ
ഈശ്വര ഭക്തരിലഗ്രേസരനെ കൂപ്പണമാദ്യം നാം
പ്രാര്‍ത്ഥനയാണാ ധന്യനുജീവന്‍
(ഗാന്ധിസുക്തങ്ങള്‍- സിസ്റ്റര്‍ മേരി ബനീഞ്ഞ)
സ്നേഹവുമഹിംസയും ത്യാഗവും കരുണയും
മോഹന ചാരിത്ര്യവും സുരരെപഠിപ്പിച്ച
മോഹഹീനനാമങ്ങ്
(സ്വര്‍ഗത്തില്‍ -മുതുകുളം പാര്‍വ്വതിയമ്മ)
ചെറുചിരി ചുണ്ടില്‍ കരളില്‍ സത്യവും
കരുണ കണ്ണിലും കടമ മുന്നിലും
(വരിക ഭാരതജനഗണനാഥ -ലളിതാംബിക അന്തര്‍ജനം)
നൂതനാശകള്‍ നല്‍കി നീ
മൂകലക്ഷത്തിന്നാശയും ചുടു-
മേകി വന്നിങ്ങണഞ്ഞു നീ
മന്ദഹാസ മധുര ശോഭയില്‍
ദിങ് മുഖം തെളിയിച്ചിതാ-
(ഗാന്ധിജയന്തി -കടത്തനാട്ട് മാധവിയമ്മ)
ദുഷ്ടരെപ്പോലും ശമത്തിങ്കലേയ്ക്കാകര്‍ഷിപ്പൂ
പുഷ്ട സൗഹൃദം ഭവല്‍പ്പുണ്യസന്ദേശം ധീമന്‍
(ഞങ്ങളുടെ നേതാവ്- ബാലാമണിയമ്മ)11
ആപല്‍ ബാന്ധവനായ കൃഷ്ണന്‍, മഹാബലി, ഭാവി ഭാരത ഭാഗ്യജീവിതവിധാതാവ്, ഭാരതജനഗണനാഥന്‍, ധര്‍മ്മത്തിന്‍ തേരാളി, മര്‍ത്ത്യ പാവന ഗുരു, ആദ്ധ്യാത്മിക സത്യത്തിന്‍ സംസ്ഥാപകന്‍, നിരുപമത്യാഗി, ലോകനേതാവ് ഇങ്ങനെ എണ്ണമറ്റ വിശേഷണങ്ങള്‍ ഗാന്ധിജിക്ക് നല്‍കപ്പെടുന്നുണ്ട്. സ്വാതന്ത്ര്യസമര രംഗത്തേക്ക് ഗാന്ധിജി കടന്നു വന്നതോടുകൂടി നാടെങ്ങും ഉണര്‍ന്നു. ആ ഉണര്‍വ്വ് ഇവര്‍ കവിതകളിലേയ്ക്ക് ആവാഹിച്ചു.
ചാലു ചാലായൊഴുകുന്നൂ
ആണെന്നില്ലാതെ പെണ്ണെന്നില്ലാതെ
യാളുകള്‍ നാനാ പ്രായക്കാര്‍
(ഗതകാലസ്മരണകള്‍ -കടത്തനാട്ട് മാധവിയമ്മ)
ഞാന്‍ വരുന്നു, വരുന്നൂ സമയമായ്
ഞാന്‍ വരുന്നൂ സമരത്തിനായിതാ
നിര്‍ഭയമായി നിന്നു പോരാടിടാം
ദുര്‍ഭര ദുര്‍നയങ്ങളോടൊക്കവേ
കൈക്കരുത്തു കുറഞ്ഞാല്‍ കുറയട്ടെ
സത്യ ശക്തി സുലഭമായുണ്ടല്ലോ-
(സ്വാതന്ത്ര്യ കാഹളം- ലളിതാംബിക അന്തര്‍ജനം)
പോരാട്ട വേദിയിലേക്ക് സ്ത്രീകള്‍ ആവേശത്തോടെ കടന്നു വന്ന സന്ദര്‍ഭം കൂടിയാണ് ഇത്. ഗാന്ധിജി മാന്നോട്ടുവെച്ച ആത്മബലത്തില്‍ ഊന്നിക്കൊണ്ടുള്ള സമരമാര്‍ഗങ്ങളാണ് ഈ സമരത്തെ സ്ത്രീ പുരുഷ സമത്വം സ്ഥാപിക്കപ്പെട്ട ഒന്നാക്കി മാറ്റിയതെന്ന് ഈ കവിതകള്‍ വ്യക്തമാക്കുന്നുണ്ട്.
സ്വന്തം കൈ കൊണ്ടു മാനമായ് നേടണം,
പോരിളക്കാം, തുടങ്ങാം പെരും പട
പോരുമീ മടി പോരിന്‍ സമയമായ്
(സ്വാതന്ത്ര്യ കാഹളം - ലളിതാംബിക അന്തര്‍ജ്ജനം)
സ്വാതന്ത്ര്യം സ്വയം പോരാടി നേടേണ്ടതാണെന്നും അതുകൊണ്ടു തന്നെ എല്ലാവരും സ്വാതന്ത്ര്യ ഭടന്‍ന്മാരാണെന്നുമുള്ള ബോധ്യം നല്‍കി കൊണ്ടാണ് ഗാന്ധിജി ഈ സമരത്തെ ജനകീയമാക്കിയതെന്ന് ലളിതാംബിക അന്തര്‍ജനം ഈ കവിതയില്‍ കണ്ടെത്തുന്നു. ഗാന്ധിജിയില്‍ പൂര്‍ണ വിശ്വാസമര്‍പ്പിച്ചുകൊണ്ട് ബാലാമണിയമ്മയെഴുതി;
ണ്ടിത്തരം വഴി തെറ്റിപ്പോയോരെസ്സഹായിപ്പാന്‍
(ഞങ്ങളുടെ നേതാവ് -ബാലാമണിയമ്മ)
എന്ന് പുരോഗതിയെ പിന്തിരിപ്പിക്കുന്ന പഴമക്കാരും വൈദേശികതയെ ആശ്ലേഷിക്കുന്ന പുതുമക്കാരും നിറഞ്ഞ, ആത്മബോധം നഷ്ടപ്പെട്ട ഇന്ത്യന്‍ ജനതയെ ഏകോപിപ്പിക്കാനും കര്‍മ്മ നിരതരാക്കാനും ഗാന്ധിജിക്കു കഴിഞ്ഞെന്ന് ഈ കവിത വിലയിരുത്തുന്നു. നാടിന്‍റെ മോചനം എളുപ്പം നേടാനായില്ലെങ്കിലും ഓരോരുത്തരേയും ധാര്‍മ്മിക ബോധത്തിലേക്ക് നയിക്കാന്‍ അദ്ദേഹത്തിനായി. ഒരു പ്രത്യേക സന്ദര്‍ഭത്തിനു വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടതല്ല ഗാന്ധിജിയുടെ സന്ദേശങ്ങള്‍ എന്ന് ബാലാമണിയമ്മ ഓര്‍മ്മപ്പെടുത്തുന്നുണ്ട്.
പരമാമുണര്‍ച്ചയൊന്നുണ്ടാക്കുമസംശയം
(ഞങ്ങളുടെ നേതാവ്- ബാലാമണിയമ്മ)
എന്ന് ലോകത്തല്ലായിടത്തുമുള്ള മനുഷ്യന്‍റെ മോചനമാണത് ലക്ഷ്യമാക്കുന്നതെന്നും, ലോകത്തിന്‍റെ ഉണര്‍ച്ചക്ക് ഏക മാര്‍ഗം ഗാന്ധി മാര്‍ഗമാണെന്നും ഈ കവിത കണ്ടെത്തുന്നുണ്ട്.
ഗാന്ധിയന്‍ ആശയങ്ങളുടെ പ്രചാരണ ദൗത്യം ഏറ്റെടുക്കുന്നുണ്ട് കവിതകള്‍. ആധുനിക നാഗരികതയ്ക്കും സാമ്രാജ്യത്വ വികസനമാതൃകകള്‍ക്കും ഒരു ബദല്‍ എന്ന നിലയ്ക്കാണ് څചര്‍ക്കچയെ ഗാന്ധിജി പ്രതീകാത്മകമായി സ്വീകരിച്ചത്. ഇന്ത്യക്കാരില്‍ സ്വാശ്രയ ശീലം വളര്‍ത്തുന്നതിന്‍റെ ഭാഗമായി മാറി ചര്‍ക്കയും, നൂല്‍നൂല്‍പ്പും, ഖാദി വസ്ത്രവും.
നിക്കര്‍മ്മ ഭൂമിതന്‍ ദാസ്യം വിടര്‍ത്തുവിന്‍
സമ്പത്സുഖങ്ങളും സന്മാര്‍ഗ ബോധവും
സംഭരിച്ചേകുന്ന സാത്വികസാധനം
ഖാദിയെന്നുള്ളതാണാ, ദിവ്യമൂര്‍ത്തിയെ
സ്സാദരം സേവിയ്ക്ക സത്യാഗ്രഹികളേ"
(ദുര്‍ഗതിനീക്കുവിന്‍-അഹിംസാ മാര്‍ഗത്തെ പിന്തുടരുവാനുള്ള ആഹ്വാനവും ബാലാമണിയമ്മ നല്‍കുന്നുണ്ട്.
മുദ്ധരിച്ചിടാ താണുപോം നാടിനെ
പാരിലെങ്ങുമീക്കൊല്ലന്‍റെ വേലയാല്‍-
പ്പാരതന്ത്ര്യ വേരറ്റതായ്ക്കേള്‍പ്പീലാ
കണ്ടറിഞ്ഞു കൈക്കൊള്‍വിനഹിംസയെ-
ക്കായ വാങ്മനോ വൃത്തികള്‍ മൂന്നിലും
ആ മഹാവ്രതനിഷ്ഠയാല്‍ ശ്ശാശ്വത-
ക്ഷേമമാര്‍ന്നു നാം മോചനം നേടാവൂ.
(കൈക്കൊള്‍വിനഹിംസയെ- ബാലാമണിയമ്മ)
ഗാന്ധിജിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തില്‍ പ്രവര്‍ത്തിച്ച കാരുണ്യവും നീതിബോധവുമാണെന്ന് ഈ എഴുത്തുകാരികള്‍ കണ്ടെത്തുന്നുണ്ട്. നാടെങ്ങും ആഹ്ലാദത്തില്‍ മുങ്ങി നിന്ന സ്വാതന്ത്ര്യ ദിനത്തില്‍ വിഭജനം ഉണ്ടാക്കിയ വലിയ മുറിവ് ഉണക്കാന്‍ പാടുപെടുന്ന ഗാന്ധിജിയ്ക്കൊപ്പമാണ് ഈ കവിതകളും നിലകൊണ്ടത്.
കരുണതന്‍ കടല്‍ ഗാന്ധിജിയീശ്വരാ
ഇരുള്‍ കടഞ്ഞു വെളിച്ചമെടുക്കുവാന്‍
ത്വരിതം പായുന്നീ സ്വാതന്ത്ര്യനാളിലും
(സ്വാതന്ത്ര്യദിനത്തിലും- മുതുകുളം പാര്‍വ്വതിയമ്മ )
അര്‍ദ്ധ രാത്രിയില്‍, അര്‍ദ്ധ സുഷുപ്തിയില്‍
എത്തീ, ഭാരത സ്വാതന്ത്ര്യം
കെട്ടുകെട്ടും വിദേശ ശക്തിക്കു
സ്വസ്തിയോതി, നിസ്തന്ദ്രര്‍ നാം
വെട്ടിക്കീറിയ മാതാവിന്‍ മാറില്‍
പിന്നെയൊരന്തി.. അനന്തസ്നേഹം
തിങ്ങി നിറഞ്ഞോരാ മാറില്‍..
കരകാണാത്തൊരു വാത്സല്യത്തോ-
ടിവരെയണയ്ക്കും വിരിമാറില്‍
തീയുണ്ടകള്‍ തന്നര്‍ച്ചന..രുധിരം
തൂവി, ത്തളരും കൈകൂപ്പി
ഹാ, ഞങ്ങള്‍ക്കായോതിയ രാമ-
മഹാനാമത്തിന്‍ ദൃഢ ശബ്ദം
(രാജഘട്ടത്തില്‍ - സുഗതകുമാരി)
ഗാന്ധിജിയുടെ ജീവിതത്തിലെ ഈ അവസാന നിമിഷം ഏതു ജീവിതഘട്ടത്തിലും ഓര്‍ത്തുകൊണ്ടേയിരിക്കുക എന്നതാണ് സത്യധര്‍മാദികളില്‍ നിന്നു വ്യതിചലിക്കാതിരിക്കാനുള്ള ഏക പോം വഴിയെന്ന് കവിത കണ്ടെത്തുന്നു.
ഗാന്ധിജിയുടെ രാമന്‍ ശാശ്വത സത്യമാണ്- അത് ഈശ്വരനാകാം, അല്ലാഹുവാകാം, ശ്രീയേശുവാകാം-
പ്പലനാമത്താല്‍ നമ്മള്‍
പൂജിക്കയല്ലോ നിങ്ങ-
ളിത്തത്ത്വം മറക്കായ്വിന്‍
(രാമനാമം-സുഗതകുമാരി)
ഗാന്ധിയന്‍ ആത്മീയതയ്ക്ക് ആധുനികകാലത്തുണ്ടായ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ക്കൂടിയാവാം ഒരു പ്രതിരോധത്തിന്‍റെ സ്വരം സുഗതകുമാരിക്കവിതകള്‍ പിന്തുടര്‍ന്നത്. ഗാന്ധി ചിന്തകളുടെ ഉറച്ച അടിത്തറ ഉള്ളതുകൊണ്ടാണ് ആധുനികതയുടെ സംഘര്‍ഷങ്ങള്‍ എളുപ്പം മുറിച്ചുകടക്കാന്‍ സുഗതകുമാരിക്കവിതകള്‍ക്ക് സാധിച്ചത്. څഈ ഭൂമിയില്‍ ഓരോ മനുഷ്യന്‍റെയും ആവശ്യത്തിന് വേണ്ടത്രയുണ്ട്. ആര്‍ത്തിക്ക് വേണ്ടത്രയില്ലچ എന്ന ഗാന്ധി ദര്‍ശനമാണ് അവരുടെ കവിതകളുടെ പാരിസ്ഥിതിക ജാഗ്രതയ്ക്കടിസ്ഥാനം.
ഭൂമിയൊന്നാശ്വസിച്ചീടും
(പെണ്‍കുഞ്ഞ് 90 - സുഗതകുമാരി)
പാരിസ്ഥിതിക സ്ത്രീവാദ പക്ഷത്തു നിന്ന് സുഗതകുമാരി ഇങ്ങനെ എഴുതുമ്പോള്‍ ' അഹിംസ മനുഷ്യജാതിയുടെ ധര്‍മമാണെങ്കില്‍ ഭാവി സ്ത്രീകളുടേതാണെ'ന്ന ഗാന്ധി വചനം തന്നെയാണ് പ്രതിധ്വനിക്കുന്നത്.
സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ ഗാന്ധിജി മുന്നോട്ടുവെച്ച ആശയങ്ങളും അതിനായ് അദ്ദേഹം ഉപയോഗിച്ച ചിഹ്നങ്ങളും ഏത് അധര്‍മിക്കും എടുത്ത് ഉപയോഗിക്കാവുന്ന മട്ടില്‍ മാറിപ്പോയതിനെക്കുറിച്ചുള്ള വേവലാതികള്‍ ധാരാളം മലയാളകവിതകള്‍ പങ്കുവെച്ചിട്ടുണ്ട്. മൂല്യസങ്കല്പങ്ങളിലും പ്രയോഗാവിഷ്ക്കാരങ്ങളിലും സംഭവിച്ച വിപര്യയം സാവിത്രീ രാജീവന്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു.
മാന്യ വസ്ത്രങ്ങള്‍ പോയ അപ്പൂപ്പന്‍റെ
ഇല്ലാത്ത തൊപ്പിയെപ്പറ്റി
ഇപ്പോള്‍ ദണ്ഡിയില്‍
ഉപ്പു കുറുക്കുന്നത് ടാറ്റായാണ്
കഥയില്‍ ഇനി എന്തു സംഭവിക്കും
(ഉണ്ണിയ്ക്കറിയില്ല - സാവിത്രി രാജീവന്‍)
മനുഷ്യനെ യന്ത്രമാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന യാന്ത്രിക യുഗത്തെക്കുറിച്ചുള്ള ഉത്ക്കണ്ഠകള്‍ പങ്കുവെച്ച ഗാന്ധിജിയെ ഈ ഇന്‍റര്‍നെറ്റ് യുഗം എങ്ങനെ നോക്കിക്കാണുന്നു എന്ന് അവതരിപ്പിക്കുകയാണ് വിനീത കെ തന്‍റെ 'പ്രിയഗാന്ധി' എന്ന കവിതയില്‍.
യന്ത്രവല്ക്കൃതമാക്കാന്‍ വൈകിയിരിക്കുന്നു..
ഇത് യാന്ത്രിക യുഗം
നിന്‍റെ സ്വപ്നങ്ങളെ
സ്കെച്ച് ചെയ്യാന്‍ വൈകിയിരിക്കുന്നു.
ഇത് കംപ്യൂട്ടര്‍ യുഗം
ഗാന്ധീ, നിന്‍റെ ത്യാഗങ്ങളെ ഞങ്ങള്‍-
പാഠ പുസ്തകങ്ങളില്‍
നിറം ചേര്‍ക്കുന്നു. (പ്രിയഗാന്ധി - വിനീത കെ)
ഗാന്ധിജിയുടെ രാഷ്ട്രീയ ദര്‍ശനം തിരിച്ചറിയാതെ പോകുന്ന,വെറുമൊരു ഷോക്കേയ്സ് പീസായി അദ്ദേഹം മാറുന്ന പുതിയ കാലത്തെ കാഴ്ച വേദനയോടെ പങ്കുവെക്കുന്നുണ്ട് വിനീത.
വിമര്‍ശനങ്ങള്‍ക്ക് ഗാന്ധിജി ഒരിക്കലും അതീതനായിരുന്നി ട്ടില്ല. ജാതി, മതം, സ്ത്രീ- ഈ വിഷയങ്ങളിലെല്ലാം അദ്ദേഹം കൈക്കൊണ്ട നിലപാടുകള്‍ രൂക്ഷമായി വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ വിമര്‍ശകര്‍ക്കു പോലും ആദരവു തോന്നുന്ന തരത്തിലുള്ള വ്യക്തിപ്രഭാവം അദ്ദേഹത്തിന് ഉണ്ടായിരുന്നുവെന്നത് നിഷേധിക്കാനാവില്ല. 'ഹന്ത ഘാതകന്‍ പോലും തൃപ്പാദം/കുമ്പിട്ടേ വെടിവെച്ചുള്ളൂچ എന്ന് കടത്തനാട്ട് മാധവിയമ്മ ആ മഹത്വം മുമ്പേ തിരിച്ചറിഞ്ഞിട്ടുണ്ട്. മീനകന്ദസാമി 'മോഹന്‍ദാസ് കരംചന്ദ്' എന്ന ഗാന്ധിയെ വിമര്‍ശിച്ചുകൊണ്ടെഴുതിയ തന്‍റെ കവിതയില്‍ 'ബാപ്പു, ബാപ്പു കൊടിയ വഞ്ചകാ/ ഞങ്ങള്‍ നിങ്ങളെ വെറുക്കുന്നു' (മീന കന്ദസ്വാമി: 2012) എന്നെഴുതിയപ്പോള്‍ 'ബാപ്പൂ' എന്ന് വിളിക്കാന്‍ മറക്കുന്നില്ല. ആത്മബലത്തെ ആയുധമാക്കിക്കൊണ്ടുള്ള നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങളാണ് ഗാന്ധിജി നടത്തിയത്. ത്യാഗപൂര്‍ണമായ ആ ജീവിതത്തില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊള്ളുന്നതിലാണ് ആശയപരമായ ഭിന്നത ആവിഷ്ക്കരിക്കുന്നതിനേക്കാളേറെ മലയാളത്തിലെ എഴുത്തുകാരികള്‍ ശ്രദ്ധിച്ചത്. മുമ്പെങ്ങുമില്ലാത്ത വിധം ഭരണഘടനയും പൗരസ്വാതന്ത്ര്യങ്ങളും അട്ടിമറിക്കപ്പെടുന്ന സമകാലിക ഇന്ത്യയില്‍ ഗാന്ധിയന്‍ ആശയങ്ങളുടെ അനിവാര്യത തിരിച്ചറിയുന്നുണ്ട് ഹസ്ന ഷെറിന്‍ എന്ന പുതിയ കവി.
പോകും മുമ്പ്
ഒരു പിടി മണ്ണ് കൂടെ കരുതണം
അഹിംസയുറങ്ങുന്ന
രാജ്ഘട്ടിന്‍റെ
ഹൃദയത്തില്‍ നിന്ന്
(പാക്കിസ്ഥാനിലേക്ക് പോകും മുമ്പ് - ഹസ്ന ഷെറിന്‍)
അനീതി ഏറ്റുവാങ്ങേണ്ടി വരുമ്പോള്‍ ആദ്യം നാം ഓടി അണയുന്നത് ഗാന്ധിജിയുടെ കാരുണ്യത്തിലേക്ക് തന്നെ. സ്വാതന്ത്ര്യത്തിന്‍റെയും ആത്മാഭിമാനത്തിന്‍റെയും പ്രതീകമായി നിസ്സഹായരായ ഓരോ ഇന്ത്യക്കാരുടെയും ഉള്ളില്‍ ഇന്നും ഗാന്ധിജി പ്രതിഷ്ഠിതനായിരിക്കുന്നുവെന്ന കാര്യം ബോധ്യപ്പെടുത്തുന്നുണ്ട് ഈ കവിത. തന്‍റെ ഉള്ളിലെ ഗാന്ധിയെക്കുറിച്ച്
കയറുമ്പോഴുള്ളിന്നുള്ളില്‍
സഹയാത്രികനാകുന്നൊരുവന്‍
അവനാവാമെന്നിലെ ഗാന്ധി?
എന്നാണ് കാര്‍ത്തിക ശിവപ്രസാദ് എഴുതുന്നത്.
(ആരാണ് ഗാന്ധി?-കാര്‍ത്തിക ശിവപ്രസാദ്)
ആണധികാര സമൂഹത്തില്‍ നിന്ന് നിരന്തരം ഏറ്റുവാങ്ങേണ്ടിവന്ന അപഹാസങ്ങളെ അസാമാന്യമായ കരുത്തോടെ അതിജീവിച്ചവരില്‍ നിന്ന് തുടങ്ങിയതാണ് മലയാളത്തിലെ സമ്പന്നമായ പെണ്‍ കവിതാ ചരിത്രം. നവോത്ഥാനകാലം നല്‍കിയ പ്രതിഭാധനരായ എഴുത്തുകാരികളെപോലെ തന്നെ അവരുടെ പിന്‍മുറക്കാരും സത്യവും കാരുണ്യവും ലാളിത്യവും നിറഞ്ഞ ഗാന്ധിയന്‍ ദര്‍ശനം കാവ്യദര്‍ശനമാക്കിയവരാണ് ഗാന്ധിയന്‍ ദര്‍ശനത്തോടുള്ള വിമര്‍ശനത്തെക്കാളേറെ അവയെ സ്വാംശീകരിക്കാനാണ് മലയാളത്തിലെ എഴുത്തുകാരികള്‍ ശ്രമിച്ചത് എന്നു കാണാം. څനന്മയോടുള്ള സഹകരണത്തോളം പ്രധാനമാണ് തിന്മയോടുള്ള നിസ്സഹകരണچമെന്ന ഗാന്ധി വാക്യത്തെ ഹൃദയത്തോട് ചേര്‍ത്തു വെച്ചുകൊണ്ടവര്‍ നിതാന്തജാഗ്രതയോടെ എഴുത്തു തുടരുന്നു.
ഗ്രന്ഥ-ലേഖന സൂചി
കരുണ ചനാന അഹമ്മദ്, ഡോ. (1996) 'സ്ത്രീകളുടെ കര്‍ത്തവ്യങ്ങളും രാഷ്ട്രീയ പങ്കാളിത്തവും ഗാന്ധിജിയുടെ വീക്ഷണത്തില്', സ്ത്രീ നീതി, ഡോ. വി.എം. രാജലക്ഷ്മി (എഡി.)
പാര്‍വ്വതി അമ്മ, മുതുകുളം. (2015) മുതുകുളം പാര്‍വ്വതിയമ്മയുടെ കവിതകള്‍, കോട്ടയം: എന്‍.ബി.എസ്.
ബാലാമണിയമ്മ. (2005) ബാലാമണിയമ്മയുടെ കവിതകള്‍, സമ്പൂര്‍ണ്ണം സമാഹാരം, കോഴിക്കോട്: മാതൃഭൂമി ബുക്സ്
മഹാത്മാഗാന്ധി. (2000)സമ്പൂര്‍ണ്ണ കൃതികള്‍
മാധവിയമ്മ, കടത്തനാട്ട്. (2006) കടത്തനാട്ട് മാധവിയമ്മയുടെ കവിതകള്‍, കോഴിക്കോട്: മാതൃഭൂമി ബുക്സ്.
മീന കന്ദസാമി. (2012) സ്പര്‍ശം, തിരുവനന്തപുരം: ചിന്ത പബ്ലിഷേഴ്സ്.
മേരി ബനീഞ്ഞ, സിസ്റ്റര്‍. (1997) ബനീഞ്ഞാക്കവിതകള്‍ (സമ്പൂര്‍ണ്ണ കൃതികള്‍) കോട്ടയം: ഡി.സി ബുക്സ്
രാമചന്ദ്രന്‍ നായര്‍ കെ. (സമ്പാ.) (2006) ഗാന്ധിജിയും കേരളവും, കോഴിക്കോട്: മാതൃഭൂമി ബുക്സ്
ലളിതാംബിക അന്തര്‍ജനം. (2010) അന്തര്‍ജനത്തിന്‍റെ സമ്പൂര്‍ണ്ണ കവിതകള്‍, കോട്ടയം: എസ്.പി.സി.എസ്.
ലളിതാംബിക അന്തര്‍ജനം. (2015) ആത്മകഥയ്ക്ക് ഒരാമുഖം കോട്ടയം: ഡി.സി. ബുക്സ്.
വിനീത കെ. (2015) വിനീതയുടെ കവിതകള്‍, തിരുവനന്തപുരം: ചിന്ത പബ്ലിഷേഴ്സ്
ഷഹീദ് അമീന്‍. (2006) 'ഗാന്ധിയും മഹാത്മയും: ഗോരഖ്പൂര്‍ ജില്ല, 1921-22'. കീഴാളപഠനങ്ങള്‍. സൂസിതാരു, എ സഞ്ജീവ്, (എഡി).
സാവിത്രി രാജീവന്‍. (1993) ചരിവ്, പക്ഷിക്കൂട്ടം ബുക്സ്,
സുഗതകുമാരി. (2006) സുഗതകുമാരിയുടെ കവിതകള്‍ (സമ്പൂര്‍ണ്ണം) കോട്ടയം ഡി.സി ബുക്സ്.
Mahadev Desai (2018) Day - to - Day with Gandhi. Varanasi : Sarva Seva Sangh Prakashan